UPDATES

ഓഫ് ബീറ്റ്

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് വികസനം; 300 കോടിയുടെ പദ്ധതികള്‍

കേരള സർക്കാർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിങ്ങിനായി രൂപീകരിച്ച ‘കിഫ്‌ബി’ യിൽ ഉൾപ്പെടുത്തി 300 കോടി രൂപയുടെ പദ്ധതിയാണ് കാര്യവട്ടം ക്യാമ്പസിൽ സർവകലാശാല നടപ്പാക്കുന്നത്

പി മനേഷ്

പി മനേഷ്

തിരുവനന്തപുരം കഴക്കൂട്ടത്തിനും കാര്യവട്ടത്തിനും ഇടയിലായി ദേശീയ പാതയോരത്തിന് ഇരുവശങ്ങളിലുമായി 350 ഏക്കറിൽ 43 ബിരുദാനന്തര ബിരുദ – ഗവേഷണ വകുപ്പുകളും 44 സെന്ററുകളുമായി വ്യാപിച്ച് കിടക്കുന്ന കേരള സർവകലാശാലയുടെ അക്കാദമിക – ഗവേഷണ കേന്ദ്രമായ കാര്യവട്ടം ക്യാമ്പസിനെ മികവിന്റെ കേന്ദ്രമായി ഉയർത്താനുള്ള കർമ്മ പദ്ധതിയുമായി സർവകലാശാല ബജറ്റ്.  കേരള സർക്കാർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിങ്ങിനായി രൂപീകരിച്ച ‘കിഫ്‌ബി’ യിൽ ഉൾപ്പെടുത്തി 300 കോടി രൂപയുടെ പദ്ധതിയാണ് കാര്യവട്ടം ക്യാമ്പസിൽ സർവകലാശാല നടപ്പാക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുക, ആധുനിക നിലവാരമുള്ള ക്ലാസ്മുറികൾ, സെമിനാർ ഹാളുകൾ, ഹോസ്റ്റലുകൾ, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ സൗകര്യമുള്ള ലൈബ്രറി (നിലവിൽ ക്യാമ്പസ് ലൈബ്രറി രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കുന്നു. അതിന് വേണ്ടി സമരം ചെയ്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള 11 എസ്.എഫ്.ഐ. പ്രവർത്തകർ ഇന്നും കോടതി കയറി ഇറങ്ങുന്നുണ്ട് എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.), ക്യാമ്പസ് സൗന്ദര്യവത്കരണം തുടങ്ങി വൈവിദ്ധ്യമാർന്ന വികസന പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പ്രഖ്യാപനങ്ങൾ നടപ്പിലാക്കി അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസാക്കി കാര്യവട്ടം ക്യാമ്പസിനെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭൗതിക സാഹചര്യങ്ങൾക്കു പുറമെ അക്കാദമിക രംഗത്തും ഈ മാറ്റം പ്രകടമാകും. പദ്ധതി നടപ്പാക്കുന്നതോടൊപ്പം ആവശ്യമായ പുതിയ തസ്തികകളും സൃഷ്ടിക്കാൻ കഴിയുന്നു. പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കുന്നത് ക്യാമ്പസിലെ അക്കാദമിക സമൂഹമായിരിക്കും എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇതിനായി ഓരോ ഡിപ്പാർട്ട്മെന്റും, വിദ്യാർത്ഥി യൂണിയനുകളും പ്രത്യേകം ശില്പശാല നടത്തി പദ്ധതികൾക്ക് രൂപം നൽകണം. ഇങ്ങനെ നിർദ്ദേശിക്കപ്പെടുന്ന പദ്ധതികൾക്ക് സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ പൂർണ്ണരൂപം നല്‍കും.

പദ്ധതിയേതര ഇനത്തിൽ 429. 92 കോടി രൂപ വരവും 433. 92 കോടി രൂപ ചെലവും നാലു കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന 2017 – 18 ബഡ്ജറ്റ് അക്കാദമിക മേഖലയിലും അക്കാദമിക് ഇതര മേഖലയിലും വൻ കുതിപ്പ് സാധ്യമാക്കുന്ന പദ്ധതികളും നിർദ്ദേശങ്ങളുമാണ് മുന്നോട്ട് വയ്ക്കുന്നത്. സർവകലാശാല ക്യാമ്പസിന് ബഡ്ജറ്റിൽ ഏറ്റവും വലിയ പ്രാധാന്യം തന്നെയാണ് കൊടുത്തിരിക്കുന്നതും.

പ്രധാന നിർദ്ദേശങ്ങൾ

1. കേരള ഗ്രാമം
കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി സർവകലാശാല അന്താരാഷ്ട്ര കേരള പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിൽ കേരള ഗ്രാമം പദ്ധതി നടപ്പിലാക്കും. നൂറ്റാണ്ടുകൾക്കു പിന്നിലെ കേരളത്തെ പുനഃസൃഷ്ടിച്ചുകൊണ്ടും ആധുനിക ദൃശ്യ – ശ്രവ്യ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള വിജ്ഞാന, വിനോദ, പഠന കേന്ദ്രമാണ് സർവകലാശാല ലക്ഷ്യമിടുന്നത്. വയലുകളും, കുളവും, മരങ്ങളും, കാടും നിറഞ്ഞ ഹൈമാവതിക്കുളത്തിനു സമീപമുള്ള 60 ഏക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. പൈതൃക മന്ദിരങ്ങളുടെ പുനഃസൃഷ്ടി, പരമ്പരാഗത വാഹനങ്ങളുടെ പ്രദർശനം, പുരാവസ്തുക്കളുടെ ശേഖരണം, പരമ്പരാഗത നടപ്പാതകളുടെ പുനഃസൃഷ്ടി, ജലപദ്ധതികൾ, തീയേറ്ററുകൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവയോടെയാണ് പൈതൃകഗ്രാമം തയ്യാറാക്കുക. കേരളത്തിലെ ആദിവാസി ഊരുകൾ, ഓലയും പുല്ലും മേഞ്ഞ വീടുകൾ, എട്ടുകെട്ടുകൾ, നെൽപ്പുരകൾ, കളരിത്തറകൾ, നാട്യഗൃഹങ്ങൾ, മുളബഞ്ചുകൾ, ഏറുമാടം, പൈതൃക മ്യൂസിയം എന്നിവയെല്ലാം തനതു ശൈലിയിൽ ഇവിടെ പുനർജനിക്കും. കേരളത്തിന്റെ ചരിത്ര സ്മൃതികളിലൂടെയുള്ള ഒരു യാത്രയാണ് കേരള ഗ്രാമത്തിൽ സാധ്യമാകുന്നത്. തൊഴിൽ, ഭക്ഷണം, വസ്ത്രം, കല, സാഹിത്യം, ആചാരങ്ങൾ തുടങ്ങിയവയെല്ലാം പുതിയ തലമുറയ്ക്കും വിനോദ സഞ്ചാരികൾക്കും പരിചയപ്പെടുത്താനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. കേരള ഗ്രാമത്തിന്റെ പ്രാരംഭ ചെലവായി 20 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.

2. ബൊട്ടാണിക്കൽ ഗാർഡൻ
കാര്യവട്ടം ക്യാമ്പസിലെ നോർത്ത് ക്യാമ്പസിൽ ബോട്ടണി വിഭാഗത്തിന്റെ കീഴിൽ ലോകോത്തര നിലവാരമുള്ള ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനും ബോട്ടണി ഡിപ്പാർട്ട്മെന്റിനുമിടയിലായി 35 ഏക്കറിലാണ് ബൊട്ടാണിക്കൽ ഗാർഡന്റെ ഒന്നാംഘട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിക്കുന്ന എല്ലാ ചെടികളും ഇവിടെ നട്ടുവളർത്തും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഠനത്തിനും ഗവേഷണത്തിനും അക്കാദമിക് ടൂറിസത്തിനും പ്രാമുഖ്യം നൽകുന്ന പദ്ധതിയാണ് ബൊട്ടാണിക്കൽ ഗാർഡനിലൂടെ ഉദ്ദേശിക്കുന്നത്.

3. അക്കാദമിക് ടൂറിസം
കേരള സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളുടെ സഹായത്തോടെ അക്കാദമിക് ടൂറിസം നടപ്പിലാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. ഇതിനായി വിവിധ കാലയളവിലുള്ള കോഴ്സുകൾ ആരംഭിക്കും. വിദേശ വിദ്യാർത്ഥികളെ ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. ആയുർവേദം, യോഗ, കളരി തുടങ്ങിയ നിരവധി തനതു വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകൾ നടത്തും. വിനോദ സഞ്ചാരികൾക്കടക്കം ഈ കോഴ്സുകൾ പഠിക്കാൻ കഴിയും. കേരള വിനോദ സഞ്ചാര വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതി പഠനത്തിനൊപ്പം ഇതുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാനും സഞ്ചാരികൾക്ക് വഴിയൊരുക്കുന്നതാണ് അക്കാദമിക് ടൂറിസത്തിന്റെ മറ്റൊരു പ്രത്യേകത.

4. ജൈവ പച്ചക്കറി പദ്ധതി
നമ്മുടെ കാർഷിക സംസ്കാരം നിലനിർത്തുന്നതിനും വിഷരഹിത ജൈവ പച്ചക്കറികൾ നമുക്ക് ആവശ്യമായത് നട്ടുവളർത്തുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഹരിത കേരളം’ പദ്ധതി സർവകലാശാലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൈവ പച്ചക്കറി പദ്ധതി നടപ്പിലാക്കും. ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറിയും പച്ചക്കറിവിത്തുകളും ഉത്പാദിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആദ്യ ഘട്ടമായി ഹോസ്റ്റലുകളിൽ ജൈവ പച്ചക്കറി ആരംഭിക്കും.

5. മാലിന്യ നിർമാർജ്ജനം
പരസ്ഥിതി സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായി പരിഗണിക്കപ്പെടേണ്ടുന്ന ഘടകമായ മാലിന്യ സംസ്കരണത്തിന് ഉറവിട മാലിന്യ സംസ്കരണ പദ്ധതിയനുസരിച്ച് കാര്യവട്ടം ക്യാമ്പസിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു നിർദ്ദേശം. ഇതിലൂടെ സർവകലാശാല കാമ്പസിനെ പാസ്റ്റിക് മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയ്ക്കായി ബജറ്റിൽ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

6. ഹോസ്റ്റൽ, ക്വാർട്ടേഴ്സുകളുടെ നവീകരണം
കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥികൾക്കുള്ള അഞ്ച് ഹോസ്റ്റലുകളുടെ നവീകരണത്തിനായി 2 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ജീവനക്കാർക്കായി കാര്യവട്ടം ക്യാമ്പസിൽ 50 പേർക്കെങ്കിലും താമസ സൗകര്യമൊരുക്കുന്ന രീതിയിൽ ബാച്ചിലേഴ്സ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനും, ക്വാർട്ടേഴ്സുകളുടെ നവീകരണത്തിനുമായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

7. ചാൻസലേഴ്സ് മൾട്ടിപ്ലക്സ്
പ്രഥമ ചാൻസലേഴ്സ് അവാർഡിലൂടെ കേരള സർവകലാശാലയ്ക്ക് ലഭിച്ച 5 കോടി രൂപ കൂടി ഉൾപ്പെടുത്തി കാര്യവട്ടം ക്യാമ്പസിൽ ചാൻസലേഴ്സ് മൾട്ടിപ്ലക്സ് നിർമ്മിക്കും. ഹെറിറ്റേജ് മ്യൂസിയം, മൾട്ടി ഡിസിപ്ലിനറി റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുത്തിയാണ് ചാൻസലേഴ്സ് മൾട്ടിപ്ലക്സ് നിർമ്മിക്കുന്നത്.

8. ഫെലോഷിപ്പ് , യൂണിയൻ ഫണ്ട്
UGC / CSIR തുടങ്ങിയ ഫെലോഷിപ്പുകൾ ലഭിക്കാത്ത ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സർവകലാശാല ഫെലോഷിപ്പ് നൽകുന്നതിലേക്കായി 6.60 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള 13,000 രൂപയ്ക്കു മുകളിലായി SRF / PDF ഫെലോഷിപ്പുകൾ യഥാക്രമം 500 / 1000 രൂപ വീതം വർദ്ധിപ്പിക്കുവാനും ഗവേഷക വിദ്യാർത്ഥി യൂണിയൻ പ്രവർത്തന ഫണ്ട് 25,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാനും തീരുമാനമായി.

9. അന്താരാഷ്ട്ര സർവകലാശാല വിദ്യാർത്ഥി സമ്മിറ്റ്
വിദ്യാർത്ഥി രാഷ്ട്രീയത്തിലും യൂണിയൻ പ്രവർത്തനങ്ങളിലും ഗുണകരമായ സംവാദത്തിന് തുടക്കമിടാൻ അന്താരാഷ്ട്ര സർവകലാശാല വിദ്യാർത്ഥി സമ്മിറ്റ് കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിക്കാൻ തീരുമാനമായി. കേരളത്തിലേയും ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ സർവകലാശാലകളിലെ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ ക്ഷണിച്ചു നടത്തുന്ന പരിപാടിയ്ക്കും കൂടി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കാര്യവട്ടം ക്യാമ്പസ് ലൈബ്രറിയിൽ ഒരു Puzzle Library സ്ഥാപിക്കാൻ 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പുസ്തകങ്ങൾ നൽകുന്നതുപോലെ നൽകാൻ സാധിക്കുന്ന രസകരമായ പസ്സിലുകൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒരുപോലെ താത്പര്യം ജനിക്കുന്ന ഒന്നായിമാറും. പൈതൃക മൂസിയം സ്ഥാപിക്കുന്നതിന്റെ ഒന്നാംഘട്ടമായി പൈതൃക വസ്തുക്കൾ കണക്കെടുത്ത് സംഭരിക്കുന്നതിലേക്കായി 2 ലക്ഷം രൂപയും, കമ്പ്യൂട്ടർ ലഭ്യത ഇപ്പോഴും അപര്യാപ്തമായ പഠന വകുപ്പുകളിൽ കമ്പ്യൂട്ടർ സൗകര്യമൊരുക്കാൻ 10 ലക്ഷം രൂപയും, കാര്യവട്ടം ക്യാമ്പസിലെ കായിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് തുടക്കമിട്ട് 2 ഷട്ടിൽ കോർട്ടുകൾ സ്ഥാപിക്കാൻ 1.5 ലക്ഷം രൂപയും, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ നടത്തുന്നതിലേക്കായി 50 ലക്ഷം രൂപയും, കുടിവെള്ള ശൃംഖലയുടെ നവീകരണത്തിനായി 50 ലക്ഷം രൂപയും, ചെറുകിട ജോലികൾക്കും അറ്റകുറ്റപണികൾക്കുമായി 2 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി ‘ യുടെ സാമ്പത്തിക സഹായത്തോടു കൂടി വിവിധ ഡിപ്പാർട്ട്മെന്റുകളിൽ E – Learning Centre for Research & Development ന് വേണ്ടി 2 കോടി രൂപയും ലൈബ്രറികൾ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ഹൈടെക് ലൈബ്രറികളായി വികസിപ്പിക്കുന്നതിലേക്കായി 5 കോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 20 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഒന്നാം ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.

കൂടാതെ പഠന വിഭാഗങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക വത്ക്കരണത്തിനും നിരവധി പദ്ധതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

പി മനേഷ്

പി മനേഷ്

കേരള സര്‍വകലാശാല സെനറ്റ് മെംബറും കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ത്ഥിയുമാണ് മനേഷ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍