UPDATES

ട്രെന്‍ഡിങ്ങ്

പുലാപ്രക്കുന്ന് വിഷയത്തിൽ അധികൃതർ ഇടപെടുന്നു; കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്ക് സ്ഥലം പതിച്ചു നൽകാൻ തീരുമാനം

വിഷയത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണനടക്കമുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞതോടെ, പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കോളനിയിലെത്തിയിരുന്നു.

ശ്രീഷ്മ

ശ്രീഷ്മ

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ കോഴിക്കോട്ട് മേപ്പയ്യൂരിലെ പുലാപ്രക്കുന്ന് സാംബവ കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം പതിച്ചു നൽകാൻ തീരുമാനം. വിഷയത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടിപി രാമകൃഷ്ണനടക്കമുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞതോടെ, പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കോളനിയിലെത്തിയിരുന്നു. 1974 മുതല്‍ രേഖകളില്ലാതെ പുലപ്രകുന്നില്‍ താമസിക്കുന്നവര്‍ക്ക് നാലു സെന്റ് വീതം അളന്നു തിട്ടപ്പെടുത്തി രേഖയാക്കി കൈമാറാനും തുടര്‍ന്ന് വൈദ്യുതീകരണമടക്കമുള്ള നീക്കങ്ങളിലേക്ക് കടക്കാനുമാണ് തീരുമാനം.

കോളനിയിലെ കുടിവെള്ള പ്രശ്‌നം നേരത്തേ തന്നെ ദളിത് ആക്ടിവിസ്റ്റായ വിനീത വിജയനടക്കമുള്ളവരുടെ നേതൃത്വത്തില്‍ പരിഹരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മന്ത്രി ടിപി രാമകൃഷ്ണനെയും നേരിട്ട് ഇടപെടുത്തിക്കൊണ്ടുള്ള നീക്കത്തിനൊടുവിലാണ് വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന പൈപ്പിന്റെ വാല്‍വ് ശരിയാക്കിയതും പ്രവര്‍ത്തനരഹിതമായിരുന്ന തെരുവു വിളക്കുകളില്‍ ഒരെണ്ണം വീണ്ടും തെളിഞ്ഞതും. അതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച പുലപ്രക്കുന്നില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ സര്‍വേ നടന്നത്.

പുലപ്രകുന്ന് കോളനിവാസികളോടുള്ള നാട്ടുകാരുടെ ജാതീയമായ വിവേചനവും അടിസ്ഥാന സൗകര്യമില്ലായ്മയും ചര്‍ച്ചയായതോടെ വിവിധ സംഘടനകൾ ഉള്‍പ്പെടെ സര്‍വേ നടക്കുമ്പോള്‍ കോളനിയിലെത്തിയിരുന്നു. പലരും ചേര്‍ന്ന് പുനരധിവാസം അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി പുലപ്രകുന്നുകാരുടെ മനസ്സുമാറ്റാന്‍ ശ്രമിച്ചെങ്കിലും, ഭൂമിക്കുമേലുള്ള അവകാശങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിക്കുകയായിരുന്നു കോളനിവാസികള്‍ എന്ന് വിനീത പറയുന്നു. ‘പി.കെ.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കോളനിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റാമെന്നൊക്കെ പറഞ്ഞ് ബ്രെയിന്‍വാഷ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഇത് തങ്ങള്‍ ജനിച്ചുവീണ മണ്ണാണെന്നും ഇവിടെത്തന്നെ ജീവിച്ചാല്‍ മതിയെന്നും ഉറച്ചു നില്‍ക്കുകയായിരുന്നു. പറയാനുള്ളതൊക്കെ അവര്‍ തന്നെ തിരിച്ചു പറഞ്ഞിട്ടുണ്ട്. അനുനനയ ശ്രമത്തിനെത്തിവരില്‍ ചിലര്‍ എന്നോടും സംസാരിച്ചിരുന്നു. അളവെല്ലാം കഴിഞ്ഞപ്പോള്‍ പുലപ്രക്കുന്നുകാര്‍ ഒരുക്കിയ ഭക്ഷണം ഈ പഞ്ചായത്തുകാരും ചേര്‍ന്നാണ് കഴിച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും ഫോട്ടോയെടുപ്പുമൊക്കെയായിരുന്നു. ഇതൊക്കെ ആദ്യമായിട്ടാണെന്ന് ആലോചിക്കണം. ഇവിടെ അയിത്തമില്ല എന്ന് കാണിക്കാനായിട്ടാണെങ്കിലും പുലപ്രകുന്നുകാരുടെയൊപ്പം ഭക്ഷണം കഴിക്കാന്‍ മടിച്ചിരുന്ന മേപ്പയൂരുകാരൊക്കെ കുന്നിനു മുകളിലെത്തിക്കാന്‍ കഴിഞ്ഞല്ലോ.’

സി.കെ. ജാനുവിന്റെ സംഘടനയില്‍പ്പെട്ടവരും കഴിഞ്ഞ ദിവസം കോളനിയിലെത്തി ചിത്രങ്ങളെടുത്ത് മടങ്ങിയിരുന്നെന്നും, ഇല്ലാത്ത ജാതി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള കുറിപ്പുകള്‍ അവരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചതായി കണ്ടുവെന്നും വിനീത പറയുന്നു. സികെ ജാനുവിന്റെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ ഇത്തരത്തില്‍ കുറിപ്പുകളെഴുതുന്നുണ്ടെന്നും വിനീത ചൂണ്ടിക്കാട്ടുന്നു. ‘അതു കണ്ടയുടനെ ഞാനവരെ വിളിച്ചു സംസാരിച്ചു. വിവരാവകാശപ്രകാരം പഞ്ചായത്തില്‍ നിന്നുമുള്ള ഫണ്ട് അലോട്ട്‌മെന്റിന്റെ ലിസ്‌റ്റെടുത്ത്, പുലപ്രകുന്നില്‍ മൂന്നു ദിവസം താമസിച്ച് കാര്യങ്ങള്‍ നേരിട്ടു കണ്ടുമനസ്സിലാക്കി, പഞ്ചായത്തില്‍ ഇവരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസിലും കയറിയിറങ്ങി അന്വേഷിച്ചതിനു ശേഷമാണ് ഞാനിതില്‍ ഇടപെടുന്നത്. ജാതി ഇല്ല എന്നും അത് സാങ്കല്‍പിക സൃഷ്ടിയാണെന്നും പറഞ്ഞു നടക്കുന്നവര്‍ക്ക്, യാഥാര്‍ത്ഥ്യങ്ങള്‍ കാണുമ്പോള്‍ പൊള്ളും. ആ പൊള്ളല്‍ മാറ്റാനായി അതിനു മുകളില്‍ എടുത്തുവച്ചിരിക്കുന്ന ഐസ് പാക്കാണ് ഇവര്‍ പറയുന്ന ഈ കള്ളത്തരങ്ങള്‍. അത് ഉരുകിപ്പോകുകയേയുള്ളൂ.’

പുലാപ്രക്കുന്നിലെ ദളിതരുണ്ടെങ്കില്‍ സദ്യക്ക് പോലും ആളുകള്‍ ഭക്ഷണം കഴിക്കില്ല, കുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കില്ല; ജാതിവെറിയുടെ ഞെട്ടിക്കുന്ന കഥകള്‍

സര്‍വേ നടക്കുന്നതറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലരും സി.പി.എം പ്രവര്‍ത്തകരായ പ്രദേശവാസികളും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പുലപ്രകുന്നുകാരോട് ആര്‍ക്കും അയിത്തമില്ലെന്നും പരസ്യമായി പറയാന്‍ തുടങ്ങിയതോടെയാണ് അത്രനാള്‍ തങ്ങള്‍ അനുഭവിച്ചിരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കോളനിയിലെ സ്ത്രീകള്‍ തുറന്നു പറച്ചില്‍ നടത്തിയത്. നാട്ടുകാരില്‍ പലരില്‍ നിന്നും ലൈംഗികച്ചുവയുള്ള സംസാരവും മറ്റും നേരിടേണ്ടി വന്നതായി സ്ത്രീകള്‍ തന്നെ തുറഞ്ഞു പറഞ്ഞുവെന്ന് ദളിത് ഐക്യ സമിതി പ്രവര്‍ത്തകനും കോളനിക്കാരുടെ ബന്ധുവുമായ അജീഷും പറയുന്നു.

‘ഇവിടെ ജാതിയില്ലെന്നും ഞങ്ങളാരും ഇവരോട് വിവേചനം കാണിക്കാറില്ലെന്നും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂടി മുന്നില്‍വച്ചാണ് സിപിഎം പ്രവര്‍ത്തകൻ പറഞ്ഞത്. ഇവിടെയുള്ളവരൊന്നും സ്ഥിരതാമസക്കാരല്ലെന്നും, സ്ഥിരമായി താമസിക്കുന്ന വീട്ടുകാര്‍ക്ക് ഇവിടെ വെള്ളവും വൈദ്യുതിയുമുണ്ടെന്നുമൊക്കെയായിരുന്നു അയാളുടെ വാദം. വന്നും പോയി നില്‍ക്കുന്നവര്‍ക്ക് ഇവിടത്തെ സ്ഥലത്തിനു പോലും അവകാശമില്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേച്ചി മുന്നോട്ടുവന്ന് ഈ വ്യക്തിക്കെതിരെ ആരോപണമുയര്‍ത്തിയത്.’ ഇയാളുടെ വീടിനു മുന്നിലൂടെ വെള്ളമെടുത്തുവരുന്നവഴി ആറു തവണയെങ്കിലും മോശമായ ഭാഷയില്‍ ലൈംഗികാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നായിരുന്നു കോളനിയിലെ യുവതിയുടെ പരാതി. ഇതോടെ കോളനിയില്‍ കാലുകുത്തരുതെന്ന താക്കീതോടെ പുലപ്രകുന്നുകാര്‍ തന്നെ ഇയാളെ പുറത്താക്കുകയായിരുന്നു.

അവര്‍ക്ക് വൃത്തിയില്ലെങ്കില്‍ അത് നിങ്ങള്‍ വെള്ളം കൊടുക്കാത്ത കൊണ്ടാണ്; കോഴിക്കോട് പുലാപ്രക്കുന്നിലെ ഒന്നാം നമ്പര്‍ അയിത്ത കേരളം

വര്‍ഷങ്ങളായി തങ്ങള്‍ പുലപ്രകുന്നുകാരോട് കാണിച്ചു പോരുന്ന പലതരത്തിലുള്ള അതിക്രമങ്ങളെക്കുറിച്ച് പുറം ലോകമറിയുമെന്ന ഭയമാണ് ഇത്തരം നിഷേധാത്മക സ്വരങ്ങളുയര്‍ത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് അജീഷും വിനീതയും പറയുന്നു. സര്‍വേക്കിടയില്‍ നടന്ന ഈ സംഭവത്തെത്തുടര്‍ന്ന് ലൈംഗികചൂഷണങ്ങളുടെ നിരവധി കഥകളാണ് കോളനിയിലെ സ്ത്രീകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞത്. വിശപ്പു സഹിക്കാതെ കുഞ്ഞിനെയും കൊണ്ട് താഴെയുള്ള വിവാഹവീട്ടില്‍ ബാക്കിയായ ഭക്ഷണം ചോദിച്ചു ചെന്ന യുവതിയോട്, ഭക്ഷണം തരാം, പക്ഷേ പകരം രാത്രിയില്‍ താന്‍ കോളനിയിലേക്കു വരുമെന്നു പറഞ്ഞ വീട്ടുകാരന്റേത് അതിലൊന്നു മാത്രമാണ്. അവകാശങ്ങള്‍ പതിയെ മനസ്സിലാക്കുകയും കൈയിലെത്തുകയും ചെയ്തതോടെ ഉറച്ച ശബ്ദവുമായി തങ്ങള്‍ക്കു നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പു തുടങ്ങിയിരിക്കുകയാണ് പുലപ്രക്കുന്നുകാര്‍.

2015ല്‍ അന്നത്തെ ജില്ലാ കലക്ടറും പിന്നാലെയെത്തിയ ഉദ്യോഗസ്ഥ സംഘവും ചേര്‍ന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പോലെയല്ല, ഇത്തവണ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മേല്‍ അവകാശവും കുടിവെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാനാവശ്യങ്ങളും നേടുമെന്നതില്‍ ഇവര്‍ക്കിപ്പോള്‍ സംശയമില്ല. ഫെബ്രുവരി പതിനഞ്ചിനകം സ്ഥലത്തിന്റെ രേഖകള്‍ തയ്യാറാകുമെന്നും അതിനു ശേഷം മറ്റു രേഖകള്‍ നേടിയെടുത്ത് വീടും വൈദ്യുതിയും നേടാമെന്നുമാണ് ഇവരുടെ പ്രതീക്ഷ. കോഴിക്കോട് ജില്ലാ കലക്ടര്‍ സംബശിവറാവുവും പുലപ്രകുന്നിലെത്തിയിരുന്നു. അടിസ്ഥാനാവശ്യങ്ങളെക്കുറിച്ചാ‌യിരുന്നു കോളനിവാസികളും കലക്ടറുമായുള്ള ചര്‍ച്ചകള്‍.

 

 

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍