UPDATES

കേരളം

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ശക്തമായ ദേവീ കോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടി വരുമെന്നും ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

‘നല്ല നായന്‍മാരും നമ്പൂതിരിമാരുമൊക്കെ താമസിക്കുന്ന സ്ഥലത്ത് വെറുതെ ഒരു ചോകോനെ പിടിച്ച് ശാന്തിക്കാരനായി വയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അതുകൊണ്ട് തന്ത്രിക്കും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ഞങ്ങള്‍ നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ട്’- ചെട്ടികുളങ്ങര സ്വദേശി രഞ്ജിത്തിന്റെ വാക്കുകളാണിത്. രഞ്ജിത്തിന്റെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്ന ജാതിവെറിയും സ്പര്‍ധയും തന്നെയാണ് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമനം ലഭിച്ച സുധികുമാറിനെ അവിടെ നിന്ന് തുരത്തിയതും.

ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ദേവസ്വം ബോര്‍ഡ് നിയമിച്ച സുധികുമാറിന്റെ നിയമനം ദേവസ്വം ബോര്‍ഡ് പിന്നീട് തടഞ്ഞിരുന്നു. ഈഴവ സമുദായക്കാരനായ സുധികുമാര്‍ കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു ചുമതലയേല്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുമ്പേ അബ്രാഹ്മണനെ ശാന്തിക്കാരനാക്കുന്നതിനെതിരേ ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കി. പിന്നീട് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് പരിഗണിച്ച ശേഷം തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറെ ചുമതലപ്പെടുത്തി.

തുടര്‍ന്ന് അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ശക്തമായ ദേവീ കോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടി വരുമെന്നും കാണിച്ച് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ഹിന്ദുമത കണ്‍വെന്‍ഷന്‍ അംഗങ്ങളും അറിയിച്ചു. ഇതോടെ നിയമനം തത്ക്കാലം നിര്‍ത്തിവക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമദാസ് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. സുധികുമാര്‍ മുമ്പ് ജോലി ചെയ്തിരുന്ന പുതിയിടം ക്ഷേത്രത്തില്‍ ജോലി തുടരുകയാണ്.

വളരെ ചെറുപ്പം മുതലേ അമ്മയുടെ കൈപിടിച്ച് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോയിരുന്ന ഒരാളാണ് ഞാന്‍. എന്റെ അച്ഛനും അപ്പൂപ്പനുമെല്ലാം ശാന്തിക്കാരാണ്. അത്രയും പാരമ്പര്യമുള്ള ഞാന്‍ ചെട്ടികുളങ്ങര അമ്മയെ പൂജിച്ചാല്‍ അത് അയിത്തമാവുമെന്ന് പറയുന്നതെന്ത് ന്യായമാണ്? ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ വണങ്ങുന്ന അമ്മയെ പൂജിക്കുക എന്നത് എന്റെ ജീവിതാഭിലാഷമാണ്. അതിനാണ് അവര്‍ അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും അയിത്തം തുടരുന്നതിന്റെ തെളിവാണ് എന്റെ നിയമനം തടഞ്ഞുവച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് ദോഷമാവുമെന്നാണ് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ മലയാളി ബ്രാഹ്മണ സമുദായത്തിലെ ആളുകളെ മാത്രമേ പൂജയ്ക്ക് വയ്ക്കാവൂ എന്നും തന്ത്രി കമ്മീഷ്ണര്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നു. തുളു ബ്രാഹ്മണനായിരുന്ന ദേവരാജന്‍ പോറ്റി മേല്‍ശാന്തിയായി പൂജ ചെയ്തിരുന്ന ക്ഷേത്രത്തില്‍ എപ്പോഴാണ് ഇങ്ങനെയൊരു ആചാരം വന്നതെന്ന് അറിയില്ല. ക്ഷേത്രഭരണം കൈയാളുന്ന ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനിലെ 13ല്‍ 11 പേരും സവര്‍ണരാണ്. ഇവരുടെ താത്പര്യം സംരക്ഷിക്കാനായി ദേവസ്വം കമ്മീഷ്ണറും കൂട്ടുനിന്നു’- സുധികുമാര്‍ പറയുന്നു.

എന്നാല്‍ ക്ഷേത്രാന്തരീക്ഷം കലുഷിതമാകരുതെന്ന് കരുതിയാണ് ഈ തീരുമാനമെടുത്തതെന്നാണ് കമ്മീഷ്ണറുടെ വാദം. ദേവസ്വം ബോര്‍ഡിന് ജാതി വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളം എംഎല്‍എ യു. പ്രതിഭാ ഹരി ഈ വിഷയം നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് സുധികുമാറിന്റെ നിയമനം തടഞ്ഞുവച്ച ബോര്‍ഡ് കമ്മീഷ്ണര്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ശബരിമലയില്‍ ഗണേശോത്സവവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നുമാത്രമല്ല സുധികുമാര്‍ തന്നെ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

"</p

ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറയുന്നത്, ‘ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്‌വഴക്കം അങ്ങനെയാണ്. ആ കീഴ്‌വഴക്കം അതേപടി തുടരുക എന്നേ തന്ത്രിക്ക് പറയാന്‍ കഴിയൂ. അത് ഞാനും പറഞ്ഞു. ഇത് ജാതിയുടേയോ മതത്തിന്റേയോ പ്രശ്‌നമല്ല. ആചാരങ്ങള്‍ അതേപടി നിലനില്‍ക്കുക എന്നതാണ് ഏതിന്റേയും സ്വത്വം എന്ന് പറയുന്നത്. അത് ക്ഷേത്രങ്ങളിലായാലും വ്യക്തികള്‍ക്കായാലും എല്ലാം അങ്ങനെ തന്നെ. കേരളത്തില്‍ പൊതുവെ കേരള ബ്രാഹ്മണന്‍മാര്‍ ആണ് ഈ ആചാരം അനുഷ്ഠിച്ചുവരുന്നതെന്നാണ് മനസ്സിലായിട്ടുള്ളത്. ക്ഷേത്രത്തിന്റെ സംവിധാനം മാറ്റാന്‍ പറയാന്‍ തന്ത്രിക്ക് അധികാരമില്ല. പിന്നെ, നിയമങ്ങളും മറ്റ് കാര്യങ്ങളും നടത്തേണ്ടത് ദേവസ്വം ബോര്‍ഡും അതിന്റെ ഭരണാധികാരികളുമാണ്. നമുക്ക് അഭിപ്രായം പറയാം എന്നേയുള്ളൂ. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.’

ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രം പൂജിക്കുന്ന പാരമ്പര്യം അവസാനിപ്പിച്ചുകൊണ്ടാണ് ദേവസ്വംബോര്‍ഡിന്റെ കീഴില്‍ അബ്രാഹ്മണരേയും ശാന്തിക്കാരായി നിയമിക്കാന്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നിരിക്കെ ചെട്ടികുളങ്ങരയില്‍ ഇത് മറികടന്നത് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് എസ്.എന്‍.ഡി.പി. യൂണിയന്‍ ആരോപിക്കുന്നത്.

എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ഡി. സുരേഷ്ബാബു പറയുന്നു; ‘ചെട്ടികുളങ്ങര പഞ്ചായത്തിലെ 13 കരകളുടെ ക്ഷേത്രമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. ഈ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനായി ഒരാളെ നിയമിച്ചു. അയാള്‍ പതിഞ്ച് വര്‍ഷത്തോളമായി ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നയാളാണ്. ഇപ്പോള്‍ കായംകുളത്ത് പുതിയടം എന്ന പഴക്കമുള്ള വലിയ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ സ്ഥലംമാറ്റത്തിനായി അപേക്ഷ ക്ഷണിക്കും. അതുപോലെ അപേക്ഷ ക്ഷണിച്ചപ്പോള്‍ അയാള്‍ അതാവശ്യപ്പെട്ടു. ചെട്ടികുളങ്ങരയുടെ പരിധിയില്‍ വരുന്നയാളാണ്. പഴയിടം ക്ഷേത്രത്തില്‍ നിന്ന് ചെട്ടികുളങ്ങരയ്ക്ക് സ്ഥലംമാറ്റം നല്‍കി. ഉടനെ അവിടെയുള്ളവര്‍ പലരും ഇയാളെ ക്ഷേത്രത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് വെല്ലുവിളി ഉയര്‍ത്തി. അബ്രാഹ്മണനായതുകൊണ്ട് അതിന് സാധ്യമല്ല എന്നായിരുന്നു അവരുടെ വാദം. ഇതറിഞ്ഞപ്പോള്‍ എസ്.എന്‍.ഡി.പി. ഈ വിഷയം ഏറ്റെടുത്തു. അബ്രാഹ്മണരെ കാലുകുത്തിക്കില്ല എന്നാണെങ്കില്‍ ഞങ്ങള്‍ കാലുകുത്തിക്കും, ഞങ്ങളോടൊപ്പം ക്ഷേത്രത്തില്‍ അദ്ദേഹം കയറും, ആരാ തടയുന്നതെന്ന് അറിയണമല്ലോ എന്ന് ഞങ്ങളും പറഞ്ഞു. അപ്പോഴേക്കും അവര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കാര്യങ്ങള്‍ തീരുമാനിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ ദേവസ്വം കമ്മീഷ്ണറെ കോടതി ചുമതലപ്പെടുത്തി.

മുമ്പ് സുപ്രീംകോടതി ഇന്ത്യയിലെ ഏത് ക്ഷേത്രത്തിലും ഹിന്ദുവായ, യോഗ്യതയുള്ള, തന്ത്രമന്ത്രങ്ങള്‍ അറിയാവുന്ന ആര്‍ക്കും പൂജാദികര്‍മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ജാതിയുടെ പേരില്‍ ഒരാളെ മാറ്റിനിര്‍ത്താന്‍ പാടില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുധികുമാറിനെ നിയമിക്കാന്‍ കമ്മീഷ്ണര്‍ പറയുമെന്നാണ് ഞങ്ങള്‍ കരുതിയത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന് മറ്റ് ക്ഷേത്രങ്ങളിലേത് പോലെ ഉപദേശക സമിതിയില്ല. പകരം പ്രദേശവാസികളുടെ കൂട്ടായ്മയായ ഹിന്ദുമത കണ്‍വന്‍ഷന്‍ എന്ന സംഘടനയേ ഉള്ളൂ. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ ബൈലോയ്ക്ക് വിരുദ്ധമാണത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉപദേശക സമിതി വേണമെന്നുണ്ട്. ഇവിടെ ഈ കമ്മിറ്റിക്കാര്‍ പിരിവടക്കമുള്ള പല കാര്യങ്ങളും അനധികൃതമായി ചെയ്യുന്നുമുണ്ട്. ക്ഷേത്രത്തില്‍ വരുന്ന കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതും ഇവരാണ്. ഇതിന് കണക്കില്ല, ഓഡിറ്റിങ് ഇല്ല, ഹൈക്കോടതി നിരീക്ഷണമില്ല, ദേവസ്വം ബോര്‍ഡിന്റെ പരിഗണനയില്‍ പോലുമില്ല. ഇങ്ങനെ പണം കൈകാര്യം ചെയ്യുന്ന നിഗൂഢ ശക്തികള്‍ ക്ഷേത്രത്തിലുണ്ട്. അവരാണ് ഈ നീക്കത്തിന് പിന്നില്‍. അവര്‍ ദേവസ്വം കമ്മീഷ്ണറെ പണം കൊടുത്ത് സ്വാധീനിച്ചിരിക്കാമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

അബ്രാഹ്മണനായ ശാന്തി പൂജ നടത്തിയാല്‍ ദേവി കോപിക്കും എന്നാണ് തന്ത്രി കമ്മീഷ്ണര്‍ക്ക് എഴുതി നല്‍കിയത്. എന്നാല്‍ ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും സുപ്രീം കോടതി ഉത്തരവിനും എതിരായതിനാല്‍ അംഗീകരിക്കാന്‍ പറ്റില്ല എന്ന് തന്ത്രിയോട് പറയുന്നതിന് പകരം, തന്ത്രി എഴുതിക്കൊടുത്ത ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് ദേവസ്വം ബോര്‍ഡ് സുധികുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. അശാസ്ത്രീയമായ കാര്യം ഉയര്‍ത്തിപ്പിടിച്ച്, ജാതീയമായ വിവേചനം കാണിക്കുന്ന തന്ത്രിയുടെ വീട്ടിലേക്ക് തിങ്കളാഴ്ച എസ്.എന്‍.ഡി.പി. ബഹുജന മാര്‍ച്ച് നടത്തും. എന്നുമാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഹൈക്കോടതിയില്‍ ഞങ്ങള്‍ ചോദ്യം ചെയ്യും.’

ഉപദേശക സമിതിയില്ലാത്ത ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ എന്ന കമ്മിറ്റിയാണുള്ളത്. കഴിഞ്ഞ വര്‍ഷം വരെ സിപിഎം ആയിരുന്നു കമ്മിറ്റിയുടെ ഭരണനേതൃത്വം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് ഭരണം പിടിച്ചു. കമ്മിറ്റി പ്രമേയം പാസ്സാക്കിയതിനെതിരെയും സുധികുമാറിന്റെ നിയമനം തടഞ്ഞതിനെതിരെയും സിപിഎം അടക്കമുള്ള സംഘടനകള്‍ ആഴ്ചകളായി പ്രക്ഷോഭത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍