നഴ്‌സുമാരുടെ എണ്ണം പോലെത്തന്നെ, മൂന്നു ലക്ഷത്തോളം വരുന്ന അണ്‍എയ്ഡഡ് അധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
എരുമേലിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പതിനെട്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അധ്യാപിക പെട്ടന്നൊരു ദിവസം ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. പ്രതിമാസം മൂവായിരം രൂപയ്ക്ക് ജോലി ചെയ്തിരുന്ന അധ്യാപിക, വേതനത്തില്‍ ആയിരം രൂപയുടെ വര്‍ദ്ധനവ് ആവശ്യപ്പെട്ടതായിരുന്നു പുറത്താക്കപ്പെടാന്‍ കാരണം. പരാതിയുമായി അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക സംഘടനയെ സമീപിച്ചതോടെയാണ് കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിലെ മാനേജ്‌മെന്റ് നടത്തുന്ന തീവെട്ടിക്കൊള്ളയുടെ ഏറ്റവും ക്രൂരമായി കഥകള്‍ പുറത്തുവന്നത്. അധ്യാപികയ്‌ക്കൊപ്പം ജോലി ചെയ്യുന്ന മിക്ക പേരുടെയും മാസവേതനം രണ്ടായിരത്തിയഞ്ഞൂറും മൂവായിരവുമാണ്. ചോദ്യം ചെയ്യുകയോ വര്‍ദ്ധനവ് ആവശ്യപ്പെടുകയോ ചെയ്താല്‍, കഴിവു പോരാ എന്ന ന്യായം പറഞ്ഞാണ് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ ആരും മാനേജ്‌മെന്റുമായി വാഗ്വാദത്തിനു പോകാറുമില്ല.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ പല രൂപങ്ങളില്‍ ഒന്നുമാത്രമാണ് എരുമേലിയിലെ അധ്യാപികയ്ക്കു നേരിടേണ്ടിവന്നത്. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് അടക്കമുള്ള സംഘടനകള്‍ക്കു മുന്നില്‍ അടുത്തകാലത്തെത്തിയ അസംഖ്യം പരാതികളിലൊന്ന്. പ്രൈമറി ക്ലാസുകളിലെ അധ്യാപകര്‍ക്ക് പതിനായിരം രൂപയായിരിക്കണം മിനിമം വേതനം എന്ന ഹൈക്കോടതിയുടെ ശുപാര്‍ശ നിലനില്‍ക്കുമ്പോഴും, തുച്ഛമായ തുകകള്‍ക്കു ജോലി ചെയ്യേണ്ടിവരുന്നവര്‍ ഇപ്പോഴും ഏറെയാണ്. സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് അറുതിവരുത്തുമെന്ന് കരുതപ്പെടുന്ന നിയമനിര്‍മാണമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ നടത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രത്യേക കമ്മറ്റിയുടെ സഹായത്തോടെ അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പള സ്‌കെയിലും മറ്റു ബത്തകളും നിശ്ചയിക്കാനും, ഇതില്‍ കുറഞ്ഞ കരാര്‍ തുകകള്‍ അംഗീകരിക്കപ്പെടില്ലെന്ന് വ്യവസ്ഥ ചെയ്യാനും നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ബില്ല് എന്നാണ് കരുതപ്പെടുന്നത്. മിനിമം ശമ്പള സ്‌കെയില്‍ നിര്‍ണയിച്ച് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെയും അനധ്യാപകരെയും അംഗീകൃത തൊഴിലാളികളുടെ പരിധിയില്‍ കൊണ്ടുവരുന്നതോടെ, അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന കേരളത്തിലെ ഒരു വലിയ വിഭാഗത്തിനാണ് ആശ്വാസമാകുക.
വേതനത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമനിര്‍മാണം തന്നെ നടക്കേണ്ടതുണ്ടെന്നും, അതില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണെന്നും സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ ആവശ്യപ്പെടുന്നുണ്ട്. ‘മിനിമം വേതനം എന്ന പേരില്‍ ആറായിരവും ഏഴായിരവും രൂപയൊക്കെയാണ് പലയിടത്തും ഇപ്പോഴും നിശ്ചയിക്കപ്പെടുന്നത്. ഒരു തുക മിനിമം വേതനമായി നിശ്ചയിക്കപ്പെടുമ്പോള്‍, ആ തുകയാണ് എല്ലാ കാലത്തും വേതനം നല്‍കേണ്ടത് എന്ന ധാരണയാണ് മാനേജ്‌മെന്റിനുള്ളതെന്ന് തോന്നിപ്പോകും. പേ സ്‌കെയില്‍ എന്നൊരു സങ്കല്പമേ അവര്‍ക്കില്ല. മുപ്പതു വര്‍ഷത്തെ സര്‍വീസുള്ള അധ്യാപകര്‍ പോലും വാങ്ങിക്കുന്നത് ഇതേ മിനിമം വേതനമാണ്. ഇത്തരം വിഷയങ്ങള്‍ക്കായി എത്രയോ കാലമായി മാനേജ്‌മെന്റുകളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നവരാണ് അണ്‍ എയ്ഡഡ് മേഖലയിലെ ടീച്ചര്‍മാര്‍. ഏഴായിരം രൂപയ്ക്ക് ജോലി ചെയ്യുന്ന, പതിനെട്ടു വര്‍ഷം സര്‍വീസുള്ള അധ്യാപകരുണ്ട്. 2012ല്‍ ഹൈക്കോടതിവിധിയില്‍ പതിനായിരത്തില്‍ കുറയാത്ത വേതനം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം കൊടുത്തിടത്താണ് ഇത് നടക്കുന്നതെന്നോര്‍ക്കണം. ഈ ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന ബില്ലാകണം വരേണ്ടത്.’ അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഷാജര്‍ഖാന്‍ പറയുന്നു. കരടിന്റെ ഉള്ളടക്കം കൃത്യമായി മനസ്സിലാക്കാതെ ആശ്വസിക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വേതനവ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ത്തന്നെ, സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്ന ഗുരുതരമായ മറ്റു ചില പ്രശ്‌നങ്ങളുമുണ്ട് വേതനബത്ത ബില്ലിനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതായ പ്രതിസന്ധികള്‍ ഇനിയുമേറെയാണ് ഇവര്‍ക്ക്. മാനേജ്‌മെന്റിനു തോന്നുന്ന സമയത്ത് സൗകര്യം പോലെ ജോലിയില്‍ നിന്നും പുറത്താക്കുന്നതു മുതല്‍, ക്ലാസ് മുറികളില്‍ ഇരിക്കാനോ, മുന്‍കൂട്ടി നിശ്ചയിച്ച് സമയങ്ങളിലല്ലാതെ ശുചിമുറികള്‍ ഉപയോഗിക്കാനോ അധ്യാപകര്‍ക്ക് അനുവാദമില്ലാത്ത സ്‌കൂളുകള്‍ ധാരാളമുണ്ട്. എട്ടും ഒന്‍പതും പീരിയഡുകളുള്ള ക്ലാസ്സുകള്‍ക്കൊപ്പം തന്നെ, സ്‌കൂളിലെ മറ്റു ജോലികളും ഉത്തരവാദിത്തങ്ങളും അധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കപ്പെടുന്നുണ്ട്. സ്‌കൂള്‍ സമയത്തിനു മുന്‍പും ശേഷവും അധിക ജോലി ചെയ്യിപ്പിക്കുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ മേഖലയിലെ അധ്യാപകരുടേതിലും എത്രയോ ഇരട്ടി അധ്വാനമാണ് പലപ്പോഴും തത്തുല്യ യോഗ്യതകളുള്ള ഇവര്‍ക്കു മേല്‍ വന്നുവീഴുന്നത്.
ക്ലാസ് മുറികളില്‍ അധ്യാപകര്‍ നിന്നു മാത്രമേ പഠിപ്പിക്കാവൂ എന്ന വിചിത്ര നിയമം മിക്ക അണ്‍എയ്ഡഡ് സ്‌കൂളുകളിലുമുണ്ട്. പലയിടത്തും ക്ലാസ്സുകളില്‍ കസേരകള്‍ പോലുമുണ്ടാകാറില്ല. പ്രിന്‍സിപ്പാള്‍ പതിവു റോന്തു ചുറ്റലിനിറങ്ങിയപ്പോള്‍ ക്ലാസ്സിലെ കസേരയില്‍ ഇരിക്കുന്ന അധ്യാപികയെക്കണ്ട് കുട്ടികള്‍ക്കു മുന്നില്‍വച്ച് രൂക്ഷമായി ശകാരിച്ച സംഭവങ്ങളും സംഘടനാ നേതാക്കള്‍ക്ക് പങ്കുവയ്ക്കാനുണ്ട്. അഞ്ചു മിനുട്ട് വൈകിയെത്തിയാല്‍പ്പോലും കുട്ടികളുടെ മുന്നില്‍വച്ച് ശകാരം കേള്‍ക്കേണ്ടിവരുന്ന അധ്യാപകരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നാണ് ഇവര്‍ക്കു ചോദിക്കാനുള്ളത്. സറ്റാഫ് റൂമിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരിക്കുക, നിയമപ്രകാരം ഉറപ്പുവരുത്തേണ്ട അവധികള്‍ പോലും ലഭിക്കാതിരിക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ വേറെ. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ വലിയൊരു വിഭാഗത്തിന് വര്‍ഷങ്ങളായിട്ടും അപ്പോയിന്‍മെന്റ് ലെറ്റര്‍ പോലും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. തൊഴിലാളികളായി അംഗീകരിക്കപ്പടുകയോ തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരികയോ ചെയ്യുന്നില്ല. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ വ്യാപക സമരങ്ങളെത്തുടര്‍ന്ന് അപൂര്‍വമായിട്ടുണ്ടെങ്കിലും, സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ ഇന്നും തൊഴിലാളി നിയമങ്ങളുടെ പരിധിക്കു പുറത്തു തന്നെയാണ്.
നഴ്‌സുമാരുടെ എണ്ണം പോലെത്തന്നെ, മൂന്നു ലക്ഷത്തോളം വരുന്ന അണ്‍എയ്ഡഡ് അധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെയാണ് നഴ്‌സ് സമരത്തോട് തങ്ങളുടെ സമരത്തെ താരതമ്യപ്പെടുത്താന്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നതും. അണ്‍എയ്ഡഡ് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അല്പം കൂടി സങ്കീര്‍ണമാണെന്ന് സംഘടനാ ഭാരവാഹിയും അധ്യാപികയുമായ വിദ്യ പറയുന്നു. ‘മാനസിക സംഘര്‍ഷമാണ് ഏറ്റവും വലിയ പ്രശ്‌നം. എല്ലാ മാസവും പരീക്ഷകളാണ്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കലും ഉത്തരക്കടലാസ് നോക്കലുമെല്ലാം നീണ്ട സ്‌കൂള്‍ സമയത്തിനും അധിക സമയ ഡ്യൂട്ടികള്‍ക്കും പുറമേയാണ്. വീട്ടിലെ ജോലികള്‍ക്കൊപ്പം ഇക്കാര്യങ്ങളെല്ലാം ചെയ്യേണ്ടിവരുന്നതും സ്ത്രീകളെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എല്ലാ ദിവസവും ഇതേ ജോലിഭാരമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഇതിനിടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുമുണ്ട്. എന്നിട്ടും എല്ലാം സഹിച്ച് ജോലി ചെയ്യുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ വന്ന് പിരിച്ചുവിടുകയാണ്. മുപ്പതു വര്‍ഷം സര്‍വീസുള്ളയാളോട് നാളെ മുതല്‍ വരേണ്ടതില്ല എന്ന് പറഞ്ഞ സംഭവങ്ങളുണ്ട്. തൊഴില്‍ സുരക്ഷ ഒട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.’
‘പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന അധ്യാപികമാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതൊക്കെ സ്ഥിരം സംഭവമാണ്. അടിസ്ഥാന അവകാശങ്ങളല്ലേ ഇതൊക്കെ. മാനുഷിക പരിഗണന വേണ്ട വിഷയങ്ങളാണ്. ഇത്തരം പല കേസുകളിലും അധ്യാപികമാര്‍ക്ക് ഇതുവരെ തിരികെ ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വനിതകള്‍ എന്ന നിലയില്‍ ഇതുപോലുള്ള ധാരാളം പ്രശ്‌നങ്ങളാണ് ദിവസേന നേരിടേണ്ടിവരുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനു പോലും പ്രത്യേക സമയക്രമമുണ്ടെന്നു പറഞ്ഞാലോ? സ്ത്രീകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ സഹിക്കുന്ന ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല.’ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേതനബില്ലിനൊപ്പം സമഗ്രമായ നിയമനിര്‍മാണം തന്നെ വരേണ്ടതുണ്ടെന്ന് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ലംഘനം എന്നുതന്നെ വിളിക്കാവുന്ന തരത്തിലുള്ള നടപടികള്‍ക്ക് പരിഹാരം കാണണമെങ്കില്‍ അതുമാത്രമാണ് വഴിയെന്നും ഇവര്‍ പറയുന്നു.
ദിവസവും എത്ര മണിക്കൂറാണ് ഓരോ അധ്യാപകനും ജോലി ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്നാണ് അധ്യാപകരുടെ പൊതുവായ ആവശ്യങ്ങളിലൊന്ന്. പി.എഫ്, ഗ്രാറ്റുവിറ്റി അവകാശങ്ങള്‍, അവധി അവകാശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമഗ്രബില്ലിനെക്കുറിച്ച് മാറിവന്ന സര്‍ക്കാരുകളുമായി നടന്നിട്ടുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അധ്യാപകര്‍ പറയുന്നുണ്ട്. നാളിത്രയായിട്ടും ഇക്കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെങ്കിലും, പുതിയ ബില്ല് ചര്‍ച്ചയായ സാഹചര്യത്തില്‍ സര്‍വീസ് സംബന്ധമായ ആവശ്യങ്ങളും പരിഗണിക്കപ്പെടുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, ബില്ലിനെക്കുറിച്ച് ഇതിനു മുന്‍പും സമാനമായ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും, അപ്പോഴൊന്നും അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിട്ടില്ലെന്നും വിദ്യ ചൂണ്ടിക്കാട്ടുന്നുണ്ട്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അങ്ങേയറ്റം ആശ്വാസം പകരുന്ന നിയമമായിരിക്കുമിതെങ്കിലും, വിശദാംശങ്ങളറിയാതെ ആശങ്ക നീങ്ങില്ലെന്നും വിദ്യ സൂചിപ്പിക്കുന്നു.
‘സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അണ്‍എയ്ഡഡ് മേഖലയിലെ സമഗ്രനിയമം. എത്രയോ തവണ പരാതികള്‍ കൊടുത്തു, അധികൃതരെ കണ്ടു. ഒടുവില്‍ സംഘടിക്കാന്‍ തീരുമാനിക്കുമ്പോള്‍ കരടുബില്ലിനെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തവരും. അതു വിശ്വസിച്ചും പ്രതീക്ഷിച്ചും എത്രയോ കാലം കടന്നു പോയി. ഇത് നടപ്പിലാകുമോ ഇല്ലയോ എന്ന ആശങ്കയാണിപ്പോഴും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാനേജ്‌മെന്റ് സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ എല്ലാ നിയമനിര്‍മാണങ്ങളും കാറ്റില്‍പ്പറക്കുന്ന അനുഭവമാണുണ്ടായിട്ടുള്ളത്. ഈ ബില്ലിന്റെ വിശദാംശങ്ങളറിയാതെ ഒന്നും പറയാനുമാകില്ല. മൂന്നുപതിറ്റാണ്ടായി നടക്കുന്ന പ്രശ്‌നങ്ങളാണിതെല്ലാം. ആരെങ്കിലും ചോദ്യം ചെയ്താല്‍ പിന്നെ ജോലിയില്ല എന്ന അവസ്ഥയാണ്. അന്യായമായിട്ടൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. സര്‍ക്കാര്‍ മേഖലയിലെ അധ്യാപകരെപ്പോലെത്തന്നെ ക്വാളിഫൈഡായവര്‍ ഇക്കൂട്ടത്തിലുമുണ്ട്. എംഫിലും പിഎച്ച്ഡിയുമുള്ളവരാണ് ഇത്ര തുച്ഛമായ ശമ്പളത്തില്‍ ജോലി നോക്കുന്നത്. ഇതിനൊരു മറുപടിയായി സമഗ്ര നിയമനിര്‍മാണം വരികതന്നെ ചെയ്യണം.’