UPDATES

കുട്ടമ്പേരൂരില്‍ ഒരാറുണ്ടായിരുന്നു; എന്നാല്‍ വരട്ടാറില്‍ ഇല്ലാതായ ഒരാറിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ്

മാസങ്ങള്‍ക്ക് മുമ്പ് വരട്ടാറിന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കുട്ടമ്പേരൂരാര്‍ ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ചിരുന്നു.

‘പമ്പയാറിന് വരട്ടാറിന്റെ ഗതിയാവരുത്’ പമ്പാ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചവര്‍ വര്‍ഷങ്ങളായി പറയുന്നത് പല്ലവിയാണിത്‌. കാരണം അവരുടെ കണക്കില്‍ വരട്ടാര്‍ മരിച്ചു കഴിഞ്ഞിരുന്നു. വരട്ടാറിന്റെ ‘ഗതി’ യെന്താണ്? ഇതറിയാന്‍ വരട്ടാറിനെ അന്വേഷിച്ചിറങ്ങിയാല്‍ അങ്ങനെയൊന്ന് കണ്ടുകിട്ടില്ല. കാരണം ആറ് എന്ന് പേരുള്ളതല്ലാതെ ഒരു തുള്ളി വെള്ളമോ, എന്നെങ്കിലും വെള്ളമൊഴുകിയിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള നീര്‍ച്ചാല് പോലുമോ ഇന്നില്ല. ഒരിക്കല്‍ ആറൊഴുകിയിരുന്ന സ്ഥലത്തെ അടയാളപ്പെടുത്താന്‍ പോലുമാവാത്ത തരത്തില്‍ ആ പ്രദേശമെല്ലാം സ്വകാര്യ കൃഷിഭൂമികളായിരിക്കുന്നു. ഒരു കൃഷി ഭൂമിയില്‍ നിന്ന് അടുത്ത കൃഷി ഭൂമിയിലേക്ക് കാലെടുത്ത് വച്ചാല്‍ ‘ആറി’ന്റെ ഇരുകരകളായി! ചിലയിടങ്ങള്‍ വയലുകളായി മാറി. മറ്റ് ചിലയിടങ്ങള്‍ കാട് പിടിച്ചുകിടക്കുന്നു. ചിലയിടത്ത് മാത്രം ചെളി നിറഞ്ഞ കുണ്ടുകള്‍ കാണാം. മഴ പെയ്താല്‍ ഇവിടെ മാത്രം വെള്ളം നിറയും. ആലപ്പുഴ, പത്തനംതിട്ടക്കാരുടെ കണക്കില്‍ വരട്ടാര്‍ എന്നൊരു ആറ് ഇന്ന് ജീവിച്ചിരിക്കുന്നില്ല. എന്നേ അത് മൃതിയടഞ്ഞു.

മരിച്ച വരട്ടാറിന് വീണ്ടും ജീവന്‍ നല്‍കാനാവുമോ? ഈ ചോദ്യം വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നതാണ്. അന്നൊന്നും അവര്‍ക്കും വരട്ടാര്‍ ഒഴുകിയിരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഇതിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. വരട്ടാറിന്റെ പുനരുജ്ജീവന ശ്രമങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ പമ്പാ പരിരക്ഷണ സമിതി ആരംഭിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളോ ജനങ്ങളോ ഇതിനൊപ്പം നിന്നില്ല. എന്നാല്‍ ഈ വേനലിലുണ്ടായ വരള്‍ച്ച- അതിന്റെ ആഘാതമനുഭവിച്ച ഒരു ജനത ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തന്നെ തുനിഞ്ഞിറങ്ങി. അവരുടെ പരിശ്രമങ്ങള്‍ പാഴായില്ല. അതിന്ന് എത്തിനില്‍ക്കുന്നത് ‘വരട്ടേ… ആറ്’ യാത്രയിലാണ്. വരട്ടാറിന്റെ പുനര്‍ജനിക്കായി ശബ്ദമുയര്‍ത്തിയിരുന്ന പമ്പാ പരിരക്ഷണ സമിതി ഇന്ന് ഒറ്റയ്ക്കല്ല. തുടര്‍ന്ന് ജീവിക്കണമെങ്കില്‍ ഈ ജലാശയത്തെ വീണ്ടെടുക്കണമെന്ന് തിരിച്ചറിഞ്ഞ ജനങ്ങളും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ട്. വരട്ടാറുണ്ടായിരുന്ന പ്രദേശങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ‘പൂര്‍വ പമ്പ- വരട്ടാര്‍ പുനര്‍ജനി വിളംബര ഘോഷയാത്ര’ ഇതിന് തെളിവാണ്.

ഇടക്കിടെ പെയ്ത കനത്ത മഴയെ അവഗണിച്ചുകൊണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും, സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരും ഗ്രാമവാസികളും വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് വരട്ടാറിന്റെ ‘കരകളി’ലൂടെ 10 കിലോമീറ്റര്‍ നടന്നു. ധനമന്ത്രി തോമസ് ഐസക്ക്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടത്തം. രാവിലെ ഏഴ് മണിക്ക് തുടങ്ങി വൈകിട്ട് നാല് മണിക്ക് അവസാനിച്ച നടത്തത്തിനിടെ ആറിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഓഡിയോ സന്ദേശവുമെത്തി. ‘വരട്ടാറിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. വരട്ടാറിന്റെ, ഇതിഹാസത്തോളം പഴക്കമുള്ള കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പഞ്ചപാണ്ഡവന്‍മാരുടെ വനവാസ കാലത്ത് പാഞ്ചാലിയുടെ ദാഹമകറ്റാന്‍ ആദിപമ്പയില്‍ നിന്ന് ചാല് കീറി ഭീമന്‍ ആ ജലസമൃദ്ധിയെ പാഞ്ചാലിക്ക് മുന്നിലെത്തിച്ചു. വരട്ടേ… ആറ്, വരട്ടെയാറ് എന്ന ഭീമന്റെ വാക്കുകള്‍ പിന്നീട് വരട്ടയാറെന്നായി. കേള്‍ക്കാന്‍ കൗതുകമുള്ള കഥയാണിത്. ദാഹജലത്തിനായി ജീവജാലങ്ങള്‍ നെട്ടോട്ടമോടുന്ന ഇക്കാലത്ത് വരട്ടാറിന്റെ പുനര്‍ജനിക്കായുള്ള ഒരു ദേശത്തിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചവര്‍ക്കും, അതിന് സര്‍വ വിധ പിന്തുണയും നല്‍കുന്ന മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും, ഗ്രാമവാസികള്‍ക്കും എന്റെ എല്ലാവിധ പിന്തുണയും അഭിവാദ്യങ്ങളും. പമ്പയേയും മണിമലയാറിനേയും ബന്ധിപ്പിച്ച് ജലസമൃദ്ധമായി ഒഴുകിയിരുന്ന പഴയ വരട്ടാറിനെ ഇനി വരും തലമുറയ്ക്കായി കൈമാറാന്‍ ഈ വലിയ ജനകീയ കൂട്ടായ്മയ്ക്ക് കഴിയട്ടെ. എന്റെ മനസ്സ് നിങ്ങള്‍ക്കൊപ്പം‘ ഇതായിരുന്നു ആ സന്ദേശം.

Also Read: ആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ

ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തിയാണ് വരട്ടാര്‍ പുനരുജ്ജീവനം സര്‍ക്കാര്‍ നടപ്പാക്കുന്നത്. ‘ഇന്ന് നടക്കുന്ന ഏറ്റവും വലിയ ജലസംരക്ഷണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പമ്പയുടെ മൃതിയടഞ്ഞ 18 കിലോമീറ്റര്‍ പുനരുജ്ജീവിപ്പിക്കാന്‍ പോവുകയാണ്. വരട്ടാറിന്റെ 10 കിലമീറ്ററും അതിന്റെ തുടക്കമായ ആദിപമ്പയുടെ ഭാഗങ്ങളുമാണിത്. വിജയം കണ്ടിട്ടേ ഈ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിക്കൂ. പരമാവധി ജനകീയ പങ്കാളിത്തത്തോടെ ഇത് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.’ പുഴ നടത്തത്തിനൊടുവില്‍ അതിന് നേതൃത്വം നല്‍കിയ മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.

പഴയ വരട്ടാര്‍ ഇങ്ങനെ
തിരുവിതാംകൂര്‍ രാജഭരണ കാലത്ത് കുത്തിയെടുത്ത ആറാണ് വരട്ടാര്‍ എന്ന് ചരിത്ര രേഖകള്‍. പമ്പയാറിനേയും മണിമലയാറിനേയും ബന്ധിപ്പിക്കുന്ന ആറ്. ഈ രണ്ട് പ്രധാന ആറുകളിലേയും ജലനിരപ്പ് നിയന്ത്രിക്കുന്നതിനാല്‍ വെള്ളപ്പൊക്കത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ വരട്ടാര്‍ പ്രധാന പങ്കുവഹിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ആറ് ഈ മേഖലകളിലെ കാര്‍ഷിക ജീവിതത്തിന്റെ മുഖ്യ ഘടകവുമായിരുന്നു. ചെങ്ങന്നൂര്‍, പത്തനംതിട്ട മേഖലകളിലെ കരിമ്പ് കൃഷി പൂര്‍ണമായും വരട്ടാറിനെ ആശ്രയിച്ചായിരുന്നു. തിരുവല്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിയിലേക്ക് ഈ പ്രദേശങ്ങളില്‍ നിന്ന് കരിമ്പെത്തിച്ചിരുന്നതും ഇതുവഴി തന്നെ. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റോഡ് നിര്‍മ്മാണ കമ്മിറ്റിയുടെ തീരുമാന പ്രകാരം വരട്ടാറിന് കുറുകെ കലുങ്കുകള്‍ പണിതു. ഇതായിരുന്നു വരട്ടാറിന്റെ നാശത്തിലേക്കുള്ള ആദ്യപടി. കലുങ്കുകള്‍ വന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. ഏഴ് കലുങ്കുകളാണ് 10 കിലോമീറ്ററിനടുത്ത് നീളമുള്ള വരട്ടാറിന് കുറുകെ നിര്‍മ്മിക്കപ്പെട്ടത്. ഇതോടെ കെട്ടുവള്ളങ്ങളില്‍ കരിമ്പ കയറ്റി വരട്ടാര്‍ വഴിയുള്ള യാത്ര ഇല്ലാതായി. റോഡ് വന്നപ്പോള്‍ റോഡ് മാര്‍ഗം കരിമ്പ് എത്തിക്കാമെന്നായി. എന്നാല്‍ കൃഷിയിടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ റോഡ് എത്താന്‍ കഴിയുമായിരുന്നുള്ളൂ. ഭീമമായ ചുമട്ടുകൂലി നല്‍കേണ്ടി വന്നതോടെ കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വരട്ടാര്‍ വഴിയുള്ള കരിമ്പ് കയറ്റിയയ്ക്കലില്‍ ലാഭം മാത്രം ലഭിച്ചിരുന്ന കര്‍ഷകര്‍ ഇതോടെ കടത്തിലായി. ഇക്കാരണത്താല്‍ കര്‍ഷകരില്‍ ഭൂരിഭാഗവും കൃഷിയുപേക്ഷിച്ചു. കരിമ്പ് കിട്ടാതായതോടെ ഷുഗര്‍ ഫാക്ടറി പൂട്ടുകയും ചെയ്തു. ഇത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കാര്യമാണ്. ഒരു കാലത്ത് വരട്ടാറിനെ മാത്രമാശ്രയിച്ച് ജീവിച്ചവര്‍ പിന്നീട് വരട്ടാര്‍ ഉപയോഗിക്കാതെയായി.

75 കാരനായ പമ്പാ പരിരക്ഷണ സമിതി ചെയര്‍മാന്‍ എന്‍.കെ സുകുമാരന്‍ നായര്‍ തന്റെ കണ്‍മുന്നില്‍ ഒരു പുഴ മരിക്കുന്നത് കണ്ടയാളാണ്. ‘പമ്പയും മണിമലയാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്വാഭാവിക ജലസ്രോതസ്സായിരുന്നു വരട്ടാര്‍. 10 കിലോമീറ്ററാണ് ഇതിന്റെ നീളം. മണല്‍വാരി പമ്പ താഴ്ന്നു. വരട്ടാറിന്റെ ഇരുവശത്തും കരിമ്പ് കൃഷിയിടിങ്ങളായിരുന്നു. കരിമ്പ് കൃഷിയുടെ പ്രത്യേകത മൂലം വര്‍ഷകാലത്ത് വരട്ടാറില്‍ കൂടുതലായി എക്കല്‍ അടിയും. പമ്പ താഴുകയും വരട്ടാര്‍ എക്കല്‍ മൂടി ഉയരുകയും ചെയ്തു. ഇതോടെ വരട്ടാറിലെ നീരൊഴുക്ക് കുറഞ്ഞു. വര്‍ഷകാലത്ത് പോലും ഒഴുകാതെയായി. ഇതിന് പുറമെയാണ് കലുങ്കുകള്‍ വരുന്നത്. 60-70 മീറ്റര്‍ വീതി വരുന്ന ആറിന് കുറുകെ 12 മീറ്റര്‍ വീതിയുള്ള കലുങ്കുകളാണ് പണിതുയര്‍ത്തിയത്. ഇതോടെ ഒഴുക്ക് പൂര്‍ണമായും ഇല്ലാതായി. 1984 വരെയൊക്കെ കെട്ടുവള്ളങ്ങളുടെ നിരന്തര സഞ്ചാരമുണ്ടായിരുന്നു. പിന്നീടാണ് ഇതെല്ലാം അവസാനിച്ചത്. കയ്യേറ്റങ്ങളും വ്യാപകമായി. ഒഴുക്ക് നിലച്ച ആറിനെ മൂടി കൃഷി സ്ഥലങ്ങള്‍ രൂപപ്പെട്ടു. അങ്ങനെ ഒരു പ്രദേശത്തിന്റെ സാമൂഹിക,സാമ്പത്തിക ഘടകങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്ന ഒരു ആറ് ഇല്ലാതായി. അക്ഷരാര്‍ഥത്തില്‍ മരിച്ചു. ആറിന്റെ ചാല് പോലും ഇന്ന് കാണാനില്ല.

കഴിഞ്ഞ 22 വര്‍ഷങ്ങളായി ഈ ആറിനെ ജീവിപ്പിച്ചെടുക്കാനായി പലരുടേയും പുറകെ നടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. ഗ്രാമവാസികളോട് സഹായമഭ്യര്‍ഥിച്ചു. മാറിമാറി വന്ന സര്‍ക്കാരുകളോട് നിരന്തരമായി ആവശ്യപ്പെട്ടു. പക്ഷെ ഒരു പ്രയോജനവുമുണ്ടായില്ല. വെള്ളം ഇത്രയും അമൂല്യമാണെന്ന് ആര്‍ക്കും അന്നൊന്നും മനസ്സിലായിട്ടില്ല. പക്ഷെ ഈ വര്‍ഷമുണ്ടായ വരള്‍ച്ച എല്ലാവരുടേയും കണ്ണുതുറപ്പിച്ചു. ഒരിക്കലും വെള്ളം വറ്റാത്ത കിണറുകളായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്. പക്ഷെ ഈ വര്‍ഷം വെള്ളം വറ്റി എന്ന് മാത്രമല്ല, വെള്ളമുള്ള കിണറുകളിലെ തന്നെ വെള്ളം ഉപയോഗ ശൂന്യമായി മാറിക്കഴിഞ്ഞിരുന്നു. ഇതോടെ ഈ ജലസ്രോതസ്സിനെ വീണ്ടെടുക്കണമെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങി. ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുണയുമുണ്ട്.’ സുകുമാരന്‍ നായര്‍ പറയുന്നു.

പുനരുജ്ജീവനം അത്ര എളുപ്പമല്ല
മാസങ്ങള്‍ക്ക് മുമ്പ് വരട്ടാറിന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കുട്ടമ്പേരൂരാര്‍ ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ചിരുന്നു. കാടും പടര്‍പ്പും മണല്‍ത്തിട്ടകളുമായി മാറിയ കുട്ടമ്പേരൂര്‍ ആറിനെ 45 ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. എന്നാല്‍ കുട്ടമ്പേരൂരിനെ വരട്ടാറില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്ന ഒന്നുണ്ട്. കുട്ടമ്പേരൂരില്‍ ആറുണ്ടായിരുന്നു, വെള്ളവുമുണ്ടായിരുന്നു. വരട്ടാര്‍ ഇന്നില്ല. ഒരു ആറ് ഉണ്ടായിരുന്നിടത്ത് വീണ്ടും ഒരാറ് ഉണ്ടാക്കിയെടുക്കണം. അതിനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ ശ്രമകരമായ ഉദ്യമങ്ങളാണുള്ളത്. ആറുണ്ടായിരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തണം, കയ്യേറ്റമൊഴുപ്പിക്കണം, കാടും പടര്‍പ്പുകളും വെട്ടിമാറ്റണം, ചാല് കീറണം, വെള്ളമെത്തിക്കണം, കലുങ്കുകള്‍ പൊളിച്ച് പകരം പാലങ്ങള്‍ നിര്‍മ്മിക്കണം, ആറുമായി ബന്ധപ്പെട്ട ഉറവകളെ ജീവിപ്പിക്കണം… അങ്ങനെ നിരവധി കാര്യങ്ങളിലൂടെയേ വരട്ടാറിനെ വീണ്ടുമെത്തിക്കാനാവൂ.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍