UPDATES

ട്രെന്‍ഡിങ്ങ്

തിരുനെല്ലിക്കാടുകളില്‍ വിഷു സ്വര്‍ണവര്‍ണങ്ങളെഴുതുമ്പോള്‍ കഥകളുമായി അവര്‍ ഗ്രാമങ്ങളിലെത്തും

തിരുനെല്ലിലെ വിഷു ഉത്സവം ഗോത്രനാടിന്റെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.

കണിക്കൊന്നക്കാട് പൂക്കുമ്പോഴാണ് കാടിനുള്ളില്‍ വിഷു വരവറിയുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ വന്‍മരങ്ങള്‍ പോലും ഇലപൊഴിച്ചിടുമ്പോള്‍ കൊന്ന മാത്രം പൂത്തുലയും. തിരുനെല്ലിക്കാടുകളില്‍ സ്വര്‍ണ്ണ വര്‍ണ്ണങ്ങളെഴുതി ഒരു വിഷുക്കാലം കൂടി എത്തുന്നു. കാടിനുള്ളിലെ കാട്ടുനായ്ക്കര്‍ക്കും തേന്‍കുറുമര്‍ക്കുമെല്ലാം വിഷുക്കാലം വേറിട്ടൊരു ആഘോഷത്തിന്റേതാണ്. കേരളത്തിലെ വിഷു ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ കാടിനുള്ളില്‍ നിന്നും വിഷുക്കളിയുമായി ഇവര്‍ ഗ്രാമത്തിലേക്കിറങ്ങും. കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ തോല്‍പ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കര്‍ഷകനാടിന്റെ മറ്റൊരു വര്‍ഷാരംഭത്തിലേക്ക് ഇവരും വന്നണയുന്നത്. അതുവരെയും പുറം ലോകവുമായി കൂടുതലൊന്നും ഇടപെഴകാത്ത മുതിര്‍ന്ന തലമുറകളില്‍ നിന്നും വിഭിന്നമായി വിഷുക്കാലത്തുമാത്രം ഇവര്‍ അനുഷ്ഠാനങ്ങളുമായി ഇന്ന് പുറത്തേക്കിറങ്ങുന്നു. കാടിനുള്ളില്‍ തളിര്‍ത്ത കണിക്കൊന്ന ശരീരമാകെ വെച്ചുകെട്ടി അതുകൊണ്ട് തന്നെ കിരീടമണിഞ്ഞ്, മുഖത്താകെ ചായമെഴുതിയാണ് ഇവര്‍ താളത്തിനൊത്ത ചുവടുമായി ഇറങ്ങുക. പത്ത് പതിനഞ്ച് പേര്‍ അണിനിരക്കുന്ന സംഘം. ഒരു മുഴം നീളത്തിലുള്ള കമ്പ് എല്ലാവരുടെയും കെയ്യിലുണ്ടാകും. കന്നഡയും മലയാളവും കലര്‍ന്ന ലിപിയില്ലാത്ത ഗോത്രഭാഷയില്‍ ഇവര്‍ വിഷുപ്പാട്ട് പാടി കോല്‍ക്കളി തുടങ്ങും. ചടുലമായ വേഗത്തില്‍ വലം ചുറ്റി ദൈര്‍ഘ്യമേറിയ വിഷുക്കളി അങ്ങനെ അരങ്ങേറും.

വിഷുവിന് ഒരാഴ്ച മുമ്പാണ് കാട്ടുനായ്ക്കര്‍ കോടാങ്കിയാട്ടത്തിന് വൃതാനുഷ്ഠാനങ്ങളോടെ ഒരുങ്ങുക. ദേഹത്താകെ കരിയും ചായങ്ങളും തേച്ച് പിടിപ്പിച്ച് നിറയെ കണിക്കൊന്നകളും വെച്ചുകെട്ടിയാണ് വീടുവീടാന്തരം ഇവര്‍ ആട്ടത്തിനായി കയറിയിറങ്ങുക. ശിവ പാര്‍വ്വതിമാരെ സങ്കല്‍പ്പിച്ച് സ്ത്രീ വേഷം കെട്ടിയ പുരുഷന്‍മാരും കൂടെയുണ്ടാകും. ദക്ഷിണയായി സ്വീകരിച്ച തുകയെല്ലാം പെരുമാളിന്റെ സന്നിധിയിലെത്തി വിഷുദിവസം കണികണ്ട് ഇവര്‍ വീതിച്ചെടുക്കുന്നു.

കാര്‍ഷിക ഉത്സമായ വിഷുവിന് കാടിന്റെയും കാഴ്ചകളാണ് ഇവര്‍ പാട്ടിലൂടെ പറയുന്നത്. മുമ്പ് കാലത്ത് കാടിറങ്ങി കര്‍ഷകരായ ജന്മിമാരുടെ വീട്ടുമുറ്റത്തായിരുന്നു ഇവര്‍ വിഷുക്കളിയുമായി എത്തുക. വിഷുവിന്റെ നാല് നാള്‍ മുന്നെ ഇവര്‍ വിഷുക്കളി തുടങ്ങും. ഗ്രാമവും ഗ്രാമക്കവലകളും പിന്നിട്ട് വിഷുദിവസം തിരുനെല്ലി പെരുമാളിന്റെ സന്നിധിയിലാണ് ഇവര്‍ വിഷുക്കളി അവസാനിപ്പിക്കുക.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിന്നും മറ്റും ആക്രമണങ്ങളെ ഭയന്ന് ഒരു കാലത്ത് പലായനം ചെയ്തവരാണ് വയനാടന്‍ അതിര്‍ത്തികളിലെ കാടിനുള്ളില്‍ എത്തിച്ചേര്‍ന്നത്. പിന്നെ ഇവരുടെ തലുമറകള്‍ ഇവിടെ തന്നെ പുതിയ ജീവിതം മെനഞ്ഞെടുത്തു. കര്‍ഷകനാടിന്റെ അനുഷ്ഠാനങ്ങളെയെല്ലാം പിന്നീട് ഇവരും സ്വീകരിക്കുകയായിരുന്നു.

വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. ഇവിടുത്തെ വിഷുക്കണിയാണ് പ്രധാനം. കാട് കടന്നാണ് കണിദര്‍ശനത്തിനായി ഇവിടെയത്തുക. ഇവിടുത്തെ വിഷുക്കാഴ്ചകളും കാര്‍ഷിക വയനാടിന്റെ സമൃദ്ധിയാണ്. വനമദ്ധ്യത്തിലെ ഈ പൗരാണികമായ ക്ഷേത്രത്തില്‍ വിഷുവിന് അതിരാവിലെ നന്മയുടെ കണികാണാന്‍ തലേദിവസം തന്നെ നിരവധിയാളുകള്‍ വിദൂരത്തു നിന്നു പോലും എത്തിച്ചേരുന്നു. കാലങ്ങളായുള്ള ഈ ശീലങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. സൗകര്യങ്ങളുടെ പരിമിതികള്‍ ഏറെയുള്ളതിനാല്‍ പഴയ കാലത്ത് സ്വന്തം വീടുകളില്‍ താമസത്തിന് സൗകര്യമൊരുക്കി തിരുനെല്ലി നിവാസികളും മാതൃകയായിരുന്നു.

ഇന്നലെകളിലെ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകളില്‍ സമ്പന്നമായ ക്ഷേത്രമുറ്റത്ത് എല്ലാവരും ഒത്തുചേരുന്നതോടെ പഴയകാലങ്ങള്‍ തിരിച്ചെത്തുകയായി. കണിക്കൊന്നകള്‍ പൂത്തുലഞ്ഞ തിരുനെല്ലിക്കാടുകളും ഏവരെയും ഇവിടേക്ക് സ്വീകരിക്കുന്നു. കാല്‍നടയായി പോലും തിരുനെല്ലി അമ്പലത്തിലെത്തി പെരുമാളിന്റെ സന്നിധിയില്‍ നിന്ന് വരുകാലത്തിന്റെ നല്ല കാഴ്ചകളിലേക്ക് കണ്ണുതുറന്നവരാണ് വയനാട്ടിലെ മുന്‍തലമുറകള്‍. തിരുനെല്ലിലെ വിഷു ഉത്സവം അതുകൊണ്ട് തന്നെ ഗോത്രനാടിന്റെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍