UPDATES

വേങ്ങരയില്‍ സോളാര്‍ പ്രകാശിച്ചില്ല; ഖാദറിന്റേത് നാണം കെട്ട വിജയം

രാജ്യം ഭരിക്കുന്ന എന്‍ ഡി എ യുടെ സ്ഥാനാര്‍ഥി ഇത്തവണ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നതും എസ് ഡി പി ഐയുടെ സ്ഥാനാര്‍ത്ഥി 8600 ലേറെ വോട്ടു നേടി മൂന്നാം സ്ഥാനത്തേക്ക് എത്തി എന്നതും ലീഗ് വിമതന്‍ കെ ഹംസക്കു നോട്ടയെക്കാള്‍ കുറഞ്ഞ വോട്ടേ പിടിക്കാന്‍ കഴിഞ്ഞുള്ളുവെന്നതും ശ്രദ്ധേയമാണ്

കെ എ ആന്റണി

കെ എ ആന്റണി

മുസ്ലിം ലീഗും കുഞ്ഞാപ്പയും ഇക്കാലമത്രയും കാത്തു സൂക്ഷിച്ച വേങ്ങര മണ്ഡലം ഇടതു പക്ഷം കൊത്തിപ്പോയില്ല. എങ്കിലും മുസ്ലിം ലീഗിനും അതിന്റെ സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിനും ഇത് നാണംകെട്ട വിജയമായിപ്പോയി എന്ന് പറയാതെ തരമില്ല. കാരണം ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അത്രകണ്ട് ഇടിവ് സംഭവിച്ചിരിക്കുന്നു മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ട എന്ന് അറിയപ്പെടുന്ന വേങ്ങരയില്‍. 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിനു ഖാദര്‍ ജയിക്കുമ്പോഴും കുഞ്ഞാലിക്കുട്ടിക്ക് ഇതേ മണ്ഡലത്തില്‍ നിന്ന് മുന്‍പ് ലഭിച്ചിരുന്ന ഭൂരിപക്ഷത്തില്‍ നിന്നും ഏതാണ്ട് 15,000 ല്‍ ഏറെ വോട്ടിന്റെ കുറവ്.

ഒരു പക്ഷെ വേങ്ങരയിലെ വോട്ടെടുപ്പ് ദിവസം സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകാതിരുന്നെങ്കില്‍ ഭൂരിപക്ഷം അതിലുമേറെ കുറയുമായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ സോളാര്‍ തുടര്‍നടപടി പ്രഖ്യാപനം തിരിഞ്ഞുകുത്തിയത് സത്യത്തില്‍ തങ്ങളെ തന്നെയല്ലേ എന്ന് ഇടതുമുന്നണിയും സര്‍ക്കാരും ചിന്തിക്കുന്നതും വളരെ നന്നായിരിക്കും. കാരണം കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയും യൂത്ത് ലീഗിനോട് കാണിച്ച അവഗണക്കെതിരെയും ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധം പുറത്തേക്കു അത്രകണ്ട് പ്രകടമായിരുന്നില്ലെങ്കിലും ശക്തം തന്നെയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു ആദ്യ മണിക്കൂറുകളില്‍ പോളിങ്ങില്‍ ഉണ്ടായ ആവേശക്കുറവ്. എന്നാല്‍ സോളാര്‍ തുടര്‍ നടപടി പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ വേങ്ങര സാക്ഷ്യം വഹിച്ചത് 72.12 % എന്ന റെക്കോര്‍ഡ് പോളിങ് ആയിരുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഭൂരിപക്ഷം കുറഞ്ഞതിന് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് ഒരുപാട് ന്യായീകരണങ്ങള്‍ നിരത്താനുണ്ടാവും . ഭരണ യന്ത്ര ദുരുപയോഗം, പണം കൊടുത്തു വോട്ടുവാങ്ങല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ ലീഡ് നിലയില്‍ കുറവ് ബോധ്യം വന്ന നിമിഷം മുതല്‍ അവര്‍ ഉന്നയിക്കുകയും ചെയ്തു. കൂട്ടത്തില്‍ അവര്‍ ജ്യാമ്യം എടുക്കുന്നത് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ പൊതുജന സമ്മതി ഖാദറിന് കിട്ടണമെന്ന് ശഠിക്കാന്‍ പറ്റില്ലല്ലോ എന്നതാണ്.

ഗുര്‍ദാസ്പുരും വേങ്ങരയും; അമിത്ഷായ്ക്കും കുമ്മനത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ്

രാജ്യം ഭരിക്കുന്ന എന്‍ ഡി എ യുടെ സ്ഥാനാര്‍ഥി ഇത്തവണ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നതും എസ് ഡി പി ഐയുടെ സ്ഥാനാര്‍ത്ഥി 8600 ലേറെ വോട്ടു നേടി മൂന്നാം സ്ഥാനത്തേക്ക് എത്തി എന്നതും ലീഗ് വിമതന്‍ കെ ഹംസക്കു നോട്ടയെക്കാള്‍ കുറഞ്ഞ വോട്ടേ പിടിക്കാന്‍ കഴിഞ്ഞുള്ളുവെന്നതും ശ്രദ്ധേയമാണ്. ഇടതു സ്ഥാനാര്‍ഥിക്കു ഏതാണ്ട് ഏഴായിരത്തിലേറെ വോട്ടുമാത്രമേ കൂടുതലായി നേടാന്‍ കഴിഞ്ഞുള്ളുവെന്നതും എസ് ഡി പി ഐ യുടെ നസീറിന് കഴിഞ്ഞ തവണത്തേക്കാള്‍ നാലായിരത്തിലേറെ വോട്ടു ലഭിച്ചുവെന്നതും കാണിക്കുന്നത് കെ എന്‍ എ ഖാദറിന്റെ വരവ് ലീഗില്‍ ഉണ്ടാക്കിയ അതൃപ്തി കൂടുതല്‍ ഗുണം ചെയ്തത് എസ് ഡി പി ഐക്കാണ് എന്നതാണ്.  കൊടിഞ്ഞിയിലെ ഫൈസലിന്റെ വധം ബി ജെ പി യെ കൂടുതല്‍ ക്ഷീണിപ്പിച്ചെങ്കിലും അതിന്റെ ഗുണവും ലഭിച്ചത് എസ് ഡി പി ഐ ക്കുതന്നെ.

സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ഒരേപോലെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു വേങ്ങരയിലേത്. അടിച്ചേല്പിക്കപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പ് എന്ന ഇടതു മുന്നണി ആക്ഷേപം അത്ര ഏശിയില്ലെങ്കിലും അവസാന നിമിഷം കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ യു എ ലത്തീഫിനെ വെട്ടി കെ എന്‍ എ ഖാദര്‍ സ്ഥാനാര്‍ഥിയായതിന്റെ പിന്നിലെ ദുരൂഹത തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം കത്തി നിന്നിരുന്നു . കടലുണ്ടിപുഴക്കും ഊരകം മലക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന വേങ്ങരയെ മണ്ഡല രൂപീകരണ കാലം മുതല്‍ പ്രതിനിധീകരിച്ച കുഞ്ഞാലിക്കുട്ടി ഒരു വികസനവും കൊണ്ടുവന്നില്ല എന്ന ഇടതു, ബി ജെ പി വാദങ്ങള്‍ക്ക് അത്ര വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ മുസ്ലിം ലീഗിന്റെ നാവായി മാറുമെന്ന് ഉറപ്പു നല്‍കി അവിടേക്കു വെച്ചുപിടിച്ച കുഞ്ഞാപ്പ ഫളൈറ്റ് വൈകിയതിന്റെ പേരില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് എത്താതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കവും യൂത്ത് ലീഗ് തഴയപ്പെട്ട വിഷയവുമൊക്കെ ഇടതു സ്ഥാനാര്‍ഥിക്കു ചെറിയ തോതിലെങ്കിലും അനുകൂല ഘടകങ്ങളായി. എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ‘ ജിഹാദി -ചുവപ്പു ഭീകരതക്കെതിരെ ‘ എന്ന പേരില്‍ കുമ്മനം നയിക്കുന്ന യാത്ര നാലുദിവസം കണ്ണൂരിലെ ചുവപ്പു കോട്ടകളില്‍ മാത്രം പര്യടനം നടത്തിയതും കേരളത്തില്‍ ബി ജെ പിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് അല്ല സി പി എം ആണെന്ന വാദം കൂടതല്‍ ശക്തമായി ഉന്നയിക്കാന്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതു മുന്നണിക്ക് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു അവസാന വിലയിരുത്തല്‍ നടത്തുമ്പോള്‍ സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ലീഗ് -കോണ്‍ഗ്രസ് പാരവെയ്പ്പു ഇത്തവണ ഉണ്ടാകാതിരുന്നിട്ടും മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയില്‍ ഏഴായിരത്തിലേറെ വോട്ട് അധികം നേടാന്‍ കഴിഞ്ഞുവെന്നത് ഇടതുമുന്നണിക്ക് ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനേക്കാള്‍ ഒരുവോട്ടെങ്കിലും അധികം എന്ന വീരവാദവുമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ഖാദറിനും, മുസ്ലിം ലീഗ് നേതൃത്വത്തിനും ഭുരിപക്ഷത്തില്‍ ഉണ്ടായ വന്‍ ഇടിവിനെക്കുറിച്ചു വിശദീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

വേങ്ങരയില്‍ ഇടതും വലതും മാത്രമല്ല; എസ്ഡിപിഐയും ബിജെപിയും തമ്മില്‍ പോരാടി

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍