UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന കേരള വിസി അറിയാന്‍; സമരകലുഷിതമായ നാളുകളാണ് മുമ്പില്‍

Avatar

നീതു എസ് കുമാര്‍

പ്രതിഷേധവും പ്രതികരണങ്ങളും അഭിപ്രായ സ്വതന്ത്ര്യവുമെല്ലാം ജനാധിപത്യ സംസ്‌കാരത്തിന്റെ ശക്തമായ അടിത്തറകളാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരവും ഈ ഘടകങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ആര്‍ജ്ജവം, അവകാശ സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും എന്നും മുതല്‍ക്കൂട്ടായിട്ടേയുള്ളൂ. എന്നാല്‍ ഇത്തരം ആര്‍ജ്ജവങ്ങളെയും അവകാശ സമരങ്ങളെയും കണ്ടില്ലെന്നു നടിക്കുകയും ഏകാധിപത്യ നിലപാടുകളോടെ അവയെയൊക്കെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് കേരള സര്‍വകകലാശാലയിലെ വൈസ് ചാന്‍സിലര്‍ ഡോ. പി.കെ രാധാകൃഷ്ണനില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഒരു സര്‍വകലാശാലയുടെ അഭിവാജ്യ ഘടകങ്ങളായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ശാത്രുക്കളായും ക്രിമിനലുകളായും കണ്ട് സര്‍വകലാശാല സമൂഹത്തെ പരമാവധി ദ്രോഹിക്കുന്ന വൈസ് ചാന്‍സലറുടെ നിലപാടുകള്‍ എത്തിനില്‍ക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സിലറെ കണ്ട ക്യാമ്പസിലെ ഗവേഷകരായ മൂന്നു വിദ്യാര്‍ത്ഥി പ്രതിനിധികളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ്. ഗവേഷക യുണിയന്‍ ചെയര്‍മാനും സെനറ്റ് അംഗവുമായ മനേഷ്, എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറി അജേഷ്, ഗവേഷക യുണിയന്‍ ജനറല്‍ സെക്രട്ടറി നജീബ് എന്നിവരെയാണ് വി.സി സസ്‌പെന്‍ഡ് ചെയ്തത്. തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തെന്ന കാരണമാണ് സസ്‌പെന്‍ഷനെ ന്യായീകരിക്കാനായി വിസി എടുത്തുകാട്ടുന്നത്.

ഗവേഷണം ഉള്‍പ്പെടെയുള്ള ഗൗരവമായ ഉന്നത വിദ്യാഭ്യാസ സംവിധാനം സാധ്യമാക്കുന്ന മാതൃസര്‍വകലാശാലയില്‍ ഗവേഷണ, അകാദമിക് രംഗത്ത് നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും പുകഞ്ഞു തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇക്കാലമത്രയും പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാനോ പരിഹാരങ്ങള്‍ കണ്ടെത്തുവാനോ വൈസ് ചാന്‍സിലര്‍ക്കു കഴിഞ്ഞിട്ടില്ല. നാക് സന്ദര്‍ശന വേളയില്‍ ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം നല്‍കാമെന്ന് ഗവേഷകര്‍ക്ക് നല്‍കി ഉറപ്പു ലഘിച്ചുകൊണ്ടാണ് വഞ്ചനാപരമായ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ വൈസ് ചാന്‍സിലര്‍ കൈക്കൊണ്ടത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പലതവണ അദ്ദേഹത്തെ കാണുവാന്‍ പോയെങ്കിലും അവരെ കാണാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനോ വിസി സന്നദ്ധത കാട്ടിയില്ല. വിദ്യാര്‍ത്ഥി പ്രതിനിധികളുടെ നിരന്തരമായ ആവശ്യപ്രകാരം ഒടുവില്‍ ഒന്നര മണിക്കൂര്‍ നീണ്ട കത്തിരിപ്പിനു ശേഷം വൈസ് ചാന്‍സിലറെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ കാരണം ഏതുമില്ലാതെ വിദ്യാര്‍ത്ഥികളെ ശകാരിക്കുകയാണ് വിസി ചെയ്തത്. ‘നിന്നെയൊക്കെ ആരാ ഇങ്ങോട്ട് കടത്തിവിട്ടത്? നീയല്ല, ഇന്ത്യന്‍ പ്രസിഡന്റ് അല്ല, ഏതു പുല്ലന്‍ വന്നാലും എനിക്ക് കാണണ്ട’ എന്ന് സ്വന്തം പദവിക്ക് ചേരാത്ത വിധത്തില്‍ അക്രോശിച്ച വൈസ് ചാന്‍സിലറുടെ പ്രവര്‍ത്തിക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി പ്രതിനിധികളെ പോലീസില്‍ ഏല്‍പ്പിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണത്തില്‍ സംതൃപ്തനാകാതെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.


ഡോ. പി കെ രാധാകൃഷ്ണന്‍

യുജിസി 2009-2016 റഗുലേഷനുകള്‍ സര്‍വകലാശാലയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് നിരവധി അകാദമിക് പ്രശനങ്ങളാണ് സര്‍വകലാശാലയില്‍ നിലനില്‍ക്കുന്നത്. ഗവേഷകരുടെ എക്സ്റ്റന്‍ഷന്‍ ഫീസ് അന്യായമായി വര്‍ദ്ധിപ്പിച്ചതും ഹുമാനിറ്റീസ് വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് എത്തിക്കല്‍ കമ്മറ്റി ക്ലിയര്‍ന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും 2016 ജനുവരി സെക്ഷനില്‍ ഡോക്ടറല്‍ കമ്മറ്റി കഴിഞ്ഞ ആളുകള്‍ക്ക് രജിസ്ട്രഷന്‍ ഓര്‍ഡര്‍ നല്‍കാത്തതും എംഫില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതും വിസിയുടെ പിടിവാശിയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുടെയും ഉദാഹരണങ്ങളാണ്. ജെആര്‍എഫ്, സിഎസ്‌ഐആര്‍ തുടങ്ങിയ വിവിധ ഫെല്ലോഷിപ്പുകളോടു കൂടിയാണ് മിക്ക വിദ്യാര്‍ത്ഥികളും ഗവേഷണം നടത്തുന്നതും റജിസ്‌ട്രേഷന്‍ ഓര്‍ഡറിനായി കാത്തിരിക്കുന്നതും. എത്തിക്കല്‍ കമ്മറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും റജിസ്ട്രഷന്‍ ഓര്‍ഡര്‍ യഥാക്രമം ലഭിക്കാത്തതും ഫെല്ലോഷിപ്പുകളെ ബാധിക്കുമെന്നതും വിസിയെ പറഞ്ഞു മനസിലാക്കി തരേണ്ട കാര്യമില്ല.

 

ഇതിനു പുറമേ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഗവേഷണം നീളുന്നവര്‍ക്ക് അടയ്‌ക്കേണ്ട ഫീസ് അന്യയമായാണ് സര്‍വകലാശാല ഉയര്‍ത്തിയത്. രണ്ടു വര്‍ഷം വരെ ഗവേഷണം നീട്ടുന്നതിന് 600 രൂപ അടച്ചിരുന്ന സ്ഥാനത്ത് 1,70,000 രൂപയാണ് പുതുക്കിയ ഫീസ്. അഞ്ചു വര്‍ഷത്തെ കാലാവധിക്ക് ശേഷം രണ്ടു വര്‍ഷം കൂടി നീളുകയാണെങ്കില്‍ ആദ്യത്തെ മാസത്തിന് 20,000 രൂപ, പിന്നീടുള്ള ആറു മാസം 30,000 രൂപ, പിന്നീടു വരുന്ന ഓരോ മാസത്തിനും 10,000 എന്നീ നിലയിലാണ് ഫീസ് അടക്കേണ്ടത്. കേരളത്തിലെ എംബിബിഎസ് മെറിറ്റ് സീറ്റിനു തുല്യമായ ഈ ഫീസ് അടയ്ക്കുക എന്നത് സാധാരണക്കാരായ ഗവേഷകരെ സംബന്ധിച്ച പ്രയാസമേറിയ കാര്യമാണ്. സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ പലപ്പോഴും സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന കാലയളവിനുള്ളില്‍ തീസിസ് സമര്‍പ്പിക്കാന്‍ കഴിയാതെ വരാറുണ്ട്. റിസള്‍ട്ട് കിട്ടുന്നതിലെ താമസവും ഉപകരണങ്ങളുടെ അഭാവവും സമയബന്ധിതമായി അധ്യാപകര്‍ ഗവേഷണ ഭാഗങ്ങള്‍ നോക്കി നല്‍കാത്തതും ഗവേഷണം നീളുന്നതിനു കാരണമാണ്. ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കെ അഞ്ചു വര്‍ഷത്തില്‍ കൂടുന്ന ഗവേഷണത്തിന് ഇത്രയും ഭീമമായ തുക അടിക്കേണ്ടി വരുമ്പോള്‍ ഇതൊരു സര്‍വകലാശാലയാണോ തീവെട്ടിക്കൊള്ള പ്രസ്ഥാനമാണോ എന്ന സംശയം ഉയര്‍ന്നു വരികയാണ്. 

2009 മുതല്‍ ഗവേഷണം നടത്തുന്നവര്‍ റെഗുലര്‍ അധ്യാപകരെ മാത്രമേ ഗൈഡുകളായി സ്വീകരിക്കാവു എന്ന യുജിസി നിര്‍ദേശം സിന്‍ഡിക്കേറ്റിലോ മറ്റ് അകാദമിക് പൊതുയോഗങ്ങളിലോ ചര്‍ച്ച ചെയ്യാതെയാണ് വിസി കേരളയില്‍ നടപ്പിലാക്കിയത്. കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ തയ്യാറായപ്പോള്‍ 2016 റഗുലേഷന്‍ നടപ്പിലാക്കിയാല്‍ മതിയെന്ന യുജിസിയുടെ നിര്‍ദേശത്തെ അട്ടിമറിച്ചാണ് വിസി തന്റെ നിര്‍ബന്ധബുദ്ധി കേരളയില്‍ നടപ്പിലാക്കുന്നത്. റെഗുലര്‍ ഗൈഡിന്റെ കീഴിലല്ലാതെ ഗവേഷണം പൂര്ത്തിയാക്കാന്‍ കഴിയില്ലെന്ന 2009 യുജിസി റെഗുലേഷന്‍ ഏഴു വര്‍ഷം മുമ്പു ഗവേഷണം തുടങ്ങിയവര്‍ക്കും റെഗുലര്‍ അധ്യാപകന്റെ കീഴിലല്ലാതെ ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്കും ഒരുപോലെ ബാധകമാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഗവേഷകരേയും ഉള്‍ക്കൊള്ളാന്‍ റെഗുലര്‍ ഗൈഡുകള്‍ കേരള സര്‍വകലാശാലയില്‍ ഇല്ലെന്നുള്ളതാണ് മറ്റൊരു സത്യം. നിലവിലുള്ള റെഗുലര്‍ അദ്ധ്യാപകര്‍ക്കൊപ്പം ഗവേഷകരെ വിന്യസിച്ചാല്‍ നാലഞ്ചു വര്‍ഷത്തേയ്ക്ക് ഗവേഷണം നടത്താന്‍ കേരളയില്‍ ഗൈഡുകള്‍ ഇല്ലാത്ത അവസ്ഥ വരും. ഒരു വിദ്യാര്‍ത്ഥിയുടെ അകാദമിക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഗവേഷണ മേഖലയെ, വ്യക്തിതാത്പര്യത്തിന്റെയും ശത്രുതാ മനോഭാവത്തിന്റെയും പേരില്‍ ചവിട്ടിയരക്കുകയാണ് കേരള വൈസ് ചാന്‍സിലര്‍. ഗവേഷക മേഖലയിലെ നിലവാരം കൂട്ടാന്‍ എന്ന പേരില്‍ വിസി നടത്തുന്ന ഈ വിദ്യാര്‍ത്ഥിവേട്ട അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സര്‍വകലാശാലയിലെ പരാതികളെല്ലാം പ്രൊ. വൈസ് ചാന്‍സിലര്‍ ആണ് നേരിട്ട് വാങ്ങുകയും പരിഹരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ സ്വന്തം ചുമതലകളില്‍ നിന്നും ഒളിച്ചോടി തന്റെ പദവിക്ക് യോജിക്കാത്ത വിധം പ്രവര്‍ത്തിക്കുന്ന വിസി പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥി പ്രതിനിധികളെ ജോലി തടസപ്പെടുത്തി എന്ന കുറ്റം ചുമത്തി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ആദ്യം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്താന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സിലറുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ഏകാധിപതിയുടേതിനു തുല്യമാണ്. പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടില്ലെന്നു നടിക്കുകയും സെനറ്റ് യോഗങ്ങളിലും സര്‍വകലാശാല ആസ്ഥാനത്തും വിദ്യാര്‍ത്ഥികള്‍ വിസിക്ക് എതിരെ നടത്തുന്ന സമരങ്ങളെയും വിമര്‍ശനങ്ങളേയും വ്യക്തിപരമായി കാണുകയാണ് വൈസ് ചാന്‍സിലര്‍. തന്നെ കാണാനെത്തുന്ന വിദ്യാര്‍ത്ഥികളെ വംശീയപരമായും ജാതീയപരമായും അധിക്ഷേപിക്കുകയും ദളിത് വിദ്യാര്‍ത്ഥി ഗവേഷകര്‍ക്കെതിരെ പൊതുയോഗങ്ങളിലും മറ്റും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന വിസിയുടെ നിലപാടുകള്‍ സര്‍വകലാശാല സമൂഹത്തിനാകെ അപമാനകരമാണ്.

വിദ്യര്‍ത്ഥികളോട് മാത്രമല്ല, വിസിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന അധ്യാപക-വിദ്യാര്‍ഥി-ജീവനക്കാരുടെ സംഘടന നേതാക്കള്‍, സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് തന്റെ് പദവിയും അധികാരവും ഉപയോഗിച്ച് ക്രിമിനല്‍ കേസുകള്‍ പതിച്ചു നല്‍കുകയാണ് വിസിയുടെ പ്രധാന വിനോദം. വിസിയായി ചുമതലയേറ്റ അന്നുമുതല്‍ ഡോ. പി.കെ. രാധാകൃഷ്ണന്റെ ഏകാധിപത്യ വാഴ്ചയാണ് സര്‍വകലാശാലയില്‍ നടക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 250 കാരണം കാണിക്കല്‍ മെമ്മോകളാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിസി നല്‍കിയത്. ഈ കാലയളവിനുള്ളില്‍ കേവലമായ കാരണങ്ങളുടെ പേരില്‍ പല ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

കാമ്പസില്‍ ഓണാഘോഷം നടത്തരുത്, പോസ്റ്റര്‍ ഒട്ടിക്കരുത്, പ്രതിഷേധിക്കരുത് എന്നു വീണ്ടും വീണ്ടും സസ്‌പെന്‍ഷനിലൂടെയും കാരണം കാണിക്കല്‍ നോട്ടീസിലൂടെയും വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുകയും അവരുടെ പ്രശ്‌നങ്ങളോടു മുഖം തിരിക്കുകയും ചെയ്യുന്ന വിസി ഒരു കാര്യം മനസിലാക്കുക; കാമ്പസില്‍ പ്രതിഷേധം ആളിപ്പടരുകയാണ. കേരളത്തിലെ കലാലയങ്ങലെല്ലാം ഓണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കറുത്ത ബാഡ്ജും ധരിച്ച് പ്രതിഷേധങ്ങള്‍ക്കായി ഒത്തൊരുമിക്കുന്ന ഞങ്ങളെ കണ്ടില്ലെന്നു നടിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. കാമ്പസിലെ അവസാന വിദ്യര്‍ത്ഥിക്കും കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുന്നത് വരെ, സസ്‌പെന്‍ഷന്‍ ലഭിക്കുന്നതുവരെ കാമ്പസിനുളില്‍ നിന്നു ഞങ്ങള്‍ പോരാടും. സമരകലുഷിതമായ സര്‍വകലാശാല അന്തരീക്ഷം സമീപത്താണ്. നിങ്ങള്‍ കരുതിയിരിക്കുക.

(കാര്യവട്ടം കാമ്പസില്‍ തിയേറ്റര്‍ ആന്‍ഡ് ഫിലിം ഏസ്‌തെറ്റിക്‌സില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ് നീതു എസ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍