UPDATES

ട്രെന്‍ഡിങ്ങ്

‘പിടിച്ചെടുത്ത ഭൂമിയെങ്ങനെ ഞങ്ങള്‍ വിട്ടുകൊടുത്തതാവും?’ കീഴാറ്റൂര്‍ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറിയെന്നത് വ്യാജവാര്‍ത്തകള്‍

ഇത്തരം നിലപാടുകളുമായാണ് സിപിഎം വയല്‍ക്കിളികളെ നേരിടുന്നതെങ്കില്‍, മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കോര്‍പ്പറേറ്റ് നയത്തിന്റെ വക്താക്കളാണ് ഇവിടത്തെ സിപിഎം എന്ന് പറയേണ്ടിവരും- സുരേഷ് കീഴാറ്റൂര്‍

ശ്രീഷ്മ

ശ്രീഷ്മ

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സമരത്തില്‍ നിന്നും പിന്മാറിയതായി വ്യാജവാര്‍ത്തകള്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപ്പാസിനു വേണ്ടി വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ കീഴാറ്റൂരിലെ കര്‍ഷകരും പ്രദേശവാസികളും നടത്തിപ്പോന്നിരുന്ന പ്രതിഷേധം അവസാനിച്ചതായും, സമരനേതാക്കള്‍ തന്നെ സ്ഥലം കൈമാറാനുള്ള സമ്മതപത്രം കൈമാറി നഷ്ടപരിഹാരത്തുക സ്വീകരിച്ചതായുള്ള വാര്‍ത്തകള്‍ ഇന്നലെ രാത്രിയോടെയാണ് പുറത്തു വന്നു തുടങ്ങിയത്. കീഴാറ്റൂര്‍ സമരനേതാക്കളായ സുരേഷ്, നെല്ലിക്കല്‍ ബൈജു എന്നിവരുടെ അമ്മമാര്‍ തന്നെ സ്ഥലം കൈമാറിക്കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയതോടെ, ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കീഴാറ്റൂരിലെ സമരനേതാക്കള്‍. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ പതിവായുണ്ടാകുന്ന വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ തന്നെയാണിതെന്നും, ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞ വയലുകള്‍ ഇനി തങ്ങള്‍ സ്വമേധയാ പതിച്ചു നല്‍കി എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു. സമരനേതാക്കള്‍ ഭൂമി കൈമാറിയെന്ന് പേരെടുത്ത് പറയുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെട്ടവരിലാരും ഭൂമി കൈമാറിയവരോ സമരത്തില്‍ നിന്നും പിന്മാറിയവരോ അല്ല.

വയല്‍ക്കിളി സമരത്തിന്റെ മുന്‍പന്തിയിലുള്ള സുരേഷ് കീഴാറ്റൂര്‍ പറയുന്നതിങ്ങനെ: “രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി സമരം ചെയ്തവരാണ് ഞങ്ങള്‍. അതിനു ശേഷം സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കര്‍ഷകരടക്കമുള്ളവര്‍ ചേര്‍ന്നാണ് തടസ്സപ്പെടുത്തിയത്. അന്ന് ഞങ്ങളെ അറസ്റ്റു ചെയ്ത് പാതിരാത്രി വരെ ലോക്കപ്പിലിട്ട് സര്‍വേ നടപടികള്‍ നടത്തിയത് കഴിഞ്ഞ കാര്യമാണ്. അങ്ങനെ ബലപ്രയോഗത്തിലൂടെ സര്‍വേ നടത്തി, പിന്നീട് അതിന്റെ നോട്ടിഫിക്കേഷനും നടപടിക്രമങ്ങളുമെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞതുമാണ്. അതായത്, ഭൂമി കൃഷിക്കാരന്റെ കൈയില്‍ നിന്നും ബലപ്രയോഗത്തിലൂടെ അപഹരിച്ച്, എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടു തന്നെ രണ്ടുമാസമായി. തന്റെ കൈവശമല്ലാത്ത ഭൂമി എങ്ങനെ കൃഷിക്കാരന് വിട്ടുകൊടുക്കാനാകും? ദുഷ്ടലാക്കോടു കൂടിയുള്ള വ്യാജപ്രചരണമാണിത്.”

സ്ഥലമേറ്റെടുക്കുന്നതിനായി കീഴാറ്റൂരുകാര്‍ ആരംഭിച്ച സമരത്തിനൊപ്പം ആദ്യ ഘട്ടത്തില്‍ സിപിഎം ഉണ്ടായിരുന്നെങ്കിലും, പിന്നീട് പിന്‍വാങ്ങുകയായിരുന്നു. സിപി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലയില്‍, സമരരംഗത്തു നിന്നും അവര്‍ പിന്മാറിയപ്പോഴും ഒരു വിഭാഗം വയല്‍ക്കിളികളെന്ന പേരില്‍ സമരം തുടര്‍ന്നു. പാര്‍ട്ടി എതിര്‍ ചേരിയിലായതോടെ തുടര്‍ന്ന്  ബലാബലത്തിന് പിന്നീട് വഴിത്തിരിവുണ്ടാകുന്നത് ബിജെപിയുടെ ഇടപെടലോടെയാണ്. ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ബിജെപി വാഗ്ദാനം നല്‍കുകയും, സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍, ഈ വാഗ്ദാനം അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ത്രീ-ജി അന്തിമ വിജ്ഞാപനം നവംബര്‍ അവസാനം പുറത്തിറങ്ങിയിരുന്നു. ഇതോടെ സമരപരിപാടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച വയല്‍ക്കിളികള്‍ ഡിസംബര്‍ മുപ്പതിന് വയല്‍പിടിച്ചെടുക്കല്‍ സമരവും നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ പ്രചരണമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചുങ്കം കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പാതയ്‌ക്കെതിരയായിരുന്നു സമരമെന്നും, കോര്‍പ്പറേറ്റ് ലക്ഷ്യങ്ങളോടെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സുഗമമാക്കാനായാണ് തെരഞ്ഞെടുപ്പടുത്തപ്പോള്‍ രാജ്യവ്യാപകമായി ഇത്തരമൊരു വ്യാജവാര്‍ത്ത പടച്ചുവിടുന്നതെന്നും സുരേഷ് വിശദീകരിക്കുന്നു. “കൃഷിക്കാരും പ്രദേശവാസികളും പരിസ്ഥിതിവാദികളും ചേര്‍ന്നതാണ് വയല്‍ക്കിളികള്‍. സമരത്തിന്റെ ഏറ്റവുമവസാന ഘട്ടം വരെ ഇതിനൊപ്പം അണിചേര്‍ന്നിട്ടുള്ളവരാണ് കീഴാറ്റൂരെ കൃഷിക്കാര്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞ ഘട്ടത്തില്‍ ഇനി ഭൂമി വിട്ടുകൊടുക്കേണ്ട എന്ന് അവരോട് ഞങ്ങള്‍ എങ്ങനെ പറയാനാണ്? ഇനി അവര്‍ക്കു കിട്ടാനുള്ളത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുച്ഛമായ ഒരു തുക മാത്രമാണ്. സമരത്തില്‍ ഒപ്പം അണിചേര്‍ന്നവരോട് അതു വാങ്ങിക്കേണ്ട എന്നു പറയാന്‍ മാത്രം വിഡ്ഢികളല്ല ഞങ്ങള്‍. അതൊക്കെ കൃഷിക്കാരന്റെ വിവേചന അധികാരമാണ്, അതെന്റെ അമ്മയായാലും അച്ഛനായാലും.”

ദേശാഭിമാനി ദിനപത്രത്തില്‍ നല്‍കിയിട്ടുള്ള വാര്‍ത്തയില്‍ തന്റെ സഹോദരിയും സ്ഥലം വിട്ടുകൊടുത്തിട്ടുള്ളതായി പരാമര്‍ശിക്കുന്നുണ്ടെന്നും, കീഴാറ്റൂരില്‍ സ്ഥലമില്ലാത്ത സഹോദരി എങ്ങനെയാണ് സ്ഥലം വിട്ടു നല്‍കിയതെന്ന് വാര്‍ത്ത കൊടുത്തവര്‍ വ്യക്തമാക്കണമെന്നും സുരേഷ് പറയുന്നു. നെല്ലിക്കല്‍ ബൈജുവിന്റെ അമ്മ സ്ഥലം വിട്ടു നല്‍കിയതായും ഈ വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്. ബൈജു ഈ വാര്‍ത്ത നിഷേധിച്ചിട്ടുമുണ്ട്. “എന്റെ സഹോദരി രജിതയ്ക്ക് കീഴാറ്റൂര്‍ വയലില്‍ ഭൂമിയില്ല. ഇത്തരം പച്ചക്കള്ളങ്ങള്‍ ദേശാഭിമാനി പത്രം രണ്ടാമത്തെ തവണയാണ് പുറത്തു വിടുന്നത്. നേരത്തേ ഞാന്‍ വയല്‍ നികത്തി റോഡുണ്ടാക്കി എന്നും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഇല്ലാത്ത ഭൂമിയുടെ രേഖകള്‍ എന്റെ സഹോദരി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, ആ ഭൂമിക്ക് സര്‍ക്കാര്‍ നല്‍കുന്ന മുഴുവന്‍ തുകയും അവള്‍ സിപിഎമ്മിന് സംഭാവനയായി നല്‍കാന്‍ തയ്യാറാണ്. ഞാന്‍ ‘ഉണ്ടാക്കിയ’ റോഡിന്റെ അവകാശവും പാര്‍ട്ടിക്കു തന്നെ വിട്ടു കൊടുക്കാം. ബി.ഒ.ടി ചുങ്കക്കാര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്ത ദാസ്യപ്പണി മറച്ചു വയ്ക്കാന്‍ വേണ്ടിയുള്ള പുതിയ നുണപ്രചരണമാണിത്. ഇത്തരം നിലപാടുകളുമായാണ് സിപിഎം വയല്‍ക്കിളികളെ നേരിടുന്നതെങ്കില്‍, മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കോര്‍പ്പറേറ്റ് നയത്തിന്റെ വക്താക്കളാണ് ഇവിടത്തെ സിപിഎം എന്ന് പറയേണ്ടിവരും. തെരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമായി ജനങ്ങളോടു തുറന്നു പറഞ്ഞ് ഞങ്ങള്‍ക്ക് പ്രചരണരംഗത്തേക്ക് പോകേണ്ടിയും വരും”, സുരേഷ് പറയുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍