UPDATES

ഇപ്പോഴും അബ്രാഹ്മണര്‍ക്ക് ഇല വേറെ പന്തിയില്‍; നവോത്ഥാന കേരളത്തിലെ അയിത്തക്കാഴ്ചകള്‍

ഗുരുവായൂര്‍ സത്യാഗ്രവും ക്ഷേത്ര പ്രവേശന വിളംബരവുമൊക്കെ കഴിഞ്ഞ് നൂറ്റാണ്ടോളമായെങ്കിലും, എന്‍മകജെയിലെ ഒരു ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി ലഭിച്ചത് വെറും ഒരു മാസം മുന്‍പാണ്

ശ്രീഷ്മ

ശ്രീഷ്മ

“ബ്രാഹ്മണരുള്‍പ്പെടുന്ന ചടങ്ങുകളില്‍ അവര്‍ക്കു വേറെ പന്തിയും ബാക്കിയുള്ളവര്‍ക്ക് വേറെ പന്തിയുമാണ്. ‘നിങ്ങള്‍ക്ക് അവിടെയാണ്’ എന്ന് അവര്‍ കൃത്യമായിത്തന്നെ പറയും. നമ്മള്‍ കഴിച്ച പാത്രങ്ങള്‍ നമ്മളെക്കൊണ്ട് കഴുകിപ്പിക്കുക, നമ്മള്‍ ഇരുന്നിരുന്ന സ്ഥലം പുറത്തു നിന്നു വെള്ളം കൊണ്ടുവന്ന് തളിച്ചു ‘ശുദ്ധി’യാക്കുക ഇതൊക്കെ പതിവാണ്”, ജയപ്രകാശ് പറയുന്നത് നൂറ്റാണ്ടുകള്‍ക്കു മുന്നെയുള്ള അയിത്തത്തിന്റെയും ബ്രാഹ്മണമേല്‍ക്കോയ്മയുടെയും കഥയല്ല. കാസര്‍ഗോട്ടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും ആചാരമായിക്കണ്ട് പിന്തുടരുന്ന തൊട്ടുകൂടായ്മയുടെ അനുഭവസാക്ഷ്യമാണ്. നവോത്ഥാനാശയങ്ങള്‍ തുടരെത്തുടരെ ചര്‍ച്ചയാകുമ്പോഴും പലപ്പോഴും കേരളത്തിന്റെ പൊതുബോധത്തിനു പുറത്തുമാത്രം സ്ഥാനമുള്ള കാസര്‍ഗോട്ടെ ഇത്തരം ജാതീയമായ വേര്‍തിരിവുകള്‍ നിര്‍ബാധം തുടരുകയാണ്.

കാസര്‍ഗോഡിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലുള്ള ഗ്രാമങ്ങളില്‍ ബ്രാഹ്മണരുടെ ജാതീയമായ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ശീലങ്ങള്‍ വളരെ സാധാരണമായിത്തന്നെ നടന്നുപോരുന്നുണ്ട്. കന്നഡ-തുളു ഭാഷകള്‍ സംസാരിക്കുന്ന ഇവിടങ്ങളിലെ ജനത ഇപ്പോഴും വര്‍ണാശ്രമത്തിന്റെ അഴുക്കുകള്‍ പേറുന്നവരാണെന്നാണ് പരാതി. ബ്രാഹ്മണഗൃഹങ്ങളില്‍ പ്രവേശനമില്ലാത്തവരും, ക്ഷേത്രങ്ങളില്‍ ആരാധിക്കാന്‍ ആവകാശമില്ലാത്തവരും ഇന്നും ഇവിടങ്ങളിലുണ്ട്. ജാതീയമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അയിത്തത്തിന്റെ തോതും വ്യത്യാസപ്പെടുമെങ്കിലും, ബ്രാഹ്മണരും അബ്രാഹ്മണരും എന്ന ദ്വന്ദ്വത്തിനുള്ളിലാണ് ഇന്നും ഇവിടത്തുകാരുടെ ജീവിതം.

ദിവസങ്ങള്‍ക്കു മുന്നേ ഒരു ബ്രാഹ്മണഗൃഹത്തില്‍ വച്ച് തനിക്കുണ്ടായ അപമാനത്തെക്കുറിച്ചാണ് ബെള്ളൂര്‍ സ്വദേശിയായ ജയപ്രകാശിന് പറയാനുള്ളത്. സുഹൃത്തിനൊപ്പം ബേളേരിയില്‍ ബ്രാഹ്മണരുടെ വീട്ടിലെ ചടങ്ങിനെത്തിയ ജയപ്രകാശിനോട് മറ്റൊരു പന്തിയിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒപ്പം വന്ന ബല്ലാള്‍ സമുദായത്തില്‍പ്പെട്ട സുഹൃത്ത് ബ്രാഹ്മണര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചപ്പോള്‍ ബ്രാഹ്മണരും ബല്ലാക്കന്മാരുമല്ലാത്തവരെല്ലാം മറ്റൊരു പന്തലില്‍ മറ്റൊരു പന്തിയിലാണിരുന്നത്. എന്നാല്‍, അന്നുണ്ടായ അപമാനം എത്രയോ ചെറുതാണെന്നും, അതിലുമേറെ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവങ്ങള്‍ ഇനിയുമെത്രയോ ഉണ്ടെന്നും ജയപ്രകാശ് പറയുന്നു. നേരിട്ട അപമാനത്തിന് കൃത്യമായി പ്രതികരിച്ച് ജയപ്രകാശ് ഇറങ്ങിപ്പോന്നെങ്കിലും, ഈ അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങള്‍ക്കെല്ലാം ചോദ്യം ചെയ്യണമെന്നു പോലും തോന്നാത്തത്ര അടിയുറച്ചുപോയ ശീലമാണിത്.

“ആ വീട്ടുകാരേയോ അവിടെയുണ്ടായിരുന്ന വ്യക്തികളേയോ എനിക്കറിയില്ല. ഇത്തരമാളുകളുടെ വീട്ടില്‍ച്ചെന്നാല്‍ പരമാവധി ഭക്ഷണം കഴിക്കാതിരിക്കാനാണ് നോക്കാറ്. നമ്മള്‍ കഴിച്ച പാത്രങ്ങള്‍ നമ്മളെക്കൊണ്ടു തന്നെ കഴുകിപ്പിക്കുക, നമ്മള്‍ ഇരുന്നിരുന്ന സ്ഥലം പുറത്തു നിന്നും വെള്ളം കൊണ്ടുവന്ന് തളിച്ചു ‘ശുദ്ധി’യാക്കുക ഇതൊക്കെ ഇവിടെ പതിവാണ്. ഇതൊക്കെ വലിയ അപമാനമായി തോന്നുന്നതിനാല്‍ കഴിവതും ഭക്ഷണം കഴിക്കില്ല. അന്നു പക്ഷേ, സത്യം പറഞ്ഞാല്‍ വലിയ അപമാനം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരും. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ഒരുമിച്ചു പോയപ്പോള്‍ എനിക്കു വേറെ പന്തിയാണെന്ന് പറഞ്ഞെന്നേയുള്ളൂ. അതിലും രൂക്ഷമായ അനുഭവങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. എടുത്തു പറയാനാണെങ്കില്‍ സംഭവങ്ങള്‍ ഇഷ്ടം പോലെയാണ്. ഒരു പന്തി കാണുമ്പോള്‍ത്തന്നെ നമുക്കു മനസ്സിലാകും അവിടെ നമുക്കിടമില്ലെന്ന്. ഞങ്ങള്‍ക്കിത് നിത്യസംഭവമായതുകൊണ്ട് പലപ്പോഴും പ്രശ്‌നമായിപ്പോലും തോന്നാറില്ല”, ജയപ്രകാശ് പറയുന്നു. അതിര്‍ത്തിഗ്രാമങ്ങളിലെ ഓരോരുത്തര്‍ക്കും ഇത്തരം അപമാനത്തിന്റെ ഓരോ കഥകള്‍ പറയാനുണ്ടാകും.

പുത്തൂര്, സുള്ള്യ, മംഗലാപുരം എന്നീ കര്‍ണാടക പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന എന്‍മകജെ, ബെള്ളൂര്‍, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് ജാതിവിവേചനത്തിന്റെ ശക്തമായ മുഖം കാണാനാവുക എന്ന് പ്രദേശവാസികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നും വന്ന് കുടിയേറിപ്പാര്‍ത്തിട്ടുള്ള ബ്രാഹ്മണകുടുംബങ്ങള്‍ ഇവിടങ്ങളില്‍ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അധീശത്വമനോഭാവം ഒട്ടും കുറയാതെ ഇവരെല്ലാം ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നുമുണ്ട്. ധനാഢ്യരും വിദ്യാസമ്പന്നരും ക്ഷേത്രങ്ങളിലെ പുരോഹിതരുമായ ഇവരോട് മറ്റുള്ളവര്‍ കാണിച്ച വിധേയത്വം പിന്നീട് ആചാരമായി മാറിയതാവാമെന്നും പക്ഷമുണ്ട്. കേരളമാകെ അയിത്തത്തില്‍ നിന്നും വര്‍ണാശ്രമത്തില്‍ നിന്നും പ്രതിരോധത്തിലൂടെ മോചനം നേടിയപ്പോഴും അതിന്റെ അലയൊലികള്‍ കന്നഡയും തുളുവും സംസാരിക്കുന്ന ഇവരിലേക്കെത്തിയില്ല. അതുകൊണ്ടുതന്നെ, ബ്രാഹ്മണരല്ലാത്ത എല്ലാവരെയും തീണ്ടാപ്പാടകലെ നിര്‍ത്തുന്ന രീതി വീടുകളിലും പൊതുവിടങ്ങളിലുമടക്കം ഇന്നും തുടരുന്നു.

വിവാഹം, അടിയന്തിരം, ഇന്നും ഇവിടങ്ങളില്‍ ആഘോഷമായി നടത്തപ്പെടുന്ന തിരണ്ടുകുളി പോലുള്ള അവസരങ്ങളില്‍ ബ്രാഹ്മണഗൃഹങ്ങളില്‍ കാണുന്ന അതേ തൊട്ടുകൂടായ്മ വളരെ സ്വാഭാവികമെന്നോണം എന്‍മകജെയിലെയും ബെള്ളൂരിലെയും ക്ഷേത്രങ്ങളിലും പ്രകടമായിത്തന്നെ കാണാം. നെട്ടെണിഗെ ശിവക്ഷേത്രത്തില്‍ ഏകദേശം പതിനഞ്ചു വര്‍ഷം മുന്നെ വരെ അബ്രാഹ്മണര്‍ക്ക് കയറാന്‍ സാധിക്കില്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട്ടു നിന്നും സ്ഥലം മാറിയെത്തിയ ഈഴവ കുടുംബം ഇക്കാര്യമറിയാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത് അന്ന് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയതായി ജയപ്രകാശ് ഓര്‍ക്കുന്നുണ്ട്. അബ്രാഹ്മണര്‍ കയറിയതോടെ ക്ഷേത്രത്തിലെ ആചാരത്തിനു ഭംഗം വന്നെന്നു പറയുകയും കമ്മിറ്റി കൂടി വിഷയം ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിച്ചത് ഈഴവ കുടുംബമായതിനാലും, താരതമ്യേന ധനികരായതിനാലും പിന്നീട് വലിയ പ്രശ്‌നമാകാതെ പോകുകയായിരുന്നു. ഇന്നും നെട്ടെണിഗെ ക്ഷേത്രത്തില്‍ ശ്രീകോവിലിനു മുന്നില്‍ നിന്നും തൊഴാനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമാണെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ ആചാര ലംഘനം നടന്നു എന്നു പറയുന്നതും അയിത്തത്തെ ന്യായീകരിക്കുന്നതും അഭ്യസ്തവിദ്യരായ സ്ത്രീകളടക്കമുള്ളവരാണെന്നിരിക്കേ ബെള്ളൂരിലും എന്‍മകജെയിലുമുള്ള സാധാരണക്കാര്‍ അങ്ങനെ കരുതിയാല്‍ അത്ഭുതമില്ലല്ലോയെന്ന് സിപിഎം നേതാവും പൊസൊളിഗെ ജാതിസമരത്തില്‍ സജീവ പങ്കാളിയുമായിരുന്ന സിജി മാത്യൂസ് ചോദിക്കുന്നു.

“ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടില്‍ മുന്‍പും ഉണ്ടായിട്ടില്ലേ. ആചാരങ്ങളെന്നു കരുതി അതെല്ലാം എല്ലാവരും പിന്‍പറ്റുകയായിരുന്നല്ലോ. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. യാഥാസ്ഥിതികരായ പലരും ആചാരമെന്ന പേരില്‍ തൊട്ടുകൂടായ്മയെ മുറുകെപ്പിടിക്കുകയാണ്. ബ്രാഹ്മണരുടെ കുറ്റമായി മാത്രം ഇതിനെ വിശേഷിപ്പിക്കുന്നതിലും അര്‍ത്ഥമില്ല. ജാതി ഭേദമന്യേ എല്ലാവരും ഇതില്‍ വിശ്വസിക്കുന്നവരാണ്. സത്യത്തില്‍ ഇത് അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. ഇവിടെ നെട്ടെണിഗെ അടക്കം ഒന്നു രണ്ടു ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ക്കു മാത്രമാണ് ശ്രീകോവിലിനു മുന്നില്‍ നിന്നും തൊഴാന്‍ അനുവാദമുള്ളത്. ദൈവകോപം കിട്ടുമെന്ന ഭയത്തില്‍ ദളിതരാരും ഇതിനെ ചോദ്യവും ചെയ്യില്ല.

ബെള്ളൂരില്‍ ഒരു പുതിയ ക്ഷേത്രമുണ്ട്. ബ്രാഹ്മണര്‍ക്കു തൊട്ടു താഴെ നില്‍ക്കുന്ന റായ് വിഭാഗക്കാര്‍ക്കും ദളിതരിലെ യാദവര്‍ക്കുമൊന്നും ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ഇവിടുത്തെ നായന്മാര്‍ക്കു തുല്യരാണ് റായ് വിഭാഗക്കാരെന്നോര്‍ക്കണം. ബ്രാഹ്മണര്‍ക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നതു മാത്രമല്ല, വിളമ്പുന്നതും ബ്രാഹ്മണരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇവിടെ മാത്രമല്ല, കാസര്‍ഗോഡിനു വടക്കോട്ടുള്ള ഏകദേശം എല്ലാ സ്ഥലങ്ങളിലെയും ക്ഷേത്രങ്ങളില്‍ ബ്രാഹ്മണാധിപത്യം നിലനില്‍ക്കുന്നുണ്ട്. ഭക്ഷണമുണ്ടാക്കാന്‍ പഴയിടം തന്നെ വേണമെന്ന മലയാളികളുടെ ഒരു നിര്‍ബന്ധമുണ്ടല്ലോ. അതുതന്നെയാണിത്.”

ഗുരുവായൂര്‍ സത്യഗ്രവും ക്ഷേത്ര പ്രവേശന വിളംബരവുമൊക്കെ കഴിഞ്ഞ് നൂറ്റാണ്ടോളമായെങ്കിലും, എന്‍മകജെയിലെ ഒരു ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി ലഭിച്ചത് വെറും ഒരു മാസം മുന്‍പാണ്. സാംസ്‌കാരിക കേരളത്തിന്റെ പരിഗണനയില്‍ മിക്കപ്പോഴും ഉള്‍പ്പെടാതെ പോകുന്ന കാസര്‍ഗോട്ടെ ഗ്രാമങ്ങളിലെ അയിത്തം ഇനിയെങ്കിലും സാമൂഹിക പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കണമെന്ന ആവശ്യമാണ് ഇവിടത്തുകാര്‍ക്ക് മുന്നോട്ടുവയ്ക്കാനുള്ളത്.

ഗ്രാമത്തിനും ജില്ലയ്ക്കും പുറത്തുപോയി വിദ്യാഭ്യാസവും ജോലിയും തേടുന്ന പുതിയ തലമുറ ഒരു പരിധിവരെയെങ്കിലും ചെറുത്തു നില്‍പ്പ് തുടങ്ങിയിട്ടുണ്ട്. ജയപ്രകാശടക്കമുള്ളവര്‍ തൊട്ടുകൂടായ്മയെ ചോദ്യം ചെയ്യാനാരംഭിച്ചതോടൊപ്പം തന്നെ, ബ്രാഹ്മണ കുടുംബങ്ങളിലെ യുവാക്കള്‍ തങ്ങളുടെ പരമ്പരകള്‍ ഊട്ടിയുറപ്പിച്ചു പോന്ന ജാതീയതയെ തള്ളിപ്പറയാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ മുളപൊട്ടിയിരിക്കുന്ന സാമൂഹിക മാറ്റം എത്രത്തോളം വേഗത്തില്‍ പൂര്‍ണമായും സാധ്യമാകും എന്ന കാര്യത്തില്‍ ബെള്ളൂരുകാര്‍ക്ക് സംശയവുമുണ്ട്.

“ബ്രാഹ്മണരല്ലാത്ത എല്ലാവരോടും കാണിക്കുന്ന വേര്‍തിരിവ് ദളിതരുടെ കാര്യത്തില്‍ അല്പം കൂടി ശക്തമാകും. വെള്ളം തളിപ്പിക്കലും പാത്രം കഴുകിക്കലുമൊക്കെ ദളിതര്‍ക്കുനേരെയാണ് കൂടുതല്‍. പക്ഷേ നമ്മള്‍ അവര്‍ക്കൊപ്പമുള്ളപ്പോള്‍ നമ്മള്‍ മാത്രം മാറിനില്‍ക്കുകയും ചെയ്യില്ല. നമുക്കു കയറിപ്പോകാവുന്നയിടങ്ങളില്‍പ്പോലും അവരെ പുറത്തു നിര്‍ത്തുക എന്നു പറഞ്ഞാല്‍ എന്തു കഷ്ടമാണ്. പക്ഷേ, ബ്രാഹ്മണ കുടുംബങ്ങളിലെ പുതിയ തലമുറ വിവേചനബുദ്ധിയുള്ളവരാണ്. അവരുടെയൊപ്പം അവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ ഈ ജാതി വ്യത്യാസം പരമാവധി കാണിക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷേ, കുടുംബത്തിലെ മുതിര്‍ന്നവരെ മുഷിപ്പിക്കാന്‍ അവര്‍ക്കുമാവില്ലല്ലോ. അതുകൊണ്ട് കഴിവതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കും.

കന്നഡിഗകളാണ് മിക്ക ബ്രാഹ്മണകുടുംബങ്ങളും. കര്‍ണാടകയില്‍ നിന്നെത്തുന്ന ബന്ധുക്കളുള്ളവരും കുടുംബത്തിനകത്ത് തന്നെ വിവാഹം കഴിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ പുറമേയുള്ളവരുമായി സംസാരവും സമ്പര്‍ക്കവും നന്നേ കുറവാണ്. പഞ്ചായത്തില്‍ വന്നാല്‍പ്പോലും ഇടപെടല്‍ കുറവാണ്. മറ്റു ജാതിക്കാരെ വീടിനകത്തു കയറ്റാത്തവരും, മറ്റു ജാതിക്കാരുടെ വീടുകളില്‍ കയറാത്തവരും ധാരാളമുണ്ട്. മറ്റു വീടുകളില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. പുറമേ നിന്നുമെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇക്കാര്യം പരിചയമില്ലാത്തതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.”

Also Read: 21-ാം നൂറ്റാണ്ടിലും ജന്മിവാഴ്ചയോ? കേരളം കാണാതെ പോയ ദളിതരുടെ ജാതിസമരം

Also Read: വഴി വെട്ടിയത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്; പൊസൊളിഗെയിലെ പാളത്തൊപ്പി സമരം

പൊസൊളിഗെ പോലുള്ള ജാതിസമരങ്ങള്‍ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കാറ്റു മാറി വീശുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. റോഡിനു വേണ്ടിയും ജന്മിക്കെതിരെയുമുള്ള സമരമെന്നാണ് പൊസൊളിഗെ കോളനിക്കാരുടെ സമരം അറിയപ്പെടുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ ജാതീയതയ്ക്കും ബ്രാഹ്മണമേധാവിത്വത്തിനുമെതിരായുള്ള ദളിതരുടെ പ്രതിരോധമായിരുന്നു അവിടെ നടന്നത്. ഒരു സമരത്തിന്റെ വിജയത്തിലൂടെ അടിമവേലയില്‍ നിന്നും മുക്തരായ പൊസൊളിഗെക്കാരുടെ ആത്മധൈര്യവും ആര്‍ജവവുമാണ് കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ കീഴാള ജനവിഭാഗത്തിന് ഇനി വേണ്ടത്.

സാമൂഹിക പ്രശ്‌നമെന്നതിലുപരി, കാസര്‍ഗോഡന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിക്കൂടി വേണം ഇത്തരം ഉച്ചനീചത്വങ്ങളെ പരിഗണിക്കാന്‍. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനത്തിനു ശേഷം മലബാറില്‍ വിശാലമായ മറ്റൊരു പന്തിഭോജനം നടന്നത് കാസര്‍കോട് ജില്ലയിലെ കൊടക്കാടാണ്. സിജിയുടെ വാക്കുകള്‍ കടമെടുത്താല്‍, കൊടക്കാട്ട് പന്തിഭോജനത്തിന്റെ എണ്‍പതാം വാര്‍ഷികം ദിവസങ്ങള്‍ക്കകം ആചരിക്കാനിരിക്കേ, അവിടെ നിന്നും എഴുപതു കിലോമീറ്റര്‍ മാറിയുള്ള ബെള്ളൂരില്‍ ബ്രാഹ്മണ്യം ഇപ്പോഴും പന്തിയില്‍ അയിത്തം പാലിക്കുകയാണ്. സാംസ്‌കാരിക കേരളത്തിനും വടക്കന്‍ കാസര്‍കോട്ടെ ഗ്രാമങ്ങള്‍ക്കും തമ്മിലുള്ള അകലം കുറയ്ക്കുക എന്നത് യുവതലമുറയുടെ കൂടി ആവശ്യമാണ്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍