സ്ത്രീവരുദ്ധതയുടെയും ദളിത് വിരുദ്ധതയുടെയും മൂലകാരണം മനുസ്മൃതിയിലൂടെയാണെന്ന് മനസ്സിലാക്കികൊണ്ടാണ് അത് കത്തിച്ചത്- ഐസ
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് മനുസ്മൃതി കത്തിച്ച് പ്രതിഷേധം. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്‍ (ഐസ) പ്രവര്‍ത്തകരാണ് പ്രതിഷേധ സൂചകമായി മനുസ്മൃതി കത്തിച്ചത്. രോഹിത്തിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചതിന് ശേഷം ഐസ പ്രവര്‍ത്തകര്‍ ആസാദി മുദ്രവാക്യങ്ങള്‍ മുഴക്കി മനുസ്മൃതി കത്തിക്കുകയായിരുന്നു. ‘രോഹിത് നിയമം’ നടപ്പാക്കണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും സംഘപരിവാര്‍ അതിക്രമങ്ങളെ തടയുന്നതിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ പ്രതിഷേധത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇന്നലെ ഉച്ചക്ക് കോളേജ് ക്യാമ്പസില്‍ വച്ചായിരുന്നു പ്രതിഷേധ ചടങ്ങ് സംഘടിപ്പിച്ചത്.
കേരള വര്‍മ്മ കോളേജിലെ ഐസ ജോയിന്റ് സെക്രട്ടറി കെവിഎം ഫഹീം തങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് അഴിമുഖത്തോട് റഞ്ഞത്- “ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ചാണ് ഐസ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചത്. രോഹിത് വെമുല ‘കൊല്ലപ്പെട്ടിട്ടും’ ഇതുവരെ ‘രോഹിത് ആക്റ്റ്’ നടപ്പിലാക്കിയിട്ടില്ല. ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബിനെക്കുറിച്ച് അധികൃതര്‍ ഇപ്പോഴും മൗനം തുടരുകയാണ്. ഇതിനെതിരെയും ആര്‍എസ്എസിന്റെ ഫാസിസം ക്യാമ്പസുകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നയങ്ങള്‍ക്കെതിരെയുമായിരുന്നു പ്രതിഷേധം. സ്ത്രീവരുദ്ധതയുടെയും ദളിത് വിരുദ്ധതയുടെയും മൂലകാരണം മനുസ്മൃതിയിലൂടെയാണെന്ന് മനസ്സിലാക്കികൊണ്ടാണ് അത് കത്തിച്ചത്.”
കേരളവര്‍മ്മയിലെ ഐസ തങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് പ്രതികരിച്ചു- ‘അംബേദ്കര്‍ കാലങ്ങളും കടന്ന് ഇന്നിലേക്ക് എത്തുമ്പോഴും മനുസ്മൃതി കത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയില്‍ മാറ്റം വരുന്നില്ല. ചരിത്രം ആവശ്യപ്പെടുന്നതാണ് ഞങ്ങള്‍ ചെയ്തത്. ഒരിക്കല്‍ കൂടി മനുസ്മൃതി കത്തിക്കുന്നു. കുറേ അനാചാരങ്ങളെ കൂടി പ്രതിരോധിക്കുന്നു. ആര്‍എസ്എസ്, ബിജെപി തുടങ്ങിയ ഹിന്ദു സംഘടനകളുടെ വര്‍ഗ്ഗീയ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ പ്രതിപക്ഷമായി മാറണം. കത്തിയമരേണ്ടത് ഇവിടുത്തെ ജാതീയതയാണ്, വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളല്ല. ഇതാണ് ഐസ മനുസ്മൃതി കത്തിക്കുന്നതിലൂടെ ചൂണ്ടിക്കാണിച്ചത്. ഡോ. ബി ആര്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിനെ മാതൃകയായി സ്വീകരിക്കുകയാണ് ഞങ്ങള്‍’-
സിപിഐ (എംഎല്‍) ലിബറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ എം വേണുഗോപാല്‍, ദളിത് ആക്ടിവിസ്റ്റ് വസന്തന്‍ തുടങ്ങിയവരും ക്യാമ്പസിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.