മൂന്നുമൂന്നര വര്‍ഷമായിട്ട് ഈ പ്രശ്‌നത്തിന്റെ പേരില്‍ തീ തിന്നു ജീവിക്കുന്നൊരു മനുഷ്യനാണ് ഞാന്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ നീതി കിട്ടാന്‍ വേണ്ടി പോരാടുന്ന കന്യാസ്ത്രീകളില്‍ ഒരാളായ സി. അനുപമയും കുടുംബവും പലതരത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ ഈ കന്യാസ്ത്രീകള്‍ക്കൊപ്പം സധൈര്യം നില്‍ക്കുന്നൊരാളാണ് സി. അനുപമയുടെ പിതാവ് കെ എം വര്‍ഗീസ്. പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴും പിന്നാക്കം പോകാതെ തന്റെ മകള്‍ക്കുള്‍പ്പെടെ ആത്മവിശ്വാസം പകര്‍ന്നു കൂടെ നില്‍ക്കൊന്നാരാള്‍ കൂടിയാണ് അദ്ദേഹം. ‘പൊരുതുന്ന കന്യാസ്ത്രീമാര്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയത്ത് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വര്‍ഗീസ് നടത്തിയ ഹ്രസ്വ പ്രസംഗത്തിന്റെ പൂര്‍ണരൂപമാണ് താഴെ കൊടുക്കുന്നത്.
ഞാന്‍ സിസ്റ്റര്‍ അനുപമയുടെ പിതാവാണ്. നീതിക്കു വേണ്ടി പൊരുതുന്ന ഈ കന്യാസ്ത്രീകള്‍ക്ക് സഹകരണവും പിന്തുണയും പ്രഖ്യാപിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഞാനൊരു പ്രാസംഗികനൊന്നുമല്ല. പ്രസംഗിക്കാന്‍ പറ്റിയൊരു അവസ്ഥയുമല്ല എനിക്കുള്ളതെന്നും നിങ്ങള്‍ക്ക് അറിയാം. ഏതാണ്ട് മൂന്നുമൂന്നര വര്‍ഷമായിട്ട് ഈ പ്രശ്‌നത്തിന്റെ പേരില്‍ തീ തിന്നു ജീവിക്കുന്നൊരു മനുഷ്യനാണ് ഞാന്‍. കാണുമ്പോള്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ തീയാണ്. കാരണം, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. മരണത്തെ ഭയമില്ല. പക്ഷേ മരിക്കാതെ മരിക്കുന്നതിനോടാണ് യോജിക്കാന്‍ പറ്റാത്തത്. മരിക്കാനൊന്നും എനിക്കും ഭയമില്ല, എന്റെ മകള്‍ ഉള്‍പ്പെടെയുള്ള ഈ കന്യാസ്ത്രീകള്‍ക്കുമില്ല. ഏതു പ്രതിസന്ധിയേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.
ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നു ഞങ്ങള്‍ക്ക് ആദ്യം മനസിലാക്കി തരണം. ഞാന്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ മകള്‍ ചെയ്ത തെറ്റെന്താണ്? അതിനുള്ള ഒരു മറുപടിയും ഇന്നു വരെ സഭ അധികാരികളുടെ ഭാഗത്തു നിന്നും കിട്ടിയിട്ടില്ല. അയക്കുന്ന അപേക്ഷകള്‍ക്കൊന്നും മറുപടിയില്ല, നേരിട്ട് കണ്ടുകൊടുക്കുന്ന അപേക്ഷയ്ക്ക് മറുപടിയില്ല. ഒന്നിനും മറുപടിയില്ലാതെ ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നൊരു പ്രവണതയാണ് സഭാ അധികാരികള്‍ക്കുള്ളത്. സഭയ്ക്കുള്ളതെന്നു ഞാന്‍ പറയില്ല. സഭ സംശുദ്ധമാണ്. സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ എന്തെല്ലാം നല്ല കാര്യങ്ങളാണ് പറയുന്നത്. അതിലെന്തെങ്കിലും പ്രവര്‍ത്തിപഥത്തില്‍ വരുത്താന്‍ ഇവിടുത്തെ സഭ മേലധികാരികള്‍ തയ്യാറായിട്ടില്ല. കാരണം, എല്ലാവര്‍ക്കും ഫ്രാങ്കോയെ പേടിയാണെന്നാണ് പറയുന്നത്. എന്താണ് ഫ്രാങ്കോയെ പേടിക്കുന്നത്? വേശ്യയായ സ്ത്രീയെ ശത്രുക്കള്‍ കല്ലെറിഞ്ഞുകൊല്ലാന്‍ പോയപ്പോള്‍, നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നാണ് യേശു ക്രിസ്തു പറഞ്ഞത്. അത് ഇവിടുത്തെ മെത്രാന്മാര്‍ അനുസരിക്കുന്നുണ്ട്. ആ ഒരു വാചകം മെത്രാന്മാര്‍ അനുസരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാങ്കോയ്‌ക്കെതിരേ ഇവരാരും ശബ്ദിക്കാത്തത്. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ക്രിസ്തു പറഞ്ഞത്. ഇവരില്‍ എല്ലാവരിലും ഓരോവിധത്തിലുള്ള പാപങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. അവര്‍ക്ക് കല്ലെറിയാനുള്ള അര്‍ഹതയില്ല. അതുകൊണ്ടവര്‍ കല്ലെറിയുകയുമില്ല. കെസിബിസിയും സിബിസിഐയുമൊക്കെ കൂടുന്നുണ്ട്. അതിലെതെങ്കിലുമൊരു മെത്രാന്‍ ഈ കന്യാസ്ത്രീകളെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ടോ? ഇന്നുവരെ അങ്ങനെ സംസാരിച്ചതായിട്ട് എനിക്കറിയില്ല. കാരണം, കാലാകാലങ്ങളിലായി സഭയില്‍ നടന്നു വരുന്ന ഈ തെറ്റുകള്‍ക്ക് ഒരു വിരാമം ഉണ്ടാകാന്‍ പാടില്ല എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവരാരും ഒരു ചെറുവിരല്‍ പോലും അനക്കാത്തത്.
ഒരു ബലൂണ്‍ വീര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിനകത്ത് കാറ്റ് പിടിക്കുന്നതിനൊരു പരിധിയുണ്ട്. ആ പരിധിക്കപ്പുറമായാല്‍ പൊട്ടിപ്പോകും. ഈ സംഭവും ഒതുക്കിയൊതുക്കി നിര്‍ത്തി അവസാനം സഭ മേലധികാരികള്‍ തന്നെ ഊതി വീര്‍പ്പിച്ച് പുറം ലോകത്തേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു നവീകരണത്തിന്റെ തുടക്കമായിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്.
https://www.azhimukham.com/vayicho-bishop-franco-mulakkal-accused-nun-rape-case-the-new-york-times-report-by-maria-abi-habib-suhasini-raj/