UPDATES

ബ്ലോഗ്

ട്വന്റി-20 യും കിഴക്കമ്പലവും ഉത്തമ ജനാധിപത്യ മാതൃകകള്‍ ആക്കുന്ന ജേക്കബ് തോമസ് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം പറയേണ്ടതുണ്ട്

ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളിയാകുമെന്നു പറയുന്ന ജേക്കബ് തോമസ്, അതേതു രീതിയിലാണെന്നു കൂടി വ്യക്തമാക്കേണ്ടതല്ലേ?

രാഷ്ട്രീയ-ഭരണകൂട-ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതിക്കെതിരേ പോരാടുന്നവന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നയാളാണ് ജേക്കബ് തോമസ് ഐപിഎസ്. ആ പേരില്‍ നിന്നുകൊണ്ട് തന്റേതായൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ജേക്കബിന്റെ ഈ മേല്‍വിലാസം തന്നെയാണ് ട്വന്റി-ട്വന്റി എന്ന കോര്‍പ്പറ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ജനകീയ മുന്നണി അദ്ദേഹത്തെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചതിനു കാരണവും. ട്വന്റി-ട്വന്റിയും ജേക്കബ് തോമസും നിലവിലുള്ള എല്ലാ രാഷ്ട്രീയ മുന്നണികളെയും പാര്‍ട്ടികളെയും എതിര്‍ക്കുന്നവര്‍ കൂടിയാണ്. നിലവിലുള്ള വ്യവസ്ഥകളെ പൊളിക്കുക എന്നാല്ലോ ജേക്കബ് തോമസ് പറയുന്നത്, ട്വന്റി-ട്വന്റി പയറ്റുന്നതും അതിനു തന്നെ.

ഇത്തരമൊരു സംയോജിത ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങാന്‍ നിന്ന ട്വന്റി-ട്വന്റിയും ജേക്കബ് തോമസും തത്കാലം ഒരു പിന്‍വാങ്ങല്‍ നടത്തിയിരിക്കുകയാണ്. ജേക്കബ് തോമസിന് സ്ഥാനാര്‍ത്ഥിയാകാന്‍ ഔദ്യോഗിക തടസം വന്നതാണ് പിന്മാറ്റത്തിന് കാരണം. വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യകതമായി മറുപടികളൊന്നും നല്‍കിയില്ലെങ്കിലും ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു തന്റെ മുന്നില്‍ കൂടിയ മാധ്യമപ്രവര്‍ത്തകരോട് ജേക്കബ് തോമസ്. ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളിയാകും എന്നതായിരുന്നു ആ കാര്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുമെന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ എടുത്തു ചോദിച്ചെങ്കിലും വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നാളെ മുതല്‍(ഏപ്രില്‍ 2 മുതല്‍) താന്‍ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കുമെന്നു കൂടി വ്യക്തമാക്കിയാണ് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ജേക്കബ് തോമസ് ആവര്‍ത്തിച്ചത്.

ഏതെങ്കിലും മുന്നണിക്ക് പിന്തുണ കൊടുക്കാന്‍ തയ്യാറാകില്ലെന്നിരിക്കെ, മറ്റെന്തു തരം ജനാധിപത്യ പ്രവര്‍ത്തനമായിരിക്കും ജേക്കബ് തോമസ് നടത്തുക? ട്വന്റി-ട്വന്റി എന്തുകൊണ്ട് മത്സരത്തിന് ഇറങ്ങുവെന്നതിന് പറഞ്ഞകാരണം, ഇരു മുന്നണികളോടും ജനങ്ങള്‍ക്കുണ്ടായ എതിര്‍പ്പ് ആണെന്നതായിരുന്നു. ഇപ്പോള്‍ മത്സരത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ തങ്ങളുടെ വോട്ടര്‍മാരോട് ട്വന്റി-ട്വന്റി ആവിശ്യപ്പെടുന്നത് എന്തായിരിക്കും? നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്‌തോളുവെന്നോ? അതോ ആര്‍ക്കും വോട്ട് ചെയ്യരുതെന്നോ? ഇതില്‍ ആദ്യത്തേ് ജനാധിപത്യമാണ്. രണ്ടാമത്തേത് ഏകാധിപത്യവും. ജേക്കബ് തോമസ് പറയുന്ന ജനാധിപത്യവും ട്വന്റി-ട്വന്റിയുടെ ഏകാധിപത്യവും ഒന്നായിരിക്കുമോ? ജനങ്ങളോട്, ജനാധിപത്യബോധം ഉപയോഗിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യൂ എന്നു പറയുമോ? അതോ ആര്‍ക്കും വോട്ട് ചെയ്യരുതെന്നായിരിക്കുമോ പറയുക?

സാധാരണ ബുദ്ധിയില്‍ ചിന്തിച്ചാല്‍ യുഡിഎഫ്-എല്‍ഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികളെ ആരെയും തന്നെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത ജേക്കബ് തോമസിന് ജനങ്ങളോട് പറയാന്‍ നോട്ട എന്ന സൗകര്യം മാത്രമായിരിക്കുമല്ലോ ഉണ്ടാവുക. രാഷ്ട്രീത്തോടില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടും അവര്‍ ഏകപക്ഷീയമായി നിശ്ചയിച്ച് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളോടും വിയോജിപ്പുള്ള വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അസംതൃപ്തി അറിയിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജനാധിപത്യ സൗകര്യമാണ് നോട്ട. ജനങ്ങളുടെ താത്പര്യങ്ങള്‍ തങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വയംബോധം വരാന്‍ നോട്ട കാരണമാണ്. ഏതൊരാളെയും പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലും ഏതെങ്കിലും ഒരു ചോയ്‌സ് തെരഞ്ഞെടുക്കേണ്ടി വരുന്ന ജനങ്ങളുടെ നിസ്സഹായതയാണ് പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്. നോട്ട അവിടെയാണ് ജനകീയ ആയുധമാകുന്നത്. എങ്കിലും ജനാധിപത്യം നിലനില്‍ക്കാന്‍ വോട്ട് ചെയ്യുക എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും ആവശ്യപ്പെടുന്നത്. പലപ്പോഴും വോട്ടിംഗ് യന്ത്രത്തിലെ ഒരു ബട്ടണ്‍ മാത്രമായി, അധികം പ്രചാരണം കിട്ടാതെ കിടക്കുകയാണ് നോട്ട. ജേക്കബ് തോമസ് നടത്താന്‍ പോകുന്ന, ജനാധിപത്യ പ്രചാരണം ഈ പറയുന്ന നോട്ടയ്ക്ക് വേണ്ടിയായിരിക്കുമോ?

സംശയുദ്ധമാക്കപ്പെടുന്ന രാഷ്ട്രീയ-ഭരണരംഗമായിരിക്കുമല്ലോ, ജേക്കബ് തോമസ് വിയോജിപ്പിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നത്. ആ ഉദ്ദേശത്തെ അംഗീകരിക്കുമ്പോഴും നോട്ടയുടെ പ്രധാന്യം എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെയും പിന്തുണയ്ക്കുമ്പോഴും ജേക്കബ് തോമസിനോട് വിയോജിക്കാന്‍ മറ്റൊരു കാരണമുണ്ട്. അത് ട്വന്റി-ട്വന്റിയാണ്.

ജേക്കബ് തോമസ് തന്റെ ജനാധിപത്യ സങ്കല്‍പ്പത്തിന്റെ റോള്‍ മോഡല്‍ ആയി ഉയര്‍ത്തിക്കാട്ടുകയാണ് ട്വന്റി-ട്വന്റിയെ. കിഴക്കമ്പലം പഞ്ചായത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും അതിനോടുള്ള ജനപിന്തുണയുമാണ് കാരണങ്ങള്‍. കിഴക്കമ്പലത്ത് പോയാല്‍ നേരില്‍ കണ്ട് മനസിലാക്കാവുന്ന കാര്യങ്ങളാണിവയെന്നും അദ്ദേഹം പറയുന്നു. ഒരര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞതിനോട് യോജിക്കാം. കിഴക്കമ്പലത്ത് വികസനങ്ങള്‍ നടക്കുന്നുണ്ട്. ഒരു കോര്‍പ്പറേറ്റ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ എന്നതിനപ്പുറം, ആ വികസനങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടക്കുന്നവയാണെന്ന് എങ്ങനെയാണ് പറയാനാവുക? കിറ്റെക്‌സ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന, കിറ്റെക്‌സിന്റെ സിഎസ്ആര്‍ ഫണ്ടിന്റെ അമിതോപയോഗം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തിന്റെ മോഡല്‍ ആവുക? ജനകീയ സ്വാതന്ത്ര്യം എന്നതാണ് ജനാധിപത്യത്തിലെ പ്രധാനഘടകം, അതില്ലാത്തിടത്ത് ജനാധിപത്യം വെറുമൊരു വാക്ക് മാത്രമാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് സാമന്യബുദ്ധിയില്‍ ഓഡിറ്റ് ചെയ്താല്‍ മനസിലാക്കാവുന്നതേയുള്ളൂ കിഴക്കമ്പലത്തിലെ ജനാധിപത്യ വിരുദ്ധതകള്‍. കിഴക്കമ്പലം സ്വയംഭരണ പ്രദേശമോ പ്രത്യേക പദവിയുള്ള പഞ്ചായത്തോ അല്ല. കേരളത്തിലെ 941 പഞ്ചായത്തുകളില്‍ ഒന്നുമാത്രമാണത്. അവിടെ കിട്ടുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ മറ്റുള്ളിടങ്ങളില്‍ നിന്നും വ്യത്യസപ്പെട്ടതല്ല, തനതു വരുമാനത്തിന്റെ കാര്യത്തില്‍ മൊത്തം ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍ നില്‍ക്കുന്നതുമല്ല. പിന്നെയെങ്ങനെയാണ് കിഴക്കമ്പലത്ത് ഇത്ര വലിയ വികസനങ്ങള്‍ നടക്കുന്നത്?

പഞ്ചായത്തിലെ എല്ലാവര്‍ക്കും വീടുകള്‍, സഞ്ചാരയോഗ്യമായ റോഡുകള്‍, തെരുവ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, കാര്‍ഡുകള്‍ പ്രകാരം കുറഞ്ഞ വിലയില്‍ പഴം പച്ചക്കറി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ ലഭ്യമാകുന്ന സ്റ്റാളുകള്‍, ആധുനിക സൗകര്യങ്ങളോടെ സ്‌കൂളുകള്‍, സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനം, സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ പരിശീലനങ്ങളും സേവനവങ്ങളും; കേട്ടാല്‍ കൈയടിച്ചുപോകുന്ന കാര്യങ്ങളാണെല്ലാം. തീര്‍ന്നില്ല, ഒരു വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കൊടുക്കുന്നത് പരമാവധി നാല് മുതല്‍ ആറു ലക്ഷം വരെയാണ്. ആ പണം കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ളൊരു വീട് നിര്‍മിക്കാനെ കഴിയൂ. എന്നാല്‍ കിഴക്കമ്പലത്തെ ഞാറല്ലൂര്‍ കോളനിയില്‍ ട്വന്റി-ട്വന്റി നിര്‍മിച്ചു നല്‍കിയത് ഒരു വീടിന് 14 ലക്ഷം രൂപ ചെലവിലാണ്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നവര്‍ക്ക് സ്വന്തം കൈയില്‍ നിന്നുകൂടി പണം ചെലവാക്കിയാലേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നിടത്ത് 14 ലക്ഷത്തിന്റെ വീട് കിട്ടുന്ന കിഴക്കമ്പലംകാര്‍ക്ക് കൈയില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. രണ്ട് ബെഡ് റൂമുകള്‍, ഹാള്‍, അടുക്കള ഉള്‍പ്പെടെ 750 സ്‌ക്വയര്‍ ഫീറ്റില്‍ ആണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. ഓരോ വീട്ടിലും യൂറോപ്യന്‍ ക്ലോസറ്റ്, സിങ്ക്, ലൈറ്റുകള്‍, വാട്ടര്‍ സംവിധാനങ്ങള്‍ അടക്കം അത്യാവശ്യമായ ഫര്‍ണിച്ചറുകളും അടുക്കള ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്; സൗജന്യമായി. കൂടാതെ ട്വന്റിട്വന്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ ഗൃഹോപകരണ സ്‌കീം ഉപയോഗിച്ച് പഞ്ചായത്തിലുള്ളവര്‍ക്ക് ഫാന്‍, ഫാന്‍സി ലൈറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ഡൈനിംഗ് ടേബിള്‍, മിക്‌സി,ഗ്രൈന്റര്‍, ബെഡ്, ടെലിവിഷന്‍, സോഫ സെറ്റ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ അമ്പത് ശതമാനം ഡിസ്‌കൗണ്ടില്‍ വാങ്ങാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.

ജേക്കബ് തോമസിനെ ആകര്‍ഷിച്ചിരിക്കുന്നത് മേല്‍പ്പറഞ്ഞ വികസനങ്ങളാണ്. ജേക്കബ് തോമസ് കണ്ടതും കാണാന്‍ ക്ഷണിക്കുന്നതും ഈ വക കാര്യങ്ങളാണ്. ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചായത്തില്‍ പോലും ലഭ്യമാകാത്ത സൗകര്യങ്ങളും സേവനങ്ങളും കിഴക്കമ്പലത്ത് എങ്ങനെ സാധ്യമാകുന്നു എന്നു കൂടി ജേക്കബ് തോമസ് തന്റെ ജനാധിപത്യ ബോധം വച്ച് ചിന്തിക്കണം. എങ്കില്‍, ആ പഞ്ചായത്തില്‍ നടക്കുന്ന കോര്‍പ്പറേറ്റ് ഇടപെടല്‍ മനസിലാകും. ചിന്തിച്ച് ഉത്തരം കിട്ടേണ്ട മറ്റു ചില ചോദ്യങ്ങളും കൂടിയുണ്ട്. എന്താണ് ട്വന്റി-ട്വന്റി? ആരാണതിനു പിന്നില്‍? മൂന്നുവര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിള്ളിറ്റി(സിഎസ്ആര്‍) ഫണ്ടായി ചെലവഴിച്ചാല്‍ മതിയെന്നിരിക്കെ, കിഴക്കമ്പലത്ത് കിറ്റെക്‌സ് സിഎസ്ആര്‍ ഫണ്ടായി ദശകോടികള്‍ ചെലവഴിക്കുന്നത് എന്തുകൊണ്ട്? കിഴക്കമ്പലത്ത് കിറ്റെക്‌സിന് എന്തൊക്കെ ബിസിനസ് താത്പര്യങ്ങളുണ്ട്? 36 കോടിയോളം രൂപ സിഎസ്ആര്‍ ഫണ്ടായി ചെലവഴിക്കുക വഴിയാണോ ഒരു പഞ്ചായത്ത് ഭരണം തന്നെ ആ കോര്‍പ്പറേറ്റ് കമ്പനിക്ക് നിയന്ത്രിക്കാന്‍ സാധ്യമായത്? ആലോചിച്ച് കണ്ടെത്തിയാല്‍ മതി. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഇതൊന്നും ബുദ്ധിമുട്ടായിരിക്കില്ല.

കിഴക്കമ്പലം എങ്ങനെയാണ് ഒരു ജനാധിപത്യ മോഡല്‍ ആകുന്നത്? ജനധിപത്യം എന്നാല്‍ ഒരു ജനകീയ പ്രക്രിയയാണ്. അവിടെ ജനങ്ങളാണ് പരമാധികാരികള്‍. കിഴക്കമ്പലത്തെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ പ്രതിനിധികളാണോ? എല്ലാം വെറുതെ കിട്ടുക, ജനാധിപത്യത്തില്‍ പറയുന്നതാണോ? ഇനിയും കിഴക്കമ്പലത്ത് പോവുന്നുണ്ടെങ്കില്‍, ആ നാട്ടിലെ മനുഷ്യരോട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കണം. എന്താണ് ജനാധിപത്യമെന്നും അവിടെ ജനത്തിനുള്ള അവകാശങ്ങളെക്കുറിച്ചും വിശദീകരിക്കണം. എന്നിട്ട് അവരുടെ മറുപടി കേള്‍ക്കണം. എതിര്‍ക്കാനുള്ള, പറയാനുള്ള, പ്രതിഷേധിക്കാനുള്ള-ജനാധിപത്യത്തിലെ പൗരാവകാശങ്ങള്‍-ആ നാട്ടിലെ മനുഷ്യര്‍ക്ക് ഉണ്ടോയെന്ന് അന്വേഷിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണയോഗം കണ്ടു നില്‍ക്കാനുള്ള അവകാശമുണ്ടോയെന്നു ചോദിക്കണം, നിങ്ങള്‍ മറ്റൊരാളാല്‍ എവിടെയും നിരിക്ഷപ്പെടുന്നുണ്ടോ എന്നു ചോദിച്ചറിയണം…എല്ലാത്തിനുമൊടുവില്‍, ഒരു തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാന്‍, തങ്ങളൂടെ കൂടെ ഇപ്പോള്‍ എത്രപേര്‍ ഉണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താനുള്ള ട്വന്റി-ട്വന്റിയുടെ ഉദ്ദേശമായിരുന്നോ എന്നുകൂടി തിരക്കിയറിയണം. എന്നിട്ട് പറയണം, ഇതാണോ ഉത്തമ ജനാധിപത്യ മാതൃകയെന്ന്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍