UPDATES

ട്രെന്‍ഡിങ്ങ്

നേര്‍ച്ചക്കോഴികളെന്നു മുന്നറിയിപ്പ്, കാലിലും കഴുത്തിലും തലയിലും മാരക വെട്ടുകള്‍; ശരത്തിന്റെയും കൃപേഷിന്റെയും ആസൂത്രിതമായി നടത്തിയ ‘കണ്ണൂര്‍ മോഡല്‍’ കൊലപാതകം

കാസറഗോഡ് പെരിയയില്‍ കൊല ചെയ്യപ്പെട്ട രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വധഭീഷണി നേരിട്ടിരുന്നവര്‍. സമൂഹമാധ്യങ്ങളില്‍ കൂടി ശരത് ലാലിനും കൃപേഷിനുമെതിരേ പലതതവണ വധഭീഷണികള്‍ ഉണ്ടായിരുന്നു. ഇതിനെതിരേ പൊലീസിനും ഉദുമ എംഎല്‍എയ്ക്കും ഇരുവരും പരാതികളും നല്‍കിയിരുന്നു. സിപിഎം പ്രവര്‍ത്തകരില്‍ നിന്നായിരുന്നു വധഭീഷണികള്‍ വന്നിരുന്നതെന്നും എന്നാല്‍ ഇതു ചൂണ്ടിക്കാണിച്ചു നല്‍കിയ പരാതികള്‍ പൊലീസ് അവഗണിച്ചതിന്റെ ഫലമാണ് തങ്ങളുടെ രണ്ടു പ്രവര്‍ത്തകരുടെയും അതിദാരുണമായ കൊലപാതകങ്ങളെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കാസറഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജിലെ കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാ മര്‍ദ്ദനമാണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ച രാഷ്ട്രീയ വൈരാഗ്യത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം ഇതിന്റെ പേരില്‍ നിലനിന്നിരുന്നു. കെ എസ്‌യു കാര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നതും. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ച ഒരു സംഘം മാരകമായി ആക്രമിച്ചിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണക്കേസില്‍ ശരത് ലാല്‍ ഒന്നാം പ്രതിയായിരുന്നു. കൃപേഷും കേസിലെ പ്രതിയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടു പേര്‍ക്കും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഭീഷണി നേരിടുന്നത്. ഇരുവരേയും നേര്‍ച്ചക്കോഴികള്‍ എന്നു വിളിച്ചു കൊണ്ടുള്ള ഭീഷണികളും വന്നിരുന്നു. കല്യോട്ടുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇരുവരും ആക്രമിക്കപ്പെടുമെന്നും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇപ്പോള്‍, ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നതും ക്ഷേത്രത്തോത്സവത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു.

കൊലപാതകം നടത്തിയിരിക്കുന്നത് പരിശീലം കിട്ടിയ അക്രമികളാണെന്നും ഇവര്‍ സിപിഎം നിയോഗിച്ചതാണെന്നുമാണ് യൂത്ത് കോണ്‍ഗ്ര്/കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു. പ്രതികള്‍ വന്ന വാഹനം കണ്ണൂര്‍ രജിസ്‌ട്രേഷന്‍ ആണെന്ന തരത്തിലുള്ള ആരോപണങ്ങളും വരുന്നുണ്ട്. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഇതിനെ കുറിച്ച് സ്ഥിരീകരണങ്ങളൊന്നുമില്ല. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്ന രീതി സിപിഎം അക്രമികള്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാടിയാണ് പെരിയ കൊലപാതകത്തേയും കണ്ണൂര്‍ മോഡല്‍ ആയി കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നതും ഇതേ രീതിയിലായിരുന്നു. 2018 ഫെബ്രുവരി 12 ന് രാത്രിയിലായിരുന്നു മട്ടന്നൂരിലെ എടയന്നൂരില്‍ വച്ച് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുമ്പോഴായിരുന്നു. അരയ്ക്ക് കീഴെയും കാലുകളിലുമായി 37 വെട്ടുകളായിരുന്നു ഷുഹൈബിന് ഏറ്റത്. രക്തം വാര്‍ന്നായിരുന്നു മരണം.

ഇതേ സ്വഭാവം തന്നെയാണ് ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തിനും. കല്യോട്ട് ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയായിരുന്നു ഇരുവരും ആക്രമിക്കപ്പെടുന്നത്. കൃപേഷിനെ വീട്ടിലാക്കാന്‍ പോവുകയായിരുന്നു ശരത്. റോഡില്‍ വിജനമായ പ്രദേശത്ത് എത്തിപ്പോഴാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിറകില്‍ നിന്നും പ്രതികള്‍ എത്തിയ വാഹനം ഇടിപ്പിക്കുന്നത്. ഇതൊരു ജീപ്പ് ആണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ ഇരുവരെയും ആക്രമികള്‍ വലിച്ചിഴച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ക്രൂരമായി വെട്ടുന്നത്. ഓടാതിരിക്കാനെന്നോണം ഇരുവരുടെയും കാലുകളില്‍ ആദ്യം വെട്ടിയെന്നാണ് അനുമാനം. ശരത്തിന്റെ രണ്ടു കാലുകളിലുമായി അഞ്ച് വെട്ടുകളുണ്ടായിരുന്നതായി പറയുന്നു. വെട്ടുകളെല്ലാം തന്നെ മാരകമായവയായിരുന്നു. കൈകളിലെ അസ്ഥികളും തകര്‍ന്നിരുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റിരുന്നു. കൃപേഷിന്റെ തലയിലാണ് ആഴത്തില്‍ വെട്ടേറ്റതെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുതുരമായി മുറിവേറ്റു കിടന്ന ശരത്തിനെയും കൃപേഷിനേയും പിന്നീട് അതുവഴി വന്നവരാണ് കാണുന്നത്. കാഞ്ഞങ്ങാട് ആശുപത്രിയേലേക്കാണ് ആദ്യം കൊണ്ടു പോയത്. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശരത്തിനെ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിക്കുന്നത്.

സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം ആവര്‍ത്തിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനും സാധിച്ചിട്ടില്ല. സംഭവത്തില്‍ സാക്ഷികളാരും തന്നെയില്ല. പുറത്തു നിന്നും വന്നവര്‍ ചെയ്തിട്ടുപോയ കൊലപാതകമാണെന്നാണ് പ്രാഥാമിക നിഗമനം. ഇവര്‍ക്കു വേണ്ട സഹായം ഇവിടെ നിന്നും കിട്ടിയിട്ടുള്ളതായും സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു വരുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നതെന്നാണ് അറിയുന്നത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ് പറഞ്ഞതായും സ്ഥിരീകരിക്കാത്ത മാധ്യമവാര്‍ത്തകളുണ്ട്. ബേക്കല്‍ പൊലീസാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈഎസ്പി പി. പ്രദീപനാണ് അന്വേഷണ ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍