UPDATES

ട്രെന്‍ഡിങ്ങ്

പിണറായി ബഹുകേമന്‍, നമുക്കും കിട്ടണം പണം; അച്ചായന്റെ വികസന പ്രകീര്‍ത്തനങ്ങള്‍

മനോരമയും പിണറായിയും പാതിരിമാരും കൈകോര്‍ക്കുന്ന വികസന സ്വപ്നങ്ങളെ കുറിച്ചുതന്നെ

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസ കൊണ്ട് മൂടുകയാണ് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു. ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയായി മാറുമെന്നാണ് ഇടതുപക്ഷ സര്‍ക്കാരിനെക്കുറിച്ച് അച്ചായന്റെ പുതിയ നിരീക്ഷണം. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായിയെന്നും മനോരമ എഡിറ്റര്‍ പറയുന്നു. വികസന വഴികളില്‍ വരുന്ന പ്രതിസന്ധികളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രിക്കുള്ള ഇച്ഛാശക്തിയാണ് അദ്ദേഹം ആ കരുത്ത് ഊട്ടിയുറപ്പിക്കാനായി ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരായ മലയാള മനോരമയില്‍ നിന്നും ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് സാക്ഷാല്‍ പിണറായിയെ പോലും അമ്പരപ്പിച്ചിട്ടുണ്ടാകും.

താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലിന്റെയും അതില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും വേദനയില്‍ കേരള ജനത കഴിയുമ്പോഴാണ് വികസനമെന്ന പ്രഹസനത്തിന്റെ പേരില്‍ മലയാളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള ഒരു ദിനപത്രത്തിന്റെ മുതലാളി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നത്. കട്ടിപ്പാറയിലുണ്ടായത് അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ നിര്‍മ്മിത പ്രകൃതി ദുരന്തമാണെന്നാണ് ഇപ്പോള്‍ തന്നെ ഉയരുന്ന ആരോപണം. ഇവിടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന തടയണകളും പാറ ഖനനവുമെല്ലാമാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഇതൊരു പരിസ്ഥിതി ദുരന്തം തന്നെയാണ്. ഇതിനിടയില്‍ ഇടതു എം എല്‍ എ പി വി അന്‍വറിന്റെ പാര്‍ക്ക് നിര്‍മ്മിച്ചത് പോലും മല ഇടിച്ചാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം അന്‍വറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തീവ്രസംരക്ഷണം ആവശ്യമായ പശ്ചിമഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നിരിക്കെയാണ് ചട്ടങ്ങള്‍ ലംഘിച്ച് ക്വാറികളും മറ്റും പ്രവര്‍ത്തിച്ചു വരുന്നത്.

ഇതിനെല്ലാം ന്യായീകരണമായി പറയുന്നത് വികസനമെന്നാണെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ധവള പത്രത്തില്‍ ക്വാറികളെക്കുറിച്ച് ഒന്നും പറയാത്തതും ഇതിനോട് ചേര്‍ത്തു വായിക്കണം. ഉരുള്‍പൊട്ടലില്‍ മനുഷ്യ ജീവനും ജീവിതങ്ങളും നഷ്ടമാകുമ്പോള്‍ മാത്രമാണ് മലകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ ചര്‍ച്ചയാകപ്പെടുന്നത്. കട്ടിപ്പാറയിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ കരിഞ്ചോല മലയിലെ മണ്ണെടുപ്പിനേക്കാള്‍ ഭയാനകമായ വിധത്തിലാണ് മലപ്പുറം അരീക്കോട് വെറ്റിലപ്പാറയില്‍ നിന്നുള്ള ഖനനവും പുറത്തു വരുന്നത്. മുമ്പ് പലവട്ടവും ഉരുള്‍പൊട്ടലുണ്ടായ ഈ പ്രദേശത്ത് കഴിഞ്ഞ ദിവസവും പാറപൊട്ടിക്കല്‍ നടന്നിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിലൂടെ കേരളത്തിലെ മലയോര മേഖലകളില്‍ ക്രിസ്തീയ സഭകളുടെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമായത്. പശ്ചിമഘട്ട സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സൗഹാര്‍ദപരമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളും സഭകളും ഉന്നയിച്ചത്. ഈ വിഷയത്തില്‍ ക്രിസ്തീയ സഭകളുടെ സംരക്ഷണത്തില്‍ വളരുന്ന മനോരമയുടെ താല്‍പര്യമെന്തായിരിക്കുമെന്ന് ഇനി വീണ്ടുമൊരിക്കല്‍ കൂടി പറയേണ്ടതില്ലല്ലോ? മനോരമ കാണുന്ന ഈ വികസന വഴികളിലെ പ്രതിസന്ധികളെയാണോ പിണറായി സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്.

സര്‍ക്കാര്‍ പരിസ്ഥിതി ധവളപത്രമിറക്കി; കേരളത്തെ തുരന്നുതീര്‍ക്കുന്ന ക്വാറികളെക്കുറിച്ച് മിണ്ടാട്ടമില്ല

പുതുവൈപ്പിനില്‍ എല്‍എന്‍ജി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് നാം കണ്ടതാണ്. യതീഷ്ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ സമരക്കാരെ ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. വികസന വിരോധികളെ ഏത് വിധേനയും നേരിടുമെന്ന് പിണറായി അതിന് പിന്നാലെ പരസ്യമായി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ നിന്നും ജനങ്ങളുടെ ജീവിതത്തേക്കാളും അതേക്കുറിച്ചുള്ള ആശങ്കയേക്കാളും വലുതാണ് ഇടതു സര്‍ക്കാരിന് ‘വികസന’മെന്ന് വ്യക്തമാകും. ദേശീയ പാതയ്ക്കായി പേരില്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തുമ്പോഴും അതിരപ്പള്ളിയിലെ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോഴുമെല്ലാം സര്‍ക്കാരിന് പറയാനുള്ളത് വികസനമെന്ന നാലക്ഷരം തന്നെ.

ഈ വിധത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനം എന്തായാലും മനോരമയ്ക്ക് സ്വാഗതാര്‍ഹമാണ്. അതിനാലാണ് പിണറായിയുടെ ഇച്ഛാശക്തിയെ അവര്‍ പ്രകീര്‍ത്തിക്കുന്നതും. ഒരേ സമയത്ത് മനുഷ്യനിര്‍മ്മിത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പത്രത്തിലൂടെയും ചാനലിലൂടെയും കണ്ണീര്‍ക്കഥകള്‍ എഴുതി വിടുകയും അതിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുമ്പോഴാണ് എഡിറ്റര്‍ പരസ്യമായി അതിനൊക്കെ കാരണമായ അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങളെയും പ്രശംസിക്കുന്നത്. സര്‍ക്കാരിന്റെ വികസന നിലപാടുകളില്‍ ലാഭം മാത്രമുള്ളപ്പോള്‍ അച്ചായനെങ്ങനെ പിണറായിയെ പ്രകീര്‍ത്തിക്കാതിരിക്കാനാകും?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

അപൂര്‍വ്വ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ആഫ്രിക്ക പോലെയായില്ലേ കേരളം? മനോരമ അവതാരക നിഷയുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്നു ഡോക്ടര്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍