UPDATES

ട്രെന്‍ഡിങ്ങ്

വനിതാ മതിൽ: യോഗക്ഷേമ സഭയുടെ നിലപാടുകളോട് വിയോജിച്ച് നമ്പൂതിരി സമുദായത്തിലെ പുരോഗമനകാരികളുടെ യോഗം; മറക്കുടയിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപനം

“പഴയ ‘ഉണ്ണി നമ്പൂതിരി യുവജന സംഘ’ത്തെ ഓർമിപ്പിച്ച് ഉല്പതിഷ്ണുക്കളും പുരോഗമന വാദികളും അരങ്ങത്തേക്ക് വരുന്നു. ഇനി ഓർമകളുണരണം. നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്. ഈ കൂട്ടായ്മ ഇവിടെ നിലയ്ക്കുന്നില്ല.”

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ യോഗക്ഷേമ സഭ പിന്തുടരുന്ന നിലപാടുകളോട് വിയോജിച്ച് നമ്പൂതിരി സമുദായത്തിലെ പുരോഗമനകാരികൾ രംഗത്തു വരുന്നു. കേരളത്തിന്റെ പുരോഗമനപരമായ വളർച്ചയിൽ നിർണായകമായ പങ്കുണ്ടായിരുന്ന യോഗക്ഷേമസഭ പുതിയകാലത്തെ മുന്നേറ്റങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നതിനെതിരെ ‘ഉണ്ണി നമ്പൂതിരി യുവജന സംഘത്തെ ഓർമിപ്പിക്കുന്ന മുന്നേറ്റം’ ആവശ്യമാണെന്ന നിലപാടുള്ള ഒരുകൂട്ടമാളുകളാണ് ഈ നീക്കത്തിനു പിന്നിൽ. ഡിസംബർ 27ന് ‘മടക്കമില്ല മറക്കുടയിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തി സമാന ചിന്താഗതിക്കാരായ നമ്പൂതിരി സമുദായക്കാർ ഒത്തു ചേരുകയുണ്ടായി. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിലായിരുന്നു യോഗം. യോഗക്ഷേമ സഭയോട് ചേർന്നു നിൽക്കുന്നവർ തന്നെയാണ് തങ്ങളെന്നും, സഭ അതിന്റെ ചരിത്രപരമായ ദൗത്യത്തെ മറക്കുന്നത് തിരുത്തേണ്ടതുണ്ടെന്ന ആവശ്യമാണ് തങ്ങൾക്കുള്ളതെന്നും കൂട്ടായ്മ സംഘടിപ്പിച്ചവർ പറയുന്നു.

വിടി ഭട്ടതിരിപ്പാടും ഇഎംഎസ്സും എംആർബിയും പ്രേംജിയും പാർവ്വതി നെന്മിനിമംഗലവും ദേവകി നരിക്കാട്ടിരിയും ആര്യാ പള്ളവുമെല്ലാം കൊളുത്തിയ നവോത്ഥാന പോരാട്ടത്തിന്റെ ജ്വാല സമൂഹത്തിനു വേണ്ടി കെടാതെ സൂക്ഷിക്കേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിലാണ് തങ്ങൾ കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് പരിപാടിയുടെ കൺവീനറായ പിഎൻ സുധീഷ് പറയുന്നു. കൂട്ടായ്മയുടെ ഭാഗമായി ‘വിധവയെ വീണ്ടും മന്ത്രകോടിയുടുപ്പിച്ച ഒരു പ്രസ്ഥാനം ഇതാ ഇവിടെ പുനർജനിക്കുന്നു’വെന്ന പ്രഖ്യാപനവും അവതരിപ്പിക്കുകയുണ്ടായി. യോഗക്ഷേമ സഭയുടെ നവോത്ഥാന സമരങ്ങളുടെയെല്ലാം തുടർച്ചയായ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് പോരാട്ടങ്ങൾ‌ക്ക് തുടക്കമിടാമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.

വനിതാമതില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ എൻഎസ്എസ്, ബ്രാഹ്മണസഭ, സാംബവ സഭ, ക്ഷത്രിയ ക്ഷേമ സഭ എന്നീ സംഘടനകൾക്കൊപ്പം യോഗക്ഷേമ സഭയും വിട്ടു നിന്നിരുന്നു. ഈ നിലപാടിനോട് വിയോജിപ്പുള്ള യോഗക്ഷേമ സഭയിൽ തന്നെയുള്ള സമുദായാംഗങ്ങളാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. ചരിത്രത്തിൽ മായാമുദ്രയായി മാറാൻ പോകുന്ന വനിതാമതിലിൽ നിന്ന് നമ്പൂതിരി സമുദായം മാറിനിന്നു കൂടാ എന്ന കരുതുന്നവർ നേതൃത്വത്തിനു പുറത്ത് ധാരാളം പേരുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 27ന് തൃശ്ശൂരിൽ നടന്ന പരിപാടിയിലും നല്ല പങ്കാളിത്തമുണ്ടായി. എഴുത്തുകാരനും പ്രഭാഷകനുമായ എസ്പി നമ്പൂതിരിയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. ശബരിമല സ്ത്രീപ്രവേശന കേസിൽ കക്ഷി ചേർന്ന തനിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണിയുണ്ടായ കാര്യം പിഎസ് നമ്പൂതിരി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൂട്ടായ്മയിൽ അവതരിപ്പിക്കപ്പെട്ട പ്രഖ്യാപനം

‘മറക്കുടയിലേക്ക് മടക്കമില്ല’

സാഹിത്യ അക്കാദമി ഹാൾ,
തൃശൂർ
ഡിസംബർ 27, 2018

പ്രഖ്യാപനം

പറ്റില്ല, ഇനി നിശ്ശബ്ദരാകാൻ പറ്റില്ല. പുളിച്ചു നാറിയ സകല പ്രതിലോമതകളും പത്തി വിടർത്തിയാടുമ്പോൾ മൗനം കുറ്റകരമാണ്. ഇനിയും മടിച്ചു നിന്നാൽ, ചരിത്രം നമുക്ക് മാപ്പ് തരില്ല. അതുകൊണ്ട്, നമ്മൾ ഇവിടെ ഒത്തുകൂടുന്നവർ ഒരഗ്നി ജ്വലിപ്പിക്കുകയാണ്. അനാചാരങ്ങളുടെ നെടുങ്കോട്ടകൾക്കെതിരെ പ്രതിഷേധത്തിന്റെ ‘ആയിരത്തിരി’ കത്തിക്കുകയാണ്. ഇതൊരു തീപ്പന്തമായി, അനേകം ജ്വാലകളായി ആളിപ്പടരട്ടെ. നമ്മൾ, നവോത്ഥാന പോരാട്ടങ്ങളുടെ പിൻമുറക്കാർ, നേരവകാശികൾ. കേരളത്തിന്റെ മറ്റു നവോത്ഥാന നായകർക്കൊപ്പം വിടി യും ഇഎംഎസും എംആർബിയും പ്രേംജിയും പാർവതി നെൻമിനിമംഗലവും ദേവകി നരിക്കാട്ടിരിയും ആര്യാ പള്ളവുമെല്ലാം കൊളുത്തിയ അഗ്നിജ്വാലകൾ നമ്മൾ ഏറ്റുവാങ്ങുകയാണ്. അതെ, പഴയ ‘ഉണ്ണി നമ്പൂതിരി യുവജന സംഘ’ത്തെ ഓർമിപ്പിച്ച് ഉല്പതിഷ്ണുക്കളും പുരോഗമന വാദികളും അരങ്ങത്തേക്ക് വരുന്നു. ഇനി ഓർമകളുണരണം. നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്. ഈ കൂട്ടായ്മ ഇവിടെ നിലയ്ക്കുന്നില്ല. ഇതു തുടക്കം. സാമൂഹ്യ നെറികേടുകൾക്കെതിരെ, അനാചാരങ്ങൾക്കെതിരെ, അനീതികൾക്കെതിരെ ഇടിമുഴക്കമായി നമുക്ക് മുന്നേറാം. കൊച്ചു കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ കാക്കാനും അതിനെതിരായ ഏതു നീക്കവും ചെറുക്കാനും ലക്ഷ്യമിട്ട് പുതുപ്പിറവിയിൽ രൂപം കൊള്ളുന്ന വനിതാ മതിലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പോരാട്ടങ്ങൾക്ക് തുടക്കമിടാം. ഇരുളടഞ്ഞ ഇല്ലപ്പറമ്പുകളുടെ അകത്തളങ്ങളിൽ ഒന്നു നെടുവീർപ്പിടാൻ പോലും കഴിയാതെ തേങ്ങലടക്കാൻ പാടുപെട്ട അനിയത്തിമാർക്കും ഏടത്തിമാർക്കും ശബ്ദിക്കാൻ നാവു നൽകിയ, വിധവയെ വീണ്ടും മന്ത്രകോടി ഉടുപ്പിച്ച ഒരു പ്രസ്ഥാനം ഇതാ ഇവിടെ പുനർജനിക്കുന്നു. ഞങ്ങളുറക്കെ പ്രഖ്യാപിക്കുന്നു. ‘മറക്കുടയിലേക്ക് മടക്കമില്ല.’ ഒരിക്കൽക്കൂടി പറയട്ടെ, പറ്റില്ല; ഇനി നമുക്ക് നിശ്ശബ്ദരായിക്കാൻ പറ്റില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍