UPDATES

നിങ്ങള്‍ പുറത്താക്കിയ ആ കുട്ടികളും നിലപാടുള്ള ആ അധ്യാപികയുമാണ് ശരി

വിജയന്‍ മാഷെന്ന് കേരളം വിളിക്കുന്ന എം എന്‍ വിജയനെ ഒരു വിഭാഗം കേരളം ഓര്‍മ്മിക്കുന്ന ആഴ്ചയാണിത്. ഫാസിസത്തിന്റെ വരവിനെക്കുറിച്ചും ഫാസിസം കാലെടുത്ത് വച്ചാല്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പറഞ്ഞ് ഒരു വൈകുന്നേരം ഇല്ലാതായ വിജയന്‍ മാഷ് തന്റെ ഭാവിയെപ്പറ്റിയുള്ള ആശകളും ആശങ്കകളും നിരീക്ഷണങ്ങളും ആദ്യം പറഞ്ഞിട്ടുണ്ടാവുക ഒരുപക്ഷേ തന്റെ മുന്നിലിരുന്ന ബ്രണ്ണനിലെ കുട്ടികളോട് തന്നെ ആയിരുന്നിരിക്കണം. മാങ്ങാട് രത്‌നാകരന്‍ അടക്കമുള്ള ശിഷ്യന്മാരോട് ചോദിച്ചാല്‍ അറിയാം. പല കൊമ്പന്മാരും നടന്നുവന്ന വഴികളില്‍ ഒരു വിജയന്‍ മാഷോ അഴീക്കോട് മാഷോ ഒക്കെ ഉണ്ടായിരുന്നു. അപകടകാരിയാണ് എന്ന് വിളിച്ച് പറഞ്ഞിട്ടും വിജയന്‍ മാഷ് പിന്നെയും കോളേജില്‍ പോയിട്ടുമുണ്ട് പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നായിരുന്നു അതൊക്കെ എങ്കില്‍ കാര്യങ്ങള്‍ അങ്ങനെ ഒക്കെ ആയിരുന്നിരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐക്കാര്‍ ബീഫ് ഫെസ്റ്റ് നടത്തിയതും അതിനെത്തുടര്‍ന്ന് എ ബിവിപി പ്രവര്‍ത്തകര്‍ അത് അലങ്കോലമാക്കാന്‍ ശ്രമിച്ചതും പിറ്റേന്ന് കേരളം അറിഞ്ഞത് അന്തസ്സില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ വളച്ചൊടിക്കലുമായാണ്. സ്‌റ്റോറി ആസൂത്രണത്തില്‍ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ സ്‌റ്റോറിയുമായി എത്തിയ ജയ് ഹിന്ദ് സ്‌റ്റോറിയെ കവച്ചുവയ്ക്കുന്ന തരം മാധ്യമപ്രവര്‍ത്തനമാണ് ‘മാതൃഭൂമി’ തങ്ങളുടെ മുന്‍പേജ് ചിത്രത്തിലൂടെ തരാക്കിയത്. ഇത്രയും ആസൂത്രിതമായ ആക്രമണവും അതിനേക്കാള്‍ ആസൂത്രിതമായ ചിത്രമെടുപ്പും കൊണ്ട് ‘മാതൃഭൂമി’ ഫാസിസ്റ്റുകള്‍ക്ക് വിടുപണി ചെയ്യുക മാത്രമല്ല കൂട്ടത്തില്‍ കേരളത്തിലെ അത്യാവശ്യം മൂളയുള്ള സകലരെയും എളുപ്പത്തില്‍ ഊളകള്‍ ആക്കികളയാമെന്നും തെറ്റിദ്ധരിച്ചു. അതുകൂടാതെ മാതൃഭൂമിയെന്ന പത്രസ്ഥാപനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള തങ്ങളുടെ തന്നെ ചരിത്രത്തെ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഇങ്ങനെയൊരു പണി ചെയ്യുമ്പോള്‍ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കെ സി കേശവമേനോന്റെ മുഖത്തേക്ക് ഒരു നിമിഷമെങ്കിലും ആ എഡിറ്റര്‍ക്ക് നോക്കാമായിരുന്നു. എങ്കില്‍ ആ ചിത്രം മുന്‍പേജില്‍ രണ്ടാംകിട മാധ്യമപ്രവര്‍ത്തനത്തിന്റെ വിഴുപ്പും പേറി കേറിപ്പറ്റില്ലായിരുന്നു. മൂര്‍ത്തിയുടെ മേല്‍ മുണ്ടിട്ട് മൂടി പെണ്‍വാണിഭം നടത്താന്‍ ഫ്‌ളാറ്റുകള്‍ തേടിപ്പോകുന്ന തന്ത്രിമാരുടെ നാട്ടില്‍ മാതൃഭൂമി ഭാവി കൂടി മുന്നില്‍കണ്ട് നടത്തിയ ഈ സൈക്കോളജിക്കല്‍ മൂവില്‍ വലിയ ലോജിക്കല്‍ എറര്‍ ഒന്നുമില്ല. കാരണം ആവശ്യാനുസരണം മാറ്റിച്ചവിട്ടാന്‍ മുതലാളിക്ക് ഒരു മൂന്നാം കളം ഉണ്ടാകുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ. അതാണ് ആ ലോജിക്ക്.

അല്ലെങ്കിലും മാതൃഭൂമിയെപ്പറ്റി അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. വയറ്റിപ്പിഴപ്പിന്റെ പ്രശ്‌നം ആയതിനാലും മുതലാളിയുടെ ദൃഷ്ടി പതിഞ്ഞിട്ടില്ലാത്തതിനാലും ബാക്കിയായ ചില പഴയ സിംഹങ്ങളെ ഒഴിച്ചാല്‍ ഇപ്പോഴവിടെ ഉള്ളതൊന്നും നെല്ലിനും പതിരിനും കൊള്ളാത്തതാണ്. കൊള്ളാവുന്നവരൊക്കെ പണ്ടേ പടിയിറങ്ങി. അപൂര്‍വ്വം ചിലരെ ഈയിടെ പ്രസ് ക്ലബ്ബിന്റെ വോട്ടെടുപ്പ് ക്യൂവില്‍ നില്‍ക്കുന്നത് കണ്ടെന്നും കേട്ടു. ബാക്കിയെല്ലാം ആഹേം ആഹേം…

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായ യു പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു മനുഷ്യനെ ആര്‍ എസ് എസുകാര്‍ കൊന്നൊടുക്കിയതിന്റെ പ്രതികരണമായാണ് എസ്എഫ് ഐക്കാര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഫ് ഫെസ്റ്റ് ഇത് ആദ്യത്തെ സംഭവമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ അവിടുത്തെ ദളിത് സമരങ്ങളുടെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. അന്നും എ ബി വി പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സമരത്തെ ആക്രമിക്കുകയും അവരുണ്ടാക്കിയ ഭക്ഷണത്തില്‍ മൂത്രമൊഴിക്കുകയും വരെ ഉണ്ടായിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് അതേ യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും ബീഫ് ഫെസ്റ്റ് നടന്നു. വീണ്ടും പഴയ ആക്രമണത്തിന്റെ രണ്ടാം എപ്പിസോഡ് അരങ്ങേറി. ഉസ്മാനിയയില്‍ നടത്തി വിജയിച്ചു എന്ന് സംഘപരിവാരങ്ങള്‍ തെറ്റിദ്ധരിച്ച അതേ തിരക്കഥ തന്നെയാണ് കേരളവര്‍മ്മയിലും അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അവിടെയത് ദളിതര്‍ക്ക് നേരെയുള്ള ആക്രമണം ആയിരുന്നെങ്കില്‍ ഇവിടെയത് വിലപ്പോവില്ലെന്ന തോന്നലില്‍ പകരം ഒരു അയ്യപ്പ ക്ഷേത്രം(?) കാരണമാക്കി എടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ഉണ്ടായ (ഉണ്ടാക്കിയ) അയ്യപ്പക്ഷേത്രം (?). ഇവിടെ ഫാസിസ്റ്റുകള്‍ക്ക് കൂട്ടായി പത്രമുത്തശ്ശിയും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

രാജ്യത്ത് ഒരനീതിയുണ്ടായാല്‍ അത് ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. അത് ഇങ്ങനെയൊക്കെയേ പാടുള്ളൂ, അങ്ങനെയോക്കെയെ ചെയ്യാവൂ എന്നൊക്കെ തിട്ടൂരം ഇറക്കാന്‍ തല്‍ക്കാലം രാജ്യത്ത് നിയമം ഒന്നുമില്ല. സമീപഭാവിയില്‍ സകല ഫാസിസ്റ്റുകളും കൈകോര്‍ത്ത് സഹകരിച്ച് അങ്ങനെയൊരു നിയമം ഉണ്ടാക്കിയെടുക്കും എന്ന് നന്നായറിയാം. അതിന്റെ ഗ്രൗണ്ട് വര്‍ക്കാണ് ഇതെന്നുമറിയാം. പക്ഷേ തല്‍ക്കാലം രാജ്യത്തെ ഓരോ മനുഷ്യനും ഇങ്ങനെയേ പ്രതികരിക്കാവൂ എന്ന് പുലമ്പാനുള്ള അധികാരമോ അവകാശമോ സ്‌റ്റേറ്റിന് പോലുമില്ല. അങ്ങനെയൊരു രാജ്യത്താണ് ഇല്ലാത്ത നിയമത്തിന്റെ പേരില്‍, അവര്‍ക്ക് പോലും ഉറപ്പില്ലാത്ത ‘സംസ്‌കാര’ത്തിന്റെ പേരില്‍, ചരിത്രത്തിലേക്ക് നുഴഞ്ഞുപോയാല്‍ തല കുനിക്കേണ്ടിവരുമെന്ന് തീര്‍ച്ചയുള്ള കാര്യത്തിന്റെ പേരില്‍, ന്യൂനപക്ഷം മാത്രമായ ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കിയുടെ പേരില്‍ സകലരുടെയും കഴുത്തിന് പിടിച്ച് അന്നം മുടക്കുന്നത്. പ്രതികരിക്കുന്നവരെ സ്‌റ്റേറ്റിന്റേത് എന്ന് ഇന്നലെവരെ നമ്മള്‍ തെറ്റിദ്ധരിച്ചിരുന്ന അധികാരങ്ങള്‍ കയ്യിലെടുത്ത് അവര്‍ ആക്രമിക്കുന്നു. ഒടുവില്‍ മാധ്യമങ്ങളുടെ ഒരു വിഭാഗം കൂടി അവര്‍ക്ക് കൂട്ടാകുന്നതോടെ പലതവണ പറഞ്ഞ് കള്ളങ്ങള്‍ സത്യമാക്കി മാറ്റാന്‍ അവര്‍ ശ്രമിക്കും. ഫാസിസം വിത്തിറക്കി കഴിഞ്ഞു. മുളപൊട്ടിയും തുടങ്ങി. ഇനിയവര്‍ കൊയ്യാന്‍ തുടങ്ങും. മുളപൊട്ടിത്തുടങ്ങിയപ്പോള്‍ തന്നെ ഒറ്റയായും തെറ്റയായും കൊയ്തും തുടങ്ങിക്കഴിഞ്ഞു. നാളെയവര്‍ നിന്നെയും എന്നെയും തേടി വരും…

അല്ലയോ ബഹുമാന്യരായ കേരളവര്‍മ്മ കോളേജിലെ അധികാരികളെ… തെറ്റ് ചെയ്‌തെന്നു പറഞ്ഞു നിങ്ങള്‍ പുറത്താക്കിയില്ലേ, ആ കുട്ടികള്‍ ചെയ്ത ആ തെറ്റാണ് യഥാര്‍ത്ഥത്തില്‍ ശരി. ആര്‍ക്കൊക്കെയോ വാടകയ്ക്ക് കൊടുത്തിരിക്കുന്ന നിങ്ങളുടെ കണ്ണുകളും കാതുകളും ബുദ്ധിയും തിരിച്ചുപിടിച്ച് കുന്തിച്ചിരുന്ന് ചിന്തിക്കൂ. എന്നിട്ട് നിവര്‍ന്നിരുന്ന് പറ സാറന്മാരെ നിങ്ങള്‍ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത ആ കുട്ടികളായിരുന്നു ശരി എന്ന്. അവരുടെ നിലപാടുകള്‍ ആയിരുന്നു ശരി എന്ന്.

രാജ്യത്തെ സകല സര്‍വകലാശാലകളും സെക്കുലര്‍ ആണെന്നാണ് വയ്പ്പ്. പേരില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നോ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നോ കാലടി സംസ്‌കൃത സര്‍വകലാശാല എന്നോ എന്തും ആയിക്കോട്ടേ. സംഗതി സെക്കുലര്‍ ആയിരിക്കണം. അതിപ്പോ അങ്ങനെ ആണോ എന്ന് ചോദിക്കരുത്. കാരണം ഹിന്ദു ഫാസിസ്റ്റുകളും മുസ്ലിം മതതീവ്രവാദികളും ക്രിസ്ത്യന്‍ കച്ചവട മാനേജുമെന്റും ഒക്കെ പറയുന്നത് അവിടങ്ങളെല്ലാം സെക്കുലര്‍ ആണെന്നാണ്. കാരണം ലളിതമാണ്. അവരെന്ത് ചെയ്യുന്നു എന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടുതന്നെ. നമ്മുടെ വിദ്യാലയങ്ങളില്‍ നിസ്‌കരിക്കാന്‍ മുറി നല്‍കുന്നതും പ്രാര്‍ഥിക്കാന്‍ ഇടം നല്‍കുന്നതും ഒക്കെ സെക്കുലറിസത്തിന്റെ ഭാഗമാണ് എന്ന് വാദത്തിന് സമ്മതിക്കാവുന്നതേയുള്ളൂ. പക്ഷേ കലാലയങ്ങള്‍ക്കുള്ളില്‍ അമ്പലം പണിയുന്നതും പള്ളി പണിയുന്നതും ശുദ്ധ തെമ്മാടിത്തരം തന്നെയാണ്. അതാകട്ടെ, അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒന്ന് ആരുടെയൊക്കെയോ അജണ്ടയുടെ പേരില്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായിവരുമ്പോള്‍ പ്രത്യേകിച്ചും. 

‘തിരുശരീരം’ അടക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്ന കേരളവര്‍മ്മയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലം പോയിട്ട് അയ്യപ്പനെന്ന പേരുപോലും ഇല്ലായിരുന്നെന്ന് അവിടെ പഠിച്ചവരും പഠിപ്പിച്ചവരും ഒരുമിച്ച് പറയുന്നു. എന്നിട്ടും സുദേവന്‍ പറഞ്ഞതുപോലെ അവിടെയും ഒരു ‘തട്ടിന്‍പുറത്തപ്പന്‍’ ഉണ്ടായി. ആദ്യം തിരി വന്നു, പിന്നെ വിളക്ക് വന്നു, പിന്നെ പൂജയായി, മേല്‍ക്കൂരയായി… അങ്ങനെ അന്നുവരെ ഇല്ലാതിരുന്നൊരു അമ്പലം ശൂന്യതയില്‍ നിന്നും ഉരുവായി. ബീഫ് കഴിച്ചിരുന്ന വാവര്‍ കൂട്ടുകാരനായുള്ള അയ്യപ്പന്‍ ഉള്ളതിനാല്‍ മാംസം കോളേജ് വളപ്പില്‍ കയറ്റരുത് എന്നായി (അതിനും മുന്‍പേ അങ്ങനൊരു അലിഖിത നിയമം ഉണ്ടായിരുന്നെന്നും പറയുന്നു). അങ്ങനെ കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കോളേജില്‍ ബ്രാഹ്മണിക്കല്‍ സമീപനങ്ങളുടെ ദുഷിച്ച നാറ്റം അടിച്ചുതുടങ്ങി. എഴുത്തുകാരാലും സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരാലും സമ്പന്നമായിരുന്ന കേരളവര്‍മ്മയുടെ ചരിത്രം ഈ കാര്‍ന്നുതിന്നലോട് കൂടി ഇല്ലാതായിരിക്കുന്നു. ഇനിയവിടെ ചരിത്രമില്ല. ഫാസിസത്തിന്റെ വര്‍ത്തമാനം മാത്രമേ ഉണ്ടാകുകയുള്ളൂ. ഇനിയെങ്കിലും അതിനെ ചെറുത്ത് തോല്‍പ്പിച്ച് സമ്പന്നമായ ആ ചരിത്രത്തെ തിരികെ കൊണ്ടുവരേണ്ടത് കേരളം ഒന്നടങ്കം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. അമ്പലത്തിന്റെ അരികില്‍ ഒരു കോളേജല്ല പകരം കോളേജിന് അരികില്‍ ഒരമ്പലമാണ്, വെറുമൊരു അമ്പലം എന്ന് ആര് ഉറക്കെ വിളിച്ച് പറയും? ആ അമ്പലം തന്നെ അവിടെ ഉണ്ടാകുവാന്‍ പാടുള്ളതല്ല. അവര്‍ക്കില്ലാത്ത സഹിഷ്ണുതയെ കരുതി അമ്പലം സമ്മതിച്ചു കൊടുത്താല്‍ തന്നെ കാളിയെപ്പറ്റിയും വയനാട്ട് കുലവനെപറ്റിയും മൃഗബലി ശീലമായ മലബാറിലെ കാവുകളെപ്പറ്റിയും മാംസാഹാരം കഴിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെപ്പറ്റിയും ശിവനെപ്പറ്റിയും മാംസഹാരിയായ ശ്രീരാമനെപ്പറ്റിയും അവര്‍ക്ക് ആര് പറഞ്ഞുകൊടുക്കും?

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകമായ സമരത്തെ ആളും ആയുധവും ഉപയോഗിച്ച് വെട്ടിയതില്‍ മാത്രമൊതുങ്ങിയില്ല ഫാസിസ്റ്റുകളുടെ ‘നടപടികള്‍’. നടന്ന കാര്യങ്ങളെ പഠിച്ച് അവിടുത്തെ പൂര്‍വവിദ്യാര്‍ഥി അമല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു. സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള, സര്‍വോപരി അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഈ രാജ്യത്തെ ഒരു പൗരയുമായ അതേ വിദ്യാലയത്തിലെ അധ്യാപികയായ ദീപ ആ പോസ്റ്റില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. ആ അഭിപ്രായം തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല എന്ന ഒരേയൊരു കാരണത്താല്‍ സകല ഹിന്ദു സംഘടനകളും ഇപ്പോള്‍ ദീപയെന്ന അധ്യാപികയ്ക്ക് പിറകേയാണ്. പിന്‍വാതിലിലൂടെ അല്ലാതെ തന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കയറിവന്ന ആ നല്ല അധ്യാപികയെ പുറത്താക്കേണ്ടത് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ആവശ്യമായിരിക്കുന്നു. അല്ലെങ്കിലും അഭിപ്രായമുള്ള സ്ത്രീകളെ വച്ചുപൊറുപ്പിച്ച ചരിത്രം ഫാസിസ്റ്റുകള്‍ക്ക് ഇല്ലല്ലോ. എല്ലാറ്റിനും കുടപിടിക്കാന്‍ ‘സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ആളുകളെ പ്രകോപിപ്പിക്കുന്നു’ എന്ന വാദവുമായി മാതൃഭൂമിയും കൂടെയുണ്ട്. താനെഴുതിയ ആ കമ്മന്റ് തന്റെ തന്നെ അഭിപ്രായം ആണെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന, ഒരു സമ്മര്‍ദത്തിനും വഴങ്ങാതെ ആ കമ്മന്റ് ഡിലീറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ അഭിപ്രായമുള്ള സ്ത്രീയായി ഒറ്റയ്ക്ക് നില്‍ക്കുന്ന ആ അധ്യാപികയെ ഇത്തരം കൂട്ട ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചേ മതിയാകൂ.

ഫെസ്ബുക്കിലെ ഒരു പോസ്റ്റിന്റെ പേരില്‍ ശ്രീദേവി കര്‍ത്തായ്ക്ക് നീതി ലഭിച്ചെങ്കില്‍ അധ്യാപികയായ ദീപയ്ക്കും ആ നീതി കിട്ടിയേ തീരൂ. അത് നമ്മുടെ ഔദാര്യമല്ല എന്നും അവരുടെ അവകാശമാണ് എന്നും നമ്മള്‍ സ്വയം ആലോചിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. പക്ഷേ വൈകരുത് എന്നേയുള്ളൂ…

സ്വന്തമായി അഭിപ്രായമുള്ള ഒരു സ്ത്രീക്ക് അതെവിടെയായാലുംപ്രകടിപ്പിക്കാന്‍ അവകാശമില്ല എന്നത് ആരുടെ തീരുമാനമാണ്? ആരുടേതായാലും അത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. ദാദ്രിയില്‍ ഭക്ഷണത്തിനും ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റം ആയിരുന്നെങ്കില്‍ ഇവിടെയത് അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലനില്‍ക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ്. രണ്ടിടത്തും മൗലികമായ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെയാണ്. ആരുടെ അഭിപ്രായത്തിനും കീഴടങ്ങി അടിമപ്പണി എടുക്കേണ്ടവര്‍ ആകരുത് നമ്മുടെ അധ്യാപകര്‍. അധികാര സ്ഥാപനങ്ങളുടെ, അവരുടെ ശിങ്കിടികളുടെ ഒക്കെ അഭിപ്രായങ്ങള്‍ തലയിലേറ്റി ജീവിക്കാന്‍ തയ്യാറാകാത്തതിനാല്‍ നമ്മുടെ അധ്യാപകര്‍ പടിയിറങ്ങേണ്ടി വന്നാല്‍ പിന്നീട് മറ്റെന്ത് ഓര്‍ത്തും നമുക്ക് അഭിമാനിക്കാന്‍ വകയുണ്ടാകുകയില്ല. അധ്യാപിക മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍, അവര്‍ രാജി വയ്ക്കണമെന്ന് മറ്റ് ഹിന്ദു സംഘടനകള്‍ പറയുമ്പോള്‍ ഇല്ലാതാകുന്നത് നീയും ഞാനും നമ്മുടെ ചരിത്രവും കൂടിയാണ്. 

ആര് തോറ്റാലും ആ അധ്യാപിക തോല്‍ക്കരുത്. അവര്‍ നീതിയുടെ പക്ഷവാദിയാണ്. ഇന്നലെ പല കാരണങ്ങള്‍ കൊണ്ടും എതിര്‍ക്കേണ്ടി വന്നവരെ തന്നെയാണ് അവരിന്ന് അനുകൂലിക്കുന്നത്. ഇന്ന് എതിര്‍ക്കുന്നവര്‍ ഇന്നലെകളില്‍ അവരുടെ നിഴല്‍ പറ്റിയിട്ടുണ്ടാകാം. (അന്വേഷിച്ച് ഉറപ്പിച്ച ശേഷമാണ് ഇത് പറയുന്നത്). നിലപാടുകളാണ് ആ അധ്യാപികയ്ക്ക് പഥ്യം. ഒരധ്യാപിക എന്തൊക്കെ ആകണമോ അതൊക്കെ ആണവര്‍. പക്ഷേ എന്നെ അതിശയിപ്പിക്കുന്നത് അതേ കോളേജിലെ മറ്റ് അധ്യാപകരും കോളേജില്‍ നിന്നും സമൂഹത്തിന്റെ ഇസ്തിരിയിട്ട കുപ്പായങ്ങളിലേക്ക് കയറിക്കൂടിയ വ്യക്തികളുമാണ്. നിങ്ങളുടെ മൗനം ആര്‍ക്കൊക്കെയോ ധൈര്യം പകരുന്നുണ്ട്. അത് ഓര്‍മയില്‍ ഇരിക്കട്ടേ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍