UPDATES

ഭൂതക്കോലം കെട്ടാനും അമ്പലം പുതുക്കിപ്പണിയാനും ദളിതന്‍; പക്ഷേ അകത്തു കയറുന്നത് ‘ആചാരലംഘനം’; ഭക്ഷണം ബ്രാഹ്മണന്‍ കൂവി വിളിച്ചു കൊടുക്കും: അയിത്ത കേരളം

കാസര്‍കോടന്‍ ഗ്രാമങ്ങളിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ ഭൂരിഭാഗവും ബിജെപി- ആര്‍എസ്എസ് ബന്ധമുള്ളവരോ പ്രവര്‍ത്തകരോ ആണ്

ശ്രീഷ്മ

ശ്രീഷ്മ

മലബാറില്‍ തെയ്യം ഉത്സവങ്ങള്‍ ആരംഭിക്കുന്ന കാലത്തു തന്നെ കാസര്‍കോടന്‍ ഗ്രാമങ്ങളിലും കോലം കെട്ടിയാടുന്ന ക്ഷേത്രോത്സവങ്ങള്‍ക്കും തുടക്കമാകും. എന്‍മകജെയിലെ പഡ്രെ ഗ്രാമത്തിലുള്ള ജടാധാരി ക്ഷേത്രത്തിലെ ഭൂതക്കോലവും അക്കൂട്ടത്തില്‍ ഏറെ വിശേഷപ്പെട്ടതാണ്. ദളിത് വിഭാഗമായ പരവര്‍ ഭൂതക്കോലം കെട്ടിയാടുന്ന ജടാധാരി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പക്ഷേ, ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. കാസര്‍കോട്ടെ പൊതു ആരാധനാലയങ്ങള്‍ ബ്രാഹ്മണമേല്‍ക്കോയ്മയ്ക്ക് അടിമപ്പെടുകയും ഒരു വലിയ വിഭാഗം ജനങ്ങള്‍ ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു നില്‍ക്കേണ്ടിവരികയും ചെയ്യുന്നതിന്റെ വലിയൊരു ഉദാഹരണമാണ് പഡ്രെയിലെ ഈ ക്ഷേത്രോത്സവം.

ജാതീയതയുടെ ഏറ്റവും പ്രകടമായ വെളിപ്പെടലുകളാണ് വടക്കന്‍ കാസര്‍കോട്ടെ ക്ഷേത്രഭൂമികളില്‍ എക്കാലത്തുമുണ്ടായിട്ടുള്ളത്. മിക്ക ക്ഷേത്രങ്ങളും കീഴാളവിഭാഗത്തിന് അപ്രാപ്യമായിരുന്ന ഒരു കാലത്തില്‍ നിന്നും ഏറെ മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ക്കൂടി, ജടാധാരി ക്ഷേത്രം പോലെ ചിലയിടങ്ങളില്‍ ആചാരമെന്ന പേരില്‍ ഇപ്പോഴും അയിത്തം നിലനിന്നു പോരുന്നുണ്ട്. പുതിയ തലമുറ ഈ തൊട്ടുകൂടായ്മയെ ചോദ്യം ചെയ്യുമ്പോഴും, ആചാരങ്ങള്‍ ലംഘിക്കാന്‍ വിമുഖത കാണിക്കുകയാണ് പഡ്രെയിലെ മുതിര്‍ന്നവര്‍.

“ദേവനെയല്ല, ഭൂതക്കോലത്തെയാണ് ജടാധാരി ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഒരു തരത്തിലുള്ള തെയ്യം ഉത്സവം എന്നു തന്നെ പറയാം. ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒരു ബ്രാഹ്മണകുടുംബമാണ്. അവരുടെ സ്വകാര്യ സ്വത്തായാണ് കരുതിപ്പോരുന്നതെങ്കിലും പഡ്രെയിലെ എല്ലാവരും പങ്കെടുക്കുന്ന വലിയ ഉത്സവമാണ് അവിടെയുള്ളത്. കഴിഞ്ഞ വേനല്‍ക്കാലത്ത് അവിടെ ജീര്‍ണോദ്ധാരണവും ബ്രഹ്മകലശവും മറ്റും കഴിഞ്ഞിരുന്നു. അന്നൊക്കെ കായികമായും സാമ്പത്തികമായും ഏറെ സഹായിച്ചിട്ടുള്ളത് പ്രദേശത്തെ ദളിത്-ഗോത്ര വിഭാഗക്കാരാണ്. വിശ്വാസികള്‍ എന്ന പേരില്‍ അവരുടെ സഹായം കൈപ്പറ്റിയ ശേഷമാണ് തൊട്ടടുത്ത ഉത്സവത്തിന് പങ്കെടുക്കാനുള്ള അനുമതി ഈ ബ്രാഹ്മണകുടുംബം ഇവര്‍ക്കു നിഷേധിച്ചത്. അവര്‍ കൊടുക്കുന്ന കാശും അവരുടെ സഹായവും വേണമെങ്കില്‍, അവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് എന്താണ് തടസ്സം?”, അഭിഭാഷകനും വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളയാളുമായ ചന്ദ്രമോഹന്‍ ചോദിക്കുന്നു.

ക്ഷേത്രത്തില്‍ നിന്നും തങ്ങളെ എല്ലാക്കാലത്തും പുറത്തു നിര്‍ത്തിയിരുന്നത് മുതിര്‍ന്നവര്‍ പറയുന്നതുപോലെ ആചാരമല്ല, മറിച്ച് വ്യക്തമായ അയിത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറയില്‍പ്പെട്ടവരും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് ജടാധാരി ക്ഷേത്ര പ്രവേശന വിഷയം ചര്‍ച്ചയാക്കിയതെന്നും ചന്ദ്രമോഹന്‍ പറയുന്നു. ഭരണകൂടത്തിന്റെ ശ്രദ്ധ വിഷയത്തില്‍ പതിയുകയും ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. വിഷയം പഠിക്കാന്‍ കമ്മീഷനെയും നിയോഗിച്ചിരുന്നു. കഴിഞ്ഞ ഉത്സവത്തില്‍ ദളിത് വിഭാഗക്കാരില്‍ ചിലര്‍ ക്ഷേത്രത്തിലെത്തി പങ്കുകൊള്ളുക തന്നെ ചെയ്തു. എന്നാല്‍, അതോടെ തീരുമെന്നു കരുതിയ കൊടിയ അയിത്തത്തിനു മാത്രം പ്രതിവിധിയുണ്ടായില്ല.

പഡ്രെയിലെ 1200-ഓളം കുടുംബങ്ങള്‍ ചേര്‍ന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണം കഴിഞ്ഞ വര്‍ഷം നടത്തിയത്. നേരത്തേ ഉണ്ടായിരുന്ന ക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് പ്രദേശത്തെ കുടുംബങ്ങള്‍ക്കെല്ലാം അഭിവൃദ്ധിയുണ്ടാക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ്. ഓരോ കുടുംബത്തില്‍ നിന്നും ഭണ്ഡാരം വഴി തുക സ്വരൂപിച്ച് ജടാധാരി ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്ഷേത്രത്തിനായുള്ള എല്ലാ ചെലവുകളും ദളിതരും ഗോത്രവിഭാഗക്കാരുമുള്‍പ്പടെയുള്ള ഈ ആയിരത്തിയിരുന്നൂറു കുടുംബങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചാണ് കണ്ടെത്തിയത്. മാത്രമല്ല, നിര്‍മാണപ്രവര്‍ത്തനങ്ങളിലും പഡ്രെയിലെ ദളിതര്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. തങ്ങളുടെ വിയര്‍പ്പും പണവുമുപയോഗിച്ച് കെട്ടിപ്പൊക്കിയ ക്ഷേത്രത്തിലെ ഉത്സവത്തിന് തങ്ങള്‍ക്ക് പങ്കെടുത്തുകൂടാ എന്ന ആചാരത്തെയാണ് ഇവിടത്തുകാര്‍ ചോദ്യം ചെയ്യുന്നത്.

സമീപത്തെ 24-ഓളം ബ്രാഹ്മണ കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ നാലു നൂറ്റാണ്ടായി പിന്നോക്ക വിഭാഗങ്ങൾക്ക് പ്രവേശനമില്ല. ഉത്സവകാലത്തോ അല്ലാത്ത സമയങ്ങളിലോ, ബ്രാഹ്മണന്‍ ശാന്തിയായിരിക്കുന്ന ആ ക്ഷേത്രത്തിനകത്ത് കീഴാള വിഭാഗക്കാര്‍ കാലുകുത്തിക്കൂടാ എന്ന തീട്ടൂരം ഇന്നും അവിടെ മുടക്കമില്ലാതെ പാലിക്കപ്പെടുകയാണ്. ക്ഷേത്രത്തിനു പുറത്ത് ഭക്ഷണം വിളമ്പുമ്പോഴും ഈ ജാതി വ്യത്യാസം പ്രകടമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. “ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടവര്‍ കൂവി വിളിക്കും. അപ്പോള്‍ ദളിതരും മറ്റും ഓടിയെത്തി ഭക്ഷണം കഴിച്ചോളണം. കൂവി വിളിച്ച് ഭക്ഷണം കൊടുക്കുന്നതു പോലും ഈ അടിമയുടമ സമ്പ്രദായത്തിന്റെ ബാക്കിയാണല്ലോ. ഇതു ശരിയായ നടപടിയല്ല എന്നു തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഈ കുടുംബത്തെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതലൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആചാരമിതാണെന്നുമാണ് അവര്‍ക്കു പറയാനുള്ള ന്യായം.”

പഡ്രെയിലെ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും ഈ ബ്രാഹ്മണ കുടുംബങ്ങള്‍ക്കെതിരായി എന്തെങ്കിലും ഉച്ചരിക്കാന്‍ പോലും ഭയമാണ്. പണ്ട് ഗ്രാമത്തിലെ പ്രമാണിമാരായിരുന്ന കൂട്ടു കുടുംബം ഇന്ന് വിഭജിക്കപ്പെട്ട പല ജന്മി കുടുംബങ്ങളായി തിരിഞ്ഞിട്ടുണ്ട്. ഈ ജന്മി കുടുംബങ്ങളിലാണ് ഗ്രാമത്തിലെ ദളിതര്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ പ്രധാന ഭൂവുടമകളും ഇവരാണ്. പഡ്രെയിലെ വയല്‍നിലങ്ങളും മറ്റു ഭൂമിയുമെല്ലാം ഇവരുടെ അധീനതയില്‍ത്തന്നെയാണുള്ളത്. കാര്‍ഷിക വൃത്തിയായാലും മറ്റു തൊഴിലുകളായാലും ജന്മിമാരുടെ കീഴിലാണ് ഇവിടത്തുകാര്‍ പരമ്പരാഗമായി ചെയ്തു പോരുന്നത്. ആരാധിക്കാനുള്ള അവകാശത്തെപ്പറ്റി മിണ്ടിപ്പോയാല്‍ ജോലിയില്ലാതാകുമോ എന്ന ഭയം ദളിതര്‍ക്കുണ്ട്. ഇക്കാരണം കൊണ്ടു തന്നെ അയിത്തവും തൊട്ടുകൂടായ്മയും കൊണ്ടുള്ള അപമാനങ്ങള്‍ സഹിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണ്.

“ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ആരാധിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഈ നാട്ടില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ ദളിതരുടെ കാശും കാര്യങ്ങളുമൊക്കെ എടുക്കാമെങ്കില്‍ ഇക്കാര്യത്തില്‍ മാത്രമെന്തിനാണ് അയിത്തം? രാജ്യസഭാ എംപി ശ്യാമപ്രസാദ് അടക്കമുള്ളവര്‍ ഇവിടെയെത്തി വിഷയം പഠിക്കാമെന്നു പറഞ്ഞിരുന്നു. തിരക്കുകള്‍ കാരണം സാധിച്ചിട്ടില്ല. ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമരപരിപാടികള്‍ തന്നെ ഇവിടെ ആവശ്യമുണ്ട്. കമ്മീഷന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിറ്റിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളില്‍ ബ്രാഹ്മണര്‍ കീഴാളരെ വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ പോലും നടക്കുന്നുണ്ട്, ഇല്ലെന്നു പറയുന്നില്ല. അതേ സമയം, ഇത്തരം വിഷയങ്ങളും കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ സാധാരണമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്”, ചന്ദ്രമോഹന്‍ ചൂണ്ടിക്കാട്ടുന്നു.

തുളു, കന്നഡ, ഉറുദു എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളാണ് പഡ്രെയിലുള്ളത്. തുളു വിഭാഗത്തില്‍പ്പെട്ട തീയ്യര്‍ മുതല്‍ കൊറഗ ഗോത്രക്കാര്‍ വരെ ജടാധാരി ക്ഷേത്രത്തിനു പുറത്താണ്. ദളിതര്‍ കോലം കെട്ടിയാടുന്ന ഉത്സവത്തില്‍പ്പോലും ദളിതര്‍ക്ക് പങ്കുകൊള്ളാനാകുന്നില്ല എന്നത് ക്ഷേത്രങ്ങള്‍ പതിയ ബ്രാഹ്മണവത്ക്കരിക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമല്ലാതെ മറ്റൊന്നുമല്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാസര്‍കോടിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലും വലിയ സ്വാധീനം ചെലുത്തുന്നവയാണ് ഇത്തരം അനാചാരങ്ങള്‍. കാസര്‍കോടന്‍ ഗ്രാമങ്ങളിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ ഭൂരിഭാഗവും ബിജെപി- ആര്‍എസ്എസ് ബന്ധമുള്ളവരോ പ്രവര്‍ത്തകരോ ആണ്. രാഷ്ട്രീയ സ്വാധീനവും വിഭവങ്ങള്‍ക്കു മേലെയുള്ള ആധിപത്യവും പഡ്രെയടക്കമുള്ളയിടങ്ങളില്‍ ബ്രാഹ്മണരുടെ അപ്രമാദിത്യം ഇന്നും തുടരുന്നതിനു കാരണമാകുന്നുണ്ട്.

ബ്രാഹ്മണരുടെ വീടുകളില്‍പ്പോലും ഇതര ജാതി വിഭാഗങ്ങള്‍ക്ക് പ്രവേശനമില്ലാത്തിടത്ത് ക്ഷേത്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നത് വലിയ കാര്യമല്ലല്ലോ എന്നാണ് എന്‍മകജെക്കാര്‍ക്ക് ചോദിക്കാനുള്ളത്. പുതിയ തലമുറയുടെ ചിന്തകളില്‍ കാര്യമായ മാറ്റങ്ങളും അവകാശങ്ങളെക്കുറിച്ചുള്ള ധാരണയുമുണ്ടാകുന്നതും പ്രതീക്ഷാവഹമായ കാര്യമാണ്. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് സമരങ്ങളുണ്ടായാല്‍, സര്‍ക്കാര്‍ ശ്രദ്ധ പതിയുകയും താത്ക്കാലിക പരിഹാരമുണ്ടാകുകയും ചെയ്യുമെങ്കിലും, ജനങ്ങളുടെ മനസ്സില്‍ അടിയുറച്ചു പോയ വിധേയത്വം ഉടച്ചു കളയാനുള്ള ബോധവല്‍ക്കരണമാണ് ആദ്യം വേണ്ടതെന്നാണ് ചന്ദ്രമോഹനടക്കമുള്ളവരുടെ പക്ഷം. അയിത്തമാചരിക്കുന്ന ഇത്തരം ഇടങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഇത്തരം ആയിത്താചരണം കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട് എന്നു ഇന്നലെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു: ഇപ്പോഴും അബ്രാഹ്മണര്‍ക്ക് ഇല വേറെ പന്തിയില്‍; നവോത്ഥാന കേരളത്തിലെ അയിത്തക്കാഴ്ചകള്‍

(ചിത്രങ്ങള്‍ ക്ഷേത്രം പുതുക്കിപ്പണിയുന്ന വേളയിലേത്)

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍