UPDATES

കെ കെ ശൈലജയില്‍ തുടങ്ങി ബൃന്ദ കാരാട്ട് വരെ; വനിതാ മതിലിന്റെ വിശദ വിവരങ്ങള്‍

ദേശീയപാതയില്‍ വനിതാ മതില്‍ തീര്‍ക്കുന്നത്, കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് – കാലിക്കടവ് – മാഹി – അഴിയൂര്‍ – രാമനാട്ടുകര – ഐക്കരപ്പടി – പെരിന്തല്‍മണ്ണ – പുലാമന്തോള്‍ – ചെറുതുരുത്തി – അങ്കമാലി – പൊങ്ങം – അരൂര്‍ – ഓച്ചിറ – കടമ്പാട്ടുകോണം – തിരുവനന്തപുരം – വെള്ളയമ്പലം ഈ റൂട്ടിലാണ്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ സമത്വം ഉറപ്പാക്കാനും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വിവിധ സമുദായിക സംഘടനകളുടെ പിന്തുണയോടെ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ നാലുമണിക്ക് ആരംഭിക്കും. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍ കാളി പ്രതിമയ്ക്ക് മുന്നില്‍ വരെ ദേശീയപാതയില്‍ 620 കി.മീ തീര്‍ക്കുന്ന വനിതാ മതിലിന്റെ ആദ്യ കണ്ണിയായ കെ കെ ശൈലജയില്‍ തുടങ്ങി ബൃന്ദ കാരാട്ടില്‍ ചെന്ന് എത്തി നില്‍ക്കും.

30 ലക്ഷം പേരാണ് വനിതാ മതില്‍ തീര്‍ക്കാനായി വേണ്ടത്. 50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തന്നെ വനിതാ മതിലിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള ദിശയില്‍ റോഡിന്റെ വലത് വശത്തെ വഴിയരികില്‍ വനിതകള്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കും. വനിതാ മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരക്കും.

നവോത്ഥാന കേരളത്തിനായി ഇന്ന് വനിതാ മതില്‍; 620 കിലോമീറ്റര്‍, 30 ലക്ഷം സ്ത്രീകള്‍

മൂന്നരക്ക് ട്രയല്‍ നടത്തും. നാല് മണിക്ക് വനിതാ മതില്‍ പൂര്‍ണമായും തീര്‍ത്ത് പ്രതിജ്ഞ. മൊത്തം 15 മിനിറ്റാകും അണിനിരക്കുക. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗം ഉണ്ടാവും. ദേശീയപാതയില്‍ വനിതാ മതില്‍ തീര്‍ക്കുന്നത്, കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് – കാലിക്കടവ് – മാഹി – അഴിയൂര്‍ – രാമനാട്ടുകര – ഐക്കരപ്പടി – പെരിന്തല്‍മണ്ണ – പുലാമന്തോള്‍ – ചെറുതുരുത്തി – അങ്കമാലി – പൊങ്ങം – അരൂര്‍ – ഓച്ചിറ – കടമ്പാട്ടുകോണം – തിരുവനന്തപുരം – വെള്ളയമ്പലം ഈ റൂട്ടിലാണ്.

കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ കാലിക്കടവ് വരെ 44 കിലോമീറ്ററാണ് ജില്ലയില്‍ മതില്‍ ഉയരുക. കണ്ണൂരില്‍ കാലിക്കടവ് മുതല്‍ മാഹിവരെ 82 കിലോമീറ്ററാണ് മതില്‍. കോഴിക്കോട് അഴിയൂര്‍മുതല്‍ വൈദ്യരങ്ങാടിവരെ 76 കിലോമീറ്ററില്‍ അണിനിരക്കും.

വനിതാ മതില്‍ എതിര്‍ക്കപ്പെട്ടത് ഏതൊക്കെ വിധത്തില്‍?

മലപ്പുറത്ത് ഐക്കരപ്പടിമുതല്‍ പെരിന്തല്‍മണ്ണവരെ 55 കിലോമീറ്ററാണ് മതില്‍. പാലക്കാട് ജില്ലയില്‍ ചെറുതുരുത്തിമുതല്‍ പുലാമന്തോള്‍വരെ 26 കിലോമീറ്ററാണ് മതില്‍. തൃശൂരില്‍ ചെറുതുരുത്തിമുതല്‍ പൊങ്ങംവരെ 73 കിലോമീറ്റര്‍ മതില്‍ നിരക്കും.

എറണാകുളം ജില്ലയില്‍ പൊങ്ങംമുതല്‍ അരൂര്‍വരെ 49 കിലോമീറ്ററില്‍ മതിലുയരും. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറവരെ 97 കിലോമീറ്ററാണ് ഒരുക്കുന്നത്. കൊല്ലം ജില്ലയില്‍ 44 കിലോമീറ്ററാണ് മതില്‍.

തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമക്ക് മുന്നില്‍ അവസാനിക്കുന്ന വനിതാമതിലിന്റെ അവസാന കണ്ണി ബൃന്ദ കാരാട്ടാണ്. വെള്ളയമ്പലത്തിലെ പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ ജില്ലകളിലും പങ്കെടുക്കുന്ന പ്രമുഖ വ്യക്തികള്‍

കാസര്‍ഗോഡില്‍ കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉയരുന്ന വനിതാ മതില്‍ കണ്ണൂരില്‍ കാലിക്കടവ് മുതല്‍ മാഹി വരെയുള്ള ഭാഗങ്ങളില്‍ ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ തുടങ്ങിയവര്‍ വനിത മതിലില്‍ ചേരുമ്പോള്‍ വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോഴിക്കോട് അണിനിരക്കുന്നവര്‍ കെ അജിത, പി വത്സല, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ കോഴിക്കോട് അണിനിരക്കും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് പൊതുയോഗത്തില്‍ സംബന്ധിക്കും.

മലപ്പുറത്ത് പങ്കാളികളാവുക നിലമ്പൂര്‍ അയിഷ, പി കെ സൈനബ തുടങ്ങിയവരാണ്. മന്ത്രി കെ.ടി ജലീല്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ജില്ലയില്‍ ആദിവാസി സാമൂഹിക പ്രവര്‍ത്തക സി കെ ജാനു, മന്ത്രിമാരായ എ.കെ.ബാലന്‍ കുളപ്പുള്ളിയിലും കെ.കൃഷ്ണന്‍കുട്ടി പട്ടാമ്പിയിലും പൊതുയോഗത്തില്‍ പങ്കെടുക്കും. കൂടാതെ ജില്ലയിലെ എം.പിമാരായ എം ബി രാജേഷും പി കെ ബിജുവും പങ്കെടുക്കും.

തൃശ്ശൂരില്‍ മതിലില്‍ ചേരുക പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്വിമന്‍ വിജയരാജമല്ലിക, സംവിധായിക ശ്രുതി നമ്പൂതിരിയ്ക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമാവും. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ ഡോ.എം. ലീലാവതി, സിതാര കൃഷ്ണകുമാര്‍, നടി രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തില്‍, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ.മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍, കെ.തുളസി ടീച്ചര്‍ എന്നിവരും പങ്കെടുക്കും. തദ്ദേശസ്വയംഭരണ മന്ത്രി എ. സി മൊയ്തീന്‍ എറണാകുളത്തും വൈദ്യുതി മന്ത്രി എം. എം. മണി അങ്കമാലിയിലും പൊതുയോഗത്തില്‍ പ്രസംഗിക്കും.

ആലപ്പുഴയില്‍ മുന്‍ എം.പി സി എസ് സുജാത, വിപ്ലവഗായിക പി.കെ.മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി. അരുന്ധതി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്നി പ്രീതി നടേശന്‍ എന്നിവര്‍ മതിലിന്റെ ഭാഗമാവും. ചേര്‍ത്തലയില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കായംകുളത്ത് വനം മന്ത്രി കെ. രാജുവും പൊതുയോഗത്തില്‍ പങ്കെടുക്കും.

കൊല്ലത്ത് രാധാ കാക്കനാടന്‍, വിജയകുമാരി, ജയകുമാരി എന്നിവര്‍ അണിനിരക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പൊതുയോഗത്തില്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട്, ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്സിംഗ് ചാമ്പ്യന്‍ കെ. സി. ലേഖ എന്നിവരും അണിനിരക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍