UPDATES

കേരളം

പത്രിക നല്‍കാന്‍ നാലു ദിവസം മാത്രം, രാഹുല്‍ വരുമോ ഇല്ലയോ? വയനാട്ടില്‍ പ്രതിസന്ധിയിലായി യുഡിഎഫ് ക്യാമ്പ്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം വിജയസാധ്യതയെ ബാധിക്കില്ലെന്ന് യുഡിഎഫ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, അത്ര ലളിതമല്ല വയനാട് മണ്ഡലത്തിലെ നിലവിലെ അവസ്ഥ

ശ്രീഷ്മ

ശ്രീഷ്മ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് നാലു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലവേദനയാവുകയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളും ഗൃഹസന്ദര്‍ശനവും കത്തിക്കയറുമ്പോള്‍, വയനാട്ടില്‍ മാത്രം തുടരുന്ന അനിശ്ചിതാവസ്ഥയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണു താനും. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഒപ്പം വയനാട്ടിലെ മുസ്ലിം ലീഗും സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞതോടെ, വയനാട്ടിലെ യുഡിഎഫ് മുന്നണിപ്പോരാളികള്‍ കനത്ത പ്രതിസന്ധിയിലായിരിക്കുന്നു. യുഡിഎഫിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്ക്ക് ആദ്യ ഘട്ടം മുതല്‍ ആശങ്കകളില്ലാതെ തെരഞ്ഞെടുപ്പിനെ കാത്തിരുന്നിരുന്ന വയനാട്ടില്‍ മത്സരിക്കാന്‍ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ കൊഴുത്തതോടെയാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രത്തിലേക്കു തന്നെ വയനാട് കടന്നുവരുന്നത്. ടി.സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറച്ച ശേഷം പ്രചരണവും ആരംഭിച്ചു കഴിഞ്ഞതോടെ, വയനാട് വീണ്ടും പതിവ് തെരഞ്ഞെടുപ്പു തിരക്കുകളിലേക്ക് വീണു കഴിഞ്ഞിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരില്‍ നിന്നുമുണ്ടായത്. ഇതോടെ വയനാട്ടിലെയും കേരളത്തിലെയാകെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിവില്‍ക്കവിഞ്ഞ ഊര്‍ജ്ജത്തോടെ പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് രാജ്യമൊട്ടാകെ ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൊന്നായി വയനാട് മാറി. എന്നാല്‍, ആദ്യ ഘട്ടത്തിലെ ഉത്സാഹമടങ്ങിയപ്പോള്‍, പ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ ചോദിക്കുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയം എന്തു കൊണ്ട് അനിശ്ചിതമായി നീളുന്നു എന്നാണ്. എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണച്ചൂടിലേക്ക് കടന്നപ്പോഴും, ഉറച്ച സീറ്റെന്നു യുഡിഎഫ് വിധിയെഴുതിക്കഴിഞ്ഞ വയനാട്ടില്‍ മാത്രം ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് ഉറപ്പിച്ചു പറയാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ നാലിനകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണമെന്നിരിക്കേ, വയനാട്ടില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് കാണിച്ചു പോന്ന അമിതമായ ആത്മവിശ്വാസം തിരിച്ചടിക്കുമോ എന്ന ഭയം പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിനെങ്കിലുമുണ്ട്.

രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതോടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും തിരക്കൊഴിയാതിരുന്ന വയനാട്ടിലെ പാര്‍ട്ടി ഓഫീസുകളിലും ഡിസിസി ഓഫീസിലുമടക്കം ഇപ്പോള്‍ ഉയരുന്നത് അതൃപ്തിയുടെ ശബ്ദങ്ങളാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് ഘടകകക്ഷികളും തീരുമാനിക്കുക കൂടി ചെയ്തതോടെ, വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു രംഗങ്ങള്‍ പ്രതിസന്ധിയില്‍ത്തന്നെയാണ്. രാഹുലിന്റെ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച ഓളമടങ്ങിയതോടെ വയനാട്ടിലെ വോട്ടര്‍മാര്‍ക്കും യുഡിഎഫിന്റെ നിലപാടില്‍ അതൃപ്തികള്‍ ഉയര്‍ന്നുതുടങ്ങിക്കഴിഞ്ഞു. എന്നാല്‍, എഐസിസിയില്‍ നിന്നുള്ള അറിയിപ്പ് ഉടനുണ്ടാകുമെന്നും, സ്ഥാനാര്‍ത്ഥി ആരായാലും കോണ്‍ഗ്രസിന്റെ പ്രചരണ സംഘം ശക്തമായിത്തന്നെ പ്രവര്‍ത്തനത്തിലേക്ക് കടക്കുമെന്നുമാണ് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന നേതാക്കളിലൊരാളാണ് ഐ.സി. ബാലകൃഷ്ണന്‍.

രണ്ടു മുന്നണികളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വരാത്തതില്‍ ചെറിയ നിരാശയുണ്ട്. എന്നാല്‍പ്പോലും ആ നിരാശയെ അത്ര ഗൗരവമായി കാണേണ്ടതില്ല. മണ്ഡലം കണ്‍വെന്‍ഷനുകളും ബൂത്ത് കമ്മറ്റികളുമൊക്കെ സജീവമായി നടക്കുന്നുണ്ട്. അത്ര വലിയ പ്രതിസന്ധി ഇപ്പോഴില്ല. ദേശീയ നേതൃത്വം വിഷയം പരിഗണിച്ചിട്ടുമുണ്ട്. എന്തു പ്രതിസന്ധിയുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞാല്‍ വളരെപ്പെട്ടന്നു തന്നെ ഞങ്ങള്‍ പ്രചരണത്തില്‍ മുന്നോട്ടെത്തും” നിരാശയുടെ കാര്യം ശരിവച്ചു കൊണ്ടുതന്നെ പ്രതിസന്ധിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പ്രചരണം പോലും നിര്‍ത്തിവയ്ക്കപ്പെട്ട വയനാട് മണ്ഡലത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത് അത്രയേറെ ശുഭപ്രതീക്ഷയുള്ള പ്രതികരണങ്ങളല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെ മാത്രമല്ല, യുഡിഎഫിന്റെ ഘടകകക്ഷികളില്‍ പലരെയും ഈ അനിശ്ചിതത്വം ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സീറ്റാണെങ്കിലും, ഇക്കാര്യം മുന്‍നിര്‍ത്തി ഘടകകക്ഷികള്‍ പ്രചരണത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍ അതു തീര്‍ച്ചയായും യുഡിഎഫിന് ശുഭകരമായിരിക്കില്ല. മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി അഹമ്മദ് ഹാജി പറയുന്നതിങ്ങനെ: “ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ പ്രവര്‍ത്തകരുടെയിടയില്‍ എതിരഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നത് ശരിതന്നെ. എന്നാല്‍ അത് വിജയസാധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് എത്തിയിട്ടില്ല എന്നാണ് കരുതുന്നത്. എത്രയും പെട്ടന്ന് സ്ഥാനാര്‍ത്ഥിനിര്‍ണയം ഉണ്ടാകണം എന്ന മനസ്സാണ് എല്ലാവര്‍ക്കുമുള്ളത്. ഇന്നോ നാളെയോ എന്നു കരുതി കാത്തിരിക്കുന്നത് ആറോ ഏഴോ ദിവസമായില്ലേ. അതിന്റെ പ്രശ്‌നങ്ങളാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. അവര്‍ക്ക് വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥിയാരെന്ന് അറിയണമല്ലോ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഘടകകക്ഷികളുടെ പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കേണ്ടി വരുന്നതിന്റെ പ്രശ്‌നമേയുള്ളൂ. മുസ്ലിം ലീഗിന്റെ മാത്രമല്ല, പൊതുവേ യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികള്‍ക്കും ഈ ആശങ്കയുണ്ട്.”

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസം വിജയസാധ്യതയെ ബാധിക്കില്ലെന്ന് യുഡിഎഫിന്റെ ഘടകകക്ഷികളെല്ലാവരും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, അത്ര ലളിതമല്ല വയനാട് മണ്ഡലത്തിലെ നിലവിലെ അവസ്ഥ. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്നു തീരുമാനമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എങ്കില്‍പ്പോലും ഈ കാലതാമസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള അസ്വാരസ്യം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വയനാട്ടിലെ പ്രരണവും വിജയവും എന്നത്തേയും പോലെ യുഡിഎഫിന് അത്ര അനായാസമായില്ലെന്നു വരും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍