UPDATES

ജനങ്ങളെ പുകച്ചുകൊല്ലാന്‍ കൂട്ടുനില്‍ക്കുന്ന പൊല്യൂഷന്‍ ടെസ്റ്റിംഗ് സെന്ററുകള്‍; കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സ്വന്തമാക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് ആക്ഷേപം

വാഹന പുകപരിശോധന ഓണ്‍ലൈന്‍ സംവിധാനത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍

കേരളത്തിലെ പൊതുഗതാഗത-സ്വകാര്യ വാഹനങ്ങള്‍ ഭൂരിഭാഗവും നിരത്തിലിറങ്ങുന്നത് വ്യാജ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായാണെന്ന് ആരോപണം. വാഹന ഉടമകളില്‍ നിന്ന് പണം കൈപ്പറ്റി പല പൊല്യൂഷന്‍ സെന്ററുകളും വ്യാജ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണെന്നാണ് അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാജ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ഇത്തരം സെന്ററുകള്‍ മലിനീകരണപ്രശ്‌നം മറച്ചുവച്ചുകൊണ്ട് ഉടമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്. വാഹനപരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് പണം മുടക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലരും സ്വന്തമാക്കുന്നത്. ഇത്തരം അന്യായ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കാന്‍ സഹായം ചെയ്തുകൊടുക്കുകയാണ് പല ടെസ്റ്റിംഗ് സെന്ററുകള്‍ എന്നും അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. അന്തരീക്ഷ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊച്ചിയില്‍ ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ശരിയായ രീതിയില്‍ ടെസ്റ്റിംഗ് സെന്ററുകള്‍ നടത്തിക്കൊണ്ടു പോകുന്നവര്‍ പോലും വ്യാജന്മാര്‍ എന്ന് മുദ്രകുത്തപ്പെടുന്നൊരു സാഹചര്യത്തിലാണ് തങ്ങളുടെ തൊഴില്‍ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ രംഗത്തു വന്നതെന്നും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃതമാക്കണമെന്നും ഈ രംഗം ഓണ്‍ലൈന്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് അഴിമുഖത്തോട് പറയുന്നു.

വാഹനങ്ങള്‍ പുറത്തുവിടുന്ന അപകടകാരിയായ കാര്‍ബണ്‍ വാതകങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊല്യൂഷന്‍ ടെസ്റ്റുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍ ഈ മേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളുടെ അലംഭാവവും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 1,200 ഓളം വാഹന പുക പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് അസോസിയേഷന്‍കാര്‍ തന്നെ വ്യക്തമാക്കുന്നത്. പല കേന്ദ്രങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നതെന്ന് ഈ രംഗത്ത് തൊഴില്‍ എടുക്കുന്നവര്‍ തന്നെ പറയുന്നു. പൊല്യൂഷന്‍ ടെസ്റ്റിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളില്‍ കൃത്രിമം കാണിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന രീതി വ്യാപകമാണെന്നാണ് ഇവര്‍ പറയുന്നത്. ഇത് തടയാനായി മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് പരാതി.

സ്വകാര്യവാഹനങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍ സംവിധാനത്തില്‍ ഗതാഗതം നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി നിരത്തിലോടുന്നുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ ഫിറ്റ്‌നസ് ടെസ്റ്റ് കാര്യക്ഷമമായല്ല നടക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പഴകി ആയുസ് തീരാറായ കെഎസ്ആര്‍ടിസി ബസുകള്‍ വരെ എളുപ്പത്തില്‍ ഫിറ്റ്‌നസ് നേടുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും പരാതി. അന്തരീക്ഷമലിനീകരണത്തിനു കാരണമായി നിരത്തുകളില്‍ വിഷപ്പുക തുപ്പുന്നതില്‍ സര്‍ക്കാര്‍ ബസുകള്‍ ഒട്ടും പിന്നില്‍ അല്ലത്രേ! പഴയ വാഹനങ്ങളുടെ എന്‍ജിന്‍ മാറ്റി വെച്ച് പുതിയ എന്‍ജിനുകള്‍ ഘടിപ്പിച്ചാണ് ഫിറ്റ്‌നെസ് ടെസ്റ്റ് പാസാക്കിയെടുക്കുന്നതെന്നാണ് കെഎസ്ആര്‍ടിസിക്കെതിരേയുള്ള ആരോപണം. കെഎസ്ആര്‍ടിസിയുടെ എന്‍ജിന്‍ നമ്പറുകള്‍ ഉള്‍പ്പെടെ കൃത്യമായി പരിശോധിക്കാതെ കാലാഹരണപ്പെട്ട വാഹനങ്ങളെ നിരത്തുകളില്‍ ഇറക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നും ഇതിനൊപ്പം ആക്ഷേപമുണ്ട്. ദീര്‍ഘദൂര ബസുകള്‍ ഒഴിച്ചാല്‍ പുതിയ നോണ്‍ എസി ലോ ഫ്‌ളോര്‍ ബസുകളില്‍ ഭൂരിഭാഗവും ഫിറ്റ്‌നസ് ടെസ്റ്റ് പാസാകുന്നില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യമെന്നും അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് എറണാകുളം ജില്ല പ്രസിഡന്റ് ഡൊമനിക് സാവിയോ അഴിമുഖത്തോട് പറയുന്നു.

സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ 1200 ഓളം സെന്ററുകളാണ് വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും കാര്യക്ഷമമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പുകപരിശോധന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം വളരെ മോശമാണെന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഗൗരവമായി കാണണം. വളരെ കൃത്യതയോടെയും ഗൗരവത്തോടും ചെയ്യേണ്ട കാര്യങ്ങള്‍ ലാഘവബുദ്ധിയോടെയാണ് പല ടെസ്റ്റിംഗ് സെന്ററുകളും കാണുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് തങ്ങളുടെ ഉത്തരവാദിത്തം വേണ്ടപോലെ ചെയ്യുന്നില്ല. വാഹന ഉടമകളുടെ കൈവശമുള്ള പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിംഗ് സെന്ററുകളിലെ വ്യാജ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പ് വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണം. വ്യാജ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന സെന്ററുകളെയും ഇതിന് കൂട്ട് നില്‍ക്കുന്ന കമ്പനികളെയും വിതരണക്കാരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമെ ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കൂ. ഓട്ടോ മൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഉപകരണങ്ങളാണ് കേരളത്തിലെ പരിശോധന കേന്ദ്രങ്ങളിലും ഉപയോഗിക്കേണ്ടത്. എട്ട് കമ്പനികളുടെ പരിശോധന ഉപകരണങ്ങളാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവയില്‍ ഒരു കമ്പനി പോലും വില്‍പനാനന്തരം സേവനം നല്‍കുന്നില്ല. രജിസ്‌റ്റേര്‍ഡ് ഓഫീസ് പോലുമില്ലാത്ത കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്. തങ്ങള്‍ നല്‍കിയ ഉപകരണങ്ങള്‍ കാര്യക്ഷമതയോടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനികള്‍ അന്വേഷിക്കാറില്ല. കേരളത്തില്‍ ആയിരത്തോളം വരുന്ന സെന്ററുകളില്‍ ഒന്നോ രണ്ടോ കമ്പനികളാണ് ബഹുഭൂരിപക്ഷം സെന്ററുകളിലും ഉപകാരണങ്ങള്‍ നല്‍കുന്നത്. ശരിയായ കാലിബ്രേഷന്‍ ചെയ്താല്‍ മാത്രമെ പൊല്യൂഷന്‍ ടെസ്റ്റിംഗ് കാര്യക്ഷമമാകുകയുള്ളൂവെന്നിരിക്കെ ഇവയൊന്നും പാലിക്കാതെ വാഹനങ്ങള്‍ പരിശോധിച്ചു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായാണ് നമ്മുടെ നിരത്തുകളില്‍ വാഹനങ്ങളോടുന്നത്; ഡൊമനിക് സാവിയോ പറയുന്നു.

തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ആവശ്യം
പുക പരിശോധന മേഖലയില്‍ നിലവിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ പ്രധാന്യം ഇവിടെയാണ്. എന്ത് ഉദ്ദേശ ലക്ഷ്യത്തോടെയാണോ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് അത് നടപ്പിലാകണമെങ്കില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം അനിവാര്യമാണെന്നും ഈ മേഖലയിലെ കാര്യക്ഷമമില്ലായ്മയും തട്ടിപ്പും തടയിടാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നുമാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ വ്യാജ സോഫ്റ്റ്‌വെയറുകളും തട്ടിപ്പുകളും ഇല്ലാതാക്കി വാഹന പെരുപ്പം കാരണമുള്ള മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

ശരിയായ പരിശോധനങ്ങള്‍ ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ വാഹനത്തില്‍ നിന്ന് അമിതമായി വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ പടരാനിടയാകും. ഇത് പൊതുജനത്തിന് പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. വാഹനങ്ങള്‍ പുറത്തു വിടുന്ന കാര്‍ബണിന്റെ അളവനുസരിച്ചാണ് പൊല്യൂഷന്‍ നിര്‍ണയിക്കുന്നത്. സെന്ററുകളിലെ മെഷീനില്‍ 65 റീഡിംഗിനു മുകളില്‍ കാണിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് സെര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പെട്രോള്‍ വാഹനങ്ങള്‍ക്ക് 0.5 റീഡിംഗിന് മുകളില്‍ പോകുന്നവയ്ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ മാത്രമെ മലിനീകരണ തോത് കൃത്യമായി അളക്കാന്‍ കഴിയൂ. എന്നാല്‍ നിലവിലെ കാര്യക്ഷമമല്ലാത്ത സംവിധാനത്തില്‍ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നു. പൊല്യൂഷന്‍ ടെസ്റ്റ് പാസാകാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തി പ്രശ്‌നം പരിഹരിക്കണം. അതിനുശേഷം മാത്രമെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാവൂ എന്നാണ് നിയമം പറയുന്നത്. ഇതാണ് അട്ടിമറിക്കപ്പെടുന്നത്.

ഒന്നും ചെയ്യാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
വാഹനങ്ങള്‍ പ്രകൃതിയെ മലിനപ്പെടുത്തുമ്പോള്‍ സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) ഈ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. മലിനീകരണത്തിന് തടയിടാനോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ ബോര്‍ഡിന് അധികാരമില്ലെന്നാണ് പറയുന്നത്. വായു മലിനപ്പെടുന്നതിന് പ്രധാനകാരണം വാഹനങ്ങളില്‍ നിന്ന് പുറത്തു വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആണ്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആക്ടില്‍ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കേണ്ടതും പരിശോധിക്കേണ്ടതും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണെന്നാണ് പറയുന്നത്. എന്നാല്‍ പിസിബിയുടെ ചുമതലയല്ല വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രണം എന്നും മോട്ടോര്‍ വാഹനവകുപ്പിനാണ് ഈ ചുമതലയെന്നുമാണ് പിസിബി എറണാകുളം ചീഫ് എഞ്ചിനീയര്‍ എം എ ബൈജു പറയുന്നത്. വായു മലിനീകരണം പരിശോധനകളിലൂടെ കണ്ടെത്തി ജില്ലാ ഭരണകൂടത്തെയോ സര്‍ക്കാരിനെയോ അറിയിക്കുക മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധികാര പരിധിയില്‍ വരുന്നതെന്നാണ് പിസിബി ചീഫ് എന്‍ജിനീയര്‍ പറയുന്നത്. അതേസമയം വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും ഉണ്ടായിട്ടില്ലെന്നും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എറണാകുളം ചീഫ് എന്‍ജിനീയര്‍ പറയുന്നു.

വാഹന പുക പരിശോധന ഓണ്‍ലൈന്‍ ആക്കും
വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവുമൂലം മലിനീകരണ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ വര്‍ഷം ഒക്‌ടോബറിനകം പുകപരിശോധന ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുമെന്നു ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അഴിമുഖത്തോട് പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ടെസ്റ്റിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതിയുണ്ടായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഇതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായും ടെന്‍ഡര്‍ പൂര്‍ത്തിയായതായും ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു. വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം തടയാനോ വാഹനങ്ങള്‍ പരിശോധിക്കാനോ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് അധികാരമില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മിഷണര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്‌ററ് പരിശോധിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സബ് ആര്‍ടിഒ ഓഫീസുകളിലും സ്വകാര്യ പങ്കാളിത്തത്തോടെ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും പുകപരിശോധന ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമാണിതെന്നും ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍