UPDATES

ട്രെന്‍ഡിങ്ങ്

തൃശൂരില്‍ ടി എന്‍ പ്രതാപന്‍, എറണാകുളത്ത് കെ.വി തോമസ്‌ സംശയത്തില്‍, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍?

ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമരൂപത്തിലേക്ക്. ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം വരാനിരിക്കെ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചതായാണ് അറിയുന്നത്. തൃശൂരില്‍ ടി എന്‍ പ്രതാപന്‍ മത്സരിക്കും. എറണാകുളത്ത് കെ വി തോമസിന് സീറ്റില്ല. ഹൈബി ഈഡന്‍ എംഎല്‍എ പി രാജീവിനെതിരെ മത്സരിക്കും എന്നാണ് അവസാനവട്ട ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്ന സൂചന. ചാലക്കുടിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ആലത്തൂരില്‍ രമ്യ ഹരിദാസും മത്സരിക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച നടന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ആലപ്പുഴ, ആറ്റിങ്ങള്‍, ഇടുക്കി, വയനാട് സീറ്റുകളില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന് കാരണമെന്നറിയുന്നു. ഈ മണ്ഡലങ്ങളിലടക്കം ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

വടകര മണ്ഡലത്തിലും ഇടുക്കിയിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റേയും അടൂര്‍ പ്രകാശിന്റേയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ടി സിദ്ദിഖിന് വടകര മണ്ഡലമോ വയനാട് മണ്ഡലമോ നല്‍കുമെന്നാണ് അറിയുന്നത്. കെ സി വേണുഗോപാല്‍ മത്സരത്തിനില്ലെന്ന് അറിയിച്ചെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം മണ്ഡലത്തിലെ അധിക പ്രചാരണ പ്രവര്‍ത്തനങ്ങളില്ലാതെ തന്നെ വയനാട് വിജയിക്കാനാവുമെന്ന പ്രതീക്ഷയുള്ളതിനാല്‍ കെസിയെ വയനാട് നിര്‍ത്താമെന്ന ആലോചനകളും മുറുകിയിട്ടുണ്ട്. ജാതി സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാവും സ്ഥാനാര്‍ഥി പ്രഖ്യാപനം.

വെള്ളിയാഴ്ച രാവിലെ കേരള ഹൗസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഉച്ചയ്ക്കാരംഭിച്ച സ്‌ക്രീനിങ് കമ്മറ്റി യോഗം വൈകിട്ട് ആറ് വരെ നീണ്ടു. രാത്രി വൈകിയും അനൌപചാരിക ചര്‍ച്ചകള്‍ തുടരുകയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍