UPDATES

ട്രെന്‍ഡിങ്ങ്

പി. ജയരാജൻ കണ്ണൂർ ലോബിയുടെ നോട്ടപ്പുള്ളിയാവാൻ ഉള്ള 5 കാരണങ്ങൾ

വിഎസിനും ജയരാജനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്കും സാമ്യം കാണാന്‍ കഴിയും. രണ്ടു പേരും പാര്‍ട്ടിയേക്കാള്‍ വലുതായ വ്യക്തിത്വങ്ങളാണ് എന്നതാണ് ആ കുറ്റം.

തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ആര്‍എസ്എസിനെ എങ്ങനെ പ്രതിരോധിക്കാം എന്നതു തന്നെയാണ്. കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നു തള്ളുകയാണ് എന്ന രീതിയില്‍ പ്രചരണം അഴിച്ചു വിടുകയും ചെയ്യുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ മാത്രമാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നതെങ്കില്‍ സിപിഎം പ്രവര്‍ത്തകരും കണ്ണൂര്‍ ജില്ലയില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട് എന്ന വാദം സിപിഎം പ്രവര്‍ത്തകരും മുന്നോട്ട് വയ്ക്കുന്നു.

ഇതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു വരുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ് അച്യുതാനന്ദനായിരുന്നു പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ സ്ഥിരം ഇര. കഴിഞ്ഞ സമ്മേളനത്തില്‍ അദ്ദേഹം ഇറങ്ങിപ്പോകുന്നതു വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണ കുന്തമുന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നേരെയാണ്. അതിനു തെളിവാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്.

അതില്‍ ഇങ്ങനെ പറയുന്നു: “പാര്‍ട്ടിയുടെ നിലവിലുള്ള സംഘടനാ രീതിയില്‍ നിന്നും വ്യത്യസ്തമായി ചില പ്രചരണ പരിപാടികള്‍ സ. പി. ജയരാജനുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉയര്‍ന്നു വരികയുണ്ടായി. നവമാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായി സംഘടിപ്പിക്കുകയുണ്ടായി. സ. പി. ജയരാജനെ പാര്‍ട്ടിക്കു മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതില്‍ പൊതുവായി പ്രത്യക്ഷപ്പെടുന്നതെന്നും, ജില്ലാ കമ്മിറ്റി തയാറാക്കി പ്രാസംഗികന്മാര്‍ക്ക് നല്‍കിയിട്ടുള്ള കുറിപ്പിനകത്ത് സാധാരണ പാര്‍ട്ടി നേതാക്കളെക്കുറിച്ച് ഉപയോഗിക്കാത്ത ചില പ്രയോഗങ്ങള്‍ നടത്തി സഖാവ് പി. ജയരാജനെ അവതരിപ്പിക്കുന്ന സ്ഥിതി കൂടി വന്നപ്പോള്‍ ഇത് തിരുത്തുന്നതില്‍ മുന്‍കൈ എടുക്കാതിരുന്ന ജില്ലാ സെക്രട്ടറിയുടെ സമീപനത്തെക്കുറിച്ചും, കണ്ണൂരു പോലെയുള്ള ജില്ലയില്‍ ജില്ലാ സെക്രട്ടറി ഗുരുതരമായ വ്യക്തിപ്രഭാവ നിലപാടിലേക്ക് വഴുതിപ്പോകുന്ന സ്ഥിതിയുണ്ടായിട്ടും കര്‍ശന നിലപാട് സ്വീകരിക്കാതെ കാഴ്ചക്കാരായി നിന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ ഗുരുതരമായ വീഴ്ചയെക്കുറിച്ചും ചൂണ്ടിക്കാണിച്ചു കൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തുകയും ഒരു രേഖ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ചര്‍ച്ചയുടെ ഘട്ടത്തില്‍ സ. പി ജയരാജന്‍ തനിക്ക് പറ്റിയ തെറ്റ് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ പാര്‍ട്ടിക്കകത്ത് വളര്‍ന്നു വരുന്ന തെറ്റായ പ്രവണതകളുടെ ഭാഗമാണ് ഇതെന്ന് വിലയിരുത്തിക്കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ ജില്ലയിലെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി”.

സാധാരണ ഗതിയില്‍ ഒരു ജില്ലാ സെക്രട്ടറിക്ക് എതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് വരേണ്ടത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി അംഗം മാത്രമായ ജയരാജനെതിരെ ഇങ്ങനെയൊരു കുറ്റപത്രം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വരുന്നത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സൂചനകളാണ്.

ഇതിനുള്ള കാരണങ്ങള്‍

1. പി. ജയരാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷത്തേക്ക് മാറിയോ എന്നുള്ള സംശയം. കണ്ണൂരില്‍ ആര്‍എസ്എസിനെതിരെയുള്ള സിപിഎം പോരാട്ടത്തിന്റെ കുന്തമുനയാണ് ജയരാജന്‍. കണ്ണൂര്‍ ജില്ല ആര്‍എസ്എസ് തെരഞ്ഞെടുത്തതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ ഉത്ഘാടന പ്രസംഗത്തില്‍ യെച്ചൂരി ഊന്നിപ്പറഞ്ഞതും ആര്‍എസ്എസ് നടത്തുന്ന ധ്രുവീരകരണ രാഷ്ട്രീയവും കലാപങ്ങളും അടക്കമുള്ള കാര്യങ്ങളാണ്. ഒപ്പം യെച്ചൂരി പറഞ്ഞ ഒന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്വയം പ്രതിരോധിക്കേണ്ടി വരും എന്നതും. അതായത്, കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ ഭീഷണി ആര്‍എസ്എസ് തന്നെയാണെന്നും സ്വയം പ്രതിരോധിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നുമുള്ള പി. ജയരാജന്റെ നിലപാടിനോട് അനുകൂല പരാമര്‍ശങ്ങളാണ് യെച്ചൂരിയില്‍ നിന്നുണ്ടായത് എന്നു കാണാം. അതിനുമൊപ്പം, ആര്‍എസ്എസിനെ നേരിടാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു പോലും ആളുകളെ ഒപ്പം കൊണ്ടുവരുന്ന ജയരാജന്റെ നിലപാടിന് സമം തന്നെയാണ് യെച്ചൂരി ദേശീയ തലത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന വിശാലസഖ്യവും.

2. കണ്ണൂരിലെ ഏറ്റവും ജനകീയനായ നേതാവാണ് പി. ജയരാജന്‍. അതിനു പുറമെ സംസ്ഥാനത്തുടനീളം ആര്‍എസ്എസിനെതിരെ നടക്കുന്ന മിക്ക പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുമുണ്ട്. ആര്‍എസ്എസിന്റെ കൊലപാതക ശ്രമത്തെ അതിജീവിച്ച ആളുമാണ് ജയരാജന്‍. ആര്‍എസ്എസിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷമായ പ്രസംഗങ്ങള്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്നതാണ്.

3. സാധാരണ ജീവിത രീതി. കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്റെ മറ്റു പ്രമുഖ നേതാക്കളുമായി താരതമ്യപ്പെടുത്തിയാല്‍ പൊതുവെ ‘സാധാരണ’ ജീവിതം നയിക്കുന്നയാളാണ് പി. ജയരാജന്‍. മക്കള്‍ സാധാരണ ജോലികള്‍ ചെയ്തു ജീവിക്കുന്നു. ഭാര്യ ഒരു സഹകരണ ബാങ്കിലെ ജോലിക്കാരിയാണ്. ഈ രീതിയില്‍ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, ഇ.പി ജയരാജന്‍ എന്നിവരുമായി താരതമ്യപ്പെടുത്തിയാല്‍ കണ്ണൂരിലെ സാധാരണ മനുഷ്യര്‍ക്ക് കുറച്ചൂകുടി പ്രാപ്യനാണ് ജയരാജന്‍.

4. എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും പിണറായി വിജയന്റെയും ഇമേജ് സംരക്ഷിക്കാനും സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കാനും കണ്ണൂരില്‍ സമാധാനം ഉണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ്. ആക്രമണങ്ങള്‍ സ്വയം പ്രതിരോധിക്കാനാണ് എന്ന നിലപാടുള്ളയാളാണ് ജയരാജന്‍. ഇത് പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഉരസലുകള്‍ ഉണ്ടാക്കുന്നുണ്ട്. പിണറായി ഭരിക്കുമ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ പാര്‍ട്ടി മാര്‍ച്ച് നടത്തുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി.

5. കണ്ണൂരില്‍ പാര്‍ട്ടിക്കു മേലുള്ള ജയരാജന്റെ നിയന്ത്രണം ഒട്ടൊക്കെ പൂര്‍ണമാണ്. ഏതാനും ചിലര്‍ ഒഴിച്ചാല്‍ മുതിര്‍ന്നവരും ചെറുപ്പക്കാരുമായ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജയരാജന് കൂറ് പ്രഖ്യാപിച്ചിട്ടുള്ളവരാണ്. ജില്ലാ സമ്മേളനത്തില്‍ ഇത് തെളിയുകയും ചെയ്തു. പിണറായി ക്യാമ്പിനെ ഇത് അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിരുന്നു.

ജയജരാജനെ നിശബ്ദനാക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കത്തിനോട് ശക്തമായ പ്രതികരണമാണ് ഉണ്ടായത്. ജയരാജനെ ‘അച്ചടക്കം’ പഠിപ്പിക്കാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തെ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ജയരാജനെതിരെ കരുക്കള്‍ നിരവധി നീക്കിയിട്ടുണ്ടെങ്കിലും സമാനമായ എതിര്‍പ്പുകള്‍ സംസ്ഥാന സമ്മേളനത്തിലും ഉയരും എന്നാണ് സൂചനകള്‍.

സാധാരണ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അച്ചടക്ക നടപടികള്‍ കൈക്കാള്ളുന്ന പതിവില്ല. എന്നാല്‍ ജയരാജന്റെ കാര്യത്തില്‍ അത് ലംഘിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ സംഘടനാ തത്വങ്ങള്‍ ലംഘിച്ച ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ആയിരുന്നു റിപ്പോര്‍ട്ടും പ്രമേയവും എങ്കില്‍ ഇത്തവണ അത് സിപിഎമ്മിന്റെ ഏറ്റവും പ്രധാന ജില്ലയായ കണ്ണൂരിന്റെ സെക്രട്ടറിക്ക് നേരെയാണ് എന്ന വ്യത്യാസം മാത്രം.

വിഎസിനും ജയരാജനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്കും സാമ്യം കാണാന്‍ കഴിയും. രണ്ടു പേരും പാര്‍ട്ടിയേക്കാള്‍ വലുതായ വ്യക്തിത്വങ്ങളാണ് എന്നതാണ് ആ കുറ്റം.

ജയരാജന് ആരെങ്കിലും ക്യാപിറ്റല്‍ പണീഷ്‌മെന്റ് വിധിക്കുമോ അതോ കേന്ദ്ര നേതൃത്വം അതിന് തടസം നില്‍ക്കുമോ എന്ന് രണ്ടു ദിവസത്തിനകം അറിയാം.

നവഉദാരവത്ക്കരണത്തെക്കുറിച്ച് യെച്ചൂരി പറഞ്ഞത് പിണറായി സര്‍ക്കാരിനോടും കൂടിയാണ്

ഷുഹൈബ് വധം ‘ആഘോഷ’മാക്കുന്ന സുധാകരനും കണ്ണൂര്‍ സിപിഎം എന്ന അസംബന്ധവും

യെച്ചൂരിയുടെ മുന്‍പില്‍ കാനം ഇന്നെന്തുപറയും? മാണിയും…

വി എസിന്റെ കുത്തും ഒരു ‘വിപ്ലവ’ പാര്‍ട്ടിയുടെ അടവുബലതന്ത്രങ്ങളും

പിണറായി സര്‍ക്കാര്‍ മുതല്‍ കണ്ണൂര്‍ ലോബി വരെ; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോള്‍

സിപിഎം സംസ്ഥാന സമ്മേളനം; ആകെ ചെലവ് 10 കോടിയെന്ന്, അസംതൃപ്തിയോടെ സാധാരണ സഖാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍