UPDATES

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ആദ്യ സമരമല്ല വടയമ്പാടിയിലേത്. ചരിത്രം പരിശോധിച്ചാല്‍ മുത്തങ്ങ സമരം മുതലിങ്ങോട്ട് എല്ലാ ജനകീയ സമരങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ആരോപിക്കപ്പെട്ടിട്ടുണ്ട്.

ഭജനമഠം കോളനി, ലക്ഷം വീട് കോളനി, സെറ്റില്‍മെന്റ് കോളനി, ബലിമുഗള്‍ കോളനി എന്നിങ്ങനെ വിവിധ കോളനികളിലായി നൂറ്റമ്പതോളം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് കോലഞ്ചേരി ഐക്കരനാട് പഞ്ചായത്തിലെ വടയമ്പാടി. ഇവിടെ കഴിഞ്ഞ കുറേ നാളുകളായി ദളിതര്‍ സമരത്തിലായിരുന്നു. നായര്‍ സര്‍വീസ് സോസൈറ്റി (എന്‍എസ്എസ്) ഉയര്‍ത്തിയ ജാതിമതിലിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ അവര്‍ സമരം തുടര്‍ന്നു പോന്നു.

സമരമെന്നത് കേട്ടുകേള്‍വി മാത്രമുള്ള സാധാരണക്കാരായ അവര്‍ സമരത്തിനിറങ്ങിയത് സവര്‍ണജാതിയിലുള്ളവര്‍ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ്. അതേവരെ അവര്‍ നടവഴിയായും കളിസ്ഥലമായും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെല്ലാമുപയോഗിച്ചിരുന്ന ഒരേക്കറോളം വരുന്ന മൈതാനം ഒരു സുപ്രഭാതത്തില്‍ അവര്‍ക്ക് അന്യമായി. അത് പൊടുന്നനെ ക്ഷേത്രഭൂമിയായി. എന്‍എസ്എസിന്‍റെ കീഴിലുള്ള ഭജനമഠം ദേവീക്ഷേത്രത്തോടൊപ്പം ചേര്‍ത്ത് മതില്‍ പണിതുയര്‍ത്തി. ആ ജാതി മതില്‍ അവരെ സംബന്ധിച്ച് അഭിമാന പ്രശ്‌നം തന്നെയായിരുന്നു. അതിനെതിരെ അവര്‍ പ്രതിഷേധിച്ചു. പക്ഷെ കേള്‍ക്കേണ്ടവര്‍ കേട്ടില്ല. അതോടെ കഴിഞ്ഞ ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദളിത് ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ദളിതര്‍ ആ ജാതിമതില്‍ തകര്‍ത്തു; അതോടെ സ്ഥലത്ത് സംഘര്‍ഷമായി. കോളനികളിലെ ആബാലവൃദ്ധം ജനങ്ങളും ജാതിമതിലുയര്‍ത്തിയ ക്ഷേത്രസമിതിക്കെതിരെ സമരരംഗത്തെത്തി. ക്ഷേത്രത്തിന് സമീപത്ത് പന്തല്‍ കെട്ടി ദളിതര്‍ റിലേ നിരാഹാരസമരമിരുന്നു. അന്നത്തെ അന്നത്തിന് വകം കണ്ടെത്താന്‍ പകലന്തിയോളം അധ്വാനിക്കുന്നവര്‍ തങ്ങളുടെ മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ച് സമരം ചെയ്തു. ഒടുവില്‍ ജില്ലാ കളക്ടര്‍ സ്റ്റാറ്റസ്‌കോ പ്രഖ്യാപിച്ചു.

കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിനും മൈതാനി സ്വകാര്യ സ്വത്താക്കി മാറ്റുന്നതിനെതിരെയും ഒപ്പ് ശേഖരണത്തിനായി ആ സമരപ്പന്തല്‍ സമരസമിതി പ്രവര്‍ത്തകര്‍ നിലനിര്‍ത്തി. ഇതിനിടെ ക്ഷേത്രത്തിന് സമീപത്തെ സമരപ്പന്തല്‍ ഉത്സവ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ അത് പൊളിച്ചുമാറ്റണമെന്ന് ക്ഷേത്രസമിതി റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അത് പൊളിച്ചുനീക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് അകമ്പടിയോടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ സ്ഥലത്തെത്തി റവന്യൂ അധികാരികള്‍ ദളിത് ഭൂസമര സമിതിയുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കി. ആ സമയം സമരപ്പന്തലിലുണ്ടായിരുന്ന ഏഴ് പേരേയും, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാധ്യമപ്രവര്‍ത്തകരേയും, സമരസമിതി നേതാവായ ശശിധരനേയും കേസില്‍ പെടുത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നു എന്ന കുറ്റമാണ് പ്രധാനമായും ഇവരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ എല്ലാവരോടും പോലീസ് മാവോയിസ്റ്റ് ബന്ധം എന്ന കാര്യം ആവര്‍ത്തിച്ചു. ന്യൂസ്‌പോര്‍ട്ട് എഡിറ്ററായ അഭിലാഷ് നീറ്റ-ജലാറ്റിന്‍ ആക്രമണ കേസില്‍ പ്രതിയാണെന്നും, ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അനന്തു ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകനാണെന്നും ഈ സംഘടന മാവോയിസ്റ്റ് അനുഭാവമുള്ളതാണെന്നതുമാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ കാരണമായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇരുവരെയും സ്ഥലത്തേക്കെത്തിച്ചയാള്‍ എന്ന് പോലീസ് സംശയിക്കുന്ന ശശിധരന്‍ പഴയ നക്‌സലൈറ്റ് പ്രസ്ഥാന അനുഭാവിയാണെന്നും, ഇവരെല്ലാം തന്നെ ‘പോരാട്ടം’ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

സവര്‍ണ ജാതിക്കാര്‍ ദളിതരുടെ ആത്മാഭിമാനത്തിന് മുകളില്‍ കെട്ടിയുയര്‍ത്തിയ ജാതിമതിലിനെതിരെ സമാധാനപരമായി നടക്കുന്ന സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്റ്‌സ് വിഭാഗമുള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയെന്നും പോലീസ് പറയുന്നു. അറസ്റ്റിന് പിന്നാലെ പ്രദേശത്തെ ദളിത് കോളനികളിലെ മാവോയിസ്റ്റ് സാന്നിധ്യം അന്വേഷിക്കാന്‍ സായുധ പോലീസിനെ വിന്യസിക്കുകയും ചെയ്തു.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

പോരാട്ടമോ, ഡി എസ് യുവോ നിരോധിത സംഘടനകളല്ല. അതിനാല്‍ തന്നെ അവയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനുമാവില്ല. പോലീസ് പറയുന്നതിനനുസരിച്ച് പോരാട്ടം പ്രവര്‍ത്തകരാണ് അറസ്റ്റിലായ അനന്തുവും അഭിലാഷും. അനന്തു ഡി എസ് യു പ്രവര്‍ത്തകനുമാണ്. അവരിരുവരും സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ എങ്ങനെയാണ് ഉറപ്പിച്ചത്? ഇവര്‍ മാവോയിസ്റ്റ് അനുഭാവികളോ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തകരോ ആണെന്ന് തന്നെ വക്കുക. ഒരു വ്യക്തിയെ മാവോയിസ്റ്റ് അനുഭാവമുള്ളയാളോ മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളോ ആണെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ സമരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം എന്ന് പറഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമില്ല. അറസ്റ്റിന്റെ കാരണമന്വേഷിച്ചവരോടെല്ലാം മാവോയിസ്റ്റ് ബന്ധം പറഞ്ഞെങ്കിലും ആ പേരില്‍ കേസ് ചാര്‍ജ് ചെയ്യാത്തത് ഇക്കാരണത്താല്‍ തന്നെയാവണം.

എന്നാല്‍ മാവോയിസ്റ്റ് ബന്ധമെന്ന പേരില്‍ പോലീസ് നടത്തുന്ന ഈ പ്രചാരണങ്ങളാണ് ജാതിയ്ക്കും വിവേചനത്തിനുമെതിരെ നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ ഏറെക്കാലമായി ഉപയോഗിച്ച് പോരുന്നത്. വടയമ്പാടിയിലെ ദളിതര്‍ക്കിടയില്‍ മാവോയിസ്റ്റുകളുണ്ടെന്നും സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നുമുള്ള പ്രചാരണങ്ങള്‍ മറ്റ് വിഭാഗക്കാരില്‍ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ സമരക്കാര്‍ക്ക് ലഭിച്ചിരുന്ന/ലഭിച്ചേക്കാമായിരുന്ന പൊതുജന പിന്തുണയ്ക്ക് ഇത് തടസ്സമായി മാറുമെന്നതിന്റെ ലക്ഷണങ്ങള്‍ ഈ പ്രചാരണത്തിന് പിന്നാലെ പ്രദേശത്ത് കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ചിലര്‍ പറയുന്നു.

കേരള സര്‍ക്കാരിന് ഫാഷിസ്റ്റ്‌ മനോഭാവം, വടയമ്പാടി സമരക്കാരെ വിട്ടയക്കണം: ജിഗ്നേഷ് മേവാനി

നിയമപരമായി പരിശോധിച്ചാല്‍, പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ദളിതരും ആദിവാസികളും പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന വഴിയോ, സ്ഥലമോ തടസ്സപ്പെടുത്തുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. അങ്ങനെയെങ്കില്‍ ദളിതര്‍ സര്‍വസ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരുന്ന പൊതുമൈതാനം മതില്‍ കെട്ടി തിരിച്ച് അവരുടേതല്ലാതാക്കി മാറ്റുന്നത് ആരായാലും അതിനെതിരെ സര്‍ക്കാരിന് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ വടയമ്പാടിയില്‍ അത് ചെയ്യുന്നതിന് പകരം എതിര്‍കക്ഷികള്‍ക്ക് കൂട്ടുനില്‍ക്കുന്ന തരത്തിലാണ് പോലീസ് പെരുമാറിയത്. അതായത്, ദളിതര്‍ അനീതി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് അവഗണിക്കുക, അവര്‍ പ്രതികരിച്ചാല്‍ ഉടന്‍ മാവോയിസ്റ്റാക്കുക. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് ബന്ധം എന്ന ആരോപണം പോലും ഉയര്‍ന്ന് വന്നിട്ടുള്ളത്.

സാമൂഹ്യ നിരീക്ഷകനും ദളിത് ആക്ടിവിസ്റ്റുമായ അജയകുമാര്‍ പറയുന്നു: “സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് ഉണ്ടോ ഇല്ലയോ എന്നതല്ല, പകരം ഇത്തരത്തിലൊരു ഭീതി ഉണ്ടാക്കി വെക്കുകയാണ് പോലീസ് തന്ത്രം. ഏത് തരത്തിലുള്ള എതിരഭിപ്രായത്തിനേയും നേരിടാനുള്ള സര്‍ക്കാര്‍ പ്രൊപ്പഗന്‍ഡയായിട്ടാണ് അതിനെ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല. മറ്റൊന്നും പറയാനില്ല എന്നുള്ളത് കൊണ്ട് ഇത്തരം പ്രചരണം നടത്തുന്നതായാണ് മനസ്സിലായിട്ടുള്ളത്. വടയമ്പാടിയിലെ കേസ് തന്നെ പരിശോധിച്ചാല്‍, ആ സമരം സ്‌റ്റേറ്റിനെതിരായുള്ളതല്ല. അയിത്തവും തൊട്ടുകൂടായ്മയും ഭരണഘടന നിലവില്‍ വന്ന അന്നു മുതല്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ് ഭരണഘടനാ ലംഘനം നടക്കുന്നുണ്ടെങ്കില്‍ അതില്‍ കൃത്യമായി ഇടപെടുക എന്നുള്ളത്. കുറേ മനുഷ്യര്‍ എത്രയോ കാലമായി വളരെ ജനാധിപത്യ രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരമാണ് വടയമ്പാടിയിലേത്. അതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും കേസുകളും അവര്‍ നല്‍കിയിട്ടുണ്ട്. ഉത്സവം നടക്കുന്ന സമയത്ത് ക്ഷേത്രത്തിന് സമീപം പന്തല്‍ പറ്റില്ല എന്ന എന്‍എസ്എസിന്റെ അല്ലെങ്കില്‍ ആര്‍എസ്എസിന്റെ ധാര്‍ഷ്ട്യത്തിന് മേല്‍ സ്റ്റേറ്റ് ഇടപെടുകയാണ് ചെയ്യുന്നത്. സ്റ്റേറ്റ് ആര്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കേണ്ടത്, അവര്‍ക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതാണ്. ആളുകളെ അറസ്റ്റ് ചെയ്യുന്നു എന്നത് മാത്രമല്ല. ഒരു പ്രദേശത്തെ ആളുകളെ മുഴുവന്‍ ടെററൈസ് ചെയ്യുകയാണ്. പോലീസ് സാന്നിധ്യം തന്നെ ഒരു പ്രശ്‌നമാണ്. സാധാരണ മനുഷ്യരുടെ വീടിന് ചുറ്റും പോലീസ് കറങ്ങിനടക്കുക എന്ന് പറയുന്നതു തന്നെ ആളുകളെ ടെററൈസ് ചെയ്യുകയാണ്.”

എന്‍ എസ് എസിന്റെ ജാതിമതിലിനെതിരെ സമരം ചെയ്യുന്ന ദളിത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

“കേരളത്തിലെ ചരിത്രം നോക്കുകയാണെങ്കില്‍ ആദ്യം സമരം തുടങ്ങുന്നത് ദലിതരാണ്. മാവോയിസവും മാര്‍ക്‌സിസവും ഇങ്ങോട്ടെത്തുന്നതിന് മുന്നേ തുടങ്ങിയതാണ് കേരളത്തിലെ ദളിതരുടെ സമരങ്ങള്‍. കേരളത്തിനെ ഇന്നത്തെ കേരളമാക്കി മാറ്റിയത് ദളിതരുടെ സമരങ്ങളാണ്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ചയാണ് ഈ നടക്കുന്നത്. മറ്റൊരുകാര്യം, ജാതിയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള ചര്‍ച്ചകളിലും ഇടപെടാന്‍ ആശയപരമായി ദുര്‍ബലമാണ് പൊതുസമൂഹം. അവരെ സംബന്ധിച്ചിടത്തോളം ഇത് പരിഹരിക്കപ്പെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ജാതീയതയുമായി ബന്ധപ്പെട്ട ഈ സംവാദത്തെ അടിച്ചമര്‍ത്തുക എന്നുള്ളത് അവരുടെ രാഷ്ട്രീയപരമായിട്ടുള്ള ആവശ്യമാണ്. ഇല്ലാത്ത ഒരു സാധനത്തെക്കുറിച്ച് പറയുന്നു എന്നതാണ് മിക്കവരും പറയാറ്. ഇത് വളരെ പ്രകടമായിട്ട് ജാതിമതില്‍ ഉണ്ടായി വരിക എന്നു പറയുന്നത് ഇതേവരെയുണ്ടായിട്ടുള്ള ഫ്രെയിമുകളെയെല്ലാം തകര്‍ത്ത് കളയുന്നതാണ്. പ്രത്യേകിച്ച്, കേരളത്തില്‍ നടത്തുന്ന എല്ലാ പ്രധാനപ്പെട്ട പ്രൊപ്പഗാന്‍ഡകളുടേയും അടിസ്ഥാനം എന്ന് പറയുന്നത് ജാതീയത എന്ന വിഷയം ഇല്ലാതായിക്കഴിഞ്ഞ ഒന്നാണ് എന്നതാണ്. അത് പരിഹരിച്ച വിഷയമാണെന്നാണല്ലോ പറയാറ്. ആ പരിഹരിക്കപ്പെട്ടതിന്റെ ഉള്ളില്‍ നിന്നാണ് വളരെ പ്രകടമായി തന്നെ ഇത് വരുന്നത്. വടയമ്പാടിയില്‍ നടക്കുന്നത് ഏതെങ്കിലും വികസന പദ്ധതികള്‍ക്കെതിരായ സമരമല്ല. അവിടുത്തെ ജനങ്ങള്‍ ആത്മാഭിമാനത്തിനായി പോരാടുന്നവരാണ്. ഭരണഘടനാലംഘനവും നിയമലംഘനവുമാണ് അവിടെ നടക്കുന്നത്. മാവോയിസ്റ്റ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ്.”

പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ആദ്യ സമരമല്ല വടയമ്പാടിയിലേത്. ചരിത്രം പരിശോധിച്ചാല്‍ മുത്തങ്ങ സമരം മുതലിങ്ങോട്ട് എല്ലാ ജനകീയ സമരങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ആരോപിക്കപ്പെട്ടിട്ടുണ്ട്. ചെങ്ങറ, പ്ലാച്ചിമട, മൂലമ്പള്ളി, പുതുവൈപ്പിന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം ഈ ആരോപണവുമായി ഇരുമുന്നണികളുടേയും സര്‍ക്കാരുകള്‍ എത്തിയിട്ടുണ്ട്. സമരം നീതിയുക്തമാണെന്നും ശക്തമാണെന്നും പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും ബോധ്യപ്പെട്ടാല്‍ ഉടനെ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടാറുണ്ട്. എന്നാല്‍ ദളിതരും ആദിവാസികളും ഒന്നിക്കുകയോ അണിചേരുകയോ ചെയ്യുമ്പോഴാണ് ഈ ആരോപണം ശക്തമാവുന്നതെന്നതാണ് പ്രധാന കാര്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡിഎച്ച്ആര്‍എം എന്ന സംഘടനയെ തകര്‍ത്തത് നമുക്ക് മുന്നിലുള്ള യാഥാര്‍ഥ്യമാണ്. എതിര്‍ശബ്ദങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളേയും മാവോയിസ്റ്റ് ആരോപണം വഴി അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ തന്ത്രമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

പൊളിച്ചു നീക്കിയ സമരപന്തലിന്റെ സ്ഥാനത്ത് ക്ഷേത്രകമാനം; എന്‍എസ്എസിന് പോലീസിന്റെ പിന്തുണ; ഉത്സവം ബഹിഷ്ക്കരിക്കുമെന്ന് ദളിതര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍