UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരടില്‍ ഫ്‌ളാറ്റ് പൊളിച്ചാല്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എത്രസമയം വേണമെന്ന് സുപ്രിംകോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു.

കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് പൊളിക്കാനുള്ള കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ല എന്നാണ് മനസിലാക്കുന്നത് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് പോംവഴിയില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് നേരിട്ട് ഹാജരായിരുന്നു. ഫ്‌ളാറ്റുകള്‍ എപ്പോള്‍ പൊളിക്കും എന്നാണ് കോടതി ഇന്ന് ചോദിച്ചത്. മൂന്ന് മാസത്തികം പൊളിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എത്രസമയം വേണമെന്ന് സുപ്രിംകോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലേയെന്നും സുപ്രിംകോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

ഉദ്യോഗസ്ഥരുടെ ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഇതാണ് സമീപനമെങ്കില്‍ സ്ഥിതി ഗുരുതരമായിരിക്കുമെന്നും കോടതി വിലയിരുത്തു. ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ട്. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലേയെന്ന് ചോദിച്ച സുപ്രിംകോടതി കേരളത്തിനായി രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നതാണെന്നും ഓര്‍മ്മിപ്പിച്ചു. വെള്ളിയാഴ്ച വിശദമായ ഉത്തരവിറക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. അതേസമയം സുപ്രിംകോടതിയുടെ വിധി വരട്ടെയെന്നാണ് ടോം ജോസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. മന്ത്രി എ സി മൊയ്ദീന്റെ പ്രതികരണവും ഇതുതന്നെയായികരുന്നു.

കേസില്‍ ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതാണ് നല്ലതെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്ളാറ്റ് നിര്‍മ്മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രിംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സിലും കത്തയച്ചിരുന്നു. ഈ കത്തും സുപ്രിംകോടതി ഇന്ന് പരിഗണിച്ചു. നേരത്തെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മയുണ്ടായാല്‍ മാപ്പ് തരണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മരട് കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം നല്‍കി.

ഒഴിഞ്ഞുപോകാന്‍ ഫ്ളാറ്റുടമകള്‍ക്ക് നല്‍കിയ നോട്ടീസിന്റെയും പൊളിക്കാനുള്ള ടെന്‍ഡറിന്റെയും സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയതിന്റെയും വിശദാംശങ്ങളാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഐഐടിയുടെ വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നടപ്പാക്കുന്നതെന്നും ചീഫ് സെക്രട്ടറി സുപ്രിംകോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍