2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരന്‍ നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദം
‘കണ്ണ് നിറഞ്ഞുകൊണ്ടാണ് അന്ന് ഞാന്‍ ആ പൊതുവേദി വിട്ടിറങ്ങിയത്. ഇതുപോലൊരധിക്ഷേപം ഒരു സ്ത്രീയ്ക്കും സഹിക്കാന്‍ കഴിയില്ല. എങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് പോലും അറിയില്ല. മൈക്കിലൂടെ എന്റെ നേരെ കൈചൂണ്ടിക്കൊണ്ടായിരുന്നു അധിക്ഷേപം. ഇപ്പോഴും അതൊന്നും ഓര്‍ക്കാന്‍ വയ്യ. ഇപ്പോ മൂന്ന് വര്‍ഷമായി. പോരാടി നേടിയതാണ് ഇന്നത്തെ കോടതി വിധി. ആ വിധിയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും നീതി കിട്ടാന്‍ ഏതറ്റം വരെയും പോവും.’ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിനോട് ഉഷ സാലിയുടെ പ്രതികരണം ഇതായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കാട്ടി ഇവര്‍ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫും പാര്‍ട്ടി അംഗവുമായിരുന്ന ഉഷ നല്‍കിയ പരാതിയിലാണ് കോടതി വിധി. മാര്‍ച്ച് 29ന് മന്ത്രിയോട് കോടതിയില്‍ നേരിട്ട് ഹാജരാവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയും പോലീസും കയ്യൊഴിഞ്ഞപ്പോള്‍ തനിക്ക് കോടതി നീതി ലഭ്യമാക്കിയെന്ന് ഉഷ പറയുന്നു.
’25 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. സുധാകരന്‍ സഖാവിന് വേണ്ടി തന്നെ രാപ്പകലില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ആ എന്നോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അത് എനിക്ക് എത്രത്തോളം മനസ്സിന് വേദനയുണ്ടാക്കിയെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മറ്റി അംഗവും ആയിരുന്നു. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കില്‍ തന്നെ ഞാന്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളുണ്ട്. അവിടെ വിളിച്ച് എന്നെ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാമായിരുന്നു. റോഡ് ഉദ്ഘാടനത്തിന് വന്നപ്പോള്‍ എന്നെയും വേദിയില്‍ വിളിച്ചിരുത്തിക്കൊണ്ടാണ് എടീ പോടീ എന്നൊക്കെ വിളിച്ച് എനിക്ക് നേരെ കൈചൂണ്ടി സംസാരിച്ചത്. നിന്നെ ഇനി മേലാല്‍ ഈ പാര്‍ട്ടിയില്‍ കണ്ടുപോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറും. ഇവള്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നപ്പോള്‍ 20,000 ശമ്പളം കൊടുത്തിരുന്നു. അതുകൊണ്ടാണ് അവള് വീടുവച്ചത്. അവളുടെ മകളുടെ കല്യാണം ഞാനാണ് നടത്തിക്കൊടുത്തത് എന്നൊക്കെയാണ് അദ്ദേഹം അന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. ശമ്പളവും അത്രയില്ലായിരുന്നു, മകളുടെ കല്യാണത്തിന് തലേദിവസം വന്ന് 500 രൂപയാണ് ആകെ തന്നത്. ഇതൊന്നുമല്ല എന്നെ പൊതുവേദിയില്‍ വച്ച് അത്രയും അധിക്ഷേപിച്ചതാണ് എന്നെ വേദനിപ്പിച്ചത്. ഇത്രയുമൊക്കെയുണ്ടായിട്ടും ഒരു വാക്കുകൊണ്ട് പോലും ആശ്വസിപ്പിക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല. അന്നവിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുമുള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടായിരുന്നു. ആരും മറിച്ച് ഒരക്ഷരവും പറഞ്ഞില്ല. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയായിരുന്നിട്ടുകൂടി എന്നെ പിന്നീടും ഒരാളും ആശ്വസിപ്പിക്കാന്‍ പോലും വിളിച്ചില്ല. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ട് തിരിഞ്ഞുനോക്കിയില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് കള്ളപ്പരാതിയുണ്ടാക്കി എന്നെ പുറത്താക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. പത്രസമ്മേളനം വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. 10 വര്‍ഷം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് സാലിയെ ഒരു കാരണവുമില്ലാതെ പാര്‍ട്ടി പുറത്താക്കി. ഒരു കാരണവും ഇല്ലാതെയാണ് പാര്‍ട്ടി ഞങ്ങളോട് രണ്ടുപേരോടും ദ്രോഹനടപടി സ്വീകരിച്ചത്. പിണറായി സഖാവ് മുഖ്യമന്ത്രിയായതിന് ശേഷം പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഒരു നടപടിുമുണ്ടായില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് അന്വേഷണം നടന്നില്ല. ഇത്രയുമായപ്പോഴാണ് നിയമവഴി സ്വീകരിച്ചത്. കോടതിയും പല തവണ കേസ് അവധിക്ക് വച്ചു. എന്നാല്‍ ഒടുവില്‍ ആശ്വാസകരമായ വിധി വന്നു. പല പാര്‍ട്ടിയിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും മേലില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്ന് കരുതിയാണ് കേസ് കൊടുത്തത്. മൂന്ന് വര്‍ഷമായി തുടരുന്ന പോരാട്ടം ഇനിയും തുടരും.’
2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരന്‍ നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദം. ജി സുധാകരന്‍ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി ഉഷ സാലി നല്‍കിയ പരാതിയിലാണ് സുധാകരനതിരെ കേസ് എടുക്കാന്‍ അമ്പലപ്പുഴ ജുഡീഷ്വല്‍ ഒന്നാംക്ലാസ് മജിസ്ട്രേററ് കോടതി ഉത്തരവിട്ടത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തനിക്കെതിരെ മൈക്കിലൂടെ പൊതുവേദിയില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉഷ പരാതിനല്‍കിയത്. ഉഷ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാഞ്ഞതോടെ റഫര്‍ റിപ്പോര്‍ട്ടായി കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങളാണ് മന്ത്രിയുടെ മോശം പെരുമാറ്റത്തിന് കാരണമെന്നു മുന്‍ സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ ഉഷയുടെ ഭര്‍ത്താവ് സാലി വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പ് പ്രകാരം കേസ് എടുക്കാനാണ് കോടതി ഉത്തരവ്. ഉഷയും സാലിയും ഇപ്പോള്‍ സിപിഐ അംഗങ്ങളാണ്. സാലി സിപിഐ ലോക്കല്‍ കമ്മറ്റി അംഗവുമാണ് ‘ഞങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു. കാരണം ഈ പ്രസ്ഥാനം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ചുവന്നകൊടി മരിക്കുന്നത് വരെ മറക്കാന്‍ പറ്റുമോ?’ ഉഷ കൂട്ടിച്ചേര്‍ത്തു.