UPDATES

ട്രെന്‍ഡിങ്ങ്

തോമസ്‌ ചാണ്ടിക്കുള്ള കുരുക്ക് മുറുകുന്നു; കേസെടുക്കാന്‍ വിജിലന്‍സ് നിയമോപദേശം തേടി

കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് തുറമുഖ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് റോഡ് ടാറിങ് നടത്തി, അഞ്ചേക്കര്‍ കായല്‍ കയ്യേറി, നിലംനികത്ത് തുടങ്ങിയ ആരോപണങ്ങളാണ് ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്

ഭൂമി കയ്യേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം ആവശ്യപ്പെട്ടിരിക്കുന്നത്. കേസെടുത്താല്‍ ഏതെല്ലാം വകുപ്പുകള്‍ മന്ത്രിയ്‌ക്കെതിരെ ചുമത്താനാവുമെന്ന കാര്യവും വിജിലന്‍സ് ആരാഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.

കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് തുറമുഖ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് റോഡ് ടാറിങ് നടത്തി, അഞ്ചേക്കര്‍ കായല്‍ കയ്യേറി, നിലംനികത്ത് തുടങ്ങിയ ആരോപണങ്ങളാണ് ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ പേരിലുള്ള ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ റിസേര്‍ട്ടിന് നിര്‍മ്മാണാനുമതി നല്‍കിയത് സംബന്ധിച്ച 32 രേഖകള്‍ ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ നിന്ന് കാണാതാവുകയും ചെയ്തിരുന്നു. റിസോര്‍ട്ടില്‍ റവന്യൂ വകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചതിന് ശേഷമാണ് ഫയലുകള്‍ കാണാതായതെന്നത് പലരിലും സംശയം ജനിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഫയല്‍ നഗരസഭാ കാര്യാലയത്തില്‍ തിരിച്ചെത്തി. എന്നാല്‍ 32 രേഖകളില്‍ 18 എണ്ണം മാത്രമാണ് തിരികെയെത്തിയത്. ഇപ്പോള്‍ കണ്ടുകിട്ടിയ ഫയലില്‍ റിസോര്‍ട്ടിന്റെ ആധാരവും കരമടച്ച രസീതുമില്ല. ഈ രേഖകള്‍ ഒഴിവാക്കി ഫയല്‍ തിരിച്ചെത്തിച്ചതാണെന്നും ആരോപണമുണ്ട്. ചാണ്ടി നടത്തിയ തിരിമറികള്‍ക്ക് പിന്നില്‍ ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടെന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഫയല്‍ കാണാതായതിനും തിരിച്ചെത്തിയതിനും പിന്നില്‍ നഗരസഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ടെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

എന്നാല്‍ അതേസമയം താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭൂമി കയ്യേറിയിട്ടില്ലെന്നുമാണ് മന്ത്രി തോമസ് ചാണ്ടിയുടെ നിലപാട്. ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവുമോയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍