ഇവരുടെ ദൈവങ്ങളെ കൈയേറാന്‍ പോലും ആരും ഇന്നേവരെ പുലപ്രക്കുന്ന് കയറിയെത്തിയിട്ടില്ല- ഭാഗം 2
കൊടിയ ജാതീയതയും അസമത്വവും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ് കോഴിക്കോട് ജില്ലയിലെ പുലാപ്രക്കുന്നില്‍ ജീവിക്കുന്ന ദളിതര്‍. നവോത്ഥാന കേരളമെന്ന് നാം ആഘോഷിക്കുമ്പോഴും കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലുള്ള അയിത്തവും അവഗണനയുമാണ് ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്നത്. ഇതിനെക്കുറിച്ച് അഴിമുഖം ചെയ്ത ആദ്യ റിപ്പോര്‍ട്ട്: [അവര്‍ക്ക് വൃത്തിയില്ലെങ്കില്‍ അത് നിങ്ങള്‍ വെള്ളം കൊടുക്കാത്ത കൊണ്ടാണ്; കോഴിക്കോട് പുലാപ്രക്കുന്നിലെ ഒന്നാം നമ്പര്‍ അയിത്ത കേരളം]
ഭാഗം 2
“ഒരുപാട് കഷ്ടപ്പെട്ടാണ് കിലോമീറ്ററുകണക്കിന് നടന്ന് വീട്ടിലേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. ഇങ്ങോട്ടുള്ള വഴിയുടെ താഴെ ഒരു അംഗനവാടിയുണ്ട്. വെള്ളവുമെടുത്ത് നടന്നുവരുന്ന വഴിക്കാണ് അവിടെ നിന്നും കുട്ടികള്‍ ‘പറച്ചീ’യെന്നും ‘അണ്ണാച്ചീ’യെന്നും നീട്ടി വിളിക്കുന്നത്. അവിടുത്തെ ടീച്ചര്‍മാരൊക്കെ കേട്ടു നില്‍ക്കുന്നുണ്ടാകും. ചോദിച്ചാല്‍ കുട്ടികളല്ലേ, ഞങ്ങളെന്തു ചെയ്യാന്‍ എന്നു പറയും. അധ്യാപകരല്ലേ. അവരല്ലേ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്? അത്രയും മാനക്കേട് സഹിച്ചാണ് ഓരോ ദിവസവും ജീവിക്കുന്നത്”, പുലപ്രക്കുന്ന് ദളിത് കോളനിയിലെ പത്തു കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന വേര്‍തിരിവ് പല രീതിയിലാണ്. കോളനിവല്‍ക്കരിക്കപ്പെട്ടവര്‍ അങ്ങനെത്തന്നെ ജീവിച്ചോട്ടെ എന്ന ചിന്തയും ചോദ്യം ചെയ്യാത്തവര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കേണ്ട എന്ന പഞ്ചായത്തിന്റെ മനോഭാവവും കൂടിയായപ്പോള്‍ പുലപ്രക്കുന്നിന്റെ അപരവത്ക്കരണം പൂര്‍ണമായി.
തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും മാത്രമല്ല, പൊതു സ്ഥലങ്ങളിലും ജാതീയമായ വിവേചനം നേരിടുന്നവരാണ് ഇവിടത്തുകാര്‍. സ്ഥലത്തെ വില്ലേജ് ഓഫീസര്‍ക്കോ പരിസരത്തുള്ള മറ്റു കുടുംബങ്ങള്‍ക്കോ തൊട്ടടുത്തുള്ള പുലപ്രക്കുന്നിനെക്കുറിച്ച് കേട്ടറിവു പോലുമുണ്ടാകില്ലെന്ന് വര്‍ഷങ്ങളായി കോളനിയില്‍ താമസിക്കുന്ന മാലിനി പറയുന്നു. ഇനി കേട്ടറിഞ്ഞാല്‍ത്തന്നെ, വിശ്വസിക്കാന്‍ പോലും പ്രയാസമുള്ളതാണ് ജാതിയുടെ പേരില്‍ ഇന്നും ഇവര്‍ നേരിടുന്ന മാറ്റിനിര്‍ത്തല്‍.
ക്ലാസ് ബെഞ്ചുകളിലെ ജാതി, ഗ്രാമസഭകളിലെ ജാതി
കോളനിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി പൊതുസ്ഥലങ്ങളിലെത്തുന്നവര്‍ കാലാകാലങ്ങളായി മല്ലിടുന്ന പല പ്രതിബന്ധങ്ങളില്‍ ആദ്യത്തേത് നാട്ടുകാരുടെ തുറിച്ചു നോട്ടമാണ്. ‘ഇവര്‍ക്കെന്താണ് ഇവിടെ കാര്യ’മെന്നും ‘ഇവര്‍ മനുഷ്യര്‍ തന്നെയാണോ’ എന്നും അര്‍ത്ഥം വച്ചുള്ള തുറിച്ചുനോട്ടങ്ങള്‍ സാധാരണ സംഭവമാണെന്ന് വിജിസ്മയ പറയുന്നുണ്ട്. “എവിടെപ്പോയാലുമുള്ള അനുഭവമാണ്. ഞങ്ങളെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. വീടിനകത്തു നിന്നും പുറത്തേക്ക് ഇങ്ങനെ എത്തിച്ചു നോക്കും. ചെറിയ കുട്ടികളോട് ഞങ്ങളുടെ മുന്നില്‍വച്ചു തന്നെ പറയുന്നത് ‘ദാ, പറയന്മാരുണ്ടേ, അവരങ്ങ് പിടിച്ചുകൊണ്ടു പോകുമേ’ എന്നാണ്. കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്നതാണ്. മൃഗങ്ങളെയൊക്കെ കാണിച്ചല്ലേ കുട്ടികളെ പേടിപ്പിക്കുക. അതു പോലെ ഞങ്ങളെയും. വന്യമൃഗങ്ങളെ കാണിക്കുന്നതു പോലെയാണ് നമ്മളെയൊക്കെ കാണിച്ചുകൊടുക്കുക.”
ഗ്രാമസഭകളില്‍ ചെല്ലുമ്പോഴും, വിവാഹവീടുകളിലായാലും ഇതു തന്നെയാണ് പുലപ്രക്കുന്നുകാരുടെ അവസ്ഥ. ക്ഷണിക്കപ്പെട്ട വിവാഹങ്ങള്‍ക്ക് പോകുമ്പോള്‍, ഭക്ഷണം കഴിക്കാനായി അവസാന പന്തി വരെ കാത്തിരിക്കേണ്ടി വരുന്നതും, മറ്റുള്ളവര്‍ ഒപ്പമിരിക്കാന്‍ തയ്യാറാകാത്തതും സ്ഥിരം കഥയാണ്. നാലു പേര്‍ ഇരിക്കേണ്ട സീറ്റില്‍ തങ്ങളിലൊരാള്‍ ഭക്ഷണം കഴിക്കാനായി ചെന്നിരിക്കുമ്പോള്‍, അവിടെയിരുന്നിരുന്ന ബാക്കിയുള്ളവര്‍ എഴുന്നേറ്റു പോകുന്നതടക്കമുള്ള അനുഭവങ്ങള്‍ ഇവര്‍ക്കുണ്ടായിട്ടുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങളറിയിക്കാനായി ഗ്രാമസഭകളില്‍ ചെന്നിരിക്കുമ്പോഴും, ബോധപൂര്‍വ്വം തങ്ങളില്‍ നിന്നും അകന്നു മാത്രമിരിക്കുന്നവരെയാണ് ഇവര്‍ക്കു പരിചയം. അടുത്തിരിക്കാന്‍ മടിക്കലില്‍ തന്നെ വിവേചനം കാണിക്കുന്നവരുടെ കൂട്ടത്തില്‍ ചെന്നു പ്രശ്‌നമറിയിച്ചാല്‍ പ്രയോജനമില്ലെന്ന് തിരിച്ചറിഞ്ഞ് ഇവര്‍ മടങ്ങുകയാണ് പതിവ്.
അകലം പാലിക്കാനുള്ള ഉപദേശങ്ങളും പറയന്‍ പിടിച്ചുകൊണ്ടു പോകുമെന്ന ഭയവും മാത്രം ഊട്ടി വളര്‍ത്തുന്ന കുട്ടികള്‍ വിദ്യാലയങ്ങളില്‍ കാണിക്കുന്നതും ഇതേ വേര്‍തിരിവു തന്നെ. പുലപ്രക്കുന്നിലെ കുട്ടികള്‍ ഇരിക്കുന്ന ബെഞ്ചില്‍ ഒപ്പമിരിക്കാന്‍ മടിക്കുന്ന സഹപാഠികളേക്കാളും പറയനെന്നു വിളിച്ച് അപമാനിക്കുന്ന സുഹൃത്തുക്കളെക്കാളും അപകടമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ആ വിളിയും അകല്‍ച്ചയും സാധാരണമാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്ന അധ്യാപകരെയാണ്. നരക്കോട് എ.എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാളിദാസനുണ്ടായ അനുഭവം ഇത്തരത്തിലുള്ളതാണ്. “ഞാനിങ്ങനെ ക്ലാസിലെ ബെഞ്ചില്‍ വെറുതെയിരിക്കുമ്പോള്‍ കുട്ടികള്‍ ചുറ്റും കൂടിയിരുന്ന് പറയാ എന്നു വിളിക്കും. അങ്ങനെ വിളിക്കല്ലേന്ന് മാഷും പറയില്ല,” കാളിദാസന്‍ പറയുന്നു. സ്‌കൂളുകളിലെ ജാതി വേര്‍തിരിവ് ചൂണ്ടിക്കാണിച്ചാലും ‘കുട്ടികളല്ലേ സാരമില്ല’ എന്ന നിലപാടാണ് അധ്യാപകര്‍ക്കും.
കുട്ടികളെ തിരുത്താന്‍ ശ്രമിക്കാറില്ലെന്നു മാത്രമല്ല, ക്ലാസ് മുറികളില്‍ നിന്നും നഷ്ടപ്പെടുന്ന ഓരോ പെന്‍സിലിനും പുസ്തകത്തിനും മുതല്‍ പണത്തിനു വരെ ഉത്തരവാദിത്തം കെട്ടിവയ്ക്കപ്പെടുന്നത് ദളിത് കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ മേലാണ്. കാലങ്ങളായി തുടരുന്ന ഈ പതിവിനു മാത്രം മാറ്റമില്ലെന്ന് അനുപമ രോഷത്തോടെ പറയുന്നു. “ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലത്തും ഇതുതന്നെയാണ് അവസ്ഥ. വൃത്തിയില്ലെന്നും നിറമില്ലെന്നും പറഞ്ഞുള്ള അകറ്റിനിര്‍ത്തലും ഒറ്റപ്പെടുത്തലും എനിക്ക് സ്‌കൂളില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും ഇതുതന്നെയാണ് സ്ഥിതിയെങ്കിലോ? ഞങ്ങള്‍ മാറാത്തതുകൊണ്ടാണെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ എങ്ങനെ മാറണമെന്നാണ്?”
സ്‌കൂളുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിക്കേണ്ടിവന്ന അപമാനത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തിയവരും പുലപ്രക്കുന്നിലുണ്ട്. സാമൂഹിക ബഹിഷ്‌കരണം എങ്ങിനെയാണ് ഒരു ജനതയെ പരിതസ്ഥിതികള്‍ക്കകത്ത് തളച്ചിടുന്നതെന്ന് അനുഭവകഥകളിലൂടെയാണ് ഇവര്‍ വിവരിക്കുന്നത്. കോളനിവാസിയായ പ്രമീളയുടെ മകനുണ്ടായ അനുഭവം ഇങ്ങനെ: “നൂറ്റിപ്പത്തു രൂപ അവന്‍ മോഷ്ടിച്ചെന്നു പറഞ്ഞാണ് സ്‌കൂളില്‍ കുട്ടികളും അധ്യാപകരും അവനെ ബുദ്ധിമുട്ടിച്ചത്. അവനത് വലിയ വിഷമമായി. വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ അവന്റെ അച്ഛന്‍ സ്‌കൂളില്‍ ചെന്നന്വേഷിച്ചു. കാര്യമാക്കേണ്ടെന്ന പോലെയായിരുന്നു അധ്യാപകന്റെ മറുപടി. അവനു പക്ഷേ അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. പഠിക്കുന്ന കുട്ടികളല്ലേ. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതവരുടെ വിദ്യാഭ്യാസത്തെത്തന്നെ ബാധിക്കില്ലേ? അവിടെ നിന്നും പേരുവെട്ടി ഇപ്പോള്‍ കോഴിക്കോട്ട് മാത്തറയില്‍ ഹോസ്റ്റലില്‍ നിന്നാണ് അവന്‍ പഠിക്കുന്നത്.” പുലപ്രക്കുന്നിലെ കുട്ടികളില്‍ മിക്കപേരും ഇപ്പോള്‍ മാത്തറയിലാണ് പഠനം തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പ്പോലും നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങള്‍ തകര്‍ത്തുകളയുന്നത് ഈ കുഞ്ഞുങ്ങളിലെ പ്രതീക്ഷകളെത്തന്നെയാണ്.
കുട്ടനെയ്ത്തും കൂലിവേലയും
പറയ വിഭാഗക്കാര്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു പോരുന്ന കുട്ടനെയ്ത്ത് തൊഴിലായി സ്വീകരിച്ചിട്ടുള്ള ചിലരുണ്ട് പുലപ്രക്കുന്നില്‍. ഭൂരിഭാഗം കുടുംബങ്ങളിലും പുരുഷന്മാര്‍ കൂലിവേലയ്ക്കു പോകുന്നതാണ് ജീവിതമാര്‍ഗ്ഗം. കൂലിപ്പണി കിട്ടുന്ന നാലോ അഞ്ചോ പേര്‍ അന്നു സമ്പാദിക്കുന്നതാണ് പത്തു കുടുംബങ്ങളും പങ്കിട്ടു കഴിക്കുക. കുട്ടനെയ്ത്തു പോലുള്ള തൊഴിലുകളിലടക്കം ഇടനിലക്കാരാല്‍ കബളിപ്പിക്കപ്പെടുന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. കുട്ട നെയ്യാന്‍ ആവശ്യമായ ഓട വടകരയില്‍ നിന്നും മറ്റുമാണ് ഇവര്‍ എത്തിക്കുന്നത്. ഓട എത്തിക്കാനുള്ള വണ്ടിക്കൂലിയും എടുക്കുന്ന അധ്വാനവും കിഴിച്ചാല്‍ ഓരോ കുട്ടയ്ക്കും ഇവര്‍ക്കു ലഭിക്കുന്ന ലാഭം പത്തോ ഇരുപതോ രൂപ മാത്രമാണ്. ഓട കൊണ്ടുവന്ന് ചീന്തി ചീളുകളാക്കി രണ്ടു ദിവസത്തോളമെടുത്ത് കുട്ടകള്‍ നെയ്താല്‍, ഒരു കുട്ടയ്ക്ക് നൂറു രൂപ മാത്രമാണ് കടകളില്‍ നിന്നും ലഭിക്കുന്നതെന്ന് കുട്ട നെയ്ത് വരുമാനം കണ്ടെത്തുന്ന ശാരദ പറയുന്നുണ്ട്. നൂറു രൂപയ്ക്ക് ഇവരില്‍ നിന്നും വാങ്ങിക്കുന്ന കുട്ടകള്‍ പിന്നീട് ഇരട്ടിവിലയ്ക്കാണ് കടകളില്‍ വില്‍ക്കുന്നത്. തുക കൂടുതല്‍ ആവശ്യപ്പെട്ടാലാകട്ടെ, ഇതിലെന്താണ് ഇത്ര അധ്വാനം, നിങ്ങള്‍ക്ക് ജീവിക്കാന്‍ ഇത്ര പോരേ എന്നെല്ലാമുള്ള ചോദ്യങ്ങളാണ് തിരിച്ച്.
“ചെലവിനുള്ള പൈസ പോലും കിട്ടില്ല. ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടാണ് ഈ പണി ചെയ്യുന്നത്. ഓടയൊന്നും ഇപ്പോള്‍ കിട്ടാനുമില്ല. അടുത്ത സുഹൃത്തിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ് ഈ ഓടയൊക്കെ. ഇനിയിതു ചീന്തി പൊളിയാക്കി കൊട്ട മെടയണമെങ്കില്‍ രണ്ടു ദിവസമെടുക്കും. പട്ടിണി കിടന്നിട്ടൊക്കെയാണ് പലപ്പോഴും കുട്ടയുണ്ടാക്കുക. മാസത്തില്‍ രണ്ടു മൂന്നു പണിയൊക്കെയേ കൂലിക്ക് പുറത്തു കിട്ടുള്ളൂ. ബാക്കി സമയത്തൊക്കെ കുട്ടനെയ്ത്തു തന്നെയാണ്. എന്റെ പുരയില്‍ കഴിക്കാനൊന്നുമില്ലെങ്കില്‍ അടുത്ത പുരയില്‍ പോയി വാങ്ങിച്ചു വെച്ചുണ്ടാക്കും. അവര്‍ക്കില്ലെങ്കില്‍ ഇവിടെ നിന്നും കൊടുക്കും. അങ്ങനെയൊക്കെയാണ് ജോലിയില്ലാത്ത കാലത്ത് കഴിഞ്ഞുകൂടുന്നത്.”
ന്യായമായും തങ്ങള്‍ക്കു കിട്ടേണ്ട സഹായങ്ങളും അവകാശങ്ങളും ഇല്ലാതെയാക്കുന്നതും, അതിനോട് എതിരിടാന്‍ അധ്വാനിക്കാനിറങ്ങുമ്പോള്‍ തൊഴിലിടങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും ജാതി തന്നെയാണെന്ന് ഇവര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്. അരനൂറ്റാണ്ടു കാലം തങ്ങളെ ഇരുട്ടിലാക്കിയ ജാതിചിന്തയെ പിഴുതെറിയാനായില്ലെങ്കിലും ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന ചിന്തയും ഇവര്‍ പങ്കുവയ്ക്കുന്നു. “ബാക്കിയുള്ളവരെപ്പോലെ കുളിക്കുകയും പല്ലുതേക്കുകയുമൊക്കെ ചെയ്യുന്നവര്‍ തന്നെയാണ് ഞങ്ങളും. ഈ പറയുന്ന പുരോഗമന ഇടങ്ങളില്‍പ്പോലും കണ്ടുവരുന്ന രീതി ഇതൊക്കെത്തന്നെയാണ് എന്നതാണ് സത്യം. ഒരുതവണ അത്തരമൊരു പുരോഗമനവാദിയുടെ വീട്ടില്‍ ചായയ്ക്കു ക്ഷണിച്ചപ്പോള്‍ ഞാന്‍ കുറേ സന്തോഷിച്ചു. ചായയ്‌ക്കൊപ്പം കൊണ്ടുവന്നു വച്ച പലഹാരപ്പാത്രത്തിലേക്ക് ഞാന്‍ കൈ നീട്ടിയപ്പോള്‍ ഒരാള്‍ ഓടിവന്ന് പാത്രമെടുത്ത് കൈയിലേക്ക് ഒരെണ്ണം വച്ചു തന്നപ്പോഴാണ് എല്ലായിടത്തും ഇതുതന്നെ അവസ്ഥയെന്ന് മനസ്സിലായത്. ഇവര്‍ക്കാണോ ഞങ്ങള്‍ക്കാണോ അപ്പോള്‍ മനസ്സിനു വൃത്തിയുള്ളത്?” പുരോഗമനചിന്തയുടെ മേനിനടിക്കുന്നവരോടാണ് അജീഷിന്റെ ചോദ്യം.
കലക്ടറുടെ വാഗ്ദാനങ്ങള്‍, ഒന്നും നടക്കാതിരുന്ന മൂന്നു വര്‍ഷങ്ങള്‍
ഇത്രയേറെ രൂക്ഷമായ അനുഭവങ്ങളിലൂടെ കടന്നു പോയി പ്രതീക്ഷയറ്റിരുന്ന പുലപ്രക്കുന്നുകാര്‍ക്കിടയിലേക്കാണ് 2015ല്‍ ‘കലക്ടര്‍ ബ്രോ’ എന്ന പ്രശാന്ത് കടന്നുവരുന്നത്. വര്‍ഷങ്ങളായിട്ടും പൊതുസമൂഹത്തോട് ഇഴചേരാനാകാതെ മാറി ജീവിക്കേണ്ടിവരുന്ന പുലപ്രക്കുന്നിലെ ജനതയ്ക്ക് ആശ്വാസമായാണ് അന്ന് ചില വാഗ്ദാനങ്ങള്‍ കലക്ടര്‍ നല്‍കിയത്. അടിയന്തിര ധനസഹായം, കുടിവെള്ളമെത്തിക്കാന്‍ പുതിയ ടാങ്ക്, അടച്ചുറപ്പുള്ള വീടുകള്‍, തെരുവു വിളക്കുകള്‍, ഓരോ വീടിനും കക്കൂസ്, ആവശ്യത്തിന് ഭക്ഷണം, വീടുകള്‍ക്ക് രേഖകള്‍, കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം എന്നിങ്ങനെ അവര്‍ക്കാവശ്യമുള്ളതെല്ലാം ഉടന്‍ തന്നെ എത്തിച്ചു നല്‍കുമെന്ന ജില്ലാ കലക്ടറുടെ വാഗ്ദാനം അവര്‍ ഏറെ പ്രതീക്ഷയോടെ കേള്‍ക്കുകയും ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു. കലക്ടര്‍ക്കു പിന്നാലെ മറ്റ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും പുലപ്രക്കുന്നിലേക്ക് എത്തിയപ്പോള്‍, തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ആകെ മാറിമറിയാന്‍ പോകുകയാണെന്നും അവര്‍ കരുതിയിരുന്നു.
എന്നാല്‍, അന്നത്തെ ബഹളത്തിനു ശേഷം പുലപ്രക്കുന്നിലേക്ക് ആരുമെത്തിയില്ല. കലക്ടറുടെ വാഗ്ദാനങ്ങള്‍ കടലാസ്സിലൊതുങ്ങുകയും, പഞ്ചായത്ത് പതിവു നിസ്സംഗത തുടരുകയും ചെയ്തു. (മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് അക്കാര്യം ചേര്‍ക്കുന്നതാണ്) പുലപ്രക്കുന്നിലെ സ്ത്രീകള്‍ എന്നത്തേയും പോലെ വെള്ളം തലയില്‍ താങ്ങിയെത്തിക്കുകയും, രാത്രികാലങ്ങളില്‍ കോളനിയാകെ ഇരുട്ടില്‍ത്തന്നെ തുടരുകയും ചെയ്തു. ഓരോ തവണ അന്വേഷിക്കുമ്പോഴും ഓരോ ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളെ അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് രതീഷും കൂട്ടരും പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്താശകലം കഴിഞ്ഞ ദിവസം വിനീത വിജയന്‍ എന്ന ദളിത് അവകാശ പ്രവര്‍ത്തകയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുലപ്രക്കുന്ന് വീണ്ടും ചര്‍ച്ചകളിലെത്തുന്നത്.
കലക്ടറെത്തി സഹായം നല്‍കിയ സ്ഥലത്ത് ഇനിയെന്ത് ചെയ്യാനാണുള്ളതെന്ന് അത്ഭുതപ്പെടുന്ന ഉദ്യോഗസ്ഥരേയും അധികൃതരേയും കടന്ന് പുലപ്രക്കുന്നിലെത്തിയപ്പോള്‍ വലിയൊരു നീതിനിഷേധമാണ് കാണാന്‍ സാധിച്ചതെന്ന് വിനീത പറയുന്നു. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും അനുകൂല പ്രതികരണമുണ്ടാകാതിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം സ്‌നേഹവീടുകളുടെ താക്കോല്‍ദാന ചടങ്ങിനായി മേപ്പയൂരെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ, മകന്‍ ബിനീഷ് കോടിയേരിയുടെ സഹായത്തോടെ വിനീത വേദിയില്‍ വച്ചു തന്നെ കാണുന്നതും കാര്യങ്ങളറിയിക്കുന്നതും. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനടക്കം ഉണ്ടായിരുന്ന സദസ്സില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് കാര്യങ്ങള്‍ ദ്രുതഗതിയില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
“അന്നു രാത്രി എട്ടരയോടു കൂടി മേപ്പയൂര്‍ പഞ്ചായത്തു തന്നെ കോളനിയിലെത്തി. നേരത്തേ ഞങ്ങള്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുന്നു കയറാന്‍ പേടിയാണെന്നും കുറുക്കനുണ്ടെന്നും പറഞ്ഞവരാണ് എന്നോര്‍ക്കണം. കുടിവെള്ളത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ അവര്‍ പഴയ മറുപടി തന്നെ ആവര്‍ത്തിച്ചു. അവരുടെ സാന്നിധ്യത്തില്‍ തന്നെ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് ഉറച്ചുപോയ കാര്യം മനസ്സിലായത്. പിറ്റേന്നു തന്നെ പ്ലംബറെ കൊണ്ടുവന്ന് ആ ഭാഗം അറുത്തു കളഞ്ഞ് രണ്ടു ടാപ്പും വച്ചു. സ്ട്രീറ്റ് ലൈറ്റുകള്‍ ശരിയാക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ പോയി കാണുന്നതായിരുന്നു അടുത്ത ഘട്ടം. പഞ്ചായത്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനൊക്കെ നോക്കി. സ്ട്രീറ്റ് ലൈറ്റ് ഞങ്ങള്‍ വാങ്ങിച്ചുകൊടുത്തിട്ടും തയ്യാറാകാതിരുന്നപ്പോള്‍ മന്ത്രിയുടെ പി.എയെ വിളിക്കേണ്ടി വന്നു. അങ്ങനെ ഒറ്റ ഫോണ്‍കോളില്‍ അതും ശരിയായി. റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ലാത്തതാണ് വേറൊരു പ്രശ്‌നം. സര്‍വേ പൂര്‍ത്തിയാക്കാനുള്ള തടസ്സമന്വേഷിച്ചപ്പോള്‍ എന്തോ ഉപകരണം ഇല്ലാത്തതാണ് കാര്യമെന്നാണ് പഞ്ചായത്ത് മെംബറുടെ വാദം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വിഷയമേയില്ലെന്നു മനസ്സിലായി. അങ്ങനെ സര്‍വേ നടത്താനും രേഖകള്‍ ശരിപ്പെടുത്താനും തീരുമാനമായി. വൈദ്യുതിയെത്തിക്കാനുള്ള നീക്കങ്ങളൊക്കെ അന്നു ശരിയാകുമെന്നാണ് കരുതുന്നത്.”
കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്ന പേരില്‍ സമീപിച്ചപ്പോള്‍ കോളനിക്കാരോട് പഞ്ചായത്തിന് വിവേചനമേയില്ലെന്ന തരത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രതികരണം. വേനല്‍ക്കാലത്ത് എല്ലാവര്‍ക്കും കുടിവെള്ളക്ഷാമം നേരിടുമ്പോഴല്ലാതെ പുലപ്രകുന്നുകാര്‍ക്ക് വെള്ളം കിട്ടാതിരിക്കുന്നില്ലെന്നും കോളനിയിലുള്ളവരോട് ‘തങ്ങള്‍ക്കെല്ലാം’ സ്‌നേഹം മാത്രമാണുള്ളതെന്നുമായിരുന്നു പ്രസിഡന്റിന്റെ പക്ഷം.
മാറ്റത്തിലേക്കുള്ള വഴിയൊരുങ്ങുന്നു
വിനീതയും കൂട്ടുകാരും എത്തിയ രണ്ടാം ദിവസം പുലപ്രക്കുന്നുകാര്‍ക്ക് കുടിവെള്ളം ലഭിച്ചു. അതിനടുത്ത ദിവസങ്ങളില്‍ത്തന്നെ ഒരു തെരുവു വിളക്കും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയ ജില്ലാ കലക്ടറോടുള്ളതിനേക്കാള്‍ ആരാധനയോടെയാണ് കോളനിവാസികള്‍ വിനീതയെക്കുറിച്ച് സംസാരിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്നേ സംഭവിച്ചതുപോലെ മാധ്യമങ്ങള്‍ വീണ്ടും തങ്ങളെത്തേടിയെത്തുമ്പോള്‍, മുന്‍ അനുഭവങ്ങള്‍ ഓര്‍മവരുന്നുണ്ടെങ്കിലും ഇവര്‍ പ്രയാസങ്ങള്‍ തുറന്നു പറയുന്നതും തങ്ങളുടെ കോളനിയില്‍ പ്രകടമായി കണ്ടു തുടങ്ങിയ ഈ മാറ്റങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ്. കുടിവെള്ളം, ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിങ്ങനെ തീര്‍ത്തും അടിസ്ഥാനമായ ആവശ്യങ്ങളാണ് ഇപ്പോഴും അവര്‍ക്കുള്ളത്. അവ ലഭ്യമാകും എന്ന പ്രതീക്ഷയോടെ 22ാം തീയതിക്കായി കാത്തിരിക്കുകയായിരുന്നു പുലപ്രക്കുന്ന്.
പ്രതീക്ഷയ്ക്ക് ഭംഗം വരുത്താതെ വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നുമുള്ള പ്രതിനിധികള്‍ പുലപ്രക്കുന്നില്‍ എത്തുക തന്നെ ചെയ്തു. കഴിഞ്ഞ ദിവസം അധികൃതര്‍ കോളനിയിലെത്തി സര്‍വേ നടത്തുകയും, എത്രയും പെട്ടന്ന് നടപടികള്‍ കൈക്കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മുപ്പതിന് സ്ഥലം അളന്നതിന്റെ സ്‌കെച്ചടക്കം തഹസില്‍ദാര്‍ പഞ്ചായത്തിലേക്ക് അയയ്ക്കും. അതിനു ശേഷം ഭരണസമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതനുസരിച്ച് ഫെബ്രുവരി പതിനഞ്ചോടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്. പുലപ്രക്കുന്ന് നില്‍ക്കുന്ന എഴുപത്തിയഞ്ചു സെന്റ് സ്ഥലം പഞ്ചായത്തിന്റെ അധീനതയില്‍ വരുന്നതിനാല്‍ വില്ലേജ് ഓഫീസര്‍ക്കോ താലൂക്കിനോ ഇക്കാര്യത്തില്‍ നേരിട്ട് ഒന്നും ചെയ്യാനില്ലെന്നാണ് കോളനിക്കാര്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. സ്ഥലം അളന്നു തിട്ടപ്പെടുത്തിയതിന്റെ കണക്കുകള്‍ പഞ്ചായത്തിലേക്ക് അയച്ചു കൊടുത്തതിനു ശേഷം പഞ്ചായത്തു വഴിയാണ് മറ്റു കാര്യങ്ങള്‍ നടക്കേണ്ടത്.
സര്‍വേയ്ക്കായി എത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം സ്ഥലം വിതരണം ചെയ്യുന്നതിലെ തുല്യതയാണ്. ഓരോ വീട്ടുകാരും കാണിച്ചുകൊടുക്കുന്ന അതിരനുസരിച്ച് വ്യത്യസ്ത അളവിലാണ് ഓരോ കുടുംബത്തിന്റേയും സ്ഥലങ്ങള്‍ കിടക്കുന്നത്. എന്നാല്‍, എല്ലാ കുടുംബങ്ങള്‍ക്കും തുല്യ അളവില്‍ സ്ഥലം വേര്‍തിരിച്ചു കിട്ടുന്നതിനായുള്ള നടപടികളാണ് വേണ്ടതെന്നും അതിനായാണ് കാക്കുന്നതെന്നും അജീഷ് പറയുന്നു. “ചില വീട്ടുകാര്‍ക്ക് നാലു സെന്റും ചിലര്‍ക്ക് അഞ്ചു സെന്റുമൊക്കെയായിരിക്കും ഈ സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുക. അതിനു പകരം എല്ലാവര്‍ക്കും തുല്യമായി എങ്ങനെ സ്ഥലം വീതിക്കാം എന്നു തീരുമാനിച്ച് മറ്റൊരു സര്‍വേ കൂടി നടത്തണം. അതിനു ശേഷം കൈവശാവകാശം കൊടുക്കാമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ഫെബ്രുവരിയില്‍ തീരുമാനമാകും.”
സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ, ഉത്തര കേരള പറയസഭ, കെ.പി.എം.എസ്, ദളിത് കോണ്‍ഫെഡറേഷന്‍, ദളിത് ഐക്യ സമിതി എന്നീ സംഘടനകളുടെ പ്രതിനിധികളും, വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ചയാക്കിയ വിനീത വിജയനും സര്‍വേ നടക്കുമ്പോള്‍ പുലപ്രക്കുന്നിലെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും മഞ്ഞക്കുളം വാര്‍ഡ് മെംബറും ഇത്രനാള്‍ കയറാതിരുന്ന കുന്നു കയറി കോളനിയിലെത്തി. ഒരിക്കലും അവകാശം ലഭിക്കില്ലെന്നു കരുതിയിരുന്ന സ്വന്തം മണ്ണ് തങ്ങള്‍ക്കു പതിച്ചു കിട്ടുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ കഴിഞ്ഞതോടെ, നഷ്ടപ്പെട്ടിരുന്ന പ്രതീക്ഷകള്‍ പതിയെ തിരിച്ചുപിടിക്കുകയാണിവര്‍. 2015 ഇനി ആവര്‍ത്തിക്കില്ലെന്ന് പുലപ്രക്കുന്നുകാര്‍ വിശ്വസിച്ചുതുടങ്ങുന്നു.
കോളനിയുടെ അവസ്ഥ പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാന്‍ മുന്‍കൈയെടുത്തവരെയും ഈ ഘട്ടത്തില്‍ ഇവര്‍ക്കു മറക്കാന്‍ സാധിക്കില്ല. “റെഡ് സ്റ്റാറുകാരാണ് ഇത് ഒരു വിഷയമായി ഏറ്റെടുത്ത് വാര്‍ത്തയാക്കാനൊക്കെ ആദ്യം ശ്രമിച്ചത്. കലക്ടര്‍ പ്രശാന്തൊക്കെ വന്നത് അവര്‍ കൊടുത്ത വാര്‍ത്തയൊക്കെ അറിഞ്ഞാണ്. സത്യത്തില്‍ അന്നാണ് പുലപ്രക്കുന്നിനെക്കുറിച്ച് പുറം ലോകമറിയുന്നത്. പിന്നെ വിനീത വിജയന്‍ ഇതറിഞ്ഞ് ഇവിടെയെത്തിയില്ലായിരുന്നെങ്കില്‍ ഇത്ര പെട്ടന്ന് ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ശരിയായിക്കിട്ടില്ലായിരുന്നു എന്നുമുറപ്പാണ്. ഞാനുള്‍പ്പെടുന്ന ദളിത് ഐക്യ സമിതി ആദ്യ ഘട്ടം മുതല്‍ക്കു തന്നെ വിഷയത്തില്‍ ഇടപെടുന്നുണ്ട്. പുലപ്രക്കുന്നിലെ അധികപേരും ദളിത് ഐക്യ സമിതിയുടെ പ്രവര്‍ത്തകരാണ്. ഇതിന്റെ ഒരു ക്രെഡിറ്റും ഞങ്ങള്‍ക്കാര്‍ക്കും വേണ്ട. ഇവിടുത്തെ കാര്യങ്ങള്‍ എത്രയും പെട്ടന്ന് ശരിയായിക്കണ്ടാല്‍ മതി,” അജീഷ് പറയുന്നു. നാളിത്രയായിട്ടും പുലപ്രകുന്നിനെക്കുറിച്ച് അറിവില്ലാത്തതുപോലെ ഭാവിച്ചിരുന്നവരൊക്കെ ഇന്ന് ഇവിടെയെത്താന്‍ നിര്‍ബന്ധിതരാകുന്നതിന്റെ സന്തോഷം അജീഷിന്റെ വാക്കുകളിലുണ്ട്.
മേപ്പയൂര്‍ പഞ്ചായത്തില്‍ത്തന്നെയുള്ള പുളിയത്തില്‍ കോളനി, ചെട്ടിവീട് കോളനി, നെടുമ്പൊയില്‍ കോളനി, പേരാമ്പ്ര പഞ്ചായത്തിലെ ചേറമല സാംബവ കോളനി എന്നിവയും പരിസരപ്രദേശങ്ങളിലുള്ള ദളിത് കോളനികളാണ്. എല്ലായിടത്തും അവസ്ഥ ശോചനീയമാണെങ്കിലും പുലപ്രക്കുന്നാണ് കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നേരിടുന്നത്. കോളനിയിലെ പത്തു കുടുംബങ്ങളും ആരാധിക്കുന്ന കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട തിരക്കുകള്‍ പോലും മാറ്റിവച്ച് ഓടിയെത്തി തൊട്ടുകൂടായ്മയുടെ കഥകള്‍ പറയാന്‍ ഇവര്‍ കാണിച്ച താല്‍പര്യം തന്നെ അതിനു തെളിവാണ്. വിനീതയുടെ വാക്കുകള്‍ കടമെടുത്താല്‍, ആദിവാസി-ദളിത് വിഭാഗക്കാരുടെ കാവുകള്‍ ഹൈന്ദവവത്ക്കരിക്കപ്പെടുന്ന ഇക്കാലത്തും ഇവരുടെ ദൈവങ്ങളെ കൈയേറാന്‍ പോലും ആരും ഇന്നേവരെ പുലപ്രക്കുന്ന് കയറിയെത്തിയിട്ടില്ല. വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ഇനിയെങ്കിലും വിരാമമാകുമെന്നു പ്രതീക്ഷിച്ച് ഇനി ഫെബ്രുവരി 15ലേക്കുള്ള കാത്തിരിപ്പിലാണിവര്‍.