UPDATES

പാലാരിവട്ടം പാലം: പുതുക്കിപ്പണിയണമെന്ന് വിജിലന്‍സ് എഫ്ഐആർ; ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കണം

കേസിൽ നേരത്തെ മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ കെഎംആർഎൽ എംഡിയാണ് ഹനീഷ്.

പാലാരിവട്ടം പാലത്തിന്റെ സ്ഥിതി അതീവഗുരുതരമാണെന്ന് പറയുന്ന വിജിലൻസ് എഫ്ഐആറിന്റെ വിശദാംശങ്ങൾ പുറത്ത്. പാലം പുതുക്കിപ്പണിയണമെന്നാണ് എഫ്ഐആർ‌ പറയുന്നത്. നിലവിൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്നും പുതുക്കിപ്പണിയുക തന്നെ വേണമെന്നും വിജിലൻസ് നിർദ്ദേശിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ ഇപ്പോഴത്തെ അറ്റകുറ്റപ്പണികൾ കൊണ്ട് കാര്യമൊന്നുമില്ല. പാലം പുതുക്കിപ്പണിയുന്നതിന്റെ ചെലവ് കരാറുകാരിൽ നിന്നു തന്നെ ഈടാക്കണമെന്ന നിർദ്ദേശവും എഫ്ഐആറിലുണ്ട്.

17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും വിജിലൻസ് നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഇതിൽ പാലം നിർമാണത്തിന്റെ ചുമതലയുണ്ടായിരുന്ന കേരള റോഡ്സ് ആൻഡ് ബിവറേജസ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷും ഉൾപ്പെടുന്നു. പാലം നിർമിച്ച കമ്പനിയായ ആർഡിഎസ്സിന്റെ എംഡി സുജിത്ത് ഗോയലാണ് ഒന്നാംപ്രതിയെന്നും എഫ്ഐആർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസമാണ് വിജിലൻസ് എഫ്ഐആർ മുവ്വാറ്റുപുഴ വിജിലന്‍സ് കോടതിയിൽ സമർപ്പിച്ചത്. ആകെ അഞ്ചുപേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചത്.

പാലത്തിനുപയോഗിച്ച സാമഗ്രികൾ മോശം നിലവാരത്തിലുള്ളവയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവർ കൊച്ചിയില്‍ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ആവശ്യത്തിന് സിമന്റും കമ്പിയും പോലും ഉപയോഗിക്കാതെയാണ് നിർമാണം നടന്നിരിക്കുന്നത്. സാങ്കേതികമായ പോരായ്മകൾ വേറെയും. തൂണുകളുടെ ബെയറിങ്ങുകൾക്ക് തകരാറുണ്ട്. ഡിസൈനും അബദ്ധമാണ്.

രൂപരേഖയിലെ പിഴവ് കിറ്റ്കോയും ആർബിഡിസികെയും കണ്ടെത്തിയിരുന്നില്ല. ഇത് വലിയ വീഴ്ചയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറയുകയുണ്ടായി. ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം നിർമിക്കാനുളള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്ന ആരോപണവും നിലവിലുണ്ട്.

കേസിൽ നേരത്തെ മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ കെഎംആർഎൽ എംഡിയാണ് ഹനീഷ്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പാലംപണിയുടെ ഭൂരിഭാഗവും നടന്നത്. വികെ ഇബ്രാഹിംകുട്ടിയായിരുന്നു പൊതുമരാമത്ത് മന്ത്രി. പിന്നീട് പിണറായി സർക്കാർ നിലവിൽ വന്നതിനു ശേഷം പാലത്തിന്റെ ഉദ്ഘാടനം നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍