UPDATES

ഇനി വീര ചരിതം വിജയ കാണ്ഡം?

എന്നാല്‍ പാര്‍ട്ടി വീണ്ടും പൊളിഞ്ഞ് രണ്ടാവാതെ തിരിച്ചുവരുമോ അതോ പുതിയ സോഷ്യലിസ്റ്റ് വിപ്ലവ പാര്‍ട്ടി രൂപം കൊള്ളുമോ എന്നാണ് അറിയാനുള്ളത്.

കേരള രാഷ്ട്രീയ ചരിത്രത്തിലും മാധ്യമചരിത്രത്തിലും അവഗണിക്കാനാവാത്ത പേരാണ് എംപി വീരേന്ദ്രകുമാര്‍. മികച്ച പ്രഭാഷകര്‍ എന്ന നിലയിലും എഴുത്തുകാര്‍ എന്ന നിലയിലും മുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാക്കള്‍ ധാരാളമുണ്ട്. കക്ഷി രാഷ്ട്രീയം, മാധ്യമ ഉടമസ്ഥത, എഴുത്ത്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇതിലെല്ലാം ഒരേസമയം സജീവമായി നിന്ന നേതാക്കള്‍ കുറവായിരിക്കും. കേരളത്തില്‍ അങ്ങനെ മറ്റൊരാളെ ചൂണ്ടിക്കാട്ടാനുണ്ടാവില്ല (സമീപകാലത്ത് മാധ്യമ ഉടമസ്ഥത വഹിച്ച മറ്റൊരു കേരള രാഷ്ട്രീയ നേതാവ് എംകെ മുനീറാണ്). കേരള ചരിത്രത്തില്‍ ഏറ്റവും കുറവ് സമയം മന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോഡ് വീരേന്ദ്രകുമാറിന് അവകാശപ്പെട്ടതാണ്. 1987ല്‍ ഇകെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ കുറച്ച് സമയത്തേയ്ക്ക് മന്ത്രിയായിരുന്നു വീരന്‍. ഗതാഗത, വനം വകുപ്പുകളാണ് കിട്ടിയത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ജനതാ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജി വച്ചു. 1996ലും 2004ലും കോഴിക്കോട് നിന്ന് ലോക്സഭയിലെത്തി. 96ല്‍ കേന്ദ്രമന്ത്രിയായി. കേരള രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ ആദ്യത്തെ ജൈന മതക്കാരന്‍ എന്ന പ്രത്യേകതയുമുണ്ട്. പിന്നെ ഈ വിഭാഗത്തില്‍ നിന്ന് വന്നൊരാള്‍ മകന്‍ ശ്രേയംസ് കുമാറാണ്.

1970കള്‍ മുതല്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളാണ് എംപി വീരേന്ദ്ര കുമാര്‍. കേരളത്തിലെ ഒരേയൊരു സോഷ്യലിസ്റ്റ് കക്ഷിരാഷ്ട്രീയ ബുദ്ധിജീവി. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായ രാം മനോഹര്‍ ലോഹ്യയാണ് രാഷ്ട്രീയ വഴികാട്ടി. സോഷ്യലിസം കേരളത്തിലും ഇന്ത്യയിലും ഒരു ഭൂതകാല തമാശയായി മാറിയിട്ടും, നേരമ്പോക്ക് പോലും അല്ലാതായിട്ടും വര്‍ഷങ്ങളായി. എന്നാല്‍ മാതൃഭൂമിക്ക് പുറത്ത് സോഷ്യലിസത്തെ ഇപ്പോളും ഗൗരവമായി തന്നെ വീരേന്ദ്രകുമാര്‍ കാണുന്നുണ്ട് എന്നാണ് തോന്നുന്നത്. ഗാട്ടിനേയും കാണാച്ചരടുകളേയും കുറിച്ച് പുസ്തകമെഴുതിയ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ തന്നെയാണ് മാതൃഭൂമിയിലെ ജീവനക്കാരെ ചരടുകളില്‍ കെട്ടിവരിഞ്ഞതും.

2010ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ ‘ഹൈമവത ഭൂവില്‍’ എന്ന പുസ്തകം മാതൃഭൂമിയിലെ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ സൃഷ്ടിയും അധ്വാനവുമാണെന്ന് ചില ‘വക്രബുദ്ധികള്‍’ അപവാദം പറഞ്ഞ് പരത്തിയിരുന്നു. രാമന്റെ ദുഖം എന്ന ഏറെ പ്രശസ്തമായ പുസ്തകത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ “അത് ഞാന്‍ പഠിച്ചിട്ട് പറയാം” എന്ന് വീരേന്ദ്രകുമാര്‍ ചരിത്രപരമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് അസൂയാലുക്കളും എതിരാളികളും പ്രചരിപ്പിക്കുന്ന മറ്റൊരു കഥയാണ്. എത്രത്തോളം വാസ്തവമുണ്ട് അതിലെന്ന് അറിയില്ല. വിവിധ വിഷയങ്ങളിലെ അറിവും പാണ്ഡിത്യവും ധാരണകളും അദ്ദേഹം നേരിട്ടുള്ള പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ എഴുത്തുമായി ബന്ധപ്പെട്ടുള്ള ഇത്തരം ‘ഗോസിപ്പ് കഥകള്‍’ തല്‍ക്കാലം മാറ്റിവയ്ക്കാം.

പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി നടത്തിയുന്ന ജലചൂഷണത്തിനെതിരായ, ആഗോളതലത്തില്‍ അറിയപ്പെട്ട ജനകീയ സമരത്തിന്റെ ക്രെഡിറ്റ് സ്വന്തം പേരില്‍ വയ്ക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സമരസമിതി തന്നെ പിന്നീട് ആരോപിച്ചത് വഞ്ചനാപരമായ സമീപനമാണ് വീരന്റേതെന്നാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ എട്ടുകാലി മമ്മൂഞ്ഞ് ഏറ്റെടുത്ത പോലെയാണ് അദ്ദേഹം പ്ലാച്ചിമടയെ ഏറ്റെടുത്തതെന്ന് ചില നാട്ടുകാര്‍ വിളിച്ചുപറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 2009ല്‍ സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായി മാറിയ പുതിയ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ 2014ല്‍ വന്ന് മത്സരിച്ച് വീരന്‍ നല്ല രീതിയില്‍ തോറ്റു. 2009ല്‍ വയനാട് സീറ്റ് വേണ്ടെന്ന് പറഞ്ഞയാളാണ് ഒരു ജയസാധ്യതയുമില്ലാതിരുന്ന പാലക്കാട് മത്സരിക്കാന്‍ തയ്യാറായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ എംബി രാജേഷിനോട് ഒരു ലക്ഷത്തില്‍ പരം വോട്ടിനാണ് വീരേന്ദ്രകുമാര്‍ തോല്‍വി ഏറ്റുവാങ്ങിയത്. വീരേന്ദ്ര കുമാറിന്റെ തോല്‍വി ‘ഗൗരവമായി’ അന്വേഷിച്ച യുഡിഎഫ് കമ്മിറ്റി സ്വാഭാവികമായും രാഷ്ട്രീയ കേരളത്തില്‍ ചിരി പടര്‍ത്തി.

മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരം മാധ്യമപ്രവര്‍ത്തകരുടെ വേതനം പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടി എടുത്ത വീരനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് മാതൃഭൂമി ഗുവാഹത്തി കറസ്പോണ്ടന്റ് ആയിരുന്ന കെ ശ്രീജിത്ത് അദ്ദേഹത്തിനെതിരെ മത്സരിച്ചത് വലിയ വാര്‍ത്തയായി. അങ്ങേയറ്റത്തെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന വീരന്‍റെ സോഷ്യലിസം വെറും പൊകയാണ് എന്ന് തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ശ്രീജിത്ത്‌ സാക്ഷ്യപ്പെടുത്തി. തന്‍റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിച്ച ദുരിതങ്ങള്‍ ശ്രീജിത്ത്‌ വിശദീകരിച്ചു.

വീരനെ വെല്ലുവിളിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകന്‍

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി അംഗവും ട്രഷററുമായിരുന്നു വീരേന്ദ്രകുമാര്‍. കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറി. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പല കാലങ്ങളില്‍, പല പേരുകളില്‍, പല ചേരികളായി പരസ്പരം തല്ലിപ്പിരിഞ്ഞ്, കെഎം മാണി പറഞ്ഞ പോലെ വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്ന അവസ്ഥയില്‍ മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി സോഷ്യലിസ്റ്റ് ബാധ്യതകള്‍ ഒന്നുമില്ല. പക്ഷെ തളര്‍ന്ന് തളര്‍ന്ന് ഏതാണ്ട് ഇല്ലാതാകാന്‍ പോകുന്നു. സംഘപരിവാറുമായി അധികാരം പങ്കിട്ട് ജോര്‍ജ് ഫെര്‍ണാണ്ടസ് മുതല്‍ നിതീഷ് കുമാര്‍ വരെയുള്ള സോഷ്യലിസ്റ്റ് വിപ്ലവകാരികള്‍ പുതിയ വിപ്ലവപാത വെട്ടിത്തുറന്നപ്പോളും വീരേന്ദ്രകുമാര്‍ അത്തരത്തില്‍ പോയില്ല. അദ്ദേഹത്തിന്‍റെ പാര്‍ട്ടി നേതാവായ ദേവഗൌഡ ബിജെപിയുമായി സഹകരിച്ചു. മകന്‍ കുമാരസ്വാമി മുഖ്യമന്ത്രി ആയതും ബിജെപിയുമായി ചേര്‍ന്നുള്ള ‘സോഷ്യലിസ്റ്റ് വിപ്ലവ’ത്തിലൂടെ ആയിരുന്നു.

കേരളത്തില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അങ്ങനെ പോവുമായിരുന്നോ എന്ന് വേണമെങ്കില്‍ ചോദിക്കാം. കേരളത്തിലെ സോഷ്യലിസ്റ്റ് ആയി പോയതില്‍ അദ്ദേഹത്തിന് നിരാശയുണ്ടോ എന്നറിയില്ല. ബിഹാറിലെ മഹാസഖ്യം പിളര്‍ത്തി എന്‍ഡിഎക്കൊപ്പം പോയ നിതീഷ് കുമാറിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയത് എം പി വീരേന്ദ്രകുമാര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് വീരേന്ദ്ര കുമാര്‍ മൗനത്തിലേക്ക് പോയി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിട്ടുണ്ടാകാം. എന്നാല്‍ രാജ്യസഭ എംപി സ്ഥാനം കളയാതിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് എതിരാളികള്‍ ആരോപിച്ചു. എന്താണ് വീരന്‍റെ ദുഃഖം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചികഞ്ഞ് തുടങ്ങി.

സംസ്ഥാന പാര്‍ട്ടി ആയാലും കുഴപ്പമില്ല; കടുത്ത നീക്കത്തിന് തയ്യാറായി വീരന്‍ ജനതാദള്‍

1998ലെ വിവാദമായ പാലക്കാട് വെട്ടിനിരത്തല്‍ സമ്മേളനത്തിന് ശേഷം 2002ലെ സിപിഎമ്മിന്റെ കണ്ണൂര്‍ സംസ്ഥാന സമ്മേളനം ഏറെക്കുറെ ശാന്തമായാണ് അവസാനിച്ചത്. എന്നാല്‍ ഇതിന് ശേഷം സിപിഎമ്മിലെ പുതിയ വിഭാഗീയതയെപ്പറിയുള്ള സത്യങ്ങളും അര്‍ദ്ധസത്യങ്ങളും കഥകളും മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി. നേരത്തെ ഉള്‍പാര്‍ട്ടി സമരത്തില്‍ ഒരേ ചേരിയിലെന്ന് കരുതപ്പെട്ടിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഒരു വശത്തും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മറുവശത്തുമായി നിന്നുള്ള വിഭാഗീയത ശക്തിപ്പെട്ടു. 2005ലെ മലപ്പുറം സമ്മേളനത്തില്‍ സംഘടനയ്ക്കകത്ത് വിഎസ് പക്ഷത്തെ വെട്ടി ഒതുക്കുന്നതിലേയ്ക്ക് ഇത് മൂര്‍ച്ഛിച്ചു. മാധ്യമങ്ങളുടെ കൂട്ടത്തില്‍ വീരേന്ദ്രകുമാറിന്‍റെ മാതൃഭൂമി ഇക്കാലത്ത് വിഎസിനെ പിന്തുണച്ചും ഔദ്യോഗികപക്ഷമെന്ന് പേര് കിട്ടിയ പിണറായി ഗ്രൂപ്പിനെ എതിര്‍ത്തും നിലകൊണ്ടു. എംഎന്‍ വിജയന്റെ പ്രശസ്തമായ ‘അരവും കത്തിയും’ എന്ന ലേഖനം ഈ സംവാദത്തിന് തീ പകര്‍ന്നിരുന്നു.

സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടത്തിലുള്ള താല്‍പര്യം കേരളത്തിലെ അതിന്‍റെ വിപണി മൂല്യം തന്നെയാണ് – ഈ വിപണിമൂല്യം വിശ്വാസത്തിന്‍റെയും ബോധ്യങ്ങളുടെയും ഭാഗമായി ചരിത്രം രൂപപ്പെടുത്തിയതുമാണ്.  കേരളത്തിലെ പാര്‍ട്ടി അകപ്പെട്ട ഗുരുതരമായ പ്രതിസന്ധിയും ആശയക്കുഴപ്പങ്ങളും അപഭ്രംശങ്ങളുമാണ് ഈ വിപണിമൂല്യം ഉപയോഗപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് സഹായകമായത്. പാര്‍ട്ടി നേതൃത്വം അതിന് വളം നല്‍കി പരിപോഷിപ്പിച്ചു. വീരേന്ദ്രകുമാറിനെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയോ ഒഴികെ ബാക്കി ആരെ വേണമെങ്കിലും മുഖം നോക്കാതെ വിമര്‍ശിക്കാനും ആക്രമിക്കാനുമുള്ള വിശാല മനസ്കത മാതൃഭൂമിക്കുണ്ട്.

വീരന്റെ ബ്രേക്കിംഗ് ന്യൂസ് രാജി; ‘പടനായര്‍’ക്ക് ഹൃദയാഘാതം ഉണ്ടാക്കുമോ?

‘മാധ്യമ സിന്‍ഡിക്കേറ്റു’കാര്‍ വല്ലാതെ കയറി ചൊറിയാന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ മാതൃഭൂമി പത്രാധിപരെ കടന്നാക്രമിച്ചു. “എടോ ഗോപാലകൃഷ്ണാ” എന്ന് വിളിച്ച് അഭിസംബോധന ചെയ്തു. (ബാക്കിയുള്ള സിന്‍ഡിക്കേറ്റ്കാര്‍ തെറിവിളിയില്‍ നിന്ന് രക്ഷപ്പെട്ടു. ചിലരെ പത്ര മുതലാളിമാരോട് പരാതി പറഞ്ഞ് ഒതുക്കിയെന്നാണ് ന്യായമായും സംശയിക്കേണ്ടത്) താന്‍ എന്താണ് ഈ പാര്‍ട്ടിയെക്കുറിച്ച് കരുതിയത് എന്ന് ഗോപാലകൃഷ്ണനോട്‌ ചോദിച്ചു. വിളിച്ചത് ഗോപാലകൃഷ്ണനെ ആയിരുന്നെങ്കിലും ഉന്നം വീരേന്ദ്രകുമാര്‍ ആയിരുന്നു. ഇടതുമുന്നണിയിലെ സഖ്യകകക്ഷി നേതാവിന്റെ ഉടമസ്ഥതയിലുള്ള പത്രം പിണറായി വിജയനെ ആക്രമിക്കുന്നത് സ്വാഭാവികമായും ഔദ്യോഗികപക്ഷം എന്നറിയപ്പെട്ടിരുന്ന പിണറായി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചു. അങ്ങനെ വീരേന്ദ്രകുമാറിന്റെ വയനാട്ടിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച വാര്‍ത്തകളും പരമ്പരകളും ദേശാഭിമാനിയില്‍ സജീവമായി. 2015 കാലമായപ്പോഴേക്കും വീരനോടുള്ള പിണറായിയുടെ കലിപ്പ് കുറഞ്ഞു. പഴയ സൗഹൃദം പുതുക്കാന്‍ തുടങ്ങി. അതുവരെയും വീരേന്ദ്ര ജനതയെ കുലംകുത്തികളുടെ സ്വന്തം ആള്‍ക്കാരായി കണ്ടിരുന്നവര്‍ നിലപാട് മാറ്റി. 2016ല്‍ പിണറായി മുഖ്യമന്ത്രി ആയ ശേഷം സൗഹൃദം കൂടി. വീരന്റെ കയ്യേറ്റ പരമ്പര തല്‍ക്കാലം ഫ്രീസറില്‍ കയറ്റിവച്ച് വീര – വിജയ സൗഹൃദത്തിന്‍റെ ഊഷ്മളത ആഘോഷിച്ചു. വീരേന്ദ്രകുമാറിന്‍റെ പുസ്തകം പിണറായി പ്രകാശനം ചെയ്തു. അടിയന്തരാവസ്ഥ കാലത്തെ തടവുകാര്‍ ഓര്‍മ്മകള്‍ അയവിറക്കി.

വീരേന്ദ്രകുമാറുമായി ഒരുമിച്ചു നീങ്ങുന്നതിന് തടസ്സങ്ങളില്ല; പിണറായി വിജയന്‍

തോമസ് ചാണ്ടിക്കും എന്‍സിപിക്കും 2017ല്‍ പിണറായി വിജയനും സിപിഎമ്മും കൊടുത്ത മുന്നണിമര്യാദയുടെ മഹാമനസ്‌കതയൊന്നും വീരേന്ദ്ര കുമാറിനോട്‌ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്നില്ല. കോഴിക്കോട് സീറ്റ് തരില്ലെന്നും വേണമെങ്കില്‍ വയനാട് സീറ്റില്‍ നിന്നോളാനും വീരനോട് പറഞ്ഞു. വയനാട് മത്സരിച്ചാല്‍ തോല്‍ക്കും എന്ന ആത്മവിശ്വാസമുണ്ടായിരുന്ന അദ്ദേഹം ബുദ്ധിപരമായി ഈ കെണി ഒഴിവാക്കി. ഏതാണ്ട് ചവിട്ടിപ്പുറത്താക്കിയ നിലയില്‍ തന്നെയാണ് വീരേന്ദ്ര ജനത ഇടതുമുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. മൂന്നു പതിറ്റാണ്ട് കാലത്തെ ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് പിളര്‍ത്തി വീരന്‍ സോഷ്യലിസ്റ്റ് ജനതയുണ്ടാക്കി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഐസ്‌ക്രീം കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പണ്ട് പറഞ്ഞത് എന്താണ് എന്ന് തനിക്ക് ഓര്‍മ്മയില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ ഞാനൊരു സത്യം പറയട്ടെ, എനിക്കത് ഓര്‍മ്മയില്ല എന്ന് പറയുന്നത് പോലെ. യുഡിഎഫില്‍ അഭയം കിട്ടി. മകന്‍ ശ്രേയംസ് കുമാര്‍ കല്‍പ്പറ്റയില്‍ നിന്ന് എംഎല്‍എയുമായി. നിതീഷ് കുമാറിനൊപ്പം കൂടി രാജ്യസഭാ സീറ്റും ഒപ്പിച്ചു.

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം, ഏറാമല പ്രദേശത്ത് ശക്തമായിരുന്ന സിപിഎമ്മിലെ വിഭാഗീയത പിളര്‍പ്പിലേയ്ക്കും, സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിലേയ്ക്കും നയിച്ച അവസാനത്തെ പൊട്ടിത്തെറിക്ക് കാരണം വീരന്റെ ജനത ദളിന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാനുള്ള സിപിഎമ്മിന്റെ ‘മുന്നണി മര്യാദ’യായിരുന്നു. സംഗതി മുന്നണി മര്യാദയൊന്നുമല്ല, വിഭാഗീയമായ ഒതുക്കലുകളുടെ ഭാഗമായിരുന്നു എന്ന വിമര്‍ശനം വന്നു. നേതൃത്വം തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച് നടപ്പാക്കുമ്പോള്‍ അത് വിഭാഗീയത ആകാറില്ല. അത് മുന്നണി മര്യാദ പോലെ മറ്റെന്തെങ്കിലും ആവുകയെ വഴിയുള്ളൂ. ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടി വിടുകയും പിണറായിയുടെ വിഖ്യാതമായ കുലംകുത്തി പ്രസ്താവന വരുകയും ചെയ്തത് 2008ലാണ്. 2009ല്‍ മുന്നണിമര്യാദയൊന്നും കാര്യമാക്കാതെ വീരേന്ദ്രകുമാറിന് ഇടതുമുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി പിണറായി കാണിച്ചുകൊടുത്തു. ഇതൊക്കെ ചരിത്രം. പഴയ കഥ. ഏതായാലും ഇപ്പോള്‍ വീരന്‍ തിരിച്ചുവരാന്‍ പോകുന്നു എന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും വരുന്നത്. വീരേന്ദ്ര ജനതയും. എന്നാല്‍ പാര്‍ട്ടി വീണ്ടും പൊളിഞ്ഞ് രണ്ടാവാതെ തിരിച്ചുവരുമോ അതോ പുതിയ സോഷ്യലിസ്റ്റ് വിപ്ലവ പാര്‍ട്ടി രൂപം കൊള്ളുമോ എന്നാണ് അറിയാനുള്ളത്. കളരി അഭ്യാസിയായ പാനൂരിലെ മോഹനന്‍ ഗുരുക്കള്‍ കലിപ്പിലാണത്രെ!

ജെ ഡി യുവിന്‍റെ സ്വത്വ പ്രതിസന്ധി അഥവാ രാഗ വൈരാഗ്യങ്ങളുടെ തുടര്‍ക്കഥ

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍