UPDATES

ആദിവാസി നവജാത ഇരട്ടകളുടെ മരണത്തിലെ യാഥാര്‍ത്ഥ്യം ഇതാണ്; വട്ടവടയുടെ ആരോഗ്യരംഗത്തിന്റെയും

വട്ടവടയിലേക്ക് പോസ്റ്റിംഗ് കിട്ടിയാല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നപോലെ ഭയപ്പെടുന്നവര്‍ ആരോഗ്യവകുപ്പില്‍ ഉണ്ടെന്നതാണ് ഇവിടെ നിര്‍ദ്ദിഷ്ട ജീവനക്കാരെ ലഭിക്കാതെ വരുന്നതിന് പ്രധാന കാരണമായി പറയുന്നത്.

പ്രളയവും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും തകര്‍ത്ത ഇടുക്കി ജില്ലയുടെ ഭാഗമാണ് വട്ടവട. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസില്‍ കയറി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് വട്ടവട അടുത്തിടെ വാര്‍ത്തകളില്‍ വന്നത്. ഈ വാര്‍ത്തകള്‍ ഒന്നടങ്ങിയപ്പോള്‍ വട്ടവട പഞ്ചായത്തിലെ സാമിയാര്‍ അള ഊരില്‍ ആദിവാസി യുവതി, വീട്ടില്‍ വച്ചു പ്രസവിച്ച നവജാത ഇരട്ടകള്‍ മരിച്ചെന്ന വാര്‍ത്തയാണ് വട്ടവടയുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നത്. ആശുപത്രിയില്‍ എത്തി കൃത്യസമയത്ത് മതിയായ ചികിത്സ കിട്ടാതെ വന്നതാണ് നവജാതശിശുക്കള്‍ മരിക്കാന്‍ കാരണമെന്നാണ് വാര്‍ത്തകളില്‍ നിറയുന്ന ആരോപണം. സെപ്തംബര്‍ രണ്ടാം തീയതി ശനിയാഴ്ചയാണ് സാമിയാര്‍ അള ഊരിലെ മണികണ്ഠന്റെ ഭാര്യ 25 വയസുള്ള അനിത പ്രസവിച്ച ഇരട്ടകള്‍ മരിച്ചത്. രാത്രിയോടെ വീട്ടില്‍വച്ച് അനിതയ്ക്ക് പ്രസവിക്കേണ്ടി വന്നെന്നും തുടര്‍ന്ന്  അനിതയെ ഗുരതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. ശിശുക്കള്‍ മരിക്കാനും ആദിവാസി യുവതി ഗുരുതരാവസ്ഥയിലാകാനും കാരണങ്ങളായി വാര്‍ത്തകളില്‍ ആരോപിച്ചിരുന്നത് മതിയായ ചികിത്സ ലഭ്യമാക്കാതിരുന്നതാണ്. വട്ടവടയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആദിവാസി ഊരുകളില്‍ വേണ്ടത്ര ചികിത്സ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഈ വാര്‍ത്തകളില്‍ ഉയര്‍ത്തിയിരുന്നു. പ്രാഥാമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ആദിവാസി ഊരുകളിലെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ചികിത്സകളും പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ആരോപണം. സാമിയാര്‍ അള ഊരില്‍ തന്നെ മൂന്നു മാസങ്ങള്‍ക്കു മുമ്പും ഒരു നവജാത ശിശു മരിച്ചിരുന്നുവെന്ന കാര്യവും ഈ വാര്‍ത്തകളില്‍ കാണാം.

എന്നാല്‍ വട്ടവടയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരട്ടക്കുട്ടികളുടെ മരണം വാര്‍ത്തയാക്കിയവര്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും തീര്‍ത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് കൂടുതലും പറഞ്ഞിരിക്കുന്നതെന്നാണ് വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രാഹുല്‍ ബാബുവും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജും അഴിമുഖത്തോട് വ്യക്തമാക്കുന്നത്.

യാഥാര്‍ത്ഥ്യവും വസ്തുതകളും

ആദിവാസി യുവതി പ്രസവിച്ച ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചു എന്ന വാര്‍ത്തയില്‍ തന്നെ തെറ്റുണ്ടെന്ന് ഡോ. രാഹുല്‍ ബാബു പറയുന്നു. “കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചതല്ല, അഞ്ചുമാസം ഗര്‍ഭിണിയായ യുവതിക്ക് അബോര്‍ഷന്‍ സംഭവിക്കുകയാണ് ഉണ്ടായത്. യുവതി ഗര്‍ഭിണിയായ സമയം മുതല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വരുന്നതാണ്. ഓഗസറ്റ് മാസം എട്ടാം തീയതി ഇവരുടെ പേര് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഗര്‍ഭിണിക്ക് പ്രാഥമികമായി നല്‍കേണ്ട എല്ലാ സേവനങ്ങളും നല്‍കുന്നുമുണ്ടായിരുന്നു. ഓഗസ്റ്റ് 28-ആം തീയതി ഹെല്‍ത്ത് സ്റ്റാഫ് കുടിയില്‍ എത്തി യുവതിയെ നേരില്‍ കണ്ട് വിവരങ്ങള്‍ തിരക്കിയിട്ടുമുണ്ട്. കുടിയില്‍ തന്നെയുള്ള മറ്റ് മൂന്നോ നാലോ ഗര്‍ഭിണികളെയും ഇത്തരത്തില്‍ നേരില്‍ കണ്ടതാണ്. ഇതിനെല്ലാം ശേഷമാണ് നിര്‍ഭാഗ്യകരമായി യുവതിക്ക് അബോര്‍ഷന്‍ സംഭവിക്കുന്നത്. ഇതാണ് വസ്തുതയെന്നിരിക്കെ പ്രസവിച്ച കുട്ടികള്‍ മരിച്ചു എന്നു പറയുന്നതും മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണവും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതാണ്. സാമിയാര്‍ അള ഊരില്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പും ഒരു നവജാത ശിശു മരിച്ചു എന്നു പറയുന്നതും വാസ്തവുമുള്ള കാര്യമല്ല; ഡോക്ടര്‍ രാഹുല്‍ ബാബു വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍വച്ച് ഡോക്ടര്‍ പറയുന്നത് വട്ടവടയില്‍ ആകെ ഇക്കാലയളവില്‍ നടന്നിരിക്കുന്നത് 56 പ്രസവങ്ങളാണ്. ഇതില്‍ അഞ്ചു നവജാത ശിശുക്കള്‍ മരിച്ചു. മരിച്ച നവജാത ശിശുക്കളില്‍ ഒന്നുപോലും സാമിയാര്‍ അള ഊരില്‍ അല്ല. വത്സപ്പെട്ടി കുടി എന്ന ആദിവാസി ഊരില്‍ ഒരു നവജാത ശിശു ഇക്കാലയളവില്‍ മരിച്ചിട്ടുണ്ട്. ബാക്കി മരണങ്ങള്‍ കോവിലൂര്‍, കൊട്ടക്കമ്പൂര്‍ മേഖലകളിലാണ്. മരണപ്പെട്ട നവജാത ശിശുക്കള്‍ ജനനവൈകല്യങ്ങള്‍ ഉള്ളവരുമായിരുന്നു. അഞ്ചുപേരില്‍ മൂന്നുപേര്‍ ആശുപത്രിയില്‍വച്ച് തന്നെ മരണപ്പെട്ടപ്പോള്‍, രണ്ട് പേര്‍ പ്രസവത്തിന് 28 ദിവസങ്ങള്‍ക്കുശേഷം വീടുകളില്‍ എത്തിയപ്പോഴായിരുന്നു. ആദിവാസി യുവതികള്‍ വീടുകളില്‍ പ്രസവിക്കേണ്ടി വരുന്നു എന്ന ആരോപണത്തേയും ഈ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ആശുപത്രിയധികൃതര്‍ നിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആകെ അഞ്ചുപേരാണ് വീട്ടില്‍ പ്രസവിക്കേണ്ടി വന്നത്. ഇതില്‍ സാമിയാര്‍കുടി, വത്സപ്പെട്ടി കുടി എന്നീ രണ്ട് ആദിവാസി ഊരുകളില്‍ ഓരോരുത്തരും വട്ടവടയില്‍ ഒരാളും കോവിലൂരില്‍ രണ്ടുപേരും എന്നതാണ് കണക്ക്. ബാക്കിയെല്ലാം തന്നെ വേണ്ടത്ര സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളിലാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പരിമിതികളില്‍ നിന്നുകൊണ്ടും പരമാവധി സേവനം

മറ്റ് ചിലയിടങ്ങളില്‍ പറയുന്നതുപോലെ പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കാതെ മാറിനില്‍ക്കുന്ന രീതി വട്ടവടയിലെ ആദിവാസികള്‍ക്കിടയില്‍ ഇല്ലെന്നാണ് ഡോ. രാഹുല്‍ പറയുന്നത്. ചികിത്സ തേടാന്‍ യാതൊരു വൈഷമ്യവും ഇവര്‍ കാണിക്കാറില്ല. ഒരു പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പോലും യാതൊരു മടിയും കാണിക്കില്ല. വട്ടവടയിലെ ആദിവാസി ഊരുകളില്‍ ഉള്ള ആരും തന്നെ പ്രസവത്തിന് ആശുപത്രികളില്‍ പോകുന്നതിനോട് മടി കാണിക്കില്ലെന്ന് തനിക്ക് പറയാനാകുമെന്നും ഡോക്ടര്‍ പറയുന്നു. മറ്റ് ചില പ്രദേശങ്ങളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇവിടെയുള്ളവര്‍ പൂര്‍ണമായി നമ്മളോട് സഹകരിക്കുന്നവരാണെന്നാണ് ഡോക്ടറുടെ അനുഭവത്തില്‍ പറയുന്നത്. “ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ തുടക്കസമയം തന്നെ ഇവിടെ (കുടുംബാരോഗ്യ കേന്ദ്രം) എത്താറുണ്ട്. അവര്‍ക്ക് കൃത്യമായി ചെക്കപ്പും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അടിമാലിയില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടാനും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും ഇവര്‍ക്ക് മടിയില്ല. കൃത്യമായി സ്‌കാനിംഗ് നടത്താനും അവര്‍ തയ്യാറാകുന്നുണ്ട്. ഇതിനിടയില്‍ തന്നെ ഇവിടെ ആശുപത്രിയില്‍ എത്തുകയും ഞങ്ങള്‍ അവര്‍ക്ക് അയണ്‍, കാത്സ്യം ഗുളികകള്‍ നല്‍കാറുമുണ്ട്. അവശ്യമായ നിര്‍ദേശങ്ങളും കരുതലുകളും നല്‍കുന്നുണ്ട്. പൂര്‍ണമായി തന്നെ നമ്മളോട് സഹകരിച്ചുകൊണ്ടാണ് അവരും നില്‍ക്കുന്നത്” ഡോക്ടര്‍ പറയുന്നു.

അതേസമയം ചില നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ഇതിനിടയില്‍ സംഭവിക്കാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. അത് അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രസവമാണ്. “പറഞ്ഞിരിക്കുന്ന സമയത്തിനും വളരെ മുമ്പ് പ്രസവം നടക്കുന്ന കേസുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. ആറാം മാസത്തിലോ, ഏഴാം മാസത്തിന്റെ തുടക്കത്തിലോ പ്രസവം നടന്നുപോവുകയാണ്. ഇത്തരം കേസുകളാണ് വീട്ടിലെ പ്രസവമായി പറയുന്നത്. കഴിഞ്ഞ കൊല്ലത്തിനിടയില്‍ നടന്ന അഞ്ചു ഹോം ഡെലിവറികളില്‍ നാലും ഡോക്ടര്‍ പറഞ്ഞ സമയത്തിനും വളരെ മുമ്പ് പ്രസവം നടന്നവയാണ്. എന്തുകൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നു എന്നതിന് ആധികാരികമായി കാരണം പറയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കഴിയുകയുള്ളുവെങ്കിലും ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവങ്ങള്‍ക്ക് കാരണമാകുമെന്ന് പൊതുവില്‍ പറയാം. നാട്ടിലാണെങ്കില്‍ പെട്ടെന്ന് വേദന വരുമ്പോള്‍ അടുത്തുള്ള ആശുപത്രിയെ ആശ്രയിക്കാന്‍ നമുക്ക് കഴിയാറുണ്ട്.സ്വന്തമായി വാഹനങ്ങളുള്ളവരാണ് പലരും. അല്ലാത്തവര്‍ക്ക് മറ്റ് വാഹനങ്ങളും എളുപ്പത്തില്‍ ലഭ്യമാകും. അതിനെല്ലാം പുറമെ ഏറെയകലെയല്ലാതെ സൗകര്യങ്ങളെല്ലാം ഉള്ള ഒരാശുപത്രിയെങ്കിലും കാണും. വട്ടവട അങ്ങനെയല്ല. ഇതൊരു തുരുത്താണ്. അറുപതും എണ്‍പതും കിലോമീറ്ററുകള്‍ കടന്ന് മൂന്നാറിലോ അടിമാലിയിലെ എത്തുക ഏറെ പ്രയാസം തന്നെയാണ് വട്ടവടക്കാര്‍ക്ക്”; ഡോക്ടര്‍ രാഹുല്‍ പറയുന്നു.

വട്ടവടക്കാര്‍ക്ക് ആശ്രയിക്കാന്‍ ആദ്യം ഒരു സബ് സെന്റര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് പ്രാഥമികാരോഗ്യ കേന്ദ്രമാക്കി. ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനത്തില്‍ വളരെ ഇടുങ്ങിയൊരിടത്തായിരുന്നു പ്രഥാമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിട്ട്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ ജീവനക്കാര്‍ ഇല്ലാതെയാണ് ഇപ്പോഴും പ്രവര്‍ത്തനം. ഇത്തരം യാഥാര്‍ത്ഥ്യങ്ങളാണ് വട്ടവടയുടെ ആരോഗ്യരംഗവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ടത്.

ഇതാണ് വട്ടവടയിലെ അവസ്ഥ

വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇപ്പോഴത്തെ അവസ്ഥയിങ്ങനെയാണ്; മൂന്ന് ഡോക്ടര്‍ വേണ്ടിടത്ത് ഉള്ളത് രണ്ടു പേര്‍, നാല് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകേണ്ടിടത്ത് രണ്ടു പേര്‍ മാത്രം, രണ്ട് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരിക്കണമെന്നിരിക്കെ നിലവില്‍ ആരും തന്നെയില്ല, ഏഴ് ഫീല്‍ഡ് സ്റ്റാഫുമാരുടെ സ്ഥാനത്ത് എല്ലായിടത്തും ഓടിയെത്താനുള്ളത് വെറും രണ്ടു പേര്‍. സ്റ്റാഫ് പാറ്റേണ്‍ പൂര്‍ണമാകാതെ ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കരുതെന്നാണ്. അങ്ങനെ ആരംഭിക്കാന്‍ അനുവദിക്കാറുമില്ല. എന്നാല്‍ വട്ടവടയില്‍ മതിയായ സ്റ്റാഫുകള്‍ ഇല്ലാതെ തന്നെ കുടുബാരോഗ്യ കേന്ദ്രം ഉത്ഘാടനം ചെയ്യേണ്ടി വരികയായിരുന്നു. വട്ടവടയായതുകൊണ്ട്, ഇവിടുത്തെ അവസ്ഥ നന്നായി അറിയാവുന്ന ഒരാള്‍ ആയതുകൊണ്ട് മാത്രമാണ്, സ്റ്റാഫുകളുടെ കുറവ് അറിഞ്ഞുകൊണ്ട് തന്നെ ഇതിന്റെ ഉത്ഘാടനത്തിന് താനും സമ്മതം നല്‍കിയതെന്നും മറ്റൊരിടത്തായിരുന്നു ഇതേ സാഹചര്യമെങ്കില്‍ തീര്‍ച്ചയായും സമ്മതിക്കില്ലായിരുന്നുവെന്നും ഡോ. രാഹുല്‍ പറയുന്നു. “ജീവനക്കാരുടെ കുറവ് കാര്യമായി ബാധിക്കുമെന്നതിനാല്‍ രണ്ടാള്‍ ചെയ്യേണ്ട ജോലി ഒരാള്‍ ചെയ്യുകയാണ്. നിലവില്‍ ഉള്ളവര്‍ ആത്മാര്‍ത്ഥമായി തങ്ങളുടെ ജോലി ചെയ്യാന്‍ തയ്യാറാകുന്നതുകൊണ്ടാണ് വട്ടവടയില്‍ പഴയതിനെക്കാള്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പരമാവധി പരാതികള്‍ ഒഴിവാക്കാനും കഴിയുന്നത്. ഒമ്പത് വര്‍ഷമായി ഫീല്‍ഡ് സ്റ്റാഫിന്റെ ജോലി പ്രശംസയര്‍ഹിക്കുന്ന വിധത്തില്‍ ചെയ്യുന്ന ഒരു ജീവനക്കാരിയുണ്ട്, അതുപോലെ പാലിയേറ്റീവ് സ്റ്റാഫായ മറ്റൊരു സ്ത്രീ; ഇവരിരുവരും തമിഴ് സംസാരിക്കുന്നവരാണ്. ഇവരെപ്പോലുള്ളവരുടെ സേവന മന:സ്ഥിതിയാണ് ഈ പരിമിതികളിലെല്ലാം നിന്നുകൊണ്ട് ഞങ്ങളെ മുന്നോട്ടു പോകാന്‍ സഹായിക്കുന്നത്. ആദിവാസി ഊരുകളില്‍ വേണ്ടത്ര ചകിത്സ സൗകര്യങ്ങള്‍ നല്‍കുന്നില്ല, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ശ്രദ്ധ നല്‍കുന്നില്ല എന്നൊക്കെയുള്ള പരാതികള്‍ യാഥര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെയാണ്. ഇത്രവലിയൊരു പ്രദേശത്ത് വെറും മൂന്ന് ഫീല്‍ഡ് സ്റ്റാഫുകളെവച്ചുകൊണ്ട് പരമാവധി ചികിത്സ സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്”; ഡോക്ടര്‍ പറയുന്നു.

വട്ടവടയിലേക്ക് വരാന്‍ മടിക്കുന്നവര്‍

വട്ടവടയിലേക്ക് പോസ്റ്റിംഗ് കിട്ടിയാല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നപോലെ ഭയപ്പെടുന്നവര്‍ ആരോഗ്യവകുപ്പില്‍ ഉണ്ടെന്നതാണ് ഇവിടെ നിര്‍ദ്ദിഷ്ട ജീവനക്കാരെ ലഭിക്കാതെ വരുന്നതിന് പ്രധാന കാരണമായി പറയുന്നത്. പോസ്റ്റിംഗ് കിട്ടിയാല്‍ വട്ടവടയില്‍ എത്തുന്നതിനു മുമ്പ് തന്നെ മറ്റൊരിടത്തേക്ക് ട്രാന്‍സ്ഫര്‍ ഓഡര്‍ ശരിയാക്കിയിരിക്കും. മൂന്നു മാസത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരായി വരുന്നവര്‍ പോലും വട്ടവടയില്‍ നില്‍ക്കാറില്ലെന്നു പറയുന്നു. ഇക്കൂട്ടത്തില്‍ പെടാത്തവരാണ് ഇപ്പോള്‍ ഇവിടെയുള്ള രാഹുല്‍ ഡോക്ടറെ പോലുള്ളവര്‍. രാഹുല്‍ വട്ടവടയിലേക്ക് പോസ്റ്റിംഗ് ചോദിച്ച് വാങ്ങിച്ചയാളാണ്. പ്രാക്ടീസ് തുടങ്ങുന്നതും ഇവിടെ നിന്നാണ്. ഇപ്പോള്‍ മൂന്നുവര്‍ഷം പിന്നിടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രം ആയിരുന്ന സമയം തൊട്ട് രഹുല്‍ ഇവിടെയുണ്ട്. രാഹുലിനെപോലെ തന്നെയാണ് കൂടെയുള്ള ഡോക്ടറും മറ്റ് ജീവനക്കാരും. ഇവരെല്ലാം തന്നെ വട്ടവടയ്ക്കുവേണ്ടി സേവനം ചെയ്യാന്‍ സ്വമനസാലെ തയ്യാറായവരാണ്.

വട്ടവടയിലേക്ക് വരാനും ആരും തയ്യാറാകാത്തതിന് കാരണങ്ങളുമുണ്ട്. ഒന്നാമതായി തൗമസ സൗകര്യം ഇല്ലായ്മ. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, വട്ടവടയിലേക്ക് വരുന്ന ഉദ്യോഗസ്ഥന്മാരെല്ലാം തന്നെ ഈ പ്രശ്‌നം നേരിടുന്നവരാണ്. ക്വര്‍ട്ടേഴ്‌സുകള്‍ ഇല്ലെന്നതുമാത്രമല്ല, പുറത്ത് ഏതെങ്കിലും താമസ സൗകര്യം കിട്ടാനും വഴിയില്ല. ഇപ്പോഴും പൂര്‍ണമായി മലയാളി സംസ്‌കാരത്തിലേക്ക് മാറാതെ നില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള ആണ്‍ ജീവനക്കാര്‍ (ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ) ആശുപത്രിക്ക് ഉള്ളില്‍ തന്നയാണ് താമസം. ഭക്ഷണവും ഇവരെല്ലാവരും കൂടി ഉണ്ടാക്കി കഴിക്കുകയാണ്. ‘അട്ടപ്പാടിയിലേക്ക് തട്ടും’ എന്ന ഭീഷണിയെക്കാള്‍ കൂടിയ ഒരു ഭീഷണിയാണ് വട്ടവടയിലേക്ക് പോയ്‌ക്കോ എന്നു പറയുന്നത് എന്ന മനോഭാവം കൊണ്ടു നടക്കുന്നവരില്‍ സ്വയം മാറ്റം വരികയോ അതല്ലെങ്കില്‍ അവര്‍ക്ക് വട്ടവടയിലേക്ക് പോകാന്‍ താത്പര്യം തോന്നിക്കുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയോ സംഭവിക്കുന്നിടത്തോളം വട്ടവടയിലെ ആരോഗ്യരംഗത്തെ ന്യൂനതകള്‍ തുടരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വട്ടവടയുടെ ആരോഗ്യം; ചില ആവശ്യങ്ങള്‍

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയപ്പോള്‍ ഏറ്റവും അത്യാവശ്യമായി ലഭ്യമാക്കേണ്ടത് ലാബ് സൗകര്യങ്ങളായിരുന്നു. ഇപ്പോള്‍ പരിശോധനകള്‍ക്കും മറ്റും അമ്പതും അറുപതും കിലോമീറ്ററുകളാണ് വട്ടവടക്കാര്‍ സഞ്ചരിക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലൗബ് പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്തിയിട്ട് രണ്ട് മാസത്തോളമായെങ്കിലും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ത്രീഫേസ് വൈദ്യുതി സൗകര്യത്തിലാണ് ലാബ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. അപേക്ഷയും ആവശ്യമായ പണവും കെഎസ്ഇബിയില്‍ നല്‍കിയിട്ടുണ്ടങ്കിലും ഇതുവരെ ത്രീ ഫേസ് സൗകര്യം ലഭ്യമായിട്ടില്ല. പ്രളയത്തോടനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന്റെ തിരക്കാണ് കാലതാമസം വരുത്തുന്നതെന്നാണ് അറിയുന്നത്. എത്രയും വേഗം ത്രീഫേസ് കണക്ഷന്‍ കിട്ടിയാല്‍ ഒട്ടും കാലതാമസം കൂടാതെ ലാബ് പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴത് സാധ്യമല്ല, വട്ടവടയില്‍ വൈദ്യുതി തടസവും വോള്‍ട്ടേജ് ക്ഷാമവും പതിവാണ്. അത്തരമൊരു സാഹചര്യത്തില്‍ ലാബ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ലാബ് സൗകര്യങ്ങള്‍ താമസിയാതെ ലഭ്യമാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാരും പഞ്ചായത്തും മറ്റു ചില ആവശ്യങ്ങളും ആഗ്രഹങ്ങളും കൂടി പങ്കുവയ്ക്കുന്നുണ്ട്. അതില്‍ ഒന്നാമത്തെ ആവശ്യം കിടത്തി ചികിത്സ സൗകര്യം ഉണ്ടാക്കുക എന്നതാണ്. ഐ പി വാര്‍ഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗികള്‍ തുടങ്ങി വട്ടവടയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ഇപ്പോള്‍ എണ്‍പത് കിലോമീറ്ററുകളൊക്കെ സഞ്ചരിച്ച് അടിമാലിയില്‍ എത്തി ചികിത്സ തേടേണ്ടി വരുന്നവരാണ് വട്ടവടക്കാര്‍. ഐ പി വാര്‍ഡ് അനുവദിക്കാന്‍ ആരോഗ്യവകുപ്പില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഐ പി വാര്‍ഡ് പോലെ തന്നെ ഇവര്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ ഒന്നാണ് ഒരു പ്രസവ വാര്‍ഡ്. പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യവും വട്ടവട പഞ്ചായത്തും ഡോക്ടര്‍മാരും മുന്നോട്ടു വയ്ക്കുകയാണ്. പ്രസവ വാര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സേവനം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നും വട്ടവടക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്റ്റാഫുകളെ മുഴുവന്‍ വട്ടവടയില്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ആദ്യം തയ്യാറാകണമെന്നും ഇവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

ആവശ്യങ്ങള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല?

വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിന് ഉള്‍പ്പെടെ തടസങ്ങള്‍ പറയുന്നത് ഇവിടുത്തെ ജനസംഖ്യ ചൂണ്ടിക്കാണിച്ചാണ്. പതിനയ്യായിരത്തില്‍ താഴെയാണ് വട്ടവടയിലെ ജനസംഖ്യ. ഇരുപതിനായിരം പേര്‍ക്കെങ്കിലുമാണ് കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രി എന്നതാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇത്രയും പേര്‍ ഇവിടെ ഇല്ലെന്നതിനാല്‍ തന്നെയാണ് വട്ടവടയുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്. എന്നാല്‍ ചട്ടങ്ങള്‍ പറഞ്ഞ് ആവശ്യങ്ങള്‍ നിഷേധിക്കുമ്പോള്‍ വട്ടവടയുടെ സാഹചര്യങ്ങള്‍ കാണാതെ പോവുകയുമാണ് അധികൃതരെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നു.

പ്രതിസന്ധികളും പരിഹാരങ്ങളും

പ്ലാന്‍ ഫണ്ടിന്റെ കുറവ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ മുന്നിലാണ് വട്ടവട. അതുകൊണ്ട് സാമ്പത്തികം ഉപയോഗിച്ച് നിവര്‍ത്തിക്കേണ്ട ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ലെന്നാണ് പ്രസിഡന്റ് രാമരാജ് പറയുന്നത്. “എങ്കില്‍ പോലും ചെയ്യാവുന്നതിന്റെ പരമാവധി കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഒരു ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ ആയവശ്യമായ പണം പഞ്ചാത്തിന് ഇല്ല. എന്നാല്‍ ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുകൊടുക്കാം. എംപി ഫണ്ടില്‍ നിന്നോ എംഎല്‍എ ഫണ്ടില്‍ നിന്നോ തുക അനുവദിച്ചാല്‍ ഈ പ്രശ്‌നം തീരാവുന്നതേയുള്ളു. അതല്ലെങ്കില്‍ ജില്ല പഞ്ചായത്ത് മുന്‍കൈയെടുക്കണം. എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ച് കിട്ടാന്‍ കത്ത് നല്‍കിയിട്ടുണ്ട്. കിടത്തി ചികിത്സ സൗകര്യം ആരംഭിക്കുക എന്നത് പഞ്ചായത്ത് നിരന്തരമായി ഉന്നയിക്കുന്ന കാര്യമാണ്. തുടക്കത്തില്‍ അഞ്ച് കട്ടിലുകള്‍ എങ്കിലും മതി. പക്ഷ, ആരോഗ്യവകുപ്പ് വട്ടവടയുടെ കാര്യത്തില്‍ വേണ്ട പരിഗണ നല്‍കുന്നില്ല. ഞങ്ങളുടെ ഇടപെടലുകളുടെ അഞ്ചുശതമാനം പോലും പ്രവര്‍ത്തനം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. അതിനുദാഹരണമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കിയിട്ടും ഇതുവരെ ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കാതിരിക്കുന്നത്. ഐ പി വാര്‍ഡ് ആരംഭിക്കാന്‍ തടസ്സമായി പറയുന്നത് ജനസംഖ്യയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പഞ്ചായത്ത് ഒരു നിര്‍ദേശം മുന്നോട്ട് വച്ചതാണ്. ദേവികുളം പഞ്ചായത്തില്‍പ്പെട്ട കുണ്ടള, തീര്‍ത്ഥമല, ചിറ്റിവാര സൗത്ത്, ചെണ്ടുവാര, എല്ലപ്പെട്ടി (കെ കെ ഡിവിഷന്‍), വട്ടവട എന്നീ ആറു വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് അവരുടെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണമെങ്കില്‍ കുറഞ്ഞത് അമ്പത് കിലോമീറ്റര്‍ സഞ്ചരിക്കണം. അതേസമയം അവര്‍ക്ക് വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വരാന്‍ പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. അതുകൊണ്ട് പഞ്ചായത്ത് വിട്ടുള്ള ഒരു പരിധി നിശ്ചയിച്ച് ദേവികുളത്തെ ആറു വാര്‍ഡുകളിലെ ജനങ്ങളെക്കൂടി കൂട്ടിയാല്‍ ഐപി വാര്‍ഡും പ്രസവ വാര്‍ഡും തുടങ്ങാനുള്ള എണ്ണമാകും. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കാത്തിരിക്കുകയാണ്; രാമരാജ് പറയുന്നു.

വട്ടവടയുടെ ആരോഗ്യരംഗത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കാണിച്ചുകൊണ്ട് ഇവിടെ അത്യാവശ്യമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളില്‍ ആരോഗ്യവകുപ്പ് ഇനിയും കാലതമാസം വരുത്തില്ലെന്നാണ് രാജരാജിനെപോലെ, ഡോക്ടര്‍ രാഹുലിനേയും പോലെ വട്ടവട്ടയിലെ സാധാരണക്കാര്‍ പ്രതീക്ഷിച്ചിരിക്കുന്നത്.

പൊട്ടിത്തകര്‍ന്ന ഇടുക്കി

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

അഭിമന്യുവിന്റെ വട്ടവട

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍