UPDATES

പിതാവ് എച്ച്ഐവി ബാധിതനായതിന്റെ പേരില്‍ രണ്ട് പെണ്‍കുട്ടികളോട് നമ്മുടെ നാട് ചെയ്യുന്നത്

പോലീസിന്റെ ഭാഗത്തു നിന്നും പ്രായോഗികമായ യാതൊരു ഇടപെടലും ഇതുവരെ നടക്കാത്തതിനാല്‍ ഇവരുടെ വിഷയം മനുഷ്യാവകാശ കമ്മിഷനും മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

പിതാവ് എച്ച് ഐ വി ബാധിതനായതിന്റെ പേരില്‍ അപമാനത്തിന്റെയും ഭീതിയുടെയും നടുവില്‍ ജീവിക്കേണ്ടി വരുന്ന രണ്ട് പെണ്‍കുട്ടികളാണ് പതിനേഴും പതിമൂന്നും വയസുള്ള അമ്മുവും അച്ചുവും (പേരുകള്‍ യഥാര്‍ത്ഥമല്ല). കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി സ്വന്തം വീട്ടില്‍ കയറാനാകാതെ, അച്ഛന്റെ സുഹൃത്തിന്റെ വീട്ടില്‍ കഴിയേണ്ടി വരുന്ന ഇരുവരും കടുത്ത മാനസിക പ്രതിസന്ധി നേരിട്ടുകൊണ്ടിരക്കുകയാണ്. പഠിച്ച് ജോലി നേടി മാതാപിതാക്കളെ സംരക്ഷിക്കണമെന്ന സ്വപ്‌നം പേറിയിരുന്ന ഈ രണ്ടു പെണ്‍കുട്ടികള്‍ക്കും നിലവില്‍ കടന്നു പോരേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ പോലും താത്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്കുനേരെ ഉയരുന്ന പരിഹാസങ്ങളും അപമാനങ്ങളും ഭീഷണികളും എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഈ പെണ്‍കുട്ടികളുടെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും പ്രായോഗികമായ യാതൊരു ഇടപെടലും ഇതുവരെ നടക്കാത്തതിനാല്‍ ഇവരുടെ വിഷയം മനുഷ്യാവകാശ കമ്മിഷനും മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാമണ്ണില്‍ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലെ താമസക്കാരനായിരുന്ന ബാബുവിനെ എച്ച് ഐ വി പോസിറ്റീവ് ആണെന്ന കാരണത്താല്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ കുടുംബസഹിതം അയല്‍ക്കാരില്‍ ചിലര്‍ ചേര്‍ന്ന് ഭയപ്പെടുത്തി ഓടിച്ചതിനെക്കുറിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു-

എച്ച്ഐവി ബാധിതനേയും കുടുംബത്തേയും നാട്ടുകാര്‍ വീട്ടില്‍ നിന്ന് അടിച്ചോടിച്ചു; വെള്ളപ്പൊക്ക ദുരിതത്തിനിടയില്‍ നാം അറിയാതെ പോയ മറ്റൊരു ദുരന്ത വാര്‍ത്ത

സ്വന്തം വീട്ടില്‍ താമസിക്കാനാകാതെ സുഹൃത്തിന്റെ വീട്ടില്‍ ദിവസങ്ങളോളം തന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളുമായി കഴിയേണ്ടി വന്ന ബാബുവിനെ തിരിച്ച് ലക്ഷംവീട് കോളനിയിലുള്ള സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം അവസാനത്തോടെ പോലീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ശ്രമം നടത്തിയതാണ്. ബാബുവിനും കുടുംബത്തിനും തുടര്‍ന്ന് അവരുടെ വീട്ടില്‍ തന്നെ താമസിക്കണമെങ്കില്‍ തങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന പരിസരവാസികളുടെ ആവശ്യം ഗത്യന്തരമില്ലാതെ അനുസരിക്കേണ്ടി വന്നിട്ടും ബാബുവിനും കുടുംബത്തിനും സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും. തന്റെ കുട്ടികളെയും ഭാര്യയേയും ഓര്‍ത്താണ് ചെയ്യാത്ത തെറ്റുകളുടെ പേരില്‍ ക്ഷമ ചോദിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതനുസരിച്ചത്, പക്ഷേ എന്നിട്ടും സ്വന്തം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്നാണ് ബാബു പറയുന്നത്. തന്റേതല്ലാത്ത കാരണം കൊണ്ടാണെങ്കിലും ഒരു എച്ച്ഐവി ബാധിതനായിപ്പോയതിന്റെ പേരില്‍ മറ്റുള്ളവരുടെ ഭീഷണികളുടെയും പരിഹാസങ്ങളുടെയും നടുവില്‍, അന്യവീട്ടില്‍ അഭയാര്‍ത്ഥികളെപോലെ ജീവിക്കേണ്ടി വരുന്ന തനിക്കും കുടുംബത്തിനും സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് ബാബു പറയുമ്പോഴും എത്രയും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയണമെന്ന പ്രാര്‍ത്ഥനയിലാണ് മക്കളായ അമ്മുവും അച്ചുവും. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമ്മു അഴിമുഖത്തോട് തങ്ങളുടെ അവസ്ഥകള്‍ പറയുന്നു;

“വീട് വിട്ട് പോരേണ്ടി വന്നിട്ട് രണ്ടാഴ്ചയോളമായി. ഇപ്പോള്‍ അച്ഛായിയുടെ (അച്ഛന്‍) ഒരു കുട്ടുകാരന്റെ വീട്ടിലാണ് താമസം. കഴിഞ്ഞമാസം 22-ആം തീയതി രാത്രിയില്‍ കുറെപ്പേര്‍ ചേര്‍ന്ന് ഞങ്ങളുടെ വീടിനു നേരെ ആക്രമണം നടത്തി. അച്ചായിയെ കൊന്നുകളയാനായിരുന്നു അവര്‍ വന്നത്. നിന്നെ ഇപ്പോള്‍ കൊന്നാല്‍ വെള്ളപ്പൊക്കത്തില്‍പ്പോയതാണെന്ന് കരുതിക്കോളുമെന്നൊക്കെ പറഞ്ഞായിരുന്നു അവരുടെ ഭീഷണി. വീട് കല്ലെറിഞ്ഞു തകര്‍ത്തു. അകത്തേക്ക് മുളകുപൊടി വിതറി… ഞങ്ങള്‍ രണ്ടുപേരും കരഞ്ഞ് നിലവിളിച്ച് അവരുടെ കാലു പിടിക്കുന്നതുപോലെ അപേക്ഷിച്ചു നോക്കിയിട്ടും കാര്യമുണ്ടായില്ല. ഞങ്ങളേയും അവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഗത്യന്തമില്ലാതെയാണ് ഞങ്ങള്‍ മുളക് വെള്ളം ഒഴിച്ചത്. ഒടുവില്‍ പൊലീസ് എത്തിയാണ് ഞങ്ങളെ രക്ഷിച്ചത്. പിറ്റേന്നു മുതല്‍ മൂന്നു ദിവസം രാവിലെ തൊട്ട് വൈകുന്നേരം വരെ പൊലീസ സ്റ്റേഷനില്‍ പോയിരിക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. അച്ചായിക്ക് മരുന്ന് മുടങ്ങാന്‍ പാടില്ലാത്തതാണെങ്കിലും ആ ദിവസങ്ങളില്‍ കഴിക്കാന്‍ പറ്റിയില്ല. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടുക്കാന്‍ വേണ്ടി കൊണ്ടു വന്നിരുന്ന പൊതിച്ചോറും ബിസ്‌ക്കറ്റും ചില പൊലീസുകാര്‍ തന്നത് കഴിച്ചാണ് ആ ദിവസങ്ങളില്‍ ഞങ്ങള്‍ വിശപ്പ് മാറ്റിയത്. പെട്ടെന്ന് ഓടിപ്പോരേണ്ടി വന്നതുകൊണ്ട് പഠിക്കണ പുസ്തകങ്ങളൊന്നും എടുക്കാന്‍ പറ്റിയിരുന്നില്ല. പിന്നൊരു ദിവസം ചെന്ന് കുറച്ച് പുസ്തകങ്ങള്‍ എടുക്കാന്‍ പറ്റി. പക്ഷേ റെക്കോര്‍ഡ് ബുക്കുകളൊന്നും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ താമസിക്കുന്നത് പഴവങ്ങാടിയില്‍ അച്ചായിയുടെ ഒരു കൂട്ടുകാരന്റെ വീട്ടിലാണ്. അച്ചായിയുടെ കൂട്ടുകാരനും വയ്യാത്തതാണ്. രണ്ട് ചെറിയ മുറിയും അടുക്കളയും മാത്രമുള്ള വീടാണ്. തറ സിമന്റ് ഇട്ടിട്ടില്ല, മണ്ണാണ്. ഒരു മുറിയില്‍ ഞങ്ങള്‍ നാലുപേരും കൂടിയാണ് കിടക്കണത്. മണ്ണില്‍ പായവിരിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥയാണ്. അച്ചായിക്കാണെങ്കില്‍ പെട്ടെന്ന് ഇന്‍ഫക്ഷന്‍ അടിക്കും. മരുന്നുപോലും ശരിക്ക് കഴിച്ചിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ഒരു മേശ പോലും ഇവിടില്ല. തീരെ പാവങ്ങളാണ് അച്ചായിയുടെ കൂട്ടുകാരനും. എന്നിട്ടും ഞങ്ങള് നാലുപേരെക്കൂടി അവര് നോക്കണുണ്ട്. എത്രയും വേഗം ഞങ്ങളുടെ വീട്ടിലേക്ക് തന്നെ തിരിച്ചുപോയാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന. പക്ഷേ, അവര് ഞങ്ങളെ അങ്ങോട്ട് കേറ്റുമോയെന്ന് അറിയില്ല.

എന്റെ അച്ചായി കള്ള് കുടിക്കാറില്ല. കുടിച്ചാല്‍ അച്ചായി മരിച്ചുപോകും. എന്നിട്ടും അവര്‍ പറയുന്നത് അച്ചായി കുടിച്ചിട്ട് എല്ലാവരോടും വഴക്കുണ്ടാക്കുമെന്നാണ്. ഇന്നുവരെ ഞങ്ങളോടുംപോലും വാവച്ചിട്ടില്ല (വഴക്ക് ഉണ്ടാക്കിയിട്ടില്ല). അച്ചായിക്ക് രോഗമുണ്ടെന്നും പറഞ്ഞാണ് അവര് ഞങ്ങളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ നോക്കിയത്. എന്നിട്ടും എല്ലാവരുടേം മുന്നില്‍വച്ച് എന്റെ അച്ചായിയെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. ചുറ്റും കൂടി നിന്നവര്‍ കൂക്കിവിളിച്ചു, ചിലരൊക്കെ മൊബൈലില്‍ വീഡിയോ എടുത്തു. ഞാനും അനിയത്തിയും കരയുകയായിരുന്നു. എങ്കിലും ഞങ്ങളുടെ സമാധാനം വീട്ടില്‍ കേറാന്‍ പറ്റുമല്ലോ എന്നായിരുന്നു. അന്ന് വീട്ടിലേക്ക് ചെന്നപ്പോള്‍ കണ്ടത് ഞങ്ങള്‍ക്കുണ്ടായിരുന്ന നാലു കോഴികളെ കൊന്ന് തലയറുത്തെടുത്ത് വീട്ടില്‍ വച്ചിരിക്കുന്നതാണ്. ഇനിയും ഞങ്ങള്‍ക്കുനേരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അവിടെ താമസിക്കാന്‍ അനുവദിക്കാതെ പൊലീസ് ഞങ്ങളെ തിരിച്ചുകൊണ്ടു പോയി. അന്ന് രാത്രി ചിലര്‍ ചേര്‍ന്ന് ഞങ്ങളുടെ വീട് കത്തിക്കാന്‍ ശ്രമിച്ചു. വീടിനു മുകളില്‍ മണ്ണെണ്ണ ഒഴിച്ചതാണ്. ഞങ്ങളുടെ വീട് കത്തിയാല്‍ അവരുടെ വീട്ടിലും തീപിടിക്കുമെന്ന് പറഞ്ഞ് തൊട്ടടുത്ത് താമസിക്കുന്നവര്‍ ബഹളം വച്ചതുകൊണ്ടാണ് തീവയ്ക്കാഞ്ഞത്. ഇക്കാര്യം കോളനിയില്‍ ഉള്ള ചിലര്‍ ഞങ്ങടെ അമ്മയെ വിളിച്ച് പറയുകയായിരുന്നു.

ഞാനും അനിയത്തിയും ഒരുപാട് സങ്കടത്തിലാണ്. അവര് ഞങ്ങടെ അച്ചായിയെ കൊല്ലുമോയെന്ന പേടിയാണ്. അച്ചായിക്ക് അങ്ങനൊരു രോഗം വന്നുപോയതില്‍ ഞങ്ങള്‍ക്ക് ഒരു നാണക്കേടുമില്ല, ഞങ്ങക്ക് ഞങ്ങളുടെ അച്ചായിയാണ് വലുത്. ഇപ്പോള്‍ കുറെ ദിവസായി അച്ചായി ശരിക്കും ഭക്ഷണം കഴിച്ചിട്ട് തന്നെ. മരുന്നും മുടങ്ങിയിരിക്കുകയാണ്. മരുന്ന് കഴിക്കുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കേണ്ടതാണ്. ഇപ്പോള്‍ അച്ചായിയുടെ കൗണ്ട് വളരെ കുറഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ക്ക് പേടിയാണ്. അമ്മ വീട്ടു ജോലികളെടുക്കാന്‍ പോയി കിട്ടുന്നതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ കഴിയുന്നത്. ഞങ്ങളും ശരിക്കും ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. സ്‌കൂള്‍ ബസ് കിട്ടാന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു കിലോമീറ്ററിനടുത്ത് നടന്നു പോണം. രാവിലെ സമയം പോകാതിരിക്കാന്‍ ഓട്ടമാണ്. ഒന്നും കഴിക്കാനൊന്നും പറ്റത്തില്ല. വിശപ്പോടെ കയറ്റമൊക്കെ കയറി ഓടുമ്പോള്‍ ഞാനിപ്പോള്‍ കരഞ്ഞു പോകാറുണ്ട്. അതുപോലെയാണ് സ്‌കൂളില്‍ റിക്കോര്‍ഡ് വയ്ക്കാന്‍ കഴിയാത്തതിന്റെ സങ്കടവും. ടീച്ചര്‍മാര്‍ക്ക് ഞങ്ങളുടെ അവസ്ഥകള്‍ അറിയാവുന്നതുകൊണ്ട് വഴക്കൊന്നും പറയാറില്ലെങ്കിലും വേണ്ടപോലെ പഠിക്കാന്‍ കഴിയാത്തതിന്റെ സങ്കടം സഹിക്കാന്‍ പറ്റണില്ല.

എന്നെ മിലട്ടറി നഴ്‌സാക്കണമെന്നാണ് അച്ചായിയുടെ ആഗ്രഹം. ഞങ്ങളെ രണ്ടുപേരെയും പഠിപ്പിക്കാനുള്ള അച്ചായിയുടെയും അമ്മയുടെയും ഗതികേട് അറിയാവുന്നതുകൊണ്ട് പ്ലസ് ടുവിന് ഞാനാദ്യം ഹ്യുമാനിറ്റീസാണ് എടുത്തത്, അച്ചായിയാണ് നിര്‍ബന്ധിച്ച് സയന്‍സ് എടുപ്പിച്ചത്. ഇപ്പോള്‍ എന്റെ സ്‌കൂള്‍ ഫീസും സ്‌കൂള്‍ ബസിനുള്ള ഫീസും മാന്നാറിലുള്ള ഒരു സാറാണ് നോക്കുന്നത്. അത്രയും ആശ്വാസം. അനിയത്തിക്ക് ടീച്ചറാകാനാണ് ആഗ്രഹമെങ്കിലും അവളെയും നഴ്‌സ് ആക്കാനാണ് അച്ചായിയുടെ മോഹം. ന്‌ഴ്‌സുമാരായാല്‍ പാവപ്പെട്ടവര്‍ക്കൊക്കെ എന്തെങ്കിലും രോഗം വന്നാല്‍ അവരെ നോക്കണം, പരിചരിക്കണമെന്നൊക്കെ എപ്പോഴും അച്ചായി ഞങ്ങളോട് പറയും. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പഠിക്കാന്‍ പോണമെന്നു തന്നെയില്ല.

എനിക്കും അനിയത്തിക്കും അച്ചായിയുടെ അതേ രോഗമുണ്ടെന്നാണ് പറയുന്നത്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ വന്ന് ഇതേ കാര്യം ചിലര്‍ പറഞ്ഞിരുന്നു. അമ്മ ഒരു സ്‌കൂളില്‍ ആയയായി പോയിരുന്നതാണ്. ആ സമയത്ത് അമ്മയ്ക്ക് കിട്ടുന്ന വരുമാനം ഞങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. പക്ഷേ, ആ ജോലിയും കളയിച്ചു. അമ്മയ്ക്കും അച്ചായിയുടെ രോഗമുണ്ടെന്നു പറഞ്ഞുകൊടുത്തു. സ്‌കൂളുകാര് അമ്മയെക്കൊണ്ട് ടെസ്റ്റ് ഒക്കെ നടത്തിച്ചതാണ്. രോഗം ഇല്ലെന്ന് അറിഞ്ഞിട്ടും അവര് അമ്മയെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു. ഇപ്പോള്‍ അമ്മ വീട്ടുജോലികള്‍ക്ക് പോയാണ് ഞങ്ങളെ നോക്കണത്. അതും എല്ലാ ദിവസമൊന്നും പണി കിട്ടത്തുമില്ല. ടീച്ചര്‍മാര്‍ പറഞ്ഞ് വിലക്കിയിരിക്കുന്നതിനാല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ഇപ്പോള്‍ ഞങ്ങളെ കളിയാക്കാറൊന്നും ഇല്ലെങ്കിലും അവരുടെയൊക്കെ നോട്ടം തന്നെ ഞങ്ങളെ കരയിക്കും. നടന്നു പോകുമ്പോഴൊക്കെ കോളനിക്കാര്‍ പലരും ഞങ്ങളെ പലതും പറഞ്ഞു കളിയാക്കും. നിങ്ങള്‍ക്കും അസുഖമുണ്ടോയെന്നൊക്കെ പയ്യന്മാര്‍ വന്നു ചോദിക്കും. ഞങ്ങളുടെ വീട്ടില്‍ എന്നും വഴക്കാണ്, അച്ഛന് രോഗമാണ്, ഞങ്ങള്‍ക്കും രോഗമാണ് എന്നൊക്കെ കളിയാക്കും. ഞങ്ങളോട് കോളനിക്കാരില്‍ പലരും മിണ്ടാറുപോലുമില്ലായിരുന്നു. രാത്രിയില്‍ പലപ്പോഴും ഞങ്ങളുടെ വീടിനടുത്ത് വന്ന് ബഹളമുണ്ടാക്കും. ഞങ്ങളെ പഠിക്കാന്‍ പോലും സമ്മതിക്കത്തില്ലായിരുന്നു. ഞങ്ങളെക്കൊണ്ട് വെള്ളം കോരാന്‍ പോലും സമ്മതിക്കാതെ ഓടിച്ചു വിട്ടുണ്ട്. ഞങ്ങളെ അവരെല്ലാം ഒറ്റപ്പെടുത്തിക്കളഞ്ഞു.

അമ്മയേയും എന്നെയും അനിയത്തിയേയും കുറിച്ച് മോശം കാര്യങ്ങളാണ് പറയുന്നത്. കഴിഞ്ഞ ദിവസം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ നിന്നും വന്നവരോട് കോളനിയിലുള്ള ഒരു ചേച്ചി എല്ലാവരും കേള്‍ക്കെ പറഞ്ഞത് എന്നെയും അനിയത്തിയേയും ഇപ്പോള്‍ എല്ലാ രാത്രിയും ഓരോ പൊലീസുകാര് വന്ന് കൂട്ടിക്കൊണ്ട് പോവുകയാണെന്നാണ്. ഈ പറഞ്ഞതൊക്കെ ഞാനും അനിയത്തിയും പഠിക്കണ സ്‌കൂളിലുള്ള ചെറുക്കന്മാരൊക്കെ കേട്ടതാണ്. അവരൊക്കെ ഒരുമാതിരിയാണ് ഇപ്പോള്‍ ഞങ്ങളെ നോക്കണത്. ഞങ്ങള് ശരീരം വില്‍ക്കണവരാണെന്നാണ് പറയുന്നത്. ഞങ്ങടെ വീടിനടത്തും വെള്ളം കയറിയിരുന്നു. ആ സമയത്ത് അമ്മയ്ക്കും അച്ചായിക്കും പണിയൊന്നും ഇല്ല. ദാരിദ്ര്യമായിരുന്നു. ആകെയുണ്ടായിരുന്ന അഞ്ഞൂറു രൂപ കൊടുത്ത് കുറച്ച് സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ കോളനിക്കാരില്‍ ചിലര്‍ പറഞ്ഞത്, എന്നെയും അനിയത്തിയേയും ശരീരം വില്‍ക്കാന്‍ കൊടുത്തിട്ട് കിട്ടിയ കാശാണതെന്നാണ്. മറ്റു കിണറുകളില്‍ നിന്നും വെള്ളം കോരിക്കാത്തുകൊണ്ട് ഞങ്ങള് സ്വന്തമായി കിണറ് കുത്തിയപ്പോഴും അച്ചായി ഒരു ബൈക്ക് വാങ്ങിയപ്പോഴും ആള്‍ക്കാര് പറഞ്ഞത് ഞങ്ങളെ കൊടുത്ത് കിട്ടിയ കാശുകൊണ്ടാണെന്നാണ്. അച്ചായിയും അമ്മയും കൂടി ഞങ്ങളെ വിറ്റാണ് ജീവിക്കുന്നതെന്ന് ആള്‍ക്കാര് പറയണത് എന്റെ ചെവികൊണ്ട് ഞാന്‍ കേട്ടിട്ടുണ്ട്.

എന്റെ അനിയത്തിക്ക് കേള്‍വിക്കുറവിന്റെ പ്രശ്‌നമുണ്ട്. ചില സമയങ്ങളില്‍ അവളുടെ ഒരു ചെവി തീരെ കേള്‍ക്കാതെ വരും. അത് ഡോക്ടറെ കാണിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അതിനുള്ള നിവൃത്തിപോലുമില്ല. ശരിക്കും ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥ. ഞങ്ങള്‍ക്ക് ഞങ്ങടെ വീട്ടില്‍ പോലും കേറാന്‍ പറ്റണില്ലല്ലോ. ആ വീട് വിറ്റു പോകാനാണ് പൊലീസുകാരും പറയണത്. വീട് വിറ്റാല്‍ തന്നെ ഇവിടെ അടുത്ത് എവിടെയെങ്കിലും താമസിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാകും. ഇപ്പോള്‍ ഞങ്ങളുടെ പേടി ഞങ്ങള്‍ക്കിനി പഠിക്കാന്‍ കഴിയുമോയെന്നാണ്. ഞങ്ങളെയിങ്ങനെ എല്ലാവരും കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോള്‍ എങ്ങനെ പഠിക്കാനാണ്… പഠിച്ചില്ലെങ്കിലും വേണ്ട… ഞങ്ങടെ അച്ചായിക്ക് ഒന്നും പറ്റാതിരുന്നാല്‍ മാത്രം മതി… ഞങ്ങക്ക് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു പോയി താമസിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഞങ്ങളെ സഹായിക്കാമോ…

അമ്മുവിന്റെയും അച്ചുവിന്റെയും അവസ്ഥകളും ബാബുവും കുടുംബവും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് മഹിള സമാക്യയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. എത്രയും വേഗം ബാബുവിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ നീതി നടപ്പാക്കി കിട്ടാന്‍ വേണ്ട നടപടികളുമായി മഹിള സമാക്യ പോലുള്ള സംഘടനകള്‍ ശ്രമം തുടരുമ്പോള്‍ ആ പ്രതീക്ഷയിലാണ് ബാബുവും ഭാര്യയും ഒപ്പം ഒപ്പം ആ രണ്ടു പെണ്‍കുട്ടികളും.

എച്ച്ഐവി ബാധിതനേയും കുടുംബത്തേയും നാട്ടുകാര്‍ വീട്ടില്‍ നിന്ന് അടിച്ചോടിച്ചു; വെള്ളപ്പൊക്ക ദുരിതത്തിനിടയില്‍ നാം അറിയാതെ പോയ മറ്റൊരു ദുരന്ത വാര്‍ത്ത

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍