UPDATES

ട്രെന്‍ഡിങ്ങ്

ഇടതുപക്ഷം ഹൃദയപക്ഷം; ബിജെപിയെ തള്ളി വെള്ളാപ്പള്ളി; കൂടുമാറ്റം ഉടന്‍?

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള അവസാന തീരുമാനത്തിലേക്ക് വെള്ളാപ്പള്ളി നടേശന്‍. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി തീരുമാനം ഉറപ്പിച്ചത്. പിണറായിയുമായുള്ള കൂടിക്കാണലിനു ശേഷം അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വെള്ളാപ്പള്ളി ബിജെപിക്ക് എതിരേ നടത്തിയത്. കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്നു ചോദിച്ച വെള്ളാപ്പള്ളി കേരളത്തില്‍ ഭരണം കിട്ടില്ലെന്നു ബിജെപിക്ക് തന്നെ ബോധ്യമായ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ആരും കൂടെ വേണ്ടെന്ന നിലപാടാണ് ബിജെപിക്ക് ഉള്ളതെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നു പരിഹസിക്കുകയും ചെയ്തു.

അതോടൊപ്പം താന്‍ ഇടതുപക്ഷത്തേക്കാണെന്ന ധ്വനി ഉയര്‍ത്തി, ഉള്ളുകൊണ്ട് താനൊരു ഇടതുപക്ഷക്കാരനാണെന്നും വ്യക്തമാക്കി. പിണറായി വിജയന്‍ തനിക്ക് ഇഷ്ടമുള്ള നേതാവാണെന്നും തങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുമായി എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചു എന്നു വെളിപ്പെടുത്താന്‍ വെള്ളാപ്പള്ളി തയ്യാറായതുമില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയുമായി അകലുന്നതിന്റെ പ്രവണതകള്‍ വെള്ളാപ്പള്ളി കാണിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നതും അതിന്റ ഭാഗമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പില്‍ വരാന്‍ പോകുന്നില്ലെന്ന തിരിച്ചരിവാണ് കൂടുമാറ്റത്തെക്കുറിച്ചാലോചിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിക്കുന്നതെന്നും സംസാരമുണ്ട്. കേന്ദ്രമന്ത്രിസ്ഥാനം മുതല്‍ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വരെ പ്രലോഭനങ്ങളില്‍ ഉണ്ടായിരുന്നു. പലപ്പോഴും ഇതിന്റെ പേരില്‍ ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം സ്ഥാനമാനങ്ങള്‍ ബിഡിജെഎസ്സിന്റെ ചുണ്ടോടുപ്പിച്ച് കൊണ്ടുവന്നു പാര്‍ട്ടിയെ അനുനയിപ്പിക്കുകയായിരുന്നു ബിജെപി ചെയ്തിരുന്നത്. എന്നാല്‍ ഇതൊരു തരം പറ്റിക്കല്‍ മാത്രമാണെന്നും ഈ പ്രലോഭനങ്ങള്‍ മാത്രമെ തുടരുക മാത്രമേ ഉണ്ടാവൂ എന്നും മനസിലാക്കിയതോടെയാണ് എല്‍ഡിഎഫ് പാളയത്തിലേക്ക് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കണ്ണെറിയുന്നത്.

എന്നാല്‍ വെള്ളാപ്പള്ളിയുടെ ഈ നീക്കത്തിനു പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ പിന്തുണ കിട്ടുന്ന കാര്യം സംശയമാണ്. പ്രത്യേകിച്ച് തുഷാറിന്റെ നിലപാട്. ബിജെപി ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ തുഷാറിന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല. ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നും കിട്ടിയ വാഗ്ദാനങ്ങളില്‍ തുഷാറിനും പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ആ മോഹങ്ങളില്‍ തന്നെയാണ് അദ്ദേഹം ഉള്ളതും. ഭാരത് ധര്‍മ ജനസേന എന്ന പാര്‍ട്ടി പോലും തുഷാറിന്റെ രാഷ്ട്രീയമോഹത്തിന്റെ സന്താനമാണ്. വെള്ളാപ്പളളി നടേശന് യോഗത്തിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന ആവശ്യത്തോട് ആദ്യം മുതലെ ഒരു വിയോജിപ്പ് ഉണ്ടായിരുന്നതാണ്. പക്ഷെ മകനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും അതേ അവസ്ഥയിലാണ് അദ്ദേഹം. എന്നാല്‍ കിട്ടാത്ത കസേരയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് വ്യക്തപരമായും സംഘടനപരമായും ക്ഷീണമെ ഉണ്ടാക്കൂ എന്ന തിരിച്ചറിവില്‍ അദ്ദേഹം കാര്യങ്ങള്‍ക്കായി നേരിട്ടിറങ്ങുകയാണ്. ഇതിനിടയില്‍ കാര്യങ്ങള്‍ മകനെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞാല്‍ ഒരു വിടവ് ഉണ്ടാകാതെ നോക്കാം. അല്ലെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പാളയത്തില്‍ തന്നെ ഒറ്റപ്പെടാനും സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍