ബിന്ദു ശബരിമലയില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ നേരത്തെ പഠിച്ചിരുന്ന അഗളി സ്കൂളിലെ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും മകള്‍ ഭൂമിക്ക് ബുദ്ധിമുട്ടേറിയ അനുഭവങ്ങള്‍ ഉണ്ടായി
ശബരിമല പ്രവേശനത്തിനു ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്വകാര്യ സ്‌കൂള്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെയും ഭീഷണിയെയും തുടര്‍ന്നാണ് ബിന്ദുവിന്റെ മകള്‍ ഭൂമിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്‌കൂളധികൃതര്‍ നിലപാടെടുത്തത്. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നറിയിച്ച് തിങ്കളാഴ്ച രാവിലെ അഡ്മിഷനെടുക്കാനായി സ്‌കൂളിലെത്തിയ ബിന്ദുവിനെയും മകളെയും അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു.
നിലവില്‍ പഠിക്കുന്ന അഗളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മോശമായ അനുഭവങ്ങളുണ്ടായതിനാലാണ് മകള്‍ക്കു വേണ്ടി മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളന്വേഷിച്ചതെന്ന് ബിന്ദു പറയുന്നു. ബിന്ദു അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മകള്‍ ഭൂമി. ബിന്ദു ശബരിമലയില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ഭൂമിക്ക് ബുദ്ധിമുട്ടേറിയ അനുഭവങ്ങള്‍ ധാരാളമുണ്ടായിട്ടുള്ളതായും ബിന്ദു വിശദീകരിക്കുന്നുണ്ട്. തനിക്ക് തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം അവിടെയില്ലെന്ന് തിരിച്ചറിഞ്ഞ ഭൂമി തന്നെയാണ് മറ്റൊരു സ്‌കൂളിലേക്ക് മാറാണമെന്നാവശ്യപ്പെട്ടത്.
തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിക്കടുത്തുള്ള വിദ്യാവനം സ്‌കൂളില്‍ അഡ്മിഷനുവേണ്ടി എത്തിയ ബിന്ദുവിനും മകള്‍ക്കും പ്രതിഷേധക്കാരുടെ ബഹളം കാരണം തിരികെപ്പോരേണ്ടി വരികയായിരുന്നു. അറുപതോളമാളുകള്‍ അടങ്ങുന്ന സംഘമാണ് സ്‌കൂളിന്റെ ഗേറ്റു കടന്നെത്തി പ്രിന്‍സിപ്പാളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത്. മാധ്യമങ്ങളും വിളിച്ച് കാര്യമന്വേഷിച്ചു തുടങ്ങിയതോടെ അഡ്മിഷന്‍ നല്‍കാനാവില്ലെന്ന തീരുമാനം അധികൃതര്‍ അറിയിക്കുകയായിരുന്നെന്ന് ബിന്ദു പറയുന്നു.
‘നല്ല സ്‌കൂളാണെന്നറിഞ്ഞാണ് തമിഴ്‌നാട്ടിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മകളെ ചേര്‍ക്കാന്‍ തീരുമാനിച്ചത്. ആദ്യം അടുത്ത വര്‍ഷം മതിയോ എന്നു ചോദിച്ചിരുന്നെങ്കിലും പിന്നീട് സ്‌കൂളധികൃതര്‍ ഇന്ന് വന്ന് ക്ലാസിലിരുന്നോളാന്‍ പറയുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇക്കാര്യത്തിനായി രണ്ടു വട്ടം ഞങ്ങള്‍ സ്‌കൂളിലെത്തിയിരുന്നതാണ്. അന്നൊന്നും ഉണ്ടാകാതിരുന്ന പ്രതിഷേധമാണ് ഇന്നുണ്ടായത്. ഏതു വഴിക്കാണ് ഇന്ന് അവര്‍ക്ക് വിവരം കിട്ടിയതെന്നറിയില്ല. നേരത്തേ രണ്ടു തവണ പോയിവന്ന സ്ഥലമായതിനാല്‍ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അത് എന്നെയുദ്ദേശിച്ചുള്ളതാണെന്ന് മനസ്സിലായില്ല. പിന്നെ ശരിയല്ലാത്ത നോട്ടം കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. അഡ്മിഷന്റെ കാര്യം അന്വേഷിക്കാന്‍ വന്നതാണ്, തീര്‍ച്ചപ്പെടുത്തിയിട്ടില്ല എന്നൊക്കെ പറഞ്ഞാണ് സ്‌കൂളുകാര്‍ തടിയൂരിയത്.’
താനൊരു ആക്ടിവിസ്റ്റല്ല, എഡ്യൂക്കേഷനിസ്റ്റാണെന്നും ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌കൂളിലെ പ്രധാനാധ്യാപിക തന്നോടു പറഞ്ഞതെന്ന് ബിന്ദു പറയുന്നു. ‘ശബരിമല വിഷയം കഴിഞ്ഞ ശേഷം നോക്കാമെന്നാണ് അവര്‍ ഒടുവില്‍ പറഞ്ഞത്. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ലെന്നും ഇതൊരു ഇഷ്യൂ ആക്കരുതെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അട്ടപ്പാടിയിലുണ്ടെങ്കിലും സ്‌കൂളുകാരും നാട്ടുകാരും ഒപ്പമുള്ളതുകൊണ്ടും പാര്‍ട്ടിക്കാര്‍ ഇടപെട്ടതുകൊണ്ടും ഇതുവരെ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.’
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതറിഞ്ഞ് തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ‘അഗളിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്ലാഞ്ഞിട്ടാണോ ഇങ്ങോട്ടു വന്നത്’ എന്നും മറ്റും ചോദിച്ച് മോശമായാണ് അവരും പെരുമാറിയതെന്ന് ബിന്ദു പറഞ്ഞു. ശബരിമലയ്ക്കു പോയ കാര്യം പറയാഞ്ഞതെന്താണ് എന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും ബിന്ദുവിന് നേരിടേണ്ടി വന്നു. തന്റെ മകള്‍ക്ക് വിദ്യാവനം സ്‌കൂളില്‍ അഡ്മിഷന്‍ ശരിയായ കാര്യവും തിങ്കളാഴ്ച പോകുന്ന കാര്യവും അഗളി സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണോ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറിയിച്ചത് എന്ന സംശയവും ബിന്ദുവിനുണ്ട്. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയുടെ അമ്മ നടത്തുന്ന സ്‌കൂളാണ് വിദ്യാവനം.
ശബരിമലയില്‍ പ്രവേശിക്കാനാകാതെ തിരിച്ചിറങ്ങിയ അന്നു മുതല്‍ വളരെ ക്രൂരമായ അതിക്രമങ്ങളാണ് ബിന്ദുവിനു നേരെ നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട്ട് ബിന്ദു പഠിപ്പിച്ചിരുന്ന സ്‌കൂളിലും താമസിച്ചിരുന്ന പ്രദേശത്തും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമങ്ങളുണ്ടായിരുന്നു. അഗളി സ്‌കൂളിലെത്തിയ ശേഷവും വിദ്യാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ള നാമജപ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തൊഴിലിടങ്ങളിലും താമസസ്ഥലത്തും വേട്ടയാടപ്പെട്ടപ്പോഴും പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുപോകുകയായിരുന്നു ബിന്ദു. അതിനിടെയാണ് മകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.
അഗളി സ്‌കൂളില്‍ ഭൂമിക്കു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ബിന്ദു പറയുന്നതിങ്ങനെ: ‘സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഭൂമി പഠിച്ചുകൊണ്ടിരുന്നത്. അഗളി സ്‌കൂളില്‍ തിരിച്ചെത്താന്‍ തന്നെയായിരുന്നു അവള്‍ക്കുമിഷ്ടം. പക്ഷേ ഈ പ്രശ്‌നങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ അവളോട് കൂട്ടുകാരും അധ്യാപകരുമെല്ലാം വളരെ നെഗറ്റീവായാണ് ഇടപെട്ടുകൊണ്ടിരുന്നത്. ഭൂമിയുമായി അധികം അടുപ്പം വേണ്ടെന്ന് മറ്റു കുട്ടികളെ വീട്ടുകാര്‍ ഉപദേശിച്ചിട്ടൊക്കെയുണ്ട്. പതിവു പോലെ ഒരിക്കല്‍ കൂട്ടുകാരിയുടെ വീട്ടില്‍ച്ചെന്നപ്പോഴും ഭൂമിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. അവളുടെയൊപ്പം നടക്കരുതെന്നും വീട്ടിലേക്ക് വിളിക്കരുതെന്നുമൊക്കെയാണ് കൂട്ടുകാരിക്ക് അന്നു കിട്ടിയ നിര്‍ദ്ദേശം. ഭൂമിയെ കൂട്ടാന്‍ ഞാന്‍ ആ വീട്ടില്‍ ചെന്നതൊക്കെ അവര്‍ക്കു വലിയ പ്രശ്‌നമായി.
ആദ്യ ഘട്ടത്തില്‍ ഭൂമിയും അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തിരുന്നു. അമ്മയെപ്പോലാകരുത് എന്നൊക്കെയായിരുന്നു കൂട്ടുകാര്‍ അവളോട് പറഞ്ഞിരുന്നത്. അത്രനാളും വളരെ പോസിറ്റീവായി ഇടപെട്ടിരുന്ന ക്ലാസ് ടീച്ചര്‍ വരെ അവളോട് ദേഷ്യപ്പെട്ടും അപമാനിച്ചും സംസാരിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അടിച്ച് കൈപൊട്ടിക്കുക വരെ ചെയ്തു. അന്ന് ഞാന്‍ അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അത്രനാളും കുട്ടികള്‍ക്കു നേരെ വടിയെടുക്കാതിരുന്ന മനുഷ്യനാണ്. അവര്‍ക്ക് എന്നോടുള്ള ദേഷ്യം എന്റെ മേല്‍ തീര്‍ക്കാന്‍ പറ്റില്ലല്ലോ. അതു പറഞ്ഞു തീര്‍ത്തതിനു ശേഷം വീണ്ടും ഇത്തരത്തില്‍ ഒരനുഭവമുണ്ടായപ്പോഴാണ് ഇനി ആ സ്‌കൂളിലേക്കില്ലെന്ന് ഭൂമി തറപ്പിച്ചു പറഞ്ഞത്. വേണമെങ്കില്‍ എനിക്ക് ഇയാള്‍ക്കെതിരെ പരാതിയൊക്കെ കൊടുക്കാമായിരുന്നു. പക്ഷേ നമ്മളെപ്പോഴും പ്രശ്‌നക്കാരാണെന്ന് വരരുതല്ലോ എന്നു വച്ച് ചെയ്തില്ല.’
ഇത്രയേറെ ബുദ്ധിമുട്ടുകളുണ്ടാക്കിയ അഗളി സ്‌കൂളില്‍ ഇനി പഠിക്കേണ്ടെന്ന തീരുമാനത്തിലാണ് ഭൂമി. ഭൂമി പ്രവേശന പരീക്ഷ എഴുതാന്‍ പോയ സമയത്താണ് വിദ്യാവനം സ്‌കൂളില്‍ പ്രതിഷേധക്കാരുടെ പ്രശ്‌നമുണ്ടായത്. പുതിയ സ്‌കൂളിനോടുള്ള ഇഷ്ടത്തോടും ആഗ്രഹത്തോടുമാണ് ഭൂമി പോയതെന്നും, കുഴപ്പമില്ലെന്നു പറയുന്നുണ്ടെങ്കിലും വിഷമത്തിലാണെന്നും ബിന്ദു പറയുന്നു. മറ്റു വഴികളില്ലെങ്കില്‍ ഭൂമിയെ മൂന്നു മാസം വീട്ടിലിരുത്തി പഠിപ്പിച്ച് വര്‍ഷാവസാന പരീക്ഷ മാത്രമെഴുതിച്ച ശേഷം ബാക്കിയെല്ലാം അടുത്ത വര്‍ഷമാലോചിക്കാം എന്ന നിലപാടിലാണ് ബിന്ദുവിപ്പോള്‍.
‘എന്റെ സ്‌കൂളില്‍ വന്നു നാമം ജപിച്ചാല്‍ എനിക്കൊന്നുമില്ല. കുട്ടികളെ തൊട്ടാലാണ് പൊള്ളുക എന്നറിയാം ഇവര്‍ക്ക്. മാധ്യമങ്ങളില്‍ ചര്‍ച്ചയായില്ലെങ്കില്‍ പത്രസമ്മേളനം വിളിക്കണമെന്നാണ് എല്ലാവരും പറയുന്നത്. വിദ്യാഭ്യാസം നിഷേധിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഇതിനിടെ എത്രയോ അനുഭവിച്ചു. വീടു മാറുമ്പോള്‍ സാധനം ഇറക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. കാഷ്വല്‍ ലീവെടുത്താല്‍പ്പോലും സ്‌കൂളില്‍ അധ്യാപകര്‍ പ്രശ്‌നമാക്കും. ഇത്രയായിട്ടും ഇതുവരെ എനിക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം അവര്‍ക്കുണ്ടാകും. ബാക്കിയുള്ള മൂന്നു മാസം ലീവെടുത്ത് വീട്ടിലിരുന്നാലോ എന്നുപോലുമാലോചിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടാകരുതല്ലോ എന്നോര്‍ത്തു മാത്രമാണ് അങ്ങിനെയൊരു തീരുമാനമെടുക്കാത്തത്.’