UPDATES

ട്രെന്‍ഡിങ്ങ്

വാളയാര്‍ പീഡന പ്രതിയുടെ വക്കാലത്ത്; പാലക്കാട് ശിശു ക്ഷേമ സമിതി ചെയര്‍മാന്റെ ബന്ധത്തിനെ കുറിച്ച് റിപ്പോര്‍ട്ട് തേടി പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍

സിപിഎം മുന്‍ ജനപ്രതിനിധി കൂടിയായ ശിശു സംരക്ഷണ സമിതി(സിഡബ്ല്യുസി) ചെയര്‍മാന്‍ അഡ്വ. രാജേഷ് പ്രതിഭാഗം വക്കീല്‍ ആയ സംഭവത്തില്‍ നടപടിയെടുക്കേണ്ടതും വിശദീകരണം നല്‍കേണ്ടതും സാമൂഹ്യ നീതി വകുപ്പാണ്

വളയാറില്‍ ദളിത് സഹോദരിമാര്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്കു വേണ്ടി പാലക്കാട് ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍. രാജേഷ് വക്കാലത്ത് എടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍. പാലക്കാട് ഡിവൈഎസ്പിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം അഡ്വ. രാജേഷിനെതിരേ അന്വേഷണം നടത്തി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാരിനോടും ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. ശാലിനി ആര്‍ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടല്‍.

സിപിഎം മുന്‍ ജനപ്രതിനിധി കൂടിയായ ശിശു സംരക്ഷണ സമിതി(സിഡബ്ല്യുസി) ചെയര്‍മാന്‍ അഡ്വ. രാജേഷ് പ്രതിഭാഗം വക്കീല്‍ ആയ സംഭവത്തില്‍ നടപടിയെടുക്കേണ്ടതും വിശദീകരണം നല്‍കേണ്ടതും സാമൂഹ്യ നീതി വകുപ്പ് ആണെന്നിരിക്കെ സര്‍ക്കാര്‍ തലത്തില്‍ ഇപ്പോഴും സിഡബ്ല്യുസി ചെയര്‍മാനെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം. പൊലീസിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നിരിക്കെ തന്നെ പാലക്കാട് ഡിവൈഎസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടിരിക്കുന്നത് എന്തിനാണെന്നും വ്യക്തമല്ല. തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് പരാതിക്കാരിയോട് ഡിവൈഎസ്പി തന്നെ ചോദിക്കുന്നുമുണ്ട്. അഡ്വ. രാജേഷ് ഇപ്പോഴും ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുണ്ടോ എന്നതിനെക്കുറിച്ചും വളയാര്‍ കേസിലെ പ്രതിക്കു വേണ്ടി ഹാജരായോ എന്നകാര്യത്തിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമെ പൊലീസിന് കഴിയൂ എന്നും ബാക്കി കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പാണ് തീരുമാനിക്കേണ്ടതെന്നുമാണ് പാലക്കാട് ഡിവൈഎസ്പി പരാതിക്കാരിയോട് പറയുന്നത്. ഇതേ കേസില്‍ ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ പ്രതിക്കു വേണ്ടി ഹാജരാകുന്നതിനെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ ജലജ മാധവനെ മാറ്റിയിരുന്നു. വാളയാര്‍ കേസ് അല്ലെന്നും മറ്റു ചില കാരണങ്ങളാണ് തന്റെ മാറ്റത്തിനു പിന്നിലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നുണ്ടെങ്കിലും പ്രോസിക്യൂട്ടറുടെ മാറ്റത്തിനു പിന്നില്‍ അഡ്വ. രാജേഷിനെതിരായ നിലപാട് പറഞ്ഞതാണ് കാരണമെന്ന് ചില സിപിഎം നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ലൈംഗിക പീഡനത്തെ തുടര്‍ന്ന് പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ ഒന്നാണ്. 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രതികളിലൊരാളായ പ്രദീപ് കുമാറിനു വേണ്ടിയാണ് ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ തന്നെ വക്കാലത്ത് എടുത്തത്. മേയ് രണ്ട്, മൂന്ന് തിയതികളില്‍ അഡ്വ. രാജേഷ് പ്രതിഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ശിശുസംരക്ഷണ സമിതി ചെയര്‍മാനായതിനെ തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞെന്നും പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാര്‍ത്തയാണെന്നും അഡ്വ. രാജേഷ് പറഞ്ഞിരുന്നുവെങ്കിലും കോടതി രേഖകള്‍ തന്നെ ഈ വാദം തെറ്റാണെന്ന് തെളിയിച്ചിരുന്നു. മേയ് മൂന്നാം തീയതി തനിക്ക് ഈ കേസിനു വേണ്ടി ഹാജരാകാന്‍ കഴിയില്ലെന്നും താന്‍ ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ ആയതിനാല്‍ ശിശുസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് തിരക്കുണ്ടെന്നും കാണിച്ചായിരുന്നു കോടതിയില്‍ അവധി അപേക്ഷ നല്‍കിയത്. അവധി അനുവദിച്ചുകൊണ്ട് രാജേഷ് പറഞ്ഞ കാര്യങ്ങള്‍ കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തിരുന്നു.

ജുവനൈല്‍ ജസ്റ്റീസ് അക്ട് പ്രകാരം ഇരകളായ കുട്ടികളുടെ സംരക്ഷണവും ആവശ്യങ്ങളും നിറവേറ്റേണ്ട ചുമതലയുള്ളൊരാള്‍ തന്നെ പ്രതിക്കു വേണ്ടി ഹാജരാകുന്നതിലെ അപകാത സര്‍ക്കാരിനു മുന്നില്‍ മാധ്യമങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ സാമൂഹ്യ നീതി വകുപ്പ് ഇക്കാര്യത്തില്‍ അഡ്വ. എന്‍ രാജേഷിന് ഒപ്പം നില്‍ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് ശാലിനി സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ കമ്മിഷന് പരാതി നല്‍കുന്നത്.

തന്റെ ജൂനിയര്‍ അഭിഭാഷകനാണ് കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്നതെന്ന ന്യായവും ഇതിനിടയില്‍ രാജേഷ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിലും നിയമലംഘനം ഉണ്ടെന്നാണ് ശിശുക്ഷേമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശിശുക്ഷേമ സമിതി ചെയര്‍മാന്റെ ജൂനിയര്‍ ആയിട്ടുള്ള അഭിഭാഷകന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാണെന്നാണ് ഇവര്‍ പറയുന്നത്. സാങ്കേതികമായി ഇക്കാര്യങ്ങളില്‍ നിയമലംഘനം ഇല്ലെങ്കിലും സാങ്കേതികമായി മാത്രമല്ല നിയമം വ്യാഖ്യാനിക്കേണ്ടതെന്നും ആര്‍ക്കു വേണ്ടിയാണോ നിയമം ഉണ്ടാക്കിയിരിക്കുന്നത് അവര്‍ക്ക് ഗുണകരമായ രീതിയില്‍ അത് നടപ്പാക്കുകയാണ് വേണ്ടതെന്നാണ് മഹിള സമാക്യ മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററും ബാലാവകാശ പ്രവര്‍ത്തകയുമായ പി ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു. ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ ആയതുകൊണ്ട് ഒരാള്‍ അഭിഭാഷക ജോലി തുടരുന്നതില്‍ തെറ്റുണ്ടോയെന്നാണ് പൊലീസും തന്നോട് ചോദിച്ചതെന്നു പരാതിക്കാരി ശാലിനിയും പറയുന്നു. ശിശുസംരക്ഷണ സമിതിയെന്നാല്‍ കുട്ടികളുടെ കോടതി തന്നെയാണെന്നും ചെയര്‍മാന്‍ അവസാന തീരുമാനം എടുക്കുന്നൊരാള്‍ ആണെന്നുമാണ് ശാലിനി ഇക്കാര്യത്തില്‍ നല്‍കുന്ന മറുപടി. കേസില്‍ പൊലീസ് അന്വേഷണത്തെ സഹായിക്കേണ്ട ചുമതല കൂടി ശിശുസംരക്ഷണ സമിതിക്കുണ്ട്. അങ്ങനെയിരിക്കെ ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ തന്നെ പ്രതിക്കു വേണ്ടി വാദിക്കാന്‍ എത്തിയാല്‍ കേസ് അട്ടിമറിക്കപ്പെടില്ലേ എന്നാണ് ശാലിനി ചോദിക്കുന്നത്. ശാലിനിയില്‍ നിന്നും ഉണ്ടായ ഈ ചോദ്യങ്ങളെ തുടര്‍ന്നാണ് അഡ്വ. എന്‍ രാജേഷ് ഇപ്പോഴും ശിശുസംരക്ഷണ സമിതി ചെയര്‍മാനായി തുടരുന്നുണ്ടോ, കേസില്‍ പ്രതിക്കു വേണ്ടി ഹാജരായോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്നാണ് പാലക്കാട് ഡിവൈഎസ്പി അറിയിച്ചത്.

വാളയാര്‍ കേസില്‍ തുടക്കം മുതല്‍ ശിശുസംരക്ഷണ സമിതി പരാജയമാണെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം കാണിച്ചില്ല. മൂത്ത പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമായിരുന്നു. ഗുദ രതിക്ക് വരെ കുട്ടി വിധേയായിരുന്നുവെന്നും ഭയങ്കരമായ രീതിയില്‍ കുട്ടിയില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നുവെന്നും പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്നാണ് ഒടുവില്‍ കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴിയിലും ലൈംഗിക പീഡനത്തിന് കുട്ടി ഇരയായിട്ടുണ്ടെന്നുണ്ടായിരുന്നു. ഇളയ കുട്ടിയും അതേ സാഹചര്യത്തില്‍ തന്നെയാണ് ഉള്ളതെന്നു വ്യക്തമായിട്ടും ആ കുട്ടിയെ സംരക്ഷിക്കുന്നതില്‍ ശിശുസംരക്ഷണ സമിതിയോ സര്‍ക്കാരോ ഇടപെട്ടില്ല. ഒടുവില്‍ മൂത്തകുട്ടി ആത്മഹത്യ ചെയ്ത അതേ രീതിയില്‍ തന്നെ ഇളയ പെണ്‍കുട്ടിയും മരിച്ചു. ഈ കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നു കണ്ടെത്തുകയും ചെയ്തു. ഇത്തരം വീഴ്ച്ചകള്‍ ഉണ്ടായിട്ടും ഇപ്പോള്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ തന്നെ ശ്രമിക്കുന്നുവെന്ന പരാതിയിലും സാമൂഹ്യ നീതി വകുപ്പ് നടപടിയെടുക്കാതെ മുന്നോട്ട് പോവുകയാണ്.

Read More: “പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ട, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; കടലിന്റെ മക്കളോട് കാണിക്കുന്ന ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍