UPDATES

ദളിതനെ കുളിപ്പിച്ച് ജാതി കളയിക്കുന്ന അയിത്തകേരളത്തിന്റെ പുരോഗമനനാട്യങ്ങള്‍

തിരുവനന്തപുരം വര്‍ക്കല കരുനിലക്കോട് പടിഞ്ഞാറ്റേതില്‍ പൊതുകുളം ദളിതര്‍ക്ക് ഉപയോഗിക്കാനാവില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത് ചൊവ്വാഴ്ചയാണ്

തിരുവനന്തപുരം വര്‍ക്കല കരുനിലക്കോട് പടിഞ്ഞാറ്റേതില്‍ പൊതുകുളം ദളിതര്‍ക്ക് ഉപയോഗിക്കാനാവില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത് ചൊവ്വാഴ്ചയാണ്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ദളിത് കുട്ടികളെ പൊതു കുളത്തില്‍ കുളിപ്പിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ‘അയിത്തം ഇല്ലാതാക്കി’. ബുധനാഴ്ചയും ഇത് ആവര്‍ത്തിച്ചു. പ്രദേശത്തെ ദളിതരായ സ്ത്രീകളെ പ്രതീകാത്മകമായി കുളത്തിലറക്കി അയിത്തത്തെ, ജാതിവേര്‍തിരിവിനെ തുടച്ചുനീക്കി എന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചു. അയിത്തമുണ്ടെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ‘ജാതിമതില്‍’ തകര്‍ത്ത് ജനപ്രതിനിധികളും നാട്ടുകാരും ആഘോഷിച്ചു. മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ത്തെറിയാന്‍ കഴിയുന്നതാണോ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതിബോധവും അയിത്തവും?

കുരുനിലക്കോട്ടെ ദളിതര്‍ പറയുന്നത് അങ്ങനെയല്ല എന്ന് തന്നെയാണ്. കാരണം കുറവരും തണ്ടാരും ഉപജാതികളില്‍ പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇപ്പോഴും ഭീതിയിലാണ്. ഇന്നല്ലെങ്കില്‍ നാളെ ആക്രമിക്കപ്പെട്ടേക്കാമെന്ന പേടി അവരില്‍ നിന്ന് ഒഴിയുന്നില്ല. അയിത്തമില്ലാതാക്കിയ പ്രഖ്യാപനത്തിന് ശേഷം കുറവസമുദായാംഗമായ സ്ത്രീ (ആക്രമണവും ഭീഷണിയും ഭയന്ന് പേര് പുറത്തുപറയാന്‍ അവരില്‍ മിക്കവാറും ആഗ്രഹിക്കുന്നില്ല) പറയുന്നത് കേള്‍ക്കുക: “അവര് കൂട്ടത്തോടെ വന്ന് കുളിക്കണന്ന് പറഞ്ഞ്. ദൈവത്താണേ സത്യം ഞങ്ങക്ക് പേടിയാര്ന്ന്. ഇവിടെ നിങ്ങക്ക് കുളിക്കാന്‍ എന്താണ് പ്രയാസം എന്ന് ചോദിച്ചോണ്ട് ഇവിടെല്ലാം കളിച്ചോണ്ടിരുന്ന പിളളകളെ പിടിച്ചോണ്ട് പോയി കുളിപ്പിച്ച്. അവര് കുളിപ്പിച്ചെങ്കി ഞങ്ങക്ക് സന്തോഷം തന്നെ. പക്ഷെ പേടിയുണ്ട് മക്കളേ. ഈ വീടുകളെല്ലാം കേറി നെരങ്ങും അവര്. വാര്‍ത്ത ചാനലില്‍ വന്നപ്പ തന്ന എല്ലാരും ഇങ്ങോട്ട് വന്ന് നീയൊക്കെയെന്തിനാണ് ചാനലുകാരോട് ഇതൊക്കെ പറയാന്‍ പോയേന്ന് ചോയിച്ച്. ഞാനെന്തര് പറയാനാണ്. ഇവിടെള്ള ഞങ്ങളെയെല്ലാം അവര് പേടിപ്പിച്ചാണ് നിര്‍ത്തണത്. വീട്ടിലെ ആണുങ്ങള് പോലും ഇതൊക്കെ പത്രക്കാരോട് പറഞ്ഞതിന് ഞങ്ങളുടടുത്ത് പ്രശ്‌നങ്ങളാണ്. പുറത്തിറങ്ങിയാ അവര് എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് ആണുങ്ങള്‍ക്കെല്ലാം നല്ല പേടിയാണ്. ഇന്നോ നാളയോ, നാല് വര്‍ഷം കഴിഞ്ഞിട്ടായാലും അവര് ഇതിനെല്ലാം കണക്ക് തീര്‍ക്കും. ഈ ബഹളങ്ങളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ആ കൊളത്തില്‍ ഇറങ്ങിയാ എന്തൊണ്ടാവുവോ എന്തോ? ഓര്‍ക്കുമ്പോ തന്നെ ശ്വാസം നെലച്ച് പോണപോലെയാണ്. ആ കൊളത്തില്‍ എറങ്ങാനും കുളിക്കാനും പറ്റിയതൊക്കെ നല്ല കാര്യങ്ങള് തന്നെ. പക്ഷെ അതുകൊണ്ടൊന്നും മാറുന്നതല്ല അവരുടെ മനസ്ഥിതിയും ഞങ്ങടെ പേടിയും. കെട്ടുംകെട്ടി പോവേണ്ടി വരുവോ എന്നാണ് ഇപ്പഴത്തെ പേടി”.

മധു എന്ന മുന്‍ അധ്യാപകന്റെ സ്വകാര്യഭൂമിയിലുണ്ടായിരുന്ന കുളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുവായി വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ അന്നുമുതല്‍ ലക്ഷം വീട് കോളനികളിലും അല്ലാതെയും താമസിക്കുന്ന കുറവ, തണ്ടാര്‍ സമുദായാംഗങ്ങള്‍ക്ക് ആ കുളത്തില്‍ കുളിക്കാനോ, കുടിക്കാന്‍ വെള്ളമെടുക്കാനോ കഴിഞ്ഞിരുന്നില്ല എന്നാണ് ദളിതര്‍ ഉന്നയിക്കുന്ന ആരോപണം. ആ കുളത്തില്‍ നിന്ന് ഊറി വരുന്ന വെള്ളം പാളകൊണ്ട് അടച്ചുവച്ചായിരുന്നു ദളിതരുടെ കുളി. കുടിക്കാന്‍ വെള്ളമെടുക്കണമെങ്കില്‍ കുളത്തിലിറങ്ങാന്‍ അവകാശമുണ്ടായിരുന്നവര്‍ കോരി നല്‍കണമായിരുന്നു. നേരിട്ട് കുളത്തില്‍ നിന്ന് വെള്ളം കോരുന്നതിനും വിലക്കുണ്ടായിരുന്നു. ഇത് പരാതിയായി ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ഈ പൊതുകുളത്തില്‍ നിന്ന് 20മീറ്റര്‍ മാറിയുള്ള ചെറിയ ഒരു ഉറക്കുളം ദളിതര്‍ക്കായി നഗരസഭ കൗണ്‍സിലര്‍ മുന്‍കയ്യെടുത്ത് നവീകരിച്ച് നല്‍കിയെന്നും ദളിതര്‍ പറയുന്നു.

പൊതുപ്രവര്‍ത്തകനായ അശോകന്‍ പറയുന്നത്: “ഇത് ഇന്നും ഇന്നലെയും തുടങ്ങിയ വിഷയമല്ല. പൊതുകുളം ഉപയോഗിക്കാന്‍ ദളിതര്‍ക്ക് യോഗ്യത കല്‍പ്പിക്കപ്പെട്ടില്ല. ഇത് കുളമെന്നതിനേക്കാള്‍ ഉറവയാണ്. ആ ഉറവയില്‍ നിന്ന് ഊറി തോട്ടിലേക്ക് വരുന്ന വെള്ളം പാളകൊണ്ട് കെട്ടിയടച്ചായിരുന്നു ദളിതരുടെ കുളി. രണ്ട് ദിവസം മുമ്പ് വരെ. വേനല്‍ക്കാലത്ത് എല്ലാ കുളങ്ങളും കിണറുകളും വറ്റിയാലും ഈ പൊതുകുളം വറ്റാറില്ല. അതുകൊണ്ട് പ്രദേശത്തെ ജനങ്ങളെല്ലാം കുടിക്കാനുള്ള വെള്ളത്തിനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. പക്ഷെ ദളിതര്‍ക്ക് നേരിട്ട് കുളത്തില്‍ നിന്ന് വെള്ളമെടുക്കാന്‍ പറ്റില്ല. ആ കുളത്തില്‍ നായരും ഈഴവരും മുസ്ലീങ്ങളുമെല്ലാം കുളിക്കുകയും വെള്ളമെടുക്കുകയും ചെയ്യും. അങ്ങനെ ഇറങ്ങാന്‍ അവകാശമുള്ളവര്‍ ദളിതര്‍ക്ക് വെള്ളം കോരിക്കൊടുക്കണം. അതായിരുന്നു രീതി. പക്ഷെ ഇതിനെയൊന്നും അവര്‍ അയിത്തമായല്ല കണക്കാക്കിയിരുന്നത്. ശുദ്ധിയുടെയും വൃത്തിയുടേയും കാര്യം പറഞ്ഞാണ് പലപ്പോഴും ഈ രണ്ട് നീതി നടപ്പാക്കിയിരുന്നത്. ഇപ്പോള്‍ കുളത്തില്‍ കുളിപ്പിച്ചു എന്നതൊക്കെ ശരിയാണ്. പക്ഷെ കുളിപ്പിക്കുന്നതിലും കുളം ഉപയോഗിക്കുന്നതിലും മാത്രമല്ലല്ലോ ജാതി നിലനില്‍ക്കുന്നത്? കുളം അതില്‍ ഒരു കാര്യം മാത്രമാണ്. മറ്റ് പല കാര്യങ്ങളിലും ഈ വേര്‍തിരിവും മാറ്റിനിര്‍ത്തലുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ് ഇവിടെയുള്ളത്.

ദളിതരുടെ പരാതിയില്‍ കഴമ്പുണ്ടെങ്കിലും അയിത്താചരണമല്ല നാട്ടില്‍ നടന്നതെന്നാണ് ദളിതരല്ലാത്ത നാട്ടുകാരുടെ അഭിപ്രായം. കാലങ്ങളായി തുടര്‍ന്ന് പോരുന്ന രീതി മാത്രമാണിത്. വയലില്‍ ജോലി ചെയ്യുന്നവരുടെ വസ്ത്രങ്ങളിലും ശരീരത്തിലും പറ്റുന്ന ചേറ് കുളത്തില്‍ കലര്‍ന്ന് വെള്ളം മലിനമാവാതിരിക്കാന്‍ മാത്രമാണ് ഇത്തരത്തില്‍ വേറൊരു കുളിസ്ഥലം ദളിതര്‍ക്കായി ഉണ്ടായത് എന്നും അത് ഇക്കാലത്തും തുടര്‍ന്നു പോന്നിരുന്നു എന്നേയുള്ളൂ- ഇതാണ് നാട്ടിലെ ഭൂരിപക്ഷത്തിന്റെ ന്യായം. ദളിതരും കുളവും തമ്മില്‍ നിശ്ചയിക്കപ്പെട്ടിരുന്ന അകലത്തെക്കുറിച്ച് നടപ്പുരീതിയായിരുന്നു എന്ന അര്‍ഥത്തില്‍ തന്നെയാണ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ സജിത് കുമാര്‍ പറഞ്ഞത്: “പലപ്പോഴായി ഇത് സംബന്ധിച്ച പരാതികള്‍ കിട്ടിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യാനിരിക്കെയാണ് ചാനല്‍ വാര്‍ത്തയും പ്രശ്‌നങ്ങളുമൊക്കെയായത്. എന്റെ അച്ഛന്‍ മധുവിന്റെ പുരയിടത്തിലായിരുന്ന ഈ കുളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതു ആവശ്യത്തിന് വിട്ടുനല്‍കിയതാണ്. കുളത്തിന് തന്നെ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് കുളിക്കുന്ന സ്ഥലവും, മറ്റൊന്ന് കുടിവെള്ളമെടുക്കാനുള്ളയിടവും. ഈ കുളത്തിനടുത്ത് തന്നെ കൃഷിസ്ഥലമുണ്ട്. വര്‍ഷം മുഴുവന്‍ കൃഷി ചെയ്തിരുന്ന വയലാണ്. വര്‍ഷത്തില്‍ ഏതാണ്ട് 350 ദിവസവും വയലില്‍ ജോലിയുണ്ടാവും. ഇന്ന് എല്ലാ സമുദായക്കാരും കൃഷിക്കായി ഇറങ്ങാറുണ്ടെങ്കിലും പണ്ട് പ്രത്യേക സമുദായക്കാര്‍ മാത്രമായിരുന്നു ആ ജോലികള്‍ ചെയ്തിരുന്നത്. വയലില്‍ നിന്ന് വരുമ്പോള്‍ ദേഹത്ത് പറ്റിയിരിക്കുന്ന ചെളിയും മണ്ണുമെല്ലാം നല്ല കുളത്തില്‍ കഴുകിയാല്‍ ആ വെള്ളം അശുദ്ധമാകും. അതുകൊണ്ട് അവര്‍ക്ക് കൈകാലുകള്‍ കഴുകാനും ശരീരത്തിലെ ചെളി കളയാനുമായി മറ്റൊരു സ്ഥലമാണ് നിശ്ചയിക്കപ്പെട്ടത്. ചെളി കഴുകിയതിന് ശേഷം പൊതു കുളത്തില്‍ കുളിക്കുന്നതിന് ആരും തടസ്സം നിന്നിരുന്നില്ല. പക്ഷെ അവര്‍ കൈകാല്‍ കഴുകി അവിടെ തന്നെ കുളിച്ചിട്ട് പോവുന്ന കാഴ്ചയാണ് എന്റെയൊക്കെ ചെറുപ്പം മുതല്‍ കാണുന്നത്. കുളത്തോട് ചേര്‍ന്ന് ക്ഷേത്രമുള്ളതിനാല്‍ മാസമുറയുമായി ബന്ധപ്പെട്ട ശുദ്ധിയുടെ കാര്യം അവിടെ കുളിക്കാനെത്തിയ മറ്റ് സ്ത്രീകള്‍ ദളിത് സ്ത്രീകളോട് പറഞ്ഞിട്ടുണ്ടെങ്കിലേയുള്ളൂ”.

മൂന്ന് മാസം മുമ്പ് കൗണ്‍സിലര്‍ മുന്‍കയ്യെടുത്ത് ദളിതര്‍ക്കായി മറ്റൊരു കുളവും നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഉറക്കുളം എന്നായിരുന്നു അതിന് പേരെങ്കിലും പിന്നീട് കുറവര്‍ കുളിക്കുന്ന കുളം എന്ന അര്‍ഥത്തില്‍ ‘കുറക്കുള’മായി അത് മാറി. വിദേശമലയാളികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് കുളം ഒന്നാകെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുറവര്‍ക്കായി പ്രത്യേക കുളവും തയ്യാറാക്കിയത്. അതോടെ നാട്ടുകാര്‍ കല്‍പ്പിച്ച അയിത്തം കൗണ്‍സിലറിലൂടെ പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ ജാതിവിവേചനം ആ പ്രദേശത്തുണ്ടായിരുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും അതിനെക്കുറിച്ച് യാതൊരു അറിവും ലഭിച്ചില്ലെന്നും തന്നെയാണ് നഗരസഭാ കൗണ്‍സിലറായ ശിശുപാലന്‍ ആവര്‍ത്തിക്കുന്നത്: “അവിടുത്തെ ചില സ്ത്രീകള്‍ പറയുന്നത് സത്യമാണ്. അവരോട് ക്ഷേത്രത്തില്‍ കുളിക്കരുതെന്ന രീതിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ അത് അയിത്തമായിട്ടൊന്നുമല്ല. അവിടെ കുളിക്കാന്‍ വന്ന ദളിത് സ്ത്രീകളുടെ വസ്ത്രത്തിലോ മറ്റോ മാസമുറയുടെ രക്തക്കറ മറ്റ് സ്ത്രീകള്‍ കണ്ടിട്ടുണ്ടാവാം. അപ്പോള്‍ ക്ഷേത്രമുള്ളതുകൊണ്ട് ആ സമയത്ത് കുളിക്കാന്‍ പറ്റില്ലെന്ന് ഒരുപക്ഷേ പറഞ്ഞിട്ടുണ്ടാവാം. അല്ലാതെ ഇവിടെ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ എന്നോടല്ലേ പരാതി പറയേണ്ടത്. എനിക്ക് ഇതേവരെ ഒരു പരാതിയും കിട്ടിയിട്ടില്ല”. ദളിതനായ ഒരാളുടെ മകന്‍ കഞ്ചാവ് കേസില്‍ പ്രതിയായത് മറയ്ക്കാനായി മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായ വിവാദമെന്നും കൗണ്‍സിലര്‍ പറയുന്നു. ഇത്തരത്തില്‍ സംഭവമുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതോടെ, അങ്ങനെയുണ്ടായിരുന്നെങ്കില്‍ അത് ഇല്ലാതാക്കാനായാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ ദളിതരെ കുളത്തിലിറക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ ഒന്നും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത് പ്രഹസനവുമാണെന്ന അഭിപ്രായമാണ് ദളിത് സംഘടനാ നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ജാതിരഹിത കേരളമാണ് ഇതെന്ന് ഉറപ്പിക്കാനുള്ള വ്യഗ്രതയില്‍ കാട്ടിക്കൂട്ടിയ കുളിപ്പിക്കല്‍ കൊണ്ട് ദളിതര്‍ക്ക് കാര്യമായ ഒരു ഗുണവുമുണ്ടാവില്ലെന്നും അവര്‍ പറയുന്നു. ബിഎസ്പി പ്രവര്‍ത്തകനായ വിനീഷ് പറയുന്നത്: “ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ആ സ്ഥലത്തുണ്ടായിരുന്നയാളാണ് ഞാന്‍. അവിടെ ഒരു ജാതീം പോയിട്ടില്ല അയിത്തോം പോയിട്ടില്ല. കുറച്ച് കുട്ടികളെ ഇറക്കി കുളിപ്പിച്ചതുകൊണ്ട് ജാതി ഇല്ലാതായി എന്ന് വിശ്വസിക്കാന്‍ ദളിതര്‍ മണ്ടന്‍മാരല്ല. ജാതിരഹിത കേരളം എന്ന മുദ്രാവാക്യത്തിന് ഇത്തരം സംഭവങ്ങള്‍ ഒരു വെല്ലുവിളിയാണ്. അതുകൊണ്ടാണ് വെപ്രാളം പിടിച്ച് എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ പാഞ്ഞെത്തി കുറച്ച് ദളിത് പിള്ളേരെ പിടിച്ച് കുളിപ്പിച്ചത്. അതുകൊണ്ട് നാട്ടുകാരുടെ മനോഭാവത്തില്‍ എന്തേലും മാറ്റം വരുമോ? അവിടത്തെ സ്ത്രീകള്‍ രണ്ട് ദിവസായിട്ട് പേടിച്ചിട്ട് ഉറങ്ങുന്നു കൂടിയില്ല. കുളിപ്പിക്കല്‍ ചടങ്ങെല്ലാം കഴിഞ്ഞിട്ടും ജാതി ഇപ്പോഴും ഇവിടെയുണ്ടെന്ന് പിന്നേം അവിടെയുള്ളവര്‍ വിളിച്ചുപറയാത്തത് പൊതുസ്ഥലത്ത് അങ്ങനെ പറയാനുള്ള ധൈര്യവും ശക്തിയും ആത്മവിശ്വാസവും അവര്‍ക്കൊന്നും ഇല്ലാഞ്ഞിട്ടാണ്. ജാതിയില്‍ മൂത്തവരെ കണ്ടാലും ഭരിക്കുന്നവരെ കണ്ടാലും അവര്‍ക്ക് പേടിവരും. പിന്നെ ഒരക്ഷരം മിണ്ടില്ല. പക്ഷെ ആ മൗനം മറ്റുള്ളവര്‍ പറയുന്നത് എല്ലാം സമ്മതിച്ചിട്ടും വിശ്വസിച്ചിട്ടും ആണെന്ന് കരുതരുത്. ഇന്നലെ കുളിപ്പിക്കാന്‍ സിപിഎമ്മുകാരും ബിജെപിക്കാരുമെല്ലാം ഒന്നിച്ചാണ് വന്നത്. അവരെ എതിര്‍ത്താല്‍ എന്തേലും സംഭവിക്കുമോയെന്ന് ഭയന്നിട്ടാണ് അവര്‍ പറയുന്നതെല്ലാം കേട്ട് ദളിതര്‍ അനങ്ങാതെ നിന്നത്. ചിലര്‍ക്ക് സമ്മതം മൂളേണ്ടിയും വന്നു. ഇനി പിടിച്ചുനിക്കണമെങ്കില്‍ ദളിത് സംഘടനകളുടേയും ദളിത് പ്രവര്‍ത്തകരുടേയുമൊക്കെ പിന്തുണ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്.”

കരിനിലക്കോട്ടെ ദളിത് സമുദായാംഗങ്ങളോട് സംസാരിക്കുമ്പോഴും ഇതേ കാര്യങ്ങളാണ് ബോധ്യമാവുന്നത്. മാധ്യമങ്ങളോട് പോലും ഇനിയേറെ പറയാന്‍ അവര്‍ ഭയക്കുന്നുണ്ട്. ഇനി എന്തെങ്കിലും പറഞ്ഞാല്‍ ജീവനോടെയുണ്ടാവുമോ എന്ന സംശയമാണ് കുറവ സമുദായത്തിലെ മറ്റൊരു സ്ത്രീ പങ്കുവച്ചത്.

രണ്ട് ദിവസമായി കരുനിലക്കോട്ടുണ്ടായ സംഭവവികാസങ്ങളെ സാമൂഹ്യ നിരീക്ഷകനും ‘റൈറ്റ്‌സ്’ ഡയറക്ടറുമായ അജയകുമാര്‍ നിരീക്ഷിക്കുന്നു- “ഇത്തരം സംഭവങ്ങള്‍ അറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്. കേരളം എന്തുകൊണ്ടാണ് ഞെട്ടുന്നതെന്നോ? അയിത്താചരണത്തിന്റെ വളരെ സൂക്ഷ്മവും ഇന്റലിജന്റുമായ ഭാവങ്ങള്‍ കണ്ടുപിടിച്ച സമൂഹമാണ് നമ്മുടേത്. ദളിതര്‍ക്ക് ഓരോ ദിവസത്തേയും ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നൂറായിരം അനുഭവങ്ങള്‍ പറയാന്‍ പറ്റും. പക്ഷെ ഇതെല്ലാം തന്നെ, സൂക്ഷ്മ അയിത്താചരണങ്ങളെല്ലാം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് കേരളത്തില്‍. ഉദാഹരണത്തിന്, ജാതിമതില്‍, ജാതിവളവ്, ജാതിക്കുളം എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നു. ഇതിനെ നിങ്ങള്‍ക്ക് പുരോഗമനപരമായി അല്ലെങ്കില്‍ ജാതിരഹിതമായിട്ടും നിര്‍വ്വചിക്കാവുന്ന തരത്തിലാണ് ഇവിടെ ഈ സംവിധാനങ്ങള്‍ നിര്‍മ്മിച്ചുവച്ചിട്ടുള്ളത്. ഞെട്ടലും ആ ടോട്ടല്‍ പാക്കേജിന്റെ ഭാഗമാണ്. എന്റെ വീട്ടില്‍ തന്നെ രണ്ട് പേരുടെ മരണാനന്തര കാര്യങ്ങളും എന്റെ വിവാഹവും നടന്നതാണ്. കോളനി സംവിധാനത്തിനകത്ത് താമസിക്കുന്നതല്ല എന്റെ കുടുംബം. എങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ വൈകിട്ട് നമ്മുടെ വീട്ടില്‍ വരും, അകത്ത് കയറും. പക്ഷെ പഴമോ ബേക്കറി സാധനങ്ങളോ മാത്രം ഇവര്‍ കഴിക്കും. ഞങ്ങളുടെ വീട്ടില്‍ പാചകം ചെയ്യാത്ത സാധനങ്ങള്‍ എന്തോ അത് മാത്രം കഴിച്ച് പോവുകയും ചിലപ്പോള്‍ ആയിരം രൂപയും തരും. വിവാഹവീടുകളാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. എന്റെ ഒരു ബന്ധുവിന്റെ വിവാഹം നടന്നു. അവര് താമസം ലക്ഷംവീട് കോളനിയിലാണ്. ആ കോളനിക്ക് പുറത്ത് ഒരാള്‍ ഉദാരപൂര്‍വ്വം തരാമെന്ന് സമ്മതിച്ച ഒരു പറമ്പില്‍ പന്തല്‍ കെട്ടിയാണ് കല്യാണം നടക്കുന്നത്. അവിടെയാണ് പാചകം നടക്കുന്നതെന്നതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടില്ല. പക്ഷേ തലേദിവസം വീട്ടില്‍ ടാങ്ക് കുടിക്കാനും അച്ചപ്പവും കുഴലപ്പവും പൂവന്‍പഴവും കഴിക്കാനുമായി വരുന്ന ചിലയാളുകളുണ്ട്. അഥവാ നമ്മള്‍ ഇതെന്തുകൊണ്ടാണെന്നോ മറ്റോ ചോദിച്ചാല്‍ വൃത്തിയുമായി ബന്ധപ്പെട്ട ഒരു ഉത്തരം അവര്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഏറ്റവും സമര്‍ഥവും ബുദ്ധിപരവുമായിട്ട് മലയാളി ഒളിപ്പിച്ച് കടത്തുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ജാതി ഇടക്കിടക്ക് പുറത്തേക്ക് വരുമ്പോള്‍ ഉണ്ടാവുന്ന ഞെട്ടലാണ്. കള്ളത്തരം കണ്ടുപിടിക്കുമ്പോഴുള്ള ഞെട്ടലാണ്. അല്ലാതെ ജാതി കണ്ടതുകൊണ്ടുള്ളതല്ല. യഥാര്‍ഥത്തില്‍ ജാതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും സമീപകാലത്ത് ദളിതര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വുകളുമാണ് ഇത്തരം കാര്യങ്ങള്‍ കൂടുതലായി പുറത്തേക്കെത്താന്‍ കാരണമായിട്ടുള്ളത്. കാരണം ഇതൊക്കെ ഇവിടെ അമ്പത് വര്‍ഷം മുമ്പും ഉണ്ടായിരുന്നു. പക്ഷെ അതിനെ പുരോഗമനപരമായി മനസ്സിലാക്കി വച്ചു എന്നേയുള്ളൂ.

കുടുംബശ്രീ യോഗങ്ങള്‍ ഓരോ വീടുകളില്‍ മാറിമാറി നടത്തുന്നതാണ്. യോഗങ്ങള്‍ മറ്റുള്ളവരുടെ വീട്ടില്‍ വയ്ക്കുമ്പോള്‍ ചായവയ്ക്കുന്നു, പഴമ്പൊരിയുണ്ടാക്കുന്നു. ദളിതരുടെ വീട്ടിലെത്തുമ്പോള്‍ ഈ ചായ അങ്ങ് ഒഴിവാക്കും. അയിത്താചരണം അത്തരത്തില്‍ സൂക്ഷ്മമായി പിന്തുടരുന്ന സമൂഹമാണ് നമ്മുടേത്. 64 അടി എന്നത് ഇപ്പോള്‍ സാധ്യമല്ലെങ്കിലും 6.4 സെന്റിമീറ്ററെങ്കിലും ഇപ്പോഴും വയ്ക്കും. എന്നിട്ട് അതിനെ പുരോഗമനമെന്ന് പറയുകയും ചെയ്യും. ജാതിപഠനങ്ങളിലേക്ക് വരാന്‍ എന്റെ കണ്ണുതുറപ്പിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, കേരളത്തിലെ അതിപ്രഗത്ഭനായ ഒരു ഇടതുപക്ഷ ചിന്തകന്‍, ഈഴവ സമുദായാംഗമാണ്. അയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്പൂതിരി സമുദായത്തിലുള്ളയാളെയാണ്. അ്‌ദേഹത്തിന്റെ മകന്‍ കോളേജില്‍ എന്റെ ജൂനിയറായിരുന്നു. അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അവന്റെ വീട്ടില്‍ പുറത്തുനിന്ന് വരുന്നയാളുകള്‍ക്ക് ഭക്ഷണം നല്‍കാനായി വേറെ ഒരു സെറ്റ് പാത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അച്ഛനപ്പോള്‍ വേറെയാണോ വിളമ്പുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ അവിടെ നിന്ന് കഴിക്കാറില്ല എന്നായിരുന്നു മറുപടി. വേറൊന്ന്, എന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന പെണ്‍കുട്ടി, അവര്‍ നമ്പൂതിരി സമുദായത്തില്‍ പെട്ടതാണ്. ഫിലോസഫി ക്ലാസിലെ എല്ലാവരും അവളുടെ വീട്ടില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി മാമ്പഴപുളിശേരി കഴിക്കുന്നത് അന്നാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൂട്ടുകാരി എന്റെ അടുത്ത് വന്ന് സംസാരിച്ചു. നിങ്ങള്‍ ഇവിടെ വന്നു, ഭക്ഷണം കഴിച്ചു, പക്ഷേ, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഞങ്ങളുടെ പാത്രത്തില്‍ തരാതെ തൂശനിലയില്‍ ചോറ് വിളമ്പിയത് എന്ന് എന്നോട് ചോദിച്ചു. ഇലയിട്ട് ഭക്ഷണം തരിക എന്നത് വളരെ ബഹുമാനപൂര്‍വം ചെയ്യുന്നതാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയും യഥാര്‍ഥത്തില്‍ അതിലൂടെ അയിത്തം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.

കരിനിലക്കോട്ട് നടന്നതും അത് തന്നെയാണ്. വര്‍ക്കലയില്‍ ചൊവ്വാഴ്ച രാവിലെ പൊട്ടിമുളച്ചുവന്നതല്ല ഇതൊന്നും. ദളിതര്‍ പാടത്തുനിന്നുവരുന്നവരും അവരുടെ ദേഹത്ത് അഴുക്കുള്ളവരുമാണ്. അതുകൊണ്ട് പുറത്തുനിന്ന് കേട്ടാല്‍ ആര്‍ക്കുമത് പ്രശ്‌നമാണെന്ന് തോന്നില്ല. ഇത്തരം പുരോഗമനത്തിന്റെ പുറന്തോട് കേരളത്തിലെ എല്ലാ അയിത്ത ജാതി വ്യവഹാരങ്ങളിലുമുണ്ട്. ആ പൊതുകുളം ഇനി ചിലപ്പോള്‍ നാളെ മുതല്‍ എല്ലാവരും കുളിക്കുന്ന കുളമായി മാറിയേക്കും. പക്ഷെ നാളെ മുതല്‍ കുറവരല്ലാതെ മറ്റാരും അവിടെ കുളിക്കാതാവും. 10 മണിക്ക് കണ്ടുപിടിച്ച ജാതി 12 മണിക്ക് തകരുമോ? അതാണ് എന്റെ സംശയം.”

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍