UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എം ആര്‍ വാക്‌സിന്‍: മലബാറില്‍ പ്രതിരോധമില്ലാത്ത നുണപ്രചാരണം; അരയുംതലയും മുറുക്കി ഡോക്ടര്‍മാര്‍

മലബാര്‍ മേഖലയിലെ ഡോ.മുഹമ്മദ് ഇസ്മയിലിനെപ്പോലെയുള്ളവര്‍ സ്വന്തം കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കുന്ന വീഡിയോ പ്രചരിപ്പിച്ച് ജനങ്ങളുടെ തെറ്റിധാരണ മാറ്റാന്‍ ശ്രമിച്ചു

ഔദ്യോഗിക കണക്ക് പ്രകാരം നവംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എംആര്‍ വാക്‌സിന്‍ എടുത്തത് 54,38,262 പേര്‍. അതായത് 72.5 ശതമാനം കുട്ടികള്‍ മാത്രം. മീസില്‍സ് റൂബല്ല കാമ്പയിന്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇനിയും കാല്‍ ലക്ഷത്തോളം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായുണ്ട്. ഒമ്പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള 75 ലക്ഷം കുട്ടികളെയാണ് ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ കാമ്പയിനില്‍ ലക്ഷ്യമിട്ടിരുന്നത്. ഒരു ഭാഗത്ത് കൂടുതല്‍ പേരെ വാക്‌സിനെടുപ്പിക്കാനുള്ള പ്രചാരണ പദ്ധതികളുമായി ആരോഗ്യവകുപ്പും ഡോക്ടര്‍മാരും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ മറുഭാഗത്ത് വാക്‌സിന്‍ വിരുദ്ധരുടെ പ്രചാരണങ്ങളും ശക്തമാണ്.

ഒക്ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന പ്രചാരണമായിരുന്നു സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അറുപത്തിയഞ്ച് ശതമാനത്തോളം പേര്‍ മാത്രമേ നവംബര്‍ മൂന്നിനകം വാക്‌സിന്‍ സ്വീകരിച്ചിരുന്നുള്ളൂ. നൂറ് ശതമാനമെന്ന ടാര്‍ജറ്റ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നവംബര്‍ 18 വരെ നീട്ടിയത്. ഇതുവഴി കൂടുതല്‍ പേരെ കാമ്പയിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെങ്കിലും മലബാര്‍ മേഖലകളില്‍ ഇപ്പോഴും ചിലര്‍ വാക്‌സിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതാണ് ആരോഗ്യവകുപ്പിന് കീറാമുട്ടിയായിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ 75 മുതല്‍ 90 ശതമാനം വരെ വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയകരമായി നടന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം വഴി കൂടുതല്‍ പേര്‍ ദിവസവും വാക്‌സിന്‍ എടുക്കാന്‍ എത്തുന്നതായാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. പത്തനംതിട്ട ജില്ലയാണ് ഇതില്‍ ഏറ്റവും മുന്നില്‍. 90ശതമാനത്തിലധികം പേര്‍ ജില്ലയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു. ആലപ്പുഴയും, തിരുവനന്തപുരവുമെല്ലാം തൊട്ടുപിന്നാലെയുണ്ട്. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് വടക്കന്‍ ജില്ലകളിലെ സ്ഥിതി. മലബാര്‍ മേഖലയില്‍ ഇപ്പോഴും വാക്‌സിനെടുത്തവരുടെ കണക്ക് അറുപത് ശതമാനം കഴിഞ്ഞിട്ടില്ല. മലപ്പുറവും കാസര്‍കോഡുമാണ് സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും കുറവ് ശതമാനം രേഖപ്പെടുത്തിയ ജില്ലകള്‍. എന്നാല്‍ കോഴിക്കോടും കണ്ണൂരും താരതമ്യേന മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

വ്യാജ പ്രചാരകരേ, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വാ; ഡോക്ടര്‍മാരുടെ വാക്സിന്‍ ചലഞ്ച്

വാക്‌സിന്‍ വിരുദ്ധ പ്രചാരകരുടെ പ്രചരണങ്ങളാണ് മലബാര്‍ മേഖലയില്‍ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഒരു സംഘം വാക്‌സിന്‍ വിരുദ്ധര്‍ പലയിടങ്ങളില്‍ നിന്നായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന നുണക്കഥകളാണ് ഒരു വിഭാഗം ജനങ്ങളെങ്കിലും വാക്‌സിനേഷന്‍ കാമ്പയിനില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കാന്‍ കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇന്ത്യയിലെ ജനസംഖ്യ കുറക്കാന്‍ വിദേശ രാജ്യങ്ങളുടെ തന്ത്രമാണ്, കുത്തകമരുന്ന് കമ്പിനികള്‍ക്ക് കാശുണ്ടാക്കാനുള്ള ഉപാധിയാണ്, രാജ്യത്തിന്റെ ഭാവി തലമുറയെ രോഗികളാക്കാനുള്ള ശത്രുരാജ്യത്തിന്റെ തന്ത്രമാണ് തുടങ്ങിയ ഒരു പറ്റം സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തുടക്കം മുതല്‍ പ്രചരിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യാകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് വാക്‌സിന്‍ വിരുദ്ധര്‍ പ്രചാരണം നടത്തുന്നത്. വാക്‌സിനേഷന്‍ അല്ലാതെ സമാന്തരമാര്‍ഗങ്ങള്‍ ഉണ്ടെന്നും മീസല്‍സ് റൂബല്ല വാക്‌സിന്‍ അനാവശ്യമാണെന്നും തുടങ്ങിയ പ്രചരണങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അനാരോഗ്യമുള്ള കുട്ടികള്‍ക്കും മുട്ട അലര്‍ജിയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കരുതെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെ അവജ്ഞയോടെയാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. അനാരോഗ്യമുള്ളവര്‍ക്കല്ലാതെ ആരോഗ്യമുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കേണ്ട കാര്യമെന്തെന്നാണ് ഇവര്‍ പല വേദികളിലും ചോദിച്ചത്.

എം ആര്‍ വാക്സിന്‍: ലൈവായി എഡിറ്റ് ചെയ്യാത്ത സംവാദത്തിന് തയ്യാര്‍-ഡോക്ടർമാരുടെ വെല്ലുവിളി ഏറ്റെടുത്ത് ജേക്കബ് വടക്കാഞ്ചേരി

എന്നാല്‍ വാക്‌സിന്‍ വിരുദ്ധരുടെ ഭീതിപ്പെടുത്തലുകളെ അതേ തരത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പ് നേരിട്ടത്. ‘അജ്ഞത നിങ്ങളുടെ കുഞ്ഞിന്റെ ജീവനെടുക്കുമോ?’ എന്ന ചോദ്യവും ഭീതിയുമാണ് ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നില്‍ വച്ചത്. എല്ലാ ജില്ലകളിലും, മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്. ഇതിനിടെ തുടക്കത്തില്‍ തന്നെ മലബാര്‍ മേഖലയിലെ ഡോ.മുഹമ്മദ് ഇസ്മയിലിനെപ്പോലെയുള്ളവര്‍ സ്വന്തം കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കുന്ന വീഡിയോ പ്രചരിപ്പിച്ച് ജനങ്ങളുടെ തെറ്റിധാരണ മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി വിലപ്പോയില്ല എന്നതാണ് സമയം നീട്ടിയിട്ടും 100 ശതമാനം വിജയത്തിലേക്ക് കാമ്പയിന്‍ എത്തിക്കാനാവാത്തതില്‍ നിന്ന് മനസ്സിലാവുക.

കഴിഞ്ഞ ദിവസം വാക്‌സിന്‍ വിരുദ്ധരോട് തുറന്ന വേദിയില്‍ സംവാദത്തിന് തയ്യാറായി വരാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ജേക്കബ് വടക്കാഞ്ചേരിയുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ സംവാദത്തിന് തയ്യാറാണെന്നും അറിയിച്ചിരുന്നു. വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ അവസാനിക്കാന്‍ ഒരാഴ്ചകൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ എണ്‍പത് ശതമാനം പോലും എത്തിക്കാനാവില്ലെന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്.

ഫേസ്ബുക്കും വാട്സാപ്പും തോല്‍പ്പിച്ച എംആര്‍ വാക്‌സിന്‍: ‘കണ്ണൂരില്‍ ഇത്ര എതിര്‍പ്പ് പ്രതീക്ഷിച്ചില്ല’

ഡി-പോപ്പുലേഷൻ അജണ്ട; വാക്സിനല്ല കെടന്നു മുള്ളി ബാപ്പയാണ്, അതായത് ദൈവം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍