UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; എസ്എഫ്ഐക്കെതിരെ മുമ്പും ആരോപണങ്ങള്‍

വിദ്യാര്‍ഥിനി എഴുതിയ കുറിപ്പില്‍ എസ്എഫ്ഐ കോളജ് യൂണിറ്റിനും പ്രിൻസിപ്പാളിനും എതിരെ രൂക്ഷമായ വിമര്‍ശനമുണ്ട്. 

ആർഷ കബനി

ആർഷ കബനി

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എസ്എഫ്ഐ പ്രവര്‍ത്തകരില്‍നിന്നുമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവും നടപടികളൊന്നും കൂടാതെ അവസാനിക്കുകയാണ്. തനിക്ക് പരാതിയില്ല എന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത് എന്നും ക്ലാസ്സുകൾ മുടങ്ങിയത് മനോവിഷത്തിന് കാരണമായെന്നുമാണ് വിദ്യാർത്ഥിനി മൊഴി നൽകിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥിനി എഴുതിയ കുറിപ്പില്‍ എസ്എഫ്ഐ കോളജ് യൂണിറ്റിനും പ്രിൻസിപ്പാലിനും എതിരെ രൂക്ഷമായ വിമര്‍ശനവുമുണ്ട്. സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചെന്നും പിരിയേഡ്സ് ആണെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പരീക്ഷാ സമയത്താണ് മാർച്ചിൽ പങ്കെടുക്കേണ്ടി വന്നതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി കോളേജില്‍ മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി സംഘടന പ്രവര്‍ത്തനങ്ങളുടെ  ഭാഗമാക്കുന്നു എന്നും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഏറെക്കാലമായി നിലവിലുണ്ട്.

2017-ല്‍ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം നാടകം കാണാന്‍ ക്യാമ്പസിലെത്തിയ ഇവരുടെ സുഹൃത്ത് ജിജഷിനെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ഉപദ്രവിച്ചു എന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മറ്റ് വിദ്യാര്‍ഥികളുടെ ഒപ്പമിരുന്ന് നാടകം കണ്ടിരുന്ന ഇവര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപിതരായെന്നും ക്യാമ്പസ് വിട്ടുപോകാന്‍ ജിജീഷിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.  ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ ജിജീഷിനെ തലക്കടിയേല്‍ക്കുകയും പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ജിജീഷിനെ ക്യാമ്പസില്‍ പിടിച്ചുവെക്കുകയും പെണ്‍കുട്ടികളെ ഗെയിറ്റിന് പുറത്താക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥത നേരിട്ടതിന്റെ പേരില്‍ അവര്‍ മൂന്നുപേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിജീഷിനു ദേഹമാസകലം മര്‍ദ്ദനമേറ്റിരുന്നു. ജാനകിക്കും സൂര്യക്കും കാര്യമായ പരിക്കുകളും ഉണ്ടായിരുന്നു. എന്നാല്‍, ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് എന്ന ആരോപണവും നിലവിലുണ്ട്.

2014-ല്‍ 150-ഓളം വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ തങ്ങള്‍ സമരം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിന്‍സിപ്പളിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. പെണ്‍കുട്ടികളെ അക്രമ സമരമുഖത്തേക്ക് നിര്‍ബന്ധിച്ചിറക്കുന്നു എന്നതായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അന്നുയര്‍ന്ന പരാതി.

2014-ല്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ ദി റിയല്‍ കോംറൈഡ് ഓഫ് യൂണിവേഴ്‌സിറ്റി കോളേജ് എന്ന പേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍പില്‍ അധ്യാപകരനുഭവിക്കുന്ന നിസഹായാവസ്ഥകളെ കുറിച്ച് ഇങ്ങനെ എഴുതി: ”ക്ലാസ്സില്‍ നിന്ന് കുട്ടികളെ സമരത്തിനായി ഇറക്കുമ്പോള്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ നോക്കുകുത്തികളാകുന്നു. അവര്‍ പ്രതികരിക്കാറില്ല. ചിലര്‍ പ്രതികരിച്ചിട്ടുണ്ട്… എന്നാല്‍ അപ്പോഴെല്ലാം മുഴുവന്‍ കുട്ടികളും നോക്കി നില്‍ക്കെ അധ്യാപര്‍ക്കും കുട്ടിനേതാക്കളുടെ വക അസഭ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്… പിന്നെ ആ അധ്യാപകര്‍ക്ക് സ്വസ്ഥമായി ക്ലാസ്സെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ഇങ്ങനെ ദുരിതമനുഭവിക്കുന്നത് എന്നോര്‍ക്കുക…”

2014 നവബംറില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ മണികണ്ഠനേയും, അരുണിനേയും മര്‍ദിച്ചുവെന്ന പരാതിയും ഇവിടുത്തെ എസ്എഫ്‌ഐകാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, യൂണിയന്‍ നേതൃത്വത്തിനെതിരെ പരാതി നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത ഒന്‍പതു പെണ്‍കുട്ടികള്‍ക്കെതിരെ, റാഗിങ് നടത്തി എന്ന പേരില്‍  എസ്എഫ്‌ഐക്കാര്‍ കേസ് കെട്ടിച്ചമച്ചു എന്നതാണ് പിന്നീട് ഉയര്‍ന്ന ആരോപണം.

ഇപ്പോഴത്തെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിനെ ആധാരമാക്കിയാണ് നടപടി. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കുകയും വിദ്യാഭ്യാസമന്ത്രി കോളജ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചത്. “ആ കുട്ടിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കോ എസ്എഫ്ഐയുടെ യൂണിയനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കോ യാതൊരു ബന്ധവുമില്ല. കാരണം രണ്ടുമാസമായി ആ കോളേജില്‍ ക്ലാസ് ഇല്ല. അതിനാല്‍ തന്നെ എസ്എഫ്ഐയുടെ സമരങ്ങളോ പരിപാടികളോ രണ്ടുമാസമായി ആ ക്യാമ്പസില്‍ നടക്കുന്നുമില്ല. അതോടൊപ്പം യൂണിയന്‍ പരിപാടികള്‍ കൃത്യമായി പരീക്ഷ സമയങ്ങള്‍ ഒഴിവാക്കാന്‍ വൈകുന്നേരങ്ങളിലാണ് നടത്താറുള്ളത്. ഈ പെണ്‍കുട്ടി അവിടെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ആ പെണ്‍കുട്ടി ആത്മഹത്യ ശ്രമം നടത്തിയ ദിവസം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള വൈവ മാത്രമായിരുന്നു കോളേജില്‍ ഉണ്ടായിരുന്നത്. അന്വേഷിച്ചപ്പോള്‍ വേറെ എന്തോക്കെയോ പ്രശ്നങ്ങള്‍ ആ കുട്ടിക്ക് ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എസ്എഫ്ഐക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കും. പക്ഷെ ഈ വിഷയത്തില്‍ എസ്എഫ്ഐക്കാര്‍ക്ക് പങ്കില്ല. പെണ്‍കുട്ടിക്ക് വേറെ എന്തോ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമികമായി ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ ഒരു വിദ്യാര്‍ഥിയെയും ഭീഷണിപ്പെടുത്തിക്കൊണ്ടുപോയി പരിപാടിയില്‍ പങ്കെടുപ്പിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല”, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അഴിമുഖത്തോട് പറഞ്ഞു.

ഈ വിഷയത്തില്‍ വൈസ് പ്രിന്‍സിപ്പാളായ അസോസിയേറ്റ് പ്രൊഫസര്‍ ജി. സന്തോഷ് കുമാറിന്റെ വിശദികരണം ഇങ്ങനെയായിരുന്നു: “കഴിഞ്ഞ ദിവസം എന്‍ട്രന്‍സ് പരീക്ഷ നടന്നുകൊണ്ടരിക്കുമ്പോള്‍ ഒരു കുട്ടി സുഖമില്ലാതെ കിടക്കുന്നത് കണ്ട് പോലീസുകാരോട് ആരോ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയായതുകൊണ്ട് കോളേജില്‍ പോലീസുണ്ടായിരുന്നു. എന്‍ട്രസിന് വന്ന കുട്ടിയാണെന്ന് കരുതി പോലീസ് അപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബാഗ് പരിശോധിച്ചപ്പോഴാണ് ഈ പെണ്‍കുട്ടി യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണെന്ന് മനസ്സിലാക്കുന്നത്. പോലീസ് ഇത് കോളേജില്‍ അറിയിക്കുകയും ചെയ്തു. ഇവിടുന്ന് മാതാപിതാക്കളെ അറിയിച്ചു. കൂടാതെ ഒരു ടീച്ചറും മെഡിക്കല്‍ കോളേജിലേക്ക് പോയി. അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് നല്ല ക്ഷീണമുണ്ട് വേറെ കുഴപ്പമൊന്നുമില്ല. തത്ക്കാ’ലം അഡ്മിറ്റാണെന്നാണ് അവിടുന്ന് പറഞ്ഞത്. മാതാപിതാക്കളെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. പിന്നീട് മാധ്യങ്ങളില്‍ മറ്റ് ചില രീതിയില്‍ വാര്‍ത്തകള്‍ കണ്ടപ്പോള്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെയും പരാതിയൊന്നുമില്ല. പിന്നെ ആറ്റിങ്ങലില്‍ കുട്ടിയെ കാണാനില്ല എന്ന് ഒരു പരാതിയുണ്ടെന്ന് പറഞ്ഞു. ചിലപ്പോള്‍ മാനസിക പ്രയാസങ്ങളുടെ പേരിലായിരിക്കും ആ കുട്ടി അതിന് (ആത്മഹത്യ) ശ്രമിച്ചത്. സ്വല്പം ആശങ്കയൊക്കെയുള്ള സെന്‍സിറ്റീവായിട്ടുള്ള കുട്ടിയാണ്. മറ്റ് പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. നിലവിലെ വിവരങ്ങള്‍ അുസരിച്ച് ഇത്രയേ അറിയുകയുള്ളൂ. പിന്നെ മാധ്യമങ്ങളില്‍ വന്നത് പ്രിന്‍സിപ്പാളിനോട് കുട്ടി പരാതി നേരത്തെ നല്‍കിയിട്ടുണ്ടെന്ന് ഒക്കെയാണ്. പക്ഷെ ഞാനിവിടെ സ്ഥാനം ഏറ്റെടുത്തിട്ട് ഒരു മാസമെയായിട്ടുള്ളൂ. ഏതായാലും പരാതിയൊന്നും തന്നിട്ടില്ല”.

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍