UPDATES

‘ലോസ്റ്റ്‌… എവരിതിംഗ് ലോസ്റ്റ്‌… പക്ഷേ ഞങ്ങള്‍ തിരിച്ചുപിടിക്കും; ഈ കാലത്തെ മറികടക്കും’; പ്രളയാനന്തരവും അവര്‍ ജീവിക്കുന്നത് ഇങ്ങനെയാണ്

നമ്മള്‍ ഈ പ്രളയദുരന്തത്തെ അതീജീവിക്കുമെന്ന് പറയുന്നത് വെറുതയല്ലെയെന്ന് ഈ മനുഷ്യരുടെ; എല്ലാം നഷ്ടപ്പെട്ടവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്…

നിലച്ച ഘടികാരങ്ങള്‍ പ്രളയാനന്തരമുള്ള അവരുടെ ജീവിതത്തിന്റെ പ്രതീകങ്ങളെന്നപോലെ ആ വീടുകളുടെ ചുവരുകളില്‍ കാണാം. പക്ഷേ, നിശ്ചലരായിക്കാന്‍ സമ്മതമില്ലാതെ, അതിജീവനത്തിന്റെ കഠിനപ്രവര്‍ത്തനങ്ങളില്‍ ഈ മനുഷ്യരോരുത്തരും വ്യാപൃതരായിരുന്നു. ഒന്നേന്നു തുടങ്ങണം എന്നുപോലും പറയാനാകില്ല, ഒന്നുമില്ലാതെ എല്ലാം പോയവന്‍ ഇനി തുടങ്ങേണ്ടത് പൂജ്യത്തില്‍ നിന്നാണ്, ഒന്നുമില്ലായ്മയില്‍ നിന്ന്. പക്ഷേ, ജീവിക്കണം, മരണത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞല്ലോ, അപ്പോഴിനി ജീവിതത്തെ ജയിക്കാതെ തരമില്ലെന്ന വാശിയോടെ അവരോരുത്തരും പ്രളയം ബാക്കിവച്ചൊഴിഞ്ഞ ചെളിയും വെള്ളവും കോരി മാറ്റിക്കൊണ്ടിരിക്കുകയാണ്.

പേമാരിയുടെയും പ്രളയത്തിന്റെയും കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വന്ന എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരത്തുള്ള ഏലൂര്‍, പാതാളം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ചകള്‍ ഹൃദയം തകര്‍ക്കുന്നതാണ്. ഒരയുസ്സിന്റെ സമ്പാദ്യമെല്ലാം വെള്ളം കൊണ്ടുപോയവരാണിവിടെയുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തങ്ങളുടെ കിടപ്പാടത്തിന്റെ അവസ്ഥയെന്തെന്നറിയാന്‍ വന്നവരോരുരുത്തരും തകര്‍ന്ന മനസോടെയാണ് നില്‍ക്കുന്നത്. എന്ത് ചെയ്യണം എന്നറിയാത്ത പകപ്പ്, പക്ഷേ, ദു:ഖിച്ചു നിന്നിട്ടു കാര്യമില്ലെന്നറിയാം, അതിജീവിച്ചേ പറ്റൂ… അവരതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

കളമശേരി ഭാഗം തൊട്ടെ കാണാം ഇരു ചക്രവാഹനങ്ങളിലും നടന്നുമെല്ലാം ശുചീകരണ സാമഗ്രികളുമായി പോകുന്ന മനുഷ്യരെ. പാതാളം കുറ്റിക്കാട്ടുകരയിലേക്ക് കയറുമ്പോള്‍ വല്ലാത്തൊരു നിശബ്ദത ആ പ്രദേശത്ത് മൂടി നില്‍ക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും ഇവിടെ പ്രളയം എന്താണ് ചെയ്‌തെന്നതിന്റെ അടയാളം പോലെ ഓരോരോ കാഴ്ച്ചകള്‍, വെള്ളം മുക്കിക്കളഞ്ഞ ഒരു പെട്രോള്‍ ബങ്കില്‍ നിന്നും തൊഴിലാളികള്‍ അടിഞ്ഞു കൂടിയ ചെളി കോരിക്കളയുന്നു. സമീപത്തുള്ള ഓരോരോ കടകളും ഇതേ രീതിയില്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. അവിടവിടെയായി ഇരുചക്ര വാഹങ്ങളും നാല്‍ ചക്രവാഹനങ്ങളും ചെളിയില്‍ പുതഞ്ഞപോലെ കിടക്കുന്നു. റോഡരിക് മുഴുവന്‍ ചെളിയാണ്. ഇടിഞ്ഞു വീണ മതിലുകള്‍, കുടിവെള്ള വണ്ടികള്‍ക്ക് മുന്നില്‍ പാത്രങ്ങളുമായി കൂടി നില്‍ക്കുന്ന സ്ത്രീകള്‍, ദ്രുതഗതിയില്‍ ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാര്‍, ചെറുതോടുകളില്‍ അടക്കം വന്നെന്നപോലെ ഇപ്പോഴും നിറഞ്ഞു കിടക്കുന്ന വെള്ളം…

"</p "</p "</p "</p "</p "</p

ഏലൂര്‍ ഫെറി (ചൗക്ക)യിലെ കാഴ്ച്ചകള്‍ അതിലും ഭീകരമായി തോന്നി. അല്‍പ്പമകലെയായി കലിയൊഴിഞ്ഞ് പെരിയാര്‍ ഒഴുകുന്നുണ്ട്. ചെറുപാലത്തിന്റെ ഇരുവശങ്ങളിലുമായി റോഡിലേക്കിറങ്ങിയും നിരനിരയായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ചെളിപുരണ്ട വസ്ത്രങ്ങളില്‍ ക്ഷീണവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ മനുഷ്യര്‍ നഷ്ടപ്പെടാതെ കിട്ടിയതോരോന്നും മറ്റിടങ്ങളിലേക്ക് മാറ്റുന്നു, ശുചീകരണ വസ്തുക്കളുമായി പലരും വന്നുപോകുന്നു. എന്ത് ചെയ്യാന്‍? എല്ലാം പോയില്ലേ! ചോദ്യവും ഉത്തവും ഇരുവാക്കുകളിലായി പറഞ്ഞൊഴിഞ്ഞ് ഓരോരുത്തരും നടന്നകലുകയാണ്; കൂടുതല്‍  പറയാനൊന്നുമില്ലാതെ…

നിങ്ങളോട് സംസാരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, അത്രമാത്രം ജോലി കിടക്കുന്നു. വീടു മുഴുവന്‍ വെള്ളവും ചെളിയുമാണ്. എല്ലാം നശിച്ചു കിടക്കുകയാണ്. വെള്ളം കുടിക്കാന്‍ ഒരു ഗ്ലാസ് പോലുമില്ല… എത്ര ദിവസം കഷ്ടപ്പെട്ടാലാണ് ഒന്നു നേരെ നില്‍ക്കാന്‍ കഴിയുന്നതെന്നറിയില്ല… അതുകൊണ്ടാണ്… ഇത് ആ മനുഷ്യരുടെ വാക്കുകളാണ്. അതിനിടയിലും ചിലര്‍ സംസാരിച്ചു. ആരോടെങ്കിലും ഒന്നും പറഞ്ഞ് കരഞ്ഞാലെങ്കിലും മനസിന്റെ ഭാരം ഇറങ്ങുമെന്ന പ്രതീക്ഷയില്‍… അങ്ങനെയുള്ളൊരാളായിരുന്നു ഏണസ്റ്റ്. ബാങ്കില്‍ നിന്ന് ലോണെടുത്ത് തുടങ്ങിയ ബിസിനസ് സംരംഭം അപ്പാടെ പ്രളയം നശിപ്പിച്ചു കളഞ്ഞൊരു മനുഷ്യന്‍. “ഒന്നരലക്ഷം ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ ചെറുകിട സോഡാ കമ്പനിയും മെഷീനുകള്‍ വാടകയ്ക്ക് കൊടുത്തു കിട്ടുന്നതുമായിരുന്നു ഉപജീവനം, അതില്ലാതെ ആയി. തറവാട് വീടായിരുന്നെങ്കിലും താമസിച്ചിരുന്ന വീട് വാസയോഗ്യമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. മക്കള്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങളും പോയി…ജപ്തി നോട്ടീസ് വന്നിട്ട് ദിവസങ്ങളെയായുള്ളു, അതിന് എന്തു ചെയ്യുമെന്നറിയാതെ ഉഴലുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാതെ എത്തിയ പ്രളയവും”; ഏണസ്റ്റിന്റെ സംസാരം ഒരു പൊട്ടിക്കരച്ചിലിലേക്ക് മാറാന്‍ സമയമെടുത്തില്ല…

"</p "</p "</p "</p "</p

ഫെറി പ്രദേശത്തെ ഓരോ വീടുകളും ഇതേ അവസ്ഥയിലാണ്. ഇരു നിലയുള്ളവര്‍ക്ക് കുറച്ചൊക്കെ സാധനങ്ങള്‍ മുകളിലേക്ക് മാറ്റി രക്ഷിച്ചെടുക്കാന്‍ സാധിച്ചു. ഒറ്റനിലക്കാര്‍ക്ക് ഒന്നിനും കഴിഞ്ഞില്ല. “സണ്‍ഷെയ്ഡിനൊപ്പം വെള്ളം പൊങ്ങുമെന്ന് ആരു കരുതി, വെള്ളം പൊങ്ങുമെന്ന് വിവരം കിട്ടിയപ്പോള്‍ തട്ടുകള്‍ക്കു മുകളില്‍ കുറെയൊക്കെ എടുത്തുവച്ചു. പിന്നെ വീടൊഴിഞ്ഞ് ക്യാമ്പിലേക്ക് പോയി. പിറ്റേദിവസം എങ്ങനുണ്ട് അവസ്ഥ എന്നുനോക്കാന്‍ വന്നപ്പോള്‍…. വാക്കുകള്‍ മുഴുമിപ്പിക്കാതെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന നോട്ട് ബുക്ക് തൊട്ട് ടീവിയും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ളവയെ ചൂണ്ടിക്കാണിച്ചു സെബാസ്റ്റ്യന്‍… ഓരോന്നോരോന്നായി സ്വരുക്കൂട്ടിയതാണ്… ആ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം ഈ മനുഷ്യന്റെ, ഇതുപോലുള്ള നൂറുകണക്കിന് മനുഷ്യരുടെ നഷ്ടങ്ങളുടെ ആഴം.

“എവരിതിംഗ് ലോസ്റ്റ്, ഞാന്‍ പ്രതീക്ഷിച്ചില്ല, പക്ഷേ, എല്ലാം പോയി… എവരിതിംഗ്… കാല്‍മുട്ടിനൊപ്പം നില്‍ക്കുന്ന വെള്ളത്തിലൂടെ വേച്ചുവേച്ച് നീന്തിപോവുകയായിരുന്നു ഫ്രാന്‍സീസ് എന്ന വൃദ്ധന്‍. രാവിലെ തുടങ്ങിയ ക്ലീനിംഗ് ആണ്. വല്ലാതെ വിശക്കുന്നു, എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോയെന്ന് നോക്കട്ടെ എന്നു പറഞ്ഞു മുന്നോട്ട് നീങ്ങുമ്പോഴും ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരുന്നു; എവരിതിംഗ്, എവരിതിംഗ് ലോസ്റ്റ്...

ഫ്രാന്‍സീസ് എന്ന വൃദ്ധന്റെ വാക്കുകളേക്കാള്‍ വേദന തന്നത് സജീവനായിരുന്നു. സജീവന്റെ മുഖത്ത് പരിഭ്രമോ നിരാശയോ കണ്ടില്ല, വെളുക്കെയുള്ള ചിരി… ഒരു ബോട്ടില്‍ കുടിവെള്ളവും ഇരുപതു രൂപയുടെ ഒരു പായ്ക്കറ്റ് ബിസ്‌കറ്റുമായി പോവുകയായിരുന്നു സജീവന്‍. നാലുപേര്‍ക്കുള്ള ഭക്ഷണമാണത്, സജീവനും ഭാര്യക്കും അനിയനും ഭാര്യക്കും… ഒരുപാട് സാധനങ്ങള്‍ പോയോ, ടീവിയും ഫ്രഡ്ജുമൊക്കെ പോയോ… ചോദ്യങ്ങളോട് സജീവന് മറുപടി ആ ചിരി തന്നെയായിരുന്നു… “കുറച്ച് പാത്രങ്ങളൊക്കെ പോയി, വീട്ടില്‍ മുഴുവന്‍ വെള്ളാണ്…”; സജീവന്‍ ചിരി മായ്ക്കാതെ ഉത്തരവും പറഞ്ഞു നടന്നകന്നപ്പോള്‍, അടുത്ത് നിന്ന പാപ്പച്ചനാണ് പറഞ്ഞത്, “ആ പാവത്തിന്റെ വീട്ടില്‍ ടീവിയും ഫ്രിഡ്ജും ഒന്നും ഇല്ല, ഒരു ചെറിയ വീടാണ്, കുറച്ച് പാത്രങ്ങള്‍ കാണും അതാണ് പോയത്… കൂലിപ്പണിക്കാരനാണ് സജീവന്‍, ഭാര്യ വീട്ടുജോലിക്കു പോകും…വെള്ളത്തിന് പാവപ്പെട്ടവനെന്നും പണക്കാരനെന്നൊന്നും നോട്ടമില്ലായിരുന്നല്ലോ… എല്ലാം കൊണ്ടുപോയില്ലേ...”; തന്റെ ഉപജീവനമാര്‍ഗമായ ലേഡീസ് സ്റ്റോര്‍ സന്ദര്‍ശിച്ചു വരികയായിരുന്നു പാപ്പച്ചന്‍. “അവിടെയൊന്നും ഇല്ല… എല്ലാം വാരിവലിച്ച് പുറത്തിട്ടുണ്ട്. ഒന്നും ഉപയോഗിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല…”

ഈസ്റ്റ് ഏലൂര്‍ തറമമ്മല്‍ (നെല്‍സണ്‍ മണ്ടേല നഗര്‍) ഭാഗത്തേക്ക് വന്നാലും കാഴ്ച്ചകള്‍ക്ക് മാറ്റമില്ല… ചെളിയും വെള്ളവും കോരിക്കളയുകയാണ് ഓരോ വീടുകളില്‍ നിന്നും. പുറത്ത് തളം കെട്ടിനില്‍ക്കുന്നു ചെളിവെള്ളം തന്നെ ഉപയോഗിച്ചാണ് വീടകം കഴുകുന്നത്. നല്ല വെള്ളം കിട്ടാനില്ല, പിന്നെ എന്തു ചെയ്യാനാ… ഇതു തന്നെ ഉപയോഗിക്കണം, ഇനി നല്ല വെള്ളം വരുമ്പോള്‍ അതുപയോഗിച്ച് കഴുകണം. ഇവിടെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആണുങ്ങള്‍ മാത്രമാണ്… ഭാര്യയെ മന:പൂര്‍വം കൊണ്ടു വരാത്തതാ, അവള് ക്യാമ്പില്‍ ഉണ്ട്. വെള്ളം കുടിക്കണ ഗ്ലാസ് അവള് വച്ചിരിക്കുന്നിടത്ത് നിന്നു ഒന്നു മാറ്റിവച്ചാല്‍ ബഹളം ഉണ്ടാക്കുന്ന ആളാണ്, അത്രയ്ക്കുണ്ട് വൃത്തിയും വെടിപ്പും… അവള് ഈ കാഴ്ചകള് കണ്ടാല്‍ ചങ്ക് പൊട്ടും, വലുതായൊട്ടും പോയിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞേക്കണത്. ഇങ്ങോട്ട് വരണോന്ന് പറഞ്ഞ് ബഹളാണ്, ഞാന്‍ ഓരോന്നും പറഞ്ഞു തടയും, കുറച്ചെങ്കിലുമൊക്കെ ഒന്ന് മാറ്റട്ടെ… ഈ അടുക്കളയൊക്കെ ഈ പരുവത്തില് അവള് കണ്ടാല്‍…” ബഷീറിന്റെ വാക്കുകളാണ്. തയ്യല്‍ജോലി ചെയ്ത് ഉണ്ടാക്കിയതെല്ലാം വെള്ളം കുടഞ്ഞെറിഞ്ഞിട്ടിരിക്കുകയാണ് അവിടവടങ്ങളിലായി… “ഒന്നേന്ന് തുടങ്ങണമെന്നൊന്നും പറയാന്‍ പറ്റൂലാ… എന്തെങ്കിലം ഉണ്ടങ്കിലല്ലേ ഒന്നേന്ന് തുടങ്ങാന്‍ പറ്റൂള്ളൂ, ഇതിപ്പം ഒന്നുമില്ലല്ലോ… ചെളി അല്ലാതെ… മറിഞ്ഞു കിടക്കുന്ന ഫ്രിഡ്ജും ടീവിയും ഫര്‍ണീച്ചറും എല്ലാം…” സംസാരിച്ചു നടക്കുന്നതിനിടയില്‍ മകന്‍ ഇഹ്‌സാന്റെ മുറിയിലെത്തി ബഷീര്‍. ആ മുറിയുടെ തട്ടില്‍ നനഞ്ഞു കുതിര്‍ന്നു കൂട്ടിയിട്ടിരിക്കുന്ന കുറെ പുസ്തകങ്ങള്‍… “എല്ലാം മോന്റെയാണ്… തിരുവനന്തപുരത്ത് എഞ്ചിനീയറിംഗിന് പഠിക്കുകയാണ്… ഇങ്ങോട്ട് വരാണ്ടാന്നു ഞാന്‍ പറഞ്ഞു. ഇവിടുത്തെ അവസ്ഥകള്‍ ടീവിയില്‍ക്കൂടി അറിഞ്ഞപ്പോള്‍ പോരാന്‍ തിരക്കു കൂട്ടിയതാണ്. ഞാന്‍ തടഞ്ഞു. അവിടെ നില്‍ക്കട്ടെ… ഇതൊന്നും കാണണ്ടാ…

"</p "</p "</p "</p

ഇഹ്‌സാന്റെ മുറിയുടെ ചുവരില്‍ കൈചൂണ്ടി ബഷീര്‍ ഒരു ചിരിയോടെ പറഞ്ഞു, മകന്‍ എഴുതിവച്ചിരിക്കുന്നതാ… “ഇംഗ്ലീഷിലാണെങ്കിലും ഇപ്പോള്‍ എനിക്കിതിന്റെയെല്ലാം അര്‍ത്ഥം നന്നായി മനസിലാകും… വിട്ടുകളയില്ല, ഈ വേദന ഞങ്ങള്‍ മറികടക്കും…ആ വിശ്വാസത്തിന്റെ പുറത്താണ് ഞങ്ങളെല്ലാവരുമുള്ളത്… (ഇഹ്‌സാന്‍ ആ ചുമരില്‍ എഴുതിവച്ചിരിക്കുന്നതും അതൊക്കെ തന്നെയാണ്… നെവര്‍ ഗീവ് അപ്പ്, ബിലീവ്, നോ പെയ്ന്‍, നോ ഗെയ്ന്‍…)

"</p

ജയന്‍ കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പുതുതായി നിര്‍മ്മിച്ച വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പാണ് വീട്ടു സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഉപയോഗശൂന്യമായത്.  “44 വയസ്സായി. ഇക്കാലം കൊണ്ട് പല ജോലികള്‍ ചെയ്ത് ഉണ്ടാക്കിയതാണെല്ലാം… പോയി... ജയന്റെ വാക്കുകളില്‍ നിസ്സംഗതയാണ്… പ്രളയം മുറ്റത്തെത്തിയപ്പോള്‍ വീട് വിട്ട് പോകാന്‍ ഇദ്ദേഹത്തെ മനസനുവദിച്ചില്ല. ഒടുവില്‍ അരക്കൊപ്പം വെള്ളമായപ്പോള്‍ വീട് വിട്ടിറങ്ങി. ക്യാമ്പിലായിരുന്നെങ്കിലും ഇതിനിടെ അഞ്ചിലേറെ തവണ പ്രളയ കടല്‍ നീന്തി ഇദ്ദേഹം വീടിന് എന്ത് സംഭവിച്ചെന്നറിയാന്‍ എത്തിയിരുന്നു. കുടുംബാംഗങ്ങളെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് വീട് വാസയോഗ്യമാക്കാന്‍ പണിപ്പെടുകയാണ് ജയന്‍. “കുറേ ദിവസങ്ങളായില്ലേ ഈ അലച്ചില്‍. ശരീരം മൊത്തം വയ്യാതായി… പക്ഷേ, തളര്‍ന്നിരിക്കാന്‍ പറ്റില്ലല്ലോ… ജീവിക്കണ്ടേ…”

"</p "</p

 

"</p "</p "</p

ഇസ്മായില്‍ അരയിലൊരു തോര്‍ത്തു മുണ്ട് മാത്രം ചുറ്റി വീടിനകത്തു നിന്നും വെള്ളവും ചെളിയും ബക്കറ്റിലാക്കി പുറത്തു കൊണ്ടു വന്നു കളയുകയാണ്. എല്ലിച്ച ശരീരം, കുഴിഞ്ഞ കണ്ണുകളില്‍ തളം കെട്ടി നില്‍ക്കുന്നത് കണ്ണീരാണ്… “22 വര്‍ഷം ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. 59 വയസ്സായി, ഒരു ജോലിക്ക് പോകാന്‍ ശരീരത്തിന് ആവതില്ല, മോന് ഇപ്പോഴാണ് ഒരു ജോലി കിട്ടയത്. അവന്‍ കളമശ്ശേരിയില്‍ ഉണ്ട്. ജോലിക്ക് കയറിയതേയുള്ളൂ, അതുകൊണ്ട് അവനോട് വരാണ്ടാന്നു പറഞ്ഞു”; ശോഷിച്ചു പോയൊരാ വൃദ്ധശരീരം തന്നെക്കൊണ്ടാവുന്നപോലെ ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണ്. “അവളോട് (ഭാര്യ) ഞാനീയവസ്ഥയൊന്നും പറഞ്ഞിട്ടില്ല. ഒന്നാമത് വയ്യായ്മയുള്ളയാണ്. ഈ തണുപ്പും വെള്ളവും ഒന്നും പറ്റില്ല. ഇനിയും ഒന്നും താങ്ങാന്‍ ശേഷിയില്ല… പിന്നെ ഈ കാഴ്ച്ച അവള് കണ്ടാല്‍ സഹിക്കുമോ… നെഞ്ച് പൊട്ടില്ലേ…” ഇസ്മായില്‍ എല്ലാം വേദനയും ഇപ്പോള്‍ സ്വയം അനുഭവിക്കുകയാണ്.

"</p "</p "</p "</p

ഇസ്മായിലിന്റെ വീടിനു നേരെ മുന്നിലാണ് അബുബക്കറിന്റെ താമസം. ഉമ്മറത്തിണ്ണയോളം ഇപ്പോഴും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പണികഴിപ്പിച്ച ഉടനെ എന്ന പോലെ യാതൊന്നും ഇല്ലാതെ ശൂന്യമായ അകവുമായാണ് ഈ വീട് ഇപ്പോഴുള്ളത്. ഇതിനകത്ത് ഉണ്ടായിരുന്നതൊക്കെയും, കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളുള്‍പ്പെടെ, ടിവിയും ഫ്രിഡ്ജും എല്ലാം പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്... പോയി… എല്ലാം…പക്ഷേ തിരിച്ചു പിടിക്കണം… പിടിക്കും…

"</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p

ബാബുവും ഭാര്യയും വലിയൊരു അതിശയം കണ്ടെന്നപോലെയാണ് ചെളി നിറഞ്ഞ വീടിനകത്ത് നിന്നത്. ഗ്യാസ് സ്റ്റൗ പുറത്ത് നിന്നു കിട്ടി… നിറഞ്ഞ സിലണ്ടര്‍ ആയിരുന്നു, അതെവിടെ പോയെന്ന് കുറെയന്വേഷിച്ചു. ഒടുവിലാണ് കണ്ടെത്തിയത്…. ഇരുമ്പലമാരയുടെ മുകളില്‍ ആരോ കയറ്റിവച്ചെന്നപോലെ സിലണ്ടര്‍… ഈ വെള്ളത്തിന്റെയോരോ കാര്യങ്ങളേ...വേദനയിലും ചിരിച്ചുകൊണ്ടു ബാബു പറയുന്നു… ബാബുവിന്റെ തൊട്ടയല്‍ വീടിന്റെ സിറ്റ് ഔട്ടില്‍ കുറെ വിറകുകള്‍ അടുക്കിവച്ചെന്നപോലെയിരിക്കുന്നു. മൂന്നുനാലു വീടുകള്‍ക്കപ്പുറത്ത് ആരോ കഴിഞ്ഞാഴ്ച്ച വെട്ടിക്കീറിവച്ച വിറകുകളാണ്… ബാബു പറഞ്ഞതുപോലെ വെള്ളത്തിന്റെ മറ്റൊരു തമാശ…

"</p "</p "</p "</p

നഷ്ടങ്ങളുടെ വേദന അങ്ങേയറ്റം അനുഭവിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്നൊരു നിസ്സംഗതയുണ്ടല്ലോ… ഇതില്‍ക്കൂടുതല്‍ ഇനിയെന്തുവരാന്‍ എന്ന ചോദ്യവുമായി ഈ മനുഷ്യര്‍ ഇവിടെ നില്‍ക്കുന്നത് ആ നിസ്സംഗതയോടെയാണ്… ഞങ്ങളിതൊക്കെ അതിജീവിക്കും. പ്രാണന്‍ പോയിലല്ലോ… ആവും വിധം പോയതെല്ലാം തിരിച്ചു പിടിക്കാന്‍ ഇനി ശേഷിക്കുന്ന ജീവിതം ഉപയോഗിക്കും എന്നവണര്‍ പറഞ്ഞത്.

മനുഷ്യന്‍ അതിജീവനത്തിന്റെ പര്യായം എന്നു മാത്രമല്ല ഇവര്‍ ഓര്‍മിച്ചത്, സഹജീവി സ്‌നേഹത്തിന്റെ മാതൃകയാണ് മലയാളിയെന്നു കൂടി ഈ മനുഷ്യരുടെ അനുഭവങ്ങള്‍ മനസിലാക്കി തന്നു… “എന്റെ വീട് പൂര്‍ണമായി മുങ്ങിത്താവുമ്പോള്‍ ഞാനിവിടെ ഇല്ലായിരുന്നു. അപ്പുറത്ത് (വിരല്‍ ചൂണ്ടിക്കൊണ്ട്) വീട്ടില് വെള്ളം കേറുന്നെന്നറിഞ്ഞ് അവിടെയുള്ളവരെ രക്ഷപ്പെടുത്താന്‍ പോയിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ എന്റെ വീട് കാണാത്തവിധം വെള്ളമുണ്ടായിരുന്നു. ഒരു ജീവന്‍പോലും നഷ്ടപ്പെടാതിരിക്കണം. അതല്ലേ വേണ്ടത്; ജയന്റെ ഈ വാക്കുകളില്‍ തന്നെയല്ലേ സഹജീവിയോട് മനുഷ്യന് ഉള്ള ബന്ധത്തിന്റെ ഉദ്ദാഹരണം. ജയന്‍ മാത്രമല്ല, അവരോരുത്തരും തങ്ങളുടെ കാര്യം നോക്കാതെ അപരനുവേണ്ടി ഇറങ്ങിയവരാണ്… പോയപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപോലെ പോയി… പക്ഷേ, സാരമില്ല, നശിച്ചതെല്ലാം നമ്മളായിട്ട് ഉണ്ടാക്കിയതാണ്.. ഒരാളാണു പോയതെങ്കില്‍ പകരം കിട്ടുമോ? അതാണ് അവരുടെ ചോദ്യം.

"</p "</p "</p "</p

നമ്മള്‍ ഈ പ്രളയദുരന്തത്തെ അതീജീവിക്കുമെന്ന് പറയുന്നത് വെറുതയല്ലെയെന്ന്… ഈ മനുഷ്യരുടെ; എല്ലാം നഷ്ടപ്പെട്ടവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്… അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ട നമ്മള്‍ അതിലേറെ ആത്മവിശ്വാസത്തോടെ കൂടെയിറങ്ങണം…

പ്രളയാനന്തരം ഘടികാരങ്ങള്‍ നിലച്ചേക്കാം… പക്ഷേ, ഇവര്‍ നിശ്ചലരാകില്ല… സമയം മറന്ന്, മുന്നിലുള്ള കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവര്‍ പതുക്കെയെങ്കിലും തയ്യാറെടുക്കുകയാണ്… നമുക്കും അവര്‍ക്കൊപ്പം നില്‍ക്കാം…

ഇതാ, മലയാളികള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന ‘New Kerala Model’

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍