UPDATES

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

ഡിസംബര്‍ പതിമൂന്നാം തീയതി തിരുവനന്തപുരം വെങ്ങാനൂരുള്ള അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും എരുമേലി വരെയാണ് വില്ലുവണ്ടി യാത്ര

ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ ആചാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വച്ച് ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ ‘വില്ലുവണ്ടി യാത്ര’ സംഘടിപ്പിക്കുന്നു. ഡിസംബര്‍ പതിമൂന്നാം തീയതി തിരുവനന്തപുരം വെങ്ങാനൂരുള്ള അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും എരുമേലി വരെയാണ് വില്ലുവണ്ടി യാത്ര നടത്തുന്നത്. അരുവിപ്പുറം, വൈക്കം, പൊയ്കയില്‍ അപ്പച്ചന്‍ സ്മൃതിമണ്ഡപം, വൈപ്പിന്‍ തുടങ്ങിയ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്നും ജനകീയ കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വില്ലുവണ്ടികളും പദയാത്രകളും കലാജാഥ സംഘങ്ങളും എരുമേലിയില്‍ ഒത്തുചേര്‍ന്ന് റാലിയും പൊതുസമ്മേളവും നടത്തുമെന്നും വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന ആദിവാസി അവകാശ പുനഃസ്ഥാപന സമിതിക്ക് വേണ്ടി എം. ഗീതാനന്ദനും സണ്ണി എം കപിക്കാടും അറിയിച്ചു.

ഈ നവോത്ഥാന യാത്രയില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും ഭരണഘടനയില്‍ വിശ്വസിക്കുന്നവരും നീതി പുലര്‍ന്നു കാണമെന്ന് ആഗ്രഹിക്കുന്നവരുമായ എല്ലാവരും പങ്കെടുക്കുമെന്നും എല്ലാവിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ഒരു നവോത്ഥാന മുന്നേറ്റമാണ് സംഘടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ പ്രതിരോധ പരിഷ്‌കരണ പരിപാടിയുടെ ഉജ്ജ്വല വിജയത്തിന് മുഴുവന്‍ ആദിവാസി, ദളിത്, പിന്നോക്ക സംഘടനാ പ്രതിനിധികളും, ജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ബ്രാഹ്മണ്യത്തെ കുടിയിറക്കണം, ശബരിമലയുടെ അവകാശം ആദിവാസികള്‍ക്ക്

നവോത്ഥാന കേരളത്തിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന വില്ലുവണ്ടി യാത്ര ശബരിമല വിഷയത്തില്‍ നടത്തുന്നതിന്റെ സാഹചര്യവും ആവശ്യവും വിശദമാക്കുന്നുണ്ട് ആദിവാസി അവകാശ സമിതിക്കു വേണ്ടി ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. അദ്ദേഹത്തിന്റെ വാക്കുകള്‍: “ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്ത്രി കുടുംബവും പന്തളം രാജകുടുംബവും, ശബരിമലയില്‍ അവര്‍ക്ക് ആചാരപരമായി അവകാശങ്ങള്‍ ഒന്നുമില്ലെന്ന് ഇരിക്കില്‍പ്പോലും തങ്ങള്‍ ഇപ്പോള്‍ കൈയാളുന്ന അധികാരം അരക്കിട്ട് ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. സേവ് ശബരിമല മൂവ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നതും ആ അധികാരം നിലനിര്‍ത്തലാണ്. ശബരിമലയുടെ ഉടമസ്ഥതയും തീരുമാനം എടുക്കാനുള്ള അവകാശവും സവര്‍ണ സമൂഹങ്ങള്‍ക്കാണെന്ന് ഉറപ്പിക്കാനാണ് സേവ് ശബരിമല മൂവ്‌മെന്റ് ശ്രമിക്കുന്നത്. ബ്രാഹ്മണ്യത്തെ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ട് വഴികളാണ് നമുക്ക് മുന്നിലുള്ളത്. ഒന്ന്, ഇന്ത്യന്‍ ഭരണഘടനാ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിം കോടതി വിധി നടപ്പാക്കുക എന്ന് ആവശ്യപ്പെടുക. രണ്ട്, ശബരിമലയിലെ തങ്ങളുടെ ആചാരാവകാശങ്ങള്‍ പുന:സ്ഥാപിക്കാന്‍ ആദിവാസികളെ പിന്തുണയ്ക്കുക.

ബ്രാഹ്മണ്യ അധിനിവേശത്തിന്റെ ചരിത്രം പറയാന്‍ ശബരിമലയ്ക്കുണ്ട്. കാനനക്ഷേത്രമായിരുന്ന ശബരിമല വര്‍ഷങ്ങളോളം ആദിവാസികളുടെ കൈവശമായിരുന്നു. അവിടേക്ക് ബ്രാഹ്മണാധിപത്യം കടന്നുവന്നതിന്റെ രേഖകളും തെളിവുകളുമാണ് ആദിവാസികള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1902-ല്‍ മാത്രമാണ് ശബരിമലയിലേക്ക് തന്ത്രി കുടുംബം എത്തുന്നത്. അതിനുശേഷമാണ് മലയരന്മാര്‍ക്കും മലമ്പണ്ടാരങ്ങള്‍ക്കുമെല്ലാം ഉണ്ടായിരുന്ന ആചാരാവകാശങ്ങള്‍ ഓരോന്നായി തന്ത്രവിദ്യയുടെയും പ്രശ്‌നവിധിയുടെയുമെല്ലാം ഭാഗമായെന്നു പറഞ്ഞ് കവര്‍ന്നെടുത്തത്. വളരെ ബോധപൂര്‍വമായിട്ടാണ് ആദിവാസികളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്തത്. ശബരിമലയില്‍ അടക്കം 18 മലകളില്‍ താമസിച്ചിരുന്ന ആദിവാസികളെ അവിടെ നിന്നെല്ലാം അടിച്ചോടിക്കുകയായിരുന്നു. അതിന്റെയെല്ലാം ചരിത്രം ആദിവാസികള്‍ പറയും. ഇത് ശബരിമലയിലെ മാത്രം കാര്യമല്ല. കേരളത്തില്‍ എമ്പാടും കീഴാള സമൂഹത്തിന്റെ കൈവശം ഉണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ ആധിപത്യം നടത്തി ബ്രാഹ്മണ പൂജാരികളെ വാഴിക്കുന്ന പദ്ധതികള്‍ പതിറ്റാണ്ടുകളായി നടന്നു വരുന്നുണ്ട്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ശബരിമല.

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര വഴി ബ്രാഹ്മണ്യത്തെ അവിടെ നിന്നും കുടിയിറക്കുക എന്നതാണ്. തങ്ങള്‍ക്ക് ശബരിമലയിലുള്ള അവകാശം തിരിച്ചുകിട്ടാന്‍ വേണ്ടി ആദിവാസികള്‍ നേരിട്ട് രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ആദിവാസി അവകാശം പുനഃസ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ അവിടെ നിന്നും ഒഴിപ്പിക്കാനും വേണ്ട പിന്തുണ കൊടുക്കാന്‍ വേണ്ടിയാണ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന വില്ലുവണ്ടി യാത്രയും അതോടൊപ്പം മറ്റ് നവോത്ഥാന യാത്രകളും സംഘടിപ്പിക്കുന്നത്. എരുമേലിയില്‍ വിപുലമായൊരു ജനാധിപത്യ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഇതില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ മാത്രമല്ല പങ്കെടുക്കേണ്ടത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍, ഭരണഘടന മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍, സമൂഹത്തില്‍ നീതി പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം പങ്കെടുക്കേണ്ട കണ്‍വന്‍ഷന്‍ ആണിത്.

ഇതൊരിക്കലും വിശ്വാസികള്‍ക്കെതിരായ നീക്കമല്ല. വിശ്വാസികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്നാണ് പറയാനുള്ളത്. ശബരിമല ക്ഷേത്രം നോക്കിനടത്തിയിരുന്ന ആദിവാസികള്‍ക്ക് ആ അവകാശം പുനഃസ്ഥാപിച്ച് കിട്ടുക, ബ്രാഹ്മണ്യത്തെ അവിടെ നിന്നും കുടിയിറക്കുക- ഇവയാണ് ആവശ്യം. ശബരിമലയില്‍ ഉണ്ടായത് ബോധപൂര്‍വമായ പിടിച്ചെടുക്കലും അധിനിവേശവുമാണ്. അതുകൊണ്ട് തന്നെ ആദിവാസികളുടെ അവകാശം അംഗീകരിച്ച് കിട്ടാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ശബരിമല വിശ്വാസികളും തയ്യാറാകണം. സ്റ്റേറ്റിനെ വെല്ലുവിളിച്ചു കൊണ്ട് തങ്ങളുടെ അധികാരം നിലനിര്‍ത്താനാണ് മറുവിഭാഗം ശ്രമിക്കുന്നത്. അതൊരിക്കലും അംഗീകരിച്ചു കൊടുക്കരുത്. അതുകൊണ്ട് തന്നെ എരുമേലിയില്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ വിശാല വേദിയില്‍, ‘ശബരിമലയില്‍ ആദിവാസികളുടെ അവകാശം പുനസ്ഥാപിക്കുക, ഇന്ത്യന്‍ ഭരണഘടന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നോട്ടു പോണം.

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമാണോ? ഇതാണ് വസ്തുതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍