UPDATES

കേരള വര്‍മ്മ കോളേജ്: ആഞ്ഞടിച്ച് വി.ടി ബല്‍റാം

Avatar

തൃശൂർ കേരള വര്‍മ്മ കോളേജില്‍ എസ് എഫ് ഐ നടത്തിയ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയ ആക്രമണത്തെയും ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച അദ്ധ്യാപകരെ അവഹേളിക്കാനും ഉള്ള ശ്രമങ്ങള്‍ക്കെതിരെ വി ടി ബലറാം. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ ബി വി പി-ആര്‍ എസ് എസ്  സംഘത്തിനെതിരെ  വി ടി ബലറാം ആഞ്ഞടിച്ചത്.  വി ടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു.

വിദ്യാലയങ്ങൾ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യപ്പെടുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിശേഷണമാണത്. അതിനപ്പുറം ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും “ശുദ്ധി” സങ്കൽപ്പങ്ങളുമൊന്നും ഒരു സ്കൂളിനോ കോളേജിനോ ചേരില്ലെന്ന് മാത്രമല്ല, അത്തരം സങ്കുചിതവും പ്രതിലോമകരവുമായ ആശയങ്ങൾ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് തന്നെ അപഹാസ്യമാണ്.

തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ. ഈയിടെ സംഘടിപ്പിച്ച ബീഫ് ഫസ്റ്റിവൽ അതോടനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോഡിഫൈഡ് ഇന്ത്യയുടെ വർത്തമാനകാലത്ത് അർത്ഥ പൂർണ്ണമായ ഒരു സമരരീതി തന്നെയാണ് ബീഫ് ഫസ്റ്റിവൽ. അതിനെ കായികമായി നേരിടാൻ എ.ബി.വി.പി / ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ ശ്രമങ്ങളാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് എന്ന് മനസ്സിലാക്കുന്നു.

കേരളവർമ്മ കോളേജ് കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും അവിടത്തെ അധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. വ്യത്യസ്ത മതവിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പുലർത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഇത്തരം കോളേജുകൾ ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയുടെ കോട്ടകളോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയമോ ആവുകയല്ല, മറിച്ച് എല്ലാ ബഹുസ്വരതകളും അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന; കാറ്റും വെളിച്ചവും കടക്കുന്ന; തുറന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടത്.

ഫാഷിസത്തെ നേരിടേണ്ടത് അടിസ്ഥാനപരമായി ആയുധബലം കൊണ്ടോ ആൾബലം കൊണ്ടോ അല്ല, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളേക്കുറിച്ചുള്ള ആഴത്തിലുള്ള ആശയ പ്രചരണത്തിലൂടെയും സർഗാത്മകമായ മറ്റ് ഇടപെടലുകളിലൂടെയുമാണ്. അതുകൊണ്ടു തന്നെ കോളേജിലും പുറത്തും നടന്ന അക്രമ സംഭവങ്ങളിൽ പങ്കുള്ളവർക്ക് മേൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണം.

എന്നാൽ ഇതിന്റെ പേരിൽ എ.ബി.വി.പി.ക്കാർ നടത്തിവരുന്ന സമരത്തിൽ പല അപഹാസ്യമായ ആവശ്യങ്ങളും ഉയരുന്നതായി കേൾക്കുന്നു. ബീഫ് സമരത്തെ ഫേസ്ബുക്കിലും മറ്റും ആശയപരമായി പിന്തുണച്ചെന്നതിന്റെ പേരിൽ ചില അധ്യാപകരടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന ആവശ്യം വിചിത്രവും കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ളതുമാണ്. സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന എഴുത്തുകാരുടേയും അധ്യാപകരുടേയുമൊക്കെ വായടപ്പിക്കാനുള്ള ശ്രമങ്ങൾ ഈയിടെയായി കൂടിവരികയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധങ്ങൾ സാംസ്ക്കാരിക തലസ്ഥാനത്ത് നിന്ന് തന്നെ ഉയരേണ്ടതുണ്ട്. വർഗീയ സംഘടനകളുടെ ഇത്തരം സമ്മർദ്ദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാൻ കോളേജ് മാനേജ്മെന്റിനും അധികാരികൾക്കും കഴിയേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍