UPDATES

സ്ത്രീകളുടെ സാക്ഷിക്ക് പുല്ലുവില; ആണുങ്ങളുടെ ഒപ്പിന് മാത്രം വിലയുള്ള നമ്മുടെ വില്ലേജ് ഓഫീസുകള്‍

കുട്ടനാട് കൈനകരിയില്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയ സുകന്യയുടെ അനുഭവം കേള്‍ക്കുക

സ്ത്രീകളുടെ സാക്ഷിക്ക് വിലയില്ല. റവന്യൂ വകുപ്പിന് സാക്ഷികളായി പുരുഷന്‍മാര്‍ തന്നെ വേണം. ഇത് നിയമമല്ല. കാലാകാലങ്ങളായി റവന്യൂ വകുപ്പില്‍ തുടര്‍ന്ന് പോരുന്ന ആചാരം. സ്ത്രീകളായ സാക്ഷികളെ സര്‍ക്കാര്‍ അംഗീകരിക്കില്ല എന്ന മുടന്തന്‍ ന്യായം നിരത്തി വില്ലേജ് ഓഫീസുകള്‍ മുതലുള്ള റവന്യൂ ഓഫീസുകളില്‍ തുടരുന്ന ഈ കീഴ്‌വഴക്കം ഒന്നാംനമ്പര്‍ പുരോഗമന കേരളത്തിലാണ്.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിലോ പരാതികളിലോ സാക്ഷികളായി സ്ത്രീകളെ അംഗീകരിക്കില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നയം. സ്ത്രീകളെ സാക്ഷികളായി സ്വീകരിക്കേണ്ട എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു എന്നാണ് ചില ഉദ്യോഗസ്ഥര്‍ ഇതിന് കണ്ടെത്തുന്ന ന്യായം. എന്നാല്‍ സര്‍ക്കുലര്‍ ഏതാണെന്നോ ഏത് കാലത്ത് ഇറങ്ങിയതാണെന്നോ ഒന്നും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. കാലങ്ങളായി ചിലര്‍ അനുവര്‍ത്തിച്ച് പോരുന്ന അതേ രീതികള്‍ ഇന്നും തുടരുന്നു.

കുട്ടനാട് കൈനകരിയില്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയ സുകന്യയുടെ അനുഭവം കേള്‍ക്കുക: “ഒഴുകിപ്പോയ ഗ്യാസ് സിലിണ്ടറിന് പകരം കിട്ടാന്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് തവണ നടത്തിച്ച് കഴിഞ്ഞപ്പോള്‍ അയല്‍സാക്ഷികളുടെ ഒപ്പും ഇടുവിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ അയല്‍വീടുകളിലെ ഒരു ചേച്ചിയുടെയും പ്രായമായ അമ്മയുടേയും ഒപ്പും ഇടീച്ച് വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ആദ്യം അവര്‍ക്ക് സാക്ഷികളെ നേരില്‍ കാണണമെന്നു പറഞ്ഞു. വെള്ളം മുങ്ങിയ സ്ഥലത്തുനിന്ന് ഒരു വിധം അവരെ വില്ലേജ് ഓഫീസില്‍ എത്തിച്ചപ്പോള്‍ അവര്‍ സ്ത്രീകളുടെ സാക്ഷി സ്വീകരിക്കില്ല എന്ന്. ആണുങ്ങള്‍ തന്നെ വേണം, ആണുങ്ങളുടെ സാക്ഷിയേ പറ്റത്തൊള്ളൂ എന്ന്. ഭാഗ്യത്തിന് പരിചയമുള്ള രണ്ട് പിള്ളേര്‍ ആ സമയത്ത് ഓഫീസില്‍ വന്നു. അവരോട് പറഞ്ഞപ്പോള്‍ ഒപ്പിട്ടു തന്നു. തൊട്ടുപറ്റെ താമസിക്കുന്ന സ്ത്രീകള്‍ പറയുന്നതിനേക്കാള്‍ വിശ്വാസം അവര്‍ക്ക് ഞങ്ങളെ പരിചയം മാത്രമുള്ള ആണുങ്ങളിലാണ്.”

സുകന്യയുടെ ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ കൈനകരി തെക്ക് വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍, “സ്ത്രീകളുടെ സാക്ഷി സര്‍ക്കാര്‍ സ്വീകരിക്കില്ല. പുരുഷന്‍മാര്‍ തന്നെ വേണം. അത് നിയമമാണ്. ഞങ്ങള്‍ക്ക് നിയമം ലംഘിച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല” എന്നാണ് അവര്‍ നല്‍കിയ മറുപടി. എന്നാല്‍ ഇതേ രീതി എല്ലായിടത്തും തുടരുന്നു എന്ന് പറയാനുമാവില്ല. റവന്യൂ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ ഈ കീഴ്‌വഴക്കത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വരികയും സ്ത്രീകളുടെ ഉള്‍പ്പെടെ സാക്ഷിപത്രം സ്വീകരിക്കുകയും ചെയ്യാറുണ്ട്. കോഴിക്കോട് ജില്ലയിലെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും സ്ത്രീകളെ സാക്ഷികളായി സ്വീകരിക്കാറുണ്ടെന്ന് വില്ലേജ് ഓഫീസറായ റഹിം പറയുന്നു. എന്നാല്‍ താന്‍ എറണാകുളം ജില്ലയില്‍ ജോലി നോക്കുന്ന സമയം സ്ത്രീകളുടെ സാക്ഷ്യം തള്ളിക്കൊണ്ട് പുരുഷന്‍മാര്‍ വേണമെന്ന കടുംപിടുത്തം കണ്ടിട്ടുണ്ടെന്നും റഹിം പറഞ്ഞു.

Also Read: ആ കുടുങ്ങി കിടന്ന ഫയലുകളില്‍ ഒന്നായിരുന്നു ജോയിയുടെ ജീവിതവും…

റവന്യൂ റിക്കവറി സംബന്ധിച്ച രേഖകളില്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നതെന്നാണ് ചില റവന്യൂ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. മറ്റെല്ലാത്തിലും ഇതേ രീതി തുടരുന്നത് നിയമപരമായ അടിസ്ഥാനങ്ങളൊന്നും ഇല്ലാതെയാണെന്നും ഇവര്‍ പറയുന്നു. പെരുമ്പാവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ നാസര്‍ പറയുന്നത്, “ഞാന്‍ വില്ലേജ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഇത്തരം രീതികള്‍ പലരും പിന്തുടരുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും അതിനനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സംവരണം വരെ നല്‍കിയ നാട്ടിലാണ് സ്ത്രീകളുടെ സാക്ഷിക്ക് വിലയില്ലെന്ന് പറയുന്നത്. ഇത് ശുദ്ധ മാടമ്പിത്തരവും മര്‍ക്കടമുഷ്ടിയുമാണ്. യാതൊരു നിയമത്തിന്റെയും അടിസ്ഥാനത്തിലല്ല ഉദ്യോഗസ്ഥര്‍ ഇത്തരമൊരു വ്യവസ്ഥ വയ്ക്കുന്നത്. നിലനില്‍ക്കുന്ന ഒരു സര്‍ക്കുലറോ ഉത്തരവോ ഇല്ല. റവന്യൂ റിക്കവറി ആക്ട് പ്രകാരം ആര്‍ആര്‍ നോട്ടീസ് അയക്കുമ്പോള്‍ മാത്രം വീടുകളിലെ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്ക് അയയ്ക്കണം എന്നുണ്ട്. പണമീടാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്ളതിനാല്‍ അതിലേക്ക് സ്ത്രീകളെ വലിച്ചിഴക്കാതിരിക്കാനാണ് അതെന്നാണ് മനസ്സിലായിട്ടുള്ളത്. മറ്റൊരു കാര്യത്തിനും ഇത് ബാധകമല്ല. പക്ഷെ വസ്തു തര്‍ക്കം മുതലുള്ള എല്ലാ കാര്യങ്ങളിലും ചില ഉദ്യോഗസ്ഥര്‍ പുരുഷന്‍മാരുടെ മാത്രം സാക്ഷി കണക്കിലെടുത്താല്‍ മതിയെന്ന തീരുമാനം എടുത്തിട്ടുണ്ട്. ചെയ്യുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് പലര്‍ക്കും അറിവുള്ളതുമാണ്. പക്ഷെ ഇപ്പോഴും ഉദ്യോഗസ്ഥര്‍ ആ ഒരു വളയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ തയ്യാറായിട്ടുമില്ല.”

സ്ത്രീക്കും പുരുഷനും തുല്യ നീതിയും അവകാശവും നല്‍കുന്ന ഭരണഘടനക്ക് എതിരാണ് കേരളത്തിലെ റവന്യൂ വകുപ്പിന്റെ ഈ കീഴ്‌വഴക്കം എന്നറിയാഞ്ഞിട്ടല്ല, “മുന്നില്‍ വരുന്നയാളെ എങ്ങനെ സഹായിക്കാം എന്ന് ശ്രമിക്കുന്നതിന് പകരം കാര്യങ്ങളെ എത്രത്തോളം സങ്കീര്‍ണമാക്കി ആളുകളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ നോക്കുന്നത്” എന്നാണ് നാസര്‍ പറയുന്നത്.

Also Read: ഫയലിലെ ജീവിതം; പിണറായിയുടെ ജൂണ്‍ പ്രസംഗത്തിന് മരണംകൊണ്ട് ഒരു കര്‍ഷകന്‍റെ ഓര്‍മ്മപ്പെടുത്തല്‍

ആ കുടുങ്ങി കിടന്ന ഫയലുകളില്‍ ഒന്നായിരുന്നു ജോയിയുടെ ജീവിതവും…

ഫയലിലെ ജീവിതം; പിണറായിയുടെ ജൂണ്‍ പ്രസംഗത്തിന് മരണംകൊണ്ട് ഒരു കര്‍ഷകന്‍റെ ഓര്‍മ്മപ്പെടുത്തല്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍