UPDATES

ട്രെന്‍ഡിങ്ങ്

എന്‍ഡോസള്‍ഫാന്‍ ഇരകളെ വീണ്ടും ചതിച്ചു, മുഖ്യമന്ത്രിയടക്കം നല്‍കിയ ഉറപ്പ് അട്ടിമറിച്ചതിനു പിന്നില്‍ ആരാണ്?

വിവരങ്ങള്‍ മധ്യസ്ഥന്‍ വഴി ധരിപ്പിച്ചതിനെത്തുടര്‍ന്ന് എം.വി ജയരാജന്‍ വിഷയത്തില്‍ വീണ്ടും ഇടപെടുകയും, വേണ്ടത് ചെയ്തു കൊടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിലും ഇവര്‍ക്ക് വിശ്വാസമില്ല.

ശ്രീഷ്മ

ശ്രീഷ്മ

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വര്‍ഷങ്ങളായുള്ള സമരങ്ങള്‍ക്ക് ചരിത്രപരമായ തീര്‍പ്പുണ്ടാകുന്നത്. സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരത്തിനെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളും അവരുടെ അമ്മമാരും ചരിത്രത്തിലാദ്യമായി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയിപ്പിച്ച് വലിയ പ്രതീക്ഷകളോടെയാണ് കാസര്‍കോട്ടേയ്ക്ക് മടങ്ങിയത്. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ജനകീയമായ തീര്‍പ്പുണ്ടാക്കിയതിന് സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രശംസിക്കപ്പെടുകയും ചെയ്തു. കാസര്‍കോട്ട് മറ്റൊരു ശീലാവതി ആവര്‍ത്തിക്കില്ലെന്നും, അര്‍ഹരായവര്‍ക്കെല്ലാം കൃത്യമായ സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കപ്പെടുമെന്നും വിശ്വസിച്ച് നാട്ടിലേക്കു മടങ്ങിയ എന്‍ഡോസള്‍ഫാന്‍ പീഡിത ജനാധിപത്യ മുന്നണി ഒരു മാസത്തിനു ശേഷം വീണ്ടും സമരത്തിനിറങ്ങുകയാണ്. സമരം പരിഹരിച്ചു എന്നു മേനി നടിക്കുന്നവര്‍ക്കു നേരെ വിരല്‍ ചൂണ്ടി തങ്ങള്‍ ചതിക്കപ്പെട്ടു എന്നു പറയുകയാണിവര്‍.

“സത്യത്തില്‍ ഞങ്ങളെ ചതിച്ചതാണ്. ആകെ പെട്ടുപോയ അവസ്ഥയിലാണിപ്പോള്‍. മുഖ്യമന്ത്രി നേരിട്ടെത്തി വാക്കു നല്‍കിയാല്‍ സാധാരണക്കാര്‍ അതല്ലേ വിശ്വാസത്തിലെടുക്കുക? ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലാതിരുന്നിട്ടും, സമരം വിജയിച്ചു എന്നു കരുതിയത് സര്‍ക്കാര്‍ നല്‍കിയ വാക്കു കേട്ടാണ്. ചതിവു പറ്റി എന്നു മനസ്സിലായത് ഏറെ വൈകിയാണ്'”,  സമരമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു.

Read: എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; എൻഡോസൾഫാൻ ഇരകളുടെ സമരം പിൻവലിച്ചു

2017ല്‍ നടത്തിയ വൈദ്യ പരിശോധനാ ക്യാമ്പില്‍ ദുരിതബാധിതരായി കണ്ടെത്തിയ 1905 പേരുടെ ലിസ്റ്റ് പിന്നെ ചുരുങ്ങിപ്പോയതെങ്ങനെ എന്നു കണ്ടെത്തുക എന്നതായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരത്തിന്റെ ഏറ്റവും പുതിയ ആവശ്യം. അര്‍ഹരായവര്‍ ലിസ്റ്റിനു പുറത്താണെന്നും, മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കണമെന്നും സര്‍ക്കാരിനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു സമരത്തിന്റെ ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകള്‍ എന്നു കണ്ടെത്തിയിരിക്കുന്നവ പുനര്‍നിര്‍ണയിക്കണമെന്നത് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു. കാസര്‍കോട് ജില്ല മുഴുവന്‍ ദുരിത ബാധിത മേഖലയായി അംഗീകരിക്കണമെന്ന വാദത്തില്‍ അയവുവരുത്തി, 2010ലെ മാനദണ്ഡം പോലെ 27 പഞ്ചായത്തും 3 മുനിസിപ്പാലിറ്റിയുമായി നിജപ്പെടുത്തുക എന്നതില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ദുരിത ബാധിതരായവരെ അതിര്‍ത്തികള്‍ ബാധകമാക്കാതെ ആനുകൂല്യങ്ങള്‍ക്ക് പരിഹരിക്കാം എന്ന വാക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാറ്റില്‍പ്പറത്തിയിരിക്കുന്നത്.

തങ്ങളോട് സര്‍ക്കാര്‍ ചെയ്ത ചതിയെക്കുറിച്ച് കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നതിങ്ങനെ: “തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തെ അനിശ്ചിതകാല സമരത്തിനിടെ എനിക്ക് ചെറിയ അപകടമുണ്ടായി. അതിനോടനുബന്ധിച്ച വിശ്രമത്തിലാണിപ്പോഴും. ആ അപകടത്തിനു ശേഷം ചികിത്സയിലായിരുന്ന ഞാന്‍ ആശുപത്രിയില്‍ നിന്നും നേരെ വന്നാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി തിരക്കിലായിരുന്നതിനാല്‍ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ എം.വി ജയരാജനുമായായിരുന്നു ചര്‍ച്ച. ചര്‍ച്ച വിജയിച്ച ശേഷം മുഖ്യമന്ത്രിയെത്തി കാര്യങ്ങള്‍ നേരിട്ട് ഉറപ്പു തരികയും ചെയ്തതാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ ലിസ്റ്റില്‍ കൊണ്ടുവരാന്‍ അതിരുകള്‍ മാനദണ്ഡമായെടുക്കില്ലെന്നായിരുന്നു അന്ന് അവസാനം തീരുമാനിച്ചത്. ഞങ്ങളും അധികം മസിലു പിടിക്കാന്‍ പോയില്ല. കാസര്‍കോട് ജില്ല മുഴുവന്‍ ലിസ്റ്റിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഞങ്ങളുന്നയിച്ച ആവശ്യം. ശൈലജ ടീച്ചറും മന്ത്രി ചന്ദ്രശേഖരനും പങ്കെടുത്ത ചര്‍ച്ചയില്‍, പതിനൊന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളില്‍ നിന്നുള്ളവരെ ലിസ്റ്റിലേക്ക് പരിഗണിക്കാമെന്നും, അവിടങ്ങളില്‍ നിന്നും പിന്നീട് പുറത്തു പോയി താമസിച്ചിട്ടുള്ളവരെക്കൂടി അതിര്‍ത്തികള്‍ ബാധകമാക്കാതെ ഉള്‍പ്പെടുത്താമെന്നുമായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്. അതു പറ്റില്ലെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ഈ പതിനൊന്ന് പഞ്ചായത്തിന്റെ കാര്യം വരുമ്പോഴാണ് ധാരാളം കുട്ടികള്‍ പട്ടികയില്‍ നിന്നും പുറത്തായിപ്പോകുന്നത്. അതിര്‍ത്തികള്‍ ബാധകമാക്കരുത് എന്നു ഞങ്ങള്‍ പറയുമ്പോള്‍, ഈ പതിനൊന്ന് പഞ്ചായത്തുകള്‍ എന്ന മാനദണ്ഡത്തെക്കൂടിയാണ് എതിര്‍ക്കുന്നത്. എത്രയോ അതിര്‍ത്തി ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളുണ്ട്. ആകാശത്ത് മരുന്നു തളിക്കുമ്പോള്‍ ഇരുന്നൂറു മീറ്റര്‍ വിട്ട് തൊട്ടടുത്ത പഞ്ചായത്തിലുള്ള തോട്ടത്തിലേക്ക് രാസവസ്തുക്കള്‍ എത്താതിരിക്കില്ലല്ലോ. ഇത് ഞങ്ങള്‍ ആദ്യം മുതല്‍ക്കേ ചോദിക്കുന്നതാണ്. അതിര്‍ത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നും പിറകോട്ട് പോകാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.’

Read: സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കുന്ന നിര്‍ഭാഗ്യവതികളായ അമ്മമാര്‍ ഇപ്പോള്‍ ‘പ്രശ്‌നമായി’ മാറിയോ ശൈലജ ടീച്ചറേ

ഒടുവില്‍, പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധന കൂടാതെ തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് യോഗത്തില്‍ തീരുമാനമായതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തേ നടന്ന ക്യാംപില്‍ 1905 പേരെ ദുരിത ബാധിതരായി ആദ്യമേ കണ്ടെത്തിയിരുന്നതിനാല്‍ ഇനി പരിശോധനയുടെ ആവശ്യമില്ലെന്നായിരുന്നു തീരുമാനം. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരെ വെട്ടിച്ചുരുക്കിയാണ് പിന്നീട് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതും യോഗത്തില്‍ ഉന്നയിച്ചിരുന്നതാണ്. മാത്രമല്ല, പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് യോഗ്യത തീരുമാനിക്കാനും ധാരണയായിരുന്നു.

യോഗത്തിലെ മറ്റൊരു സുപ്രധാന തീരുമാനം അതിര്‍ത്തികള്‍ ബാധകമാക്കില്ലെന്നതായിരുന്നു. ചര്‍ച്ചയില്‍ പതിനൊന്നു പഞ്ചായത്തിനു പകരം 2010ല്‍ നിലവിലുണ്ടായിരുന്ന 27 പഞ്ചായത്തുകളും 3 മുനിസിപ്പാലിറ്റികളും എന്ന കണക്കിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടന്നില്ലെങ്കിലും, അദ്ദേഹം ഒടുവിലെത്തി നല്‍കിയ വാക്കിന്റെ ബലത്തില്‍ സമരം അവസാനിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത മുന്നണി തിരികെ മടങ്ങുകയും ചെയ്തു. ഫെബ്രുവരി പത്തിന് ഉത്തരവ് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തതിനാല്‍ തുടര്‍ച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നിരുന്നെന്നും കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു. അതിനു ശേഷമാണ് എല്ലാവരെയും ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞത്.

സാമൂഹ്യനീതി വകുപ്പ് മാര്‍ച്ച് രണ്ടിന് പുറത്തിറക്കിയ ഉത്തരവ്


.

“നാലഞ്ച് ദിവസം മുന്നെയാണ് ഉത്തരവിറങ്ങി എന്ന അറിയിപ്പു കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉത്തരവ് വായിച്ചു കേള്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ചതിവ് മനസ്സിലാകുന്നത്. പതിനെട്ടു വയസ്സില്‍ താഴെയുള്ളവരെ പരിശോധനകള്‍ക്കു വിധേയരാക്കാതെ പഴയ ശുപാര്‍ശയനുസരിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടിട്ടുണ്ട്. പതിനെട്ടുവയസ്സില്‍ താഴെയുള്ളവരെയും മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്തു പോയവരെ അതിര്‍ത്തി ബാധകമാക്കാതെ ഉള്‍പ്പെടുത്തുമെന്നതാണ് മറ്റൊരു പരാമര്‍ശം. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളെന്ന് എണ്ണം പരാമര്‍ശിക്കാതെയാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളായി കണക്കാക്കപ്പെട്ടിരിക്കുന്നത് നേരത്തേ പറഞ്ഞ പതിനൊന്നെണ്ണമാണ്. അര്‍ഹരായ അറുന്നൂറോളം കുട്ടികള്‍ക്ക് ഈ മാനദണ്ഡപ്രകാരം ആനുകൂല്യം ലഭിക്കില്ല. അതു മനസ്സിലായപ്പോള്‍ ഞങ്ങളെല്ലാവരും തകര്‍ന്നുപോയി. ഞങ്ങളെ സത്യത്തില്‍ ചതിക്കുകയായിരുന്നു. ഈയൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസം വന്നതുമൂലമാണ് ഇതേവരെ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കാതിരുന്നത്. ഇത്തവണ ആദ്യം തീരുമാനമായതും ഇക്കാര്യമാണ്. ഉത്തരവ് വായിക്കുന്ന മിക്കപേര്‍ക്കും ഇതിലെ ചതി മനസ്സിലാകില്ല. ‘അതിര്‍ത്തികള്‍ ബാധകമാക്കാതെ’ എന്നൊക്കെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് നല്ല നീക്കമാണെന്നേ എല്ലാവരും കരുതൂ. ഞങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മധ്യസ്ഥനു പേലും കാര്യം തിരിച്ചറിയാന്‍ സാധിച്ചത്. മുഖ്യമന്ത്രി പറഞ്ഞാല്‍ ഓക്കെയാണ് എന്നല്ലേ സാധാരണക്കാര്‍ കരുതുക. മുഖ്യമന്ത്രി തീരുമാനിച്ചാലും, ഇടയില്‍ കളിക്കുന്നത് ഉദ്യോഗസ്ഥരായതിനാല്‍ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാകുമോ എന്ന് ആദ്യമേ സംശയമുണ്ടായിരുന്നു. ഇത് പക്ഷേ, പ്രതീക്ഷിച്ചില്ല.”

Read: അന്ന് മന്ത്രി ചന്ദ്രശേഖരൻ ഫസലിനെ ചേർത്തു പിടിച്ചു പറഞ്ഞു, ‘ഈ കുട്ടി എന്തുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടില്ല?’; ഇന്നദ്ദേഹത്തിന് അവനെ ഓർത്തെടുക്കാൻ പോലുമാവുന്നില്ല

സാമൂഹ്യനീതി വകുപ്പ് മാര്‍ച്ച് രണ്ടിന് പുറത്തിറക്കിയ ഉത്തരവിന്റെ ഒന്നും മൂന്നും പോയിന്റുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ വഞ്ചിക്കുന്ന നിര്‍ദ്ദേശങ്ങളുള്ളത്. ‘പഞ്ചായത്തുകളുടെ അതിര്‍ത്തി കണക്കാക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്തുപോയി താമസിക്കുന്നവരെ കൂടി പരിഗണിച്ച് മാനദണ്ഡമനുസരിച്ച് പരിശോധിച്ച് അര്‍ഹരായവരെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ലിസ്റ്റില്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കേണ്ടതാണ്‘ എന്നാണ് മൂന്നാമത്തെ പോയിന്റ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളെന്നത് നേരത്തെ നിശ്ചയിച്ച പതിനൊന്നെണ്ണമാണെന്നിരിക്കേ, പുതിയ ഒരു കൂട്ടിച്ചേര്‍ക്കലും നിലവിലെ ലിസ്റ്റില്‍ വരുന്നില്ല. അതിര്‍ത്തി പഞ്ചായത്തുകളിലെയും മറ്റിടങ്ങളിലേയും ദുരിത ബാധിതരെക്കൂടി ഉള്‍പ്പെടുത്തുക എന്നതായിരുന്നു സമിതിയുടെ പ്രധാന ആവശ്യം. അതിന്റെ കടയ്ക്കല്‍ത്തന്നെ കത്തിവച്ചിരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വലിയ നിരാശയാണ് സമരസമിതിക്കാര്‍ക്കുള്ളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജില്ല മുഴുവനായും പരിഗണിക്കണമെന്ന ആവശ്യവുമായി സമരം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി ശൈലജടീച്ചറും മന്ത്രി ചന്ദ്രശേഖരനും തന്നെ ഇത്തരമൊരു നീക്കത്തില്‍ പങ്കുചേര്‍ന്നതിനെക്കുറിച്ചും ഇവര്‍ ചോദിക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമേ മടങ്ങുകയുള്ളൂ എന്ന തീരുമാനമെടുത്തിരുന്നെങ്കില്‍ ഈ ചതി നേരിടേണ്ടിവരില്ലായിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു.

വിവരങ്ങള്‍ മധ്യസ്ഥന്‍ വഴി ധരിപ്പിച്ചതിനെത്തുടര്‍ന്ന് എം.വി ജയരാജന്‍ വിഷയത്തില്‍ വീണ്ടും ഇടപെടുകയും, വേണ്ടത് ചെയ്തു കൊടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അതിലും ഇവര്‍ക്ക് വിശ്വാസമില്ല. സര്‍ക്കാര്‍ ഓര്‍ഡര്‍ പോലും കൃത്യമായി അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ മറ്റു നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുമോയെന്നും ഇവര്‍ ചോദിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിലാണ് ഇനി ഇവരുടെ പ്രതീക്ഷ. യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രി ചന്ദ്രശേഖരനു മുന്നില്‍ തങ്ങളുടെ പക്ഷം വിശദീകരിക്കാനാകുമെന്ന് ഇവര്‍ കരുതുന്നുണ്ട്. അതല്ലെങ്കില്‍, മാര്‍ച്ച് 19 മുതല്‍ വീണ്ടും സമരരംഗത്തിറങ്ങാനാണ് പീഡിത മുന്നണിയുടെ തീരുമാനം. വര്‍ഷങ്ങള്‍ നീണ്ട സമരം അവസാനിപ്പിച്ചെന്നു പ്രഖ്യാപിച്ച് ആശ്വാസത്തോടെ മടങ്ങിപ്പോയ ഈ ജനത, വെറും ഒരു മാസക്കാലത്തിനു ശേഷം വീണ്ടും സമരരംഗത്തിറങ്ങേണ്ടിവന്നാല്‍ അത് ഒരിക്കലും നല്ല സന്ദേശമാവില്ല നല്‍കുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍