UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി അറിയുന്നുണ്ടോ: വെറ്റിനറി സര്‍വകലാശാലയില്‍ സാരിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തരില്ല

Avatar

പ്രിയന്‍ അലക്‌സ്

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടര്‍ ഓഫ് അക്കാദമിക്ക് ആന്റ് റിസര്‍ച്ച് നവംബര്‍ 18-ന് വിചിത്രമായ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു. ഈ സര്‍ക്കുലര്‍ പ്രകാരം നവംബര്‍ 21-നു യൂണിവേഴ്‌സിറ്റി ബിരുദദാനചടങ്ങ് സംഘടിപ്പിക്കും. കൃഷിമന്ത്രി സുനില്‍കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാണ്. ബിരുദദാനചടങ്ങിന് ഡ്രെസ് കോഡ് ഉണ്ട്. പുരുഷന്മാര്‍ക്ക് പാന്‍റ്സും ഫുള്‍ സ്ലീവ് ഷര്‍ട്ടും. ഷൂ നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് പരമ്പരാഗത സാരി.

പുരുഷന്മാര്‍ക്കുള്ള ‘പരമ്പരാഗതവേഷ’മെന്തെന്ന് തിരിയാഞ്ഞിട്ടാവുമോ യൂണിവേഴ്‌സിറ്റി അവര്‍ പാന്‍റ്സിട്ടോട്ടെ എന്ന് കരുതിയത്. സ്ത്രീകള്‍, അവര്‍ കസവുസാരിയുടുത്ത് തുളസിക്കതിരും ചൂടി, പാല്‍പ്പുഞ്ചിരിവരച്ച് കാല്‍നഖമെഴുതി നാണത്താല്‍ പാതിമുഖം മറച്ചാലേ സര്‍ട്ടിഫിക്കറ്റ് തരൂ. അത് നിര്‍ബന്ധമാണ്. 

ഡയറക്ടര്‍ ഓഫ് അക്കാദമിക് ആന്റ് റിസര്‍ച്ച് ആണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് നമ്പര്‍ ഇതാണ്: No. KVASU/DAR/AcadA2/14445/2016. യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ഈ ഉത്തരവുണ്ട്: http://www.kvasu.ac.in/news/readmore/1431

ഇത്തരമൊരു സ്ത്രീവിരുദ്ധമായ, പിന്തിരിപ്പന്‍ സാരിയുടുപ്പിക്കല്‍ കേരളത്തില്‍ ഇപ്പോഴും കല്ലച്ചിലടിപ്പിച്ച് കാല്‍പ്പായകടലാസിലെഴുതി നടപ്പിലാക്കാം എന്നുവിചാരിക്കുന്നത് ഒരു ഡയറക്ടറാണ്. അവര്‍ നിര്‍ഭാഗ്യവശാല്‍ ഒരു സ്ത്രീയാണ്. ആരെയാണ് സാക്ഷരരാക്കേണ്ടത്. ആരാണ് മാഡം ഈ സ്റ്റാറ്റസ്‌കോയെ വച്ചാരാധിക്കുന്നത്. ആരാണ് സാര്‍ നവോത്ഥാനത്തിന്റെ തഴമ്പ് നിയോഫ്യൂഡല്‍ സവര്‍ണ്ണതയാക്കുന്നത്.

വെറ്ററിനറി സര്‍വ്വകലാശാലയിലെ ഈ സാരിയുടുത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയത് 2011-ലാണെന്നറിഞ്ഞു. റാഗിങ്ങിന്റെ ഭാഗമായി സാരിയുടുപ്പിച്ച് അപമാനിക്കല്‍ച്ചടങ്ങ് നടത്തി അതിനെ ഫ്രഷേഴ്‌സ് ഡേ എന്നുവിളിക്കണ ഏര്‍പ്പാടുണ്ടായിരുന്നു പണ്ട്. വിശിഷ്ടാതിഥികള്‍ വരുമ്പോള്‍ സാരിയുടുത്ത് തിരുവാതിരച്ചുവടുവെച്ച് സ്‌റ്റേജിലെത്തി കല്യാണസൗഗന്ധികപ്പൂ കൊടുത്താലേ ചിലര്‍ക്കൊക്കെ പ്രസംഗിക്കാന്‍ തോന്നുമായിരുന്നുള്ളൂ. ഇതൊക്കെ പെമ്പിള്ളേര്‍ക്കുണ്ടാക്കുന്ന മന:പ്രയാസത്തെ ആര് തിരിച്ചറിഞ്ഞു. ഇത്തരം കോമാളിവേഷം കെട്ടിച്ച് അതിനെ പരമ്പരാഗതവേഷം എന്നുവിളിക്കുന്നവരുടെ ചരിത്രബോധത്തെ സമ്മതിച്ചുകൊടുക്കണം. കേരളസാരി എന്ന് ഇന്ന് വിളിക്കുന്നത് ആരുടെ പരമ്പരാഗതവേഷമാണ്. ആരുടെയുമല്ല. ആരുടെയെങ്കിലുമാണെങ്കില്‍ അത് പൊതുസമൂഹത്തെ സവര്‍ണ്ണവല്‍ക്കരിക്കാനുള്ള കേവലമായ ഇടപെടലാണ്. അത് ബോധപൂര്‍വ്വമാണ്. അത് ഈ യൂണിവേഴ്‌സിറ്റിക്ക് മാത്രം പറ്റുന്ന പിശകല്ല.

ഒരു യൂണിവേഴ്‌സിറ്റിയിലുമില്ല ഇത്തരമൊരു ഡ്രസ് കോഡ്, കൊളോണിയല്‍ ആയ ഗൗണും റോബുമൊക്കെ ആണിനും പെണ്ണിനും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്തതാണ്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍പ്പോലും ഡ്രസ് കോഡുണ്ടെന്ന് വാദിച്ചോളൂ. പക്ഷെ ആണും പെണ്ണും തമ്മില്‍, ആരെയെങ്കിലും കണ്ണില്‍ to see and to be seen എന്നമട്ടില്‍ ദൃശ്യവത്കരിച്ച് വൈരുദ്ധ്യം സൃഷ്ടിക്കുന്നില്ല എവിടെയും. ഇതൊക്കെ കണ്ട് രസിക്കാനിരിക്കുന്നവരുടെ കണ്ണില്‍ വെറും വസ്തുവാക്കി (objectification) തീര്‍ക്കുകയാണ് അണിയിച്ചൊരുക്കുന്ന ഈ വിദ്യാര്‍ത്ഥിനികളെ.

വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതില്‍ നിന്നും ചിലര്‍ക്ക് ഇതിലൊരു പ്രശ്‌നം തോന്നുന്നില്ലെന്നു മനസിലായി. ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാണ് എന്ന് ചോദിച്ചവരും ഉണ്ട്. പക്ഷെ ഇത് പ്രശ്‌നമായിത്തോന്നുന്ന ഒരാളുണ്ടെങ്കിലും മതി. ഒരാളല്ല. ഒരുപാടാളുണ്ട്. പക്ഷെ ഗ്രാജുവേഷന്‍ ഡേ പോലെ നല്ലൊരു ദിനം കുളമാകണം എന്നാഗ്രഹിക്കാത്തതിനാല്‍, മാതാപിതാഗുരുദൈവം എന്ന് പണ്ടേ പഠിച്ചത് മനസില്‍ കിടക്കുന്നതിനാല്‍ എല്ലാവര്‍ക്കും പേടിയാണ്. ഇങ്ങനെയൊക്കെ പേടിപ്പിക്കാനാണല്ലോ നിങ്ങള്‍ ബിരുദം നല്‍കുന്നത്. നിങ്ങള്‍ നല്‍കുന്ന ബിരുദം അറിവുനേടിയതിന്റെയല്ല, പേടിക്കാന്‍ പഠിച്ചതിന്റേതാണ്.

ഇങ്ങനെയൊരുത്തരവിന്റെ പശ്ചാത്തലം തിരക്കി യൂണിവേഴ്‌സിറ്റിയില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി, ഉത്തരവിറക്കിയ വകുപ്പിനോട് ചോദിക്കണം. മേലധ്യക്ഷ സ്ഥലത്തില്ലെന്നും ഫോണ്‍ നമ്പര്‍ തരാന്‍ കഴിയില്ലെന്നും അവരുടെ ഓഫിസില്‍നിന്ന് പറഞ്ഞു. അസി. രജിസ്ട്രാറെ വിളിച്ചാലും രക്ഷയില്ല. ആരും ഉത്തരം തരില്ല. ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ ബിരുദം തരില്ലെന്നു പറഞ്ഞു എന്നും കേട്ടു. ഇതാണ് താലപ്പൊലിയും വിഐ പി സ്വീകരണവും നിരോധിച്ച ഒരു സര്‍ക്കാരിന്റെ മന്ത്രി വിശിഷ്ടാതിഥിയായ ചടങ്ങിനുമുമ്പ് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത്. അതും പോരാ, ഈ നാടകത്തിനു രാവിലെ എട്ടുമണിക്ക് തന്നെ റിഹേഴ്‌സല്‍ ഉണ്ട്, അതില്‍ക്കൂടി പങ്കെടുക്കണം. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി കൂടി അറിഞ്ഞിട്ടാണോ ഇത്തരം സര്‍ക്കുലറുകള്‍ ഇറങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വിപ്ലവാവേശമൊന്നുമില്ലാത്തതിനാല്‍ ഒന്നും സംഭവിക്കാനില്ല. പക്ഷെ ഖേദമുണ്ട് സര്‍.

 

 

പൊതുസമൂഹം ഈ സാരിക്കുരുക്കില്‍നിന്ന് സ്ത്രീയെ രക്ഷിക്കട്ടെ. പരമ്പരാഗതമായ ഈ ലൈംഗികപരിവേഷം അഴിച്ചുവെച്ചോട്ടെ, ഇനിയെങ്കിലുമവര്‍. ആരുടെയൊക്കെയോ ഗൃഹാതുരത്വത്തിന്റെ തീപ്പുകയില്‍നിന്നും അമ്മയുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചിയില്‍നിന്നും, സാരിത്തലപ്പില്‍ മുഖം തുടച്ച ഓര്‍മ്മയില്‍നിന്നും രക്ഷപ്പെടാന്‍ അനുവദിക്കുമോ, സ്ത്രീകള്‍ ഭരിക്കുന്ന യൂണിവേഴ്‌സിറ്റിയിലെങ്കിലും. എന്തിനു പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും പേടിയാണ്. അധികാരികള്‍ക്ക് ജനാധിപത്യത്തിനെ മാനിക്കാനറിയില്ലെങ്കില്‍, അവരിപ്പോഴും സര്‍ക്കാര്‍ മുതലാളിയെയോ സര്‍ക്കാര്‍ ജന്മിയെയോ ആണ് ആരാധിക്കുന്നതെങ്കില്‍, ഒരു പേടിയുമില്ലെങ്കില്‍ ഒരു പേടിയുമില്ലാത്തതിനെയും പേടിക്കണം. അതുകൊണ്ടാണല്ലോ ഇത്തരം സര്‍ക്കുലറുകള്‍ ഉണ്ടാവുന്നത്. സാരിയുടുത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തരില്ലപോലും. ഡ്രസ് കോഡ് എന്നതിന്റെയര്‍ത്ഥം അത് പാലിക്കാത്തവര്‍ക്ക് മന്ത്രിയുടെ കയ്യില്‍നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിയില്ല എന്നല്ലേ. എല്ലാവര്‍ക്കും മന്ത്രി തന്നെ ബിരുദം തന്നാലേ സന്തോഷമാവൂ എന്നതിനാല്‍ അതിനായി അവരെല്ലാം ദു:ഖം മറന്നോട്ടെ. രോഷം തോന്നിയത് ശമിച്ചോട്ടെ. പക്ഷെ ഒന്നു ചോദിക്കട്ടെ. മാറേണ്ട കാലമായില്ലേ സര്‍. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്. എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്കു മാത്രമാവുന്നതെന്തുകൊണ്ടാണ്. ഒരിക്കല്‍ക്കൂടിചോദിക്കട്ടെ, ചുരിദാറിട്ടാല്‍ സര്‍ട്ടിഫിക്കറ്റ് തരില്ലേ?

(പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി പയ്യന്നൂരില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍