UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമാന്യബോധമുള്ളവര്‍ക്ക് മനസിലാകുന്നതു പോലും കേരള വിസിക്ക് മനസിലാകുന്നില്ലേ?

Avatar

അഖില എം

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ കേരള സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളുടെ  മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് 28 ദിവസങ്ങൾ കഴിഞ്ഞു. സർവ്വകലാശാലയിലെ ആറു ഗവേഷക വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 50 ദിവസം പിന്നിടുന്നു. ഇതിനെ തുടർന്ന് ആരംഭിച്ചതാണ് അനിശ്ചിതകാല രാപ്പകൽ സമരം. എന്നാൽ ഇതുവരെ ആ രോദനം കേൾക്കാൻ അധികാരികൾ തയ്യാറായിട്ടില്ല.

ഗവേഷക വിദ്യാർത്ഥികള്‍ക്കിപ്പോള്‍ അവകാശലംഘനങ്ങളുടെയും സ്വാത്രന്ത്യമില്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും കാലമാണ്. അതിനാൽ അവരുടെ പ്രതിഷേധത്തിനും കാലത്തിനും അവർ ഒരു പേര് തന്നെ നൽകി; ‘കറുത്ത വസന്തം അഥവാ  ബ്ലാക്ക് സ്പ്രിംഗ്’. സർവ്വകലാശാല ഇത് വരെ കാണാത്ത നാളുകളാണ് കടന്നു പോകുന്നതെന്നും ഏറെ സാധാരണക്കാർ പഠിക്കുന്ന സർവ്വകലാശാലയുടെ അനാസ്ഥയും വൈസ് ചാന്‍സിലറുടെ ഏകാധിപത്യവും വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെയാണ് ലംഘിക്കുന്നതെന്ന്‍ സെനറ്റ് മെമ്പറായ മനേഷ് പറയുന്നു. 


ജനാധിപധ്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാത്ത  നടപടികളുമായാണ് സർവ്വകലാശാല  വൈസ് ചാൻസലർ ഡോ. പി.കെ രാധാകൃഷ്ണൻ മുന്നോട്ട് പോകുന്നതെന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്. മുന്‍കൂറായി സന്ദര്‍ശനാനുമതി തേടിയ ശേഷമാണ് പല തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെനറ്റ് അംഗം ഉള്‍പ്പടെ ഉള്ളവര്‍ വിസിയെ കാണാന്‍ ചെല്ലുന്നത്. എന്നാല്‍ അവരെ കാണാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു വി.സിയുടെ മറുപടി. സമാധാനപരമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവും കൂടാതെ പിറ്റേ ദിവസം സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറക്കുകയാണ് വി.സി ചെയ്തത്. വിഷ്ണു കെ.പി, മനേഷ് പി, അജേഷ് വി.വി, നജീബ് എസ്, ഷാനു വി എന്നിവര്‍ക്കായിരുന്നു സസ്പെന്‍ഷന്‍. ഇതില്‍ പ്രതിഷേധിച്ച്  പോസ്റ്റർ ഒട്ടിച്ചു എന്ന കുറ്റത്തിനാണ് പ്രിജിത് കുമാർ എന്ന ഗവേഷകനെ സസ്‌പെൻഡ്  ചെയ്യുന്നത്.

 ക്യാമ്പസ്സിനുള്ളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ജാഥകൾ നടത്താനും കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളതിനാൽ ക്യാംപസ് ഗേറ്റിനു മുന്നിൽ റോഡരികിലാണ് വിദ്യാർത്ഥികൾ അനാഥരെപ്പോലെ പന്തൽ കെട്ടി സമരത്തിനിരിക്കുന്നത്. സദാ വാഹനങ്ങള്‍ പാഞ്ഞു കൊണ്ടിരിക്കുന്ന നിരത്തിൽ ഒട്ടും സുരക്ഷിതമല്ല സമരം നയിക്കുന്നവരുടെ ജീവൻ. പാമ്പും പഴുതാരയും ഏതു സമയത്തും കയറി വരാം; അങ്ങനെ വന്നിട്ടുമുണ്ട്. രാത്രിയിലും വിദ്യാർഥികൾ കിടക്കുന്നത് സമരപ്പന്തലിൽ തന്നെയാണ്. ലൈബ്രറി, ക്ലാസ്സ്മുറി, ലാബ് ഉൾപ്പടെ അക്കാദമികമായ ഒന്നും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ് അവർക്കുള്ളത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥയാണിതൊക്കെ.

 

പേര് പോലെ തന്നെ വ്യത്യസ്ത സമര പരിപാടികളാണ് എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള യൂണിയൻ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചത്. രാത്രി ക്‌ളാസുകളും പാട്ടും പ്രസംഗവും ഒക്കെയായി സമരാവേശം ആളിപ്പടർന്ന ദിവസങ്ങള്‍. തീർത്തും സർഗാത്മകമായ സമരരീതിക്ക് നവമാധ്യമങ്ങളെയും അവർ ആശ്രയിച്ചു. വി.സിക്കെതിരെ ട്രോളുകൾ പ്രചരിപ്പിച്ചു.

കേവലം 600 രൂപ മാത്രമുണ്ടായിരുന്ന എക്സ്‌റ്റെൻഷൻ ഫീസ് 1,70,000 രൂപയാക്കി ഉയർത്തി. നിലവിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലാണ് ഏറ്റവും കൂടുതൽ എക്സ്റ്റെന്ഷൻ ഫീസ് ഈടാക്കുന്നത്. അത് വെറും 15,000 രൂപയാണെന്നിരിക്കെയാണ് ഒറ്റ തവണയിൽ ഇത്രയേറെ ഫീസ് വർധന കേരള സർവകലാശാലയിൽ നടപ്പിലാക്കുന്നത്. 

പ്രവേശന പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചതിന് ശേഷമാണ് യു ജി സിയുടെ 2016ലെ റെഗുലേഷൻ നടപ്പിലാക്കാൻ വി സി തീരുമാനിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഓരോ ഗൈഡുകൾക്കു കീഴിൽ എം ഫിലും പിഎച്ച്ഡിയും ചെയ്യാനുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്തി. ഇതോടെ 280 എം ഫിൽ സീറ്റുകളാണ് സർവ്വകലാശാലക്ക് നഷ്ടപ്പെടാൻ പോകുന്നത്. റാങ്ക് ലിസ്റ്റിൽ പേരുണ്ടല്ലോ എന്ന് കരുതി മറ്റു സർവ്വകലാശാലകളിലേക്കൊന്നും അപേക്ഷിക്കാതെ ഇരുന്നവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ്. മറ്റു സർവ്വകലാശാലകളെല്ലാം യു ജി സി യുടെ റെഗുലേഷൻ പഠനത്തിന് വിധേയമാക്കി അടുത്ത അധ്യായ വർഷത്തിൽ മാത്രം നടപ്പിൽ വരുത്താൻ ഇരിക്കവേ ആണ് കേരള സർവകലാശാലയിലെ വി സി അധ്യാപകരോടോ വിദ്യാർത്ഥികളോടോ ചർച്ച ചെയ്യാതെ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കിയത്. 2014 മുതൽ രജിസ്റ്റർ ചെയ്ത ഗവേഷണ വിദ്യാർത്ഥികൾക്ക് ഇതുവരെ സർവ്വകലാശാല എത്തിക്കൽ ക്ലിയറൻസ് റിപ്പോർട്ട് നൽകിയിട്ടില്ല. അക്കാരണത്താൽ 26 പേരാണ് ഗവേഷണവുമായി മുന്നോട്ട് പോവാൻ കഴിയാതെ നിൽക്കുന്നത്.

 കേരളത്തിന്റെ അകത്തും പുറത്തുമായി പല വിദ്യാർത്ഥി യൂണിയനുകളും പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ വൈസ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടർന്ന് പരിഹരിക്കാം എന്ന് വിസി അറിയിക്കുകയും അതനുസരിച്ച് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികൾ മാപ്പു പറയാതെയുള്ള ഒത്തുതീർപ്പുകൾക്കു തയാറല്ലെന്ന് തന്നെയാണ് അദ്ദേഹം വിദ്യാർത്ഥികളുമായി നടത്തിയ രണ്ടാമത്തെ ഹിയറിങ്ങിലും അറിയിച്ചത്. എന്നാൽ തെറ്റു ചെയ്യാത്തിടത്തോളം മാപ്പു പറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികളും. വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ വൈസ് ചാന്‍സിലറെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

സമരം പരിഹരിക്കാനുള്ള സമവായവുമായി വൈസ് ചാന്‍സിലര്‍ മുന്നോട്ട് വന്നില്ലെങ്കിൽ സമരം ശക്തമാക്കാനാണ് എസ്എഫ്ഐ തയ്യാറെടുക്കുന്നത്. ഈ മാസം 31-ന് വാഹന പ്രചാരണ ജാഥ നടത്തും. അടുത്ത മാസം ഒന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബഹുജന സമ്മേളനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബർ 5നു നടക്കുന്ന സെനറ്റ് മീറ്റിംഗിൽ ശക്തമായ പ്രതിഷേധം നടത്തും. നവംബർ 8 മുതൽ പാളയം കാമ്പസിന് മുന്നിലാവും വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.

സമരം അക്രമാസക്തമാകാനുള്ള സൂചനകളാണ് ഇപ്പോള്‍ നിലനിൽക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസിലാക്കാൻ സാധിക്കും. ഇത് മനസിലാക്കാന്‍ എന്തുകൊണ്ട് വൈസ് ചാന്‍സിലര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഇവിടെ പ്രധാനം. ഒപ്പം വിദ്യാഭ്യാസ വകുപ്പ് ഇനി ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നതും. 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്നിയാണ് അഖില)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍