UPDATES

വിഴിഞ്ഞം തുറമുഖം: അദാനി വാക്ക് പാലിച്ചില്ല; ഇനിയും ക്വാറികള്‍ തുറക്കാവുന്ന അവസ്ഥയിലാണോ കേരളം?

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാമെന്ന് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആയിരം ദിവസം അവസാനിച്ചിരിക്കുന്നു

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാമെന്ന് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആയിരം ദിവസം അവസാനിച്ചിരിക്കുന്നു. 2015 ഓഗസ്റ്റില്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ച് 2019 വരെ സമയമുണ്ടെങ്കിലും 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കും എന്നായിരുന്നു അദാനിയുടെ പ്രഖ്യാപനം. അതാണ്‌ ഇപ്പോള്‍ നടപ്പാകാതെ വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 2019 ഡിസംബര്‍ നാലാം തീയതിയിലേക്ക് കരാര്‍ പ്രകാരമുള്ള കാലാവധി നീട്ടിത്തരണമെന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്നത്.

കരിങ്കല്ല് ക്ഷാമവും കടല്‍ക്ഷോഭവും നിര്‍മാണത്തെ സാരമായി ബാധിച്ചുവെന്ന വാദവുമായി അദാനി ഗ്രൂപ്പ്‌ ഓഗസ്റ്റ് മാസം രംഗത്ത് വന്നിരുന്നു. കരിങ്കല്ല് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദാനി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും പെട്ടെന്ന് കല്ല് എത്തിക്കാനുള്ള നടപടിയുണ്ടാകണമെന്ന അറിയിപ്പ് ഓഗസ്റ്റ് മാസം തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു.

നിര്‍മാണവഴിയിലെ പ്രധാനതടസമായ കരിങ്കല്ലു ലഭ്യതയില്ലായ്മ എന്ന പ്രതിസന്ധി ഒഴിയുന്നതായി അധികൃതര്‍ ഓഗസ്റ്റ് 29ന് അറിയിച്ചിരുന്നു. തലസ്ഥാന ജില്ലയിലേതുള്‍പ്പെടെ മിക്ക ക്വാറികള്‍ക്കും എന്‍ഒസി ലഭ്യമായിട്ടുണ്ടെന്നും തുടര്‍നടപടികള്‍ വേഗം കൈവരിച്ചതായും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) അധികൃതരും അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു കഴിഞ്ഞു. ശരിക്കും ഇത് തുറമുഖ വകുപ്പിന്റെ കാര്യപ്രാപ്തിയില്ലായ്മയാണ്. ജനത്തിന്റെ കാശാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പോര്‍ട്ടിന്റെ പുരോഗതികള്‍ മേല്‍നോട്ടം ചെയ്യേണ്ടത് വകുപ്പിന്റെ കടമയാണ്. എന്നാല്‍ നിസംഗമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും കാണാന്‍ സാധിക്കുന്നത്”, വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ (V-MAC) പ്രസിഡന്റായിരുന്ന ഏലിയാസ് ജോണ്‍ ആരോപിക്കുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനാവശ്യമായുള്ള അസംസ്‌കൃതവസ്തുക്കള്‍ എത്തിച്ചുക്കൊടുക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല എന്നാണ് കോവളം എംഎല്‍എ വിന്‍സെന്റ് ആരോപിക്കുന്നത്. “ഒരു സ്വകാര്യ കമ്പനി വിചാരിച്ചാല്‍ മാത്രം പാറക്കല്ലുകള്‍ ലഭ്യമാകില്ല. തമിഴ്നാട്ടില്‍ നിന്ന് കല്ലുകള്‍ കൊണ്ടുവരുന്നതിനും തടസങ്ങളുണ്ട്. അത് ഭരണതലത്തില്‍ നിന്ന് ഇടപെട്ട് സുഗമമാക്കേണ്ടതാണ്. അദാനി ഗ്രൂപ്പും മുമ്പുണ്ടായിരുന്ന ഉത്സാഹത്തോടെ കാര്യങ്ങള്‍ നീക്കുന്നില്ല. സര്‍ക്കാര്‍ തദ്ദേശവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാല്‍ സമരങ്ങള്‍ ഉണ്ടായതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നതിന് കാരണമായിട്ടുണ്ട്. തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ എത്രയായി, ഇനിയെത്ര നാളുകൊണ്ട് തീരും എന്നുള്ളതിനൊക്കെയുള്ള ഉത്തരം സര്‍ക്കാരും അദാനിയും വ്യക്തമായ ഉത്തരം നല്‍കേണ്ടതാണ്“, വിന്‍സന്റ്  അഴിമുഖത്തോട് പറഞ്ഞു.

“വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് താല്പര്യമുള്ളതായി തോന്നുന്നില്ല. ആയിരം ദിവസത്തിനുള്ളില്‍ വിഴിഞ്ഞം പോര്‍ട്ടില്‍ കപ്പല്‍ അടുപ്പിക്കുമെന്ന വാഗ്ദാനവുമായി എത്തിയ ആള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ അത് ചെയ്യിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്തം  സര്‍ക്കാരിന്റേതാണ്. അതിനായി വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കേണ്ടതാണ്. പാറക്കല്ലുകളുടെ ക്ഷാമമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന വിഷയം. എന്നാല്‍ ഇതില്‍ വലിയ തോതില്‍ അവ്യക്തതയുണ്ട്. നമുക്ക് കിട്ടുന്ന വിവരമനുസരിച്ച് പാറ ലഭ്യമാണ്. പലരും ഞങ്ങളെ സമീപിക്കാറുണ്ട്. അതായത് പാറയുടെ ലഭ്യതക്കുറവല്ല ഇവിടെ വിഷയം. അദാനി പാറ എടുക്കുന്നില്ല എന്നുള്ളതാണ്. അതിന്റെ കാരണം വ്യക്തമല്ല. അത് പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. ഇതുപോലുള്ള വിഷയങ്ങളില്‍ അങ്ങനെയൊരു മേല്‍നോട്ടം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല“, അദ്ദേഹം പറഞ്ഞു.

എന്നാല്‍ അദാനി ഗ്രൂപ്പിന്റെ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെന്നും സര്‍ക്കാര്‍ ഇനിയും സാവകാശം കൊടുക്കരുത് എന്നുമാണ് തങ്ങളുടെ നിലപാട് എന്നും  നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ പറയുന്നു. “ഉദാഹരണത്തിന് മുതലപ്പൊഴി വഴി കല്ല് കൊണ്ടുവരാനുള്ള ബെര്‍ത്ത് ഉണ്ടാക്കി കൊടുത്തു. തീരദേശവാസികളുടെ നിര്‍ദ്ദേശം ചോദിക്കാതെയാണ് അത്തരത്തില്‍ ഒരു നീക്കമുണ്ടായത്. മുതലാളിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല. അതുകൊണ്ട് തന്നെ ഒരു ദിവസത്തിന്റെ സാവകാശം പോലും അദാനി ഗ്രൂപ്പിന് കൊടുക്കരുതെന്നാണ് ഞങ്ങളുടെ നിലപാട്. ഇപ്പോഴത്തെ അവസ്ഥയില്‍ കപ്പല്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല, അഥവാ കപ്പല്‍ച്ചാല്‍ വന്നാല്‍ ബോട്ടപകടങ്ങള്‍ സാധാരണസംഭവങ്ങളായി മാറും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നെത്തോലി വല, അയല വല, കമ്പവല ഒന്നും ഉപയോഗിക്കാന്‍ കഴിയാതെ വരും. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തന്നെ ഭീഷണിയാകും. ഇപ്പോള്‍ തന്നെ ഡ്രെഡ്ജിങിലൂടെ വിഴിഞ്ഞം പോലുള്ള വൈവിധ്യമാര്‍ന്ന മത്സ്യസങ്കേതം തകര്‍ന്നു. അവിടെ ലഭിച്ചുവന്ന പവിഴപ്പുറ്റുകളും ചിപ്പികളും നഷ്ടമായി. പലവിധം മത്സ്യങ്ങള്‍ അപ്രത്യക്ഷമായി. അങ്ങനെ പരിസ്ഥിതിയെയും സമൂഹത്തെയും തന്നെ അദാനി പോര്‍ട്ട് മോശമായി ബാധിക്കും. അങ്ങനെയെങ്കില്‍ എന്ത് ലാഭമാണ് വിഴിഞ്ഞം തുറമുഖം വഴി ലഭിക്കുക?” പീറ്റര്‍ ചോദിക്കുന്നു.

എന്നാല്‍ കേരള സര്‍ക്കാരിന് പാറക്കല്ലുകള്‍ നല്‍കാനുള്ള ബാധ്യതയില്ലയെന്ന വാദത്തിലാണ് സോഷ്യല്‍ സയന്റിസ്റ്റും കടലോര പരിസ്ഥിതി പ്രവര്‍ത്തകനുമായ എ.ജെ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വളരെ വിശദമായി തന്നെ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കണക്കുകള്‍ വിവരിക്കുന്നുണ്ട്.

കരാര്‍ പ്രകാരം, കേരളസര്‍ക്കാരിന് പുലിമുട്ട് നിര്‍മ്മാണത്തിനുള്ള പാറകള്‍ക്കായുള്ള മുഴുവന്‍ തുകയും കേരളാ സര്‍ക്കാര്‍ ഫണ്ടഡ് വര്‍ക്കായാണ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അതിനായി ഓപ്പണ്‍ ടെന്‍ഡര്‍ നല്‍കാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ തീരുമാനം. അതേ സമയം ബാക്കി തുറമുഖ നിര്‍മ്മാണ കാര്യങ്ങളും തുറമുഖത്തിന്റെ നടത്തിപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറ്റൊരു ബിഡ്. ഈ ബിഡ്ഡിലാണ് പോര്‍ട്ട് പദ്ധതിക്കായി കരാറുകാരന്‍ എത്ര മുടക്കണം, സര്‍ക്കാര്‍ എത്ര മുടക്കണം, ഗ്രാന്റ് എത്ര നല്‍കും, വരുമാനത്തിന്റെ എത്ര വിഹിതം സര്‍ക്കാരിന് നല്‍കണം, എത്ര കാലം കഴിഞ്ഞ് തുറമുഖ നടത്തിപ്പ് സര്‍ക്കാരിന് മടക്കി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്.

പിപിടിയുടെ മീറ്റിങില്‍ പുലിമുട്ട് ഓപ്പണ്‍ ടെന്‍ഡര്‍ നല്‍കാന്‍ പാടില്ല എന്നും കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് തന്നെ പുലിമുട്ട് നിര്‍മാണ ചുമതലയും നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ പാറകള്‍ക്കായി ഏകദേശം 768 കോടി രൂപയാണ് സര്‍ക്കാരിന്റെ പദ്ധതി സാങ്കേതിക കണ്‍സള്‍ട്ടന്റായ AECOM 2013 മെയ് മാസം കണക്കാക്കിയിരുന്നത്. ഇത് വീണ്ടും 2014 മാര്‍ച്ച് മാസം 1210 കോടി രൂപയായി പുതുക്കി. മാത്രമല്ല, ഈ പണി മറ്റൊരു കമ്പനി നടത്തുന്നതിനെ അദാനി എതിര്‍ത്തു. ഒടുവില്‍ കേരള സര്‍ക്കാര്‍ അദാനിക്ക് വഴങ്ങി ഓപ്പണ്‍ ടെണ്ടര്‍ റദ്ദാക്കി, ഏകപക്ഷീയമായി അദാനിക്ക് നല്‍കാന്‍ തീരുമാനിച്ചു. മാത്രമല്ല, അദാനിയുടെ ആവശ്യപ്രകാരം തുക 1463 കോടി ആയി ഉയര്‍ത്തുകയും ചെയ്തു. സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുതുക്കി നിശ്ചയിച്ച തുകയെ വിമര്‍ശിച്ചു“, വിഴിഞ്ഞം പദ്ധതിയിലെ നാള്‍ വഴികളും കണക്കുകളും വ്യക്തമാക്കി കൊണ്ട് എ.ജെ ജോസഫ് പറഞ്ഞു.

കേരളത്തില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുന്നത് ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്മെന്റുകളാണ്. അവര്‍ നിശ്ചയിച്ച കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുക്കിയ തുക വലിയ സംഖ്യയാണ്. അതുകൊണ്ട് തന്നെ പാറകളുടെ വില നിശ്ചയിച്ച രീതിയും മാനദണ്ഡങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടു. വിദേശ നാണ്യ വിനിമയ നിരക്ക് കണക്കിലെടുത്താണ് വില നിശ്ചയിച്ചത് എന്നാണ് ആദ്യം ലഭിച്ച ഉത്തരം. പിന്നീട് 767 കോടിയുടെ എസ്റ്റിമേറ്റ് 1210 കോടിയായി ഉയര്‍ത്തിയത് ബിഡ്ഡര്‍ ആരും വരാത്തതു കൊണ്ടാണെന്ന് പോര്‍ട്ട് സെക്രട്ടറി ഓഡിറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരത്ത് ലഭ്യമായ പാറക്കല്ലുകള്‍ തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ട് കര്‍ണാടകയില്‍ നിന്നും മംഗലാപുരം പോര്‍ട്ട് വഴി പാറ കൊണ്ട് വരാനാണ് അദാനി ശ്രമിക്കുന്നത്. പാറകളുടെ വില കൂടുതലായതിനാല്‍ ആള്‍ടര്‍നേറ്റീവ് മെറ്റീരിയല്‍ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് പോര്‍ട്ട് സെക്രട്ടറിയായിരുന്ന ജെയിംസ് വര്‍ഗീസ് ഐഎഎസ് വിഴിഞ്ഞം ജൂഡീഷ്യല്‍ കമ്മിഷന് നല്‍കിയ ന്യായീകരണം. ന്യായീകരണങ്ങള്‍ അംഗീകരിച്ചിട്ടാണ് ഇത്രയും അധികം തുക കേരളാ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതായത് സര്‍ക്കാര്‍ പാറക്കല്ലുകള്‍ എത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇതുപോലുള്ള വസ്തുതാവിരുദ്ധമായ വിഷയങ്ങളാണ് പോര്‍ട്ടിന്റെ പണി പുരോഗമിക്കാത്തതില്‍ അദാനി ഉന്നയിക്കുന്നത്”, എന്നും അദ്ദേഹം പറയുന്നു.

ഓഖി, കടല്‍ക്ഷോഭം തുടങ്ങിയ പ്രതിഭാസങ്ങളും വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പ്രകൃതിദുരന്തങ്ങള്‍ക്കും കടല്‍ക്ഷോഭങ്ങള്‍ക്കും സര്‍ക്കാര്‍ കാരണമാകുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കേരളത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മണ്‍സൂണ്‍ കാലമാണ് എന്ന വസ്തുതയുണ്ട്. എന്നാല്‍ ഇവയെല്ലാം നിര്‍മാണം വൈകുന്നതിനുള്ള കാരണമാക്കുകയാണ് അദാനി. അറേബ്യന്‍ തീരത്ത് എവിടെയും പുലിമുട്ട് നിര്‍മിച്ച് കൊണ്ട് കൊമേഴ്സ്യല്‍ തുറമുഖം നിര്‍മിച്ചിട്ടില്ല. വല്ലാര്‍പാടത്തും മുബൈയിലുമെല്ലാം ദ്വീപിനുള്ളിലാണ് തുറമുഖം. മംഗലാപുരത്ത് പുലിമുട്ട് ഉണ്ട്. പക്ഷേ കൃത്രിമമായി കരയിലേക്ക് കടലിനെ കൊണ്ട് വന്നാണ് അവിടെ ബെര്‍ത്ത് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ കടലിനെ നികത്തിയാണ് ബെര്‍ത്ത് പണിഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പശ്ചിമതീരത്ത് ആദ്യമായി സംഭവിക്കുന്ന ഒരു കാര്യമാണിത്.

“അദാനി ഗ്രൂപ്പ്‌സ് കരാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കഴിഞ്ഞ നാല് വര്‍ഷവും കാലവര്‍ഷം കേരളത്തില്‍ വന്നിട്ടുണ്ട്. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രശ്നമുണ്ടാകുമെന്ന് ഇവര്‍ മനസിലാക്കണമായിരുന്നു. 2016 ജൂണ്‍ മാസത്തിന് മുന്നെ പുലിമുട്ട് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ പാറക്കല്ല് ഒഴുകി പോയത് പോലുള്ള നഷ്ടങ്ങള്‍ വരില്ലായിരുന്നു”, ഏലിയാസ് ജോണ്‍ അഭിപ്രായപ്പെട്ടു.

മണ്‍സൂണ്‍ മാസങ്ങളില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്നും പരുക്കനായ കാലാവസ്ഥയാകുമെന്നുമുള്ളത് ഒരു പുതിയ പ്രതിഭാസം അല്ല. വിഴിഞ്ഞം കടലിനെ കുറിച്ചും കടലിന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായ പഠനങ്ങള്‍ നടത്താതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. 600 മീറ്റര്‍ പണിതതില്‍ മൂന്നൂറ് മീറ്ററോളമുള്ള കല്ലുകള്‍ ഒലിച്ചു പോയതായി പറയുന്നുണ്ട്. അതൊക്കെ ശാസ്ത്രീയമായ പഠനത്തിന്റെ കുറവാണ് വ്യക്തമാക്കുന്നത്. ചിലപ്പോള്‍ ഒലിച്ചുപോയ കല്ലുകള്‍ കപ്പല്‍ചാലുകളിലാവും ഉണ്ടാകുക. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. മുതലപ്പൊഴിയില്‍ സംഭവിക്കുന്ന പോലുള്ള അപകടങ്ങള്‍ ഇതിലൂടെ ഉണ്ടാകും. ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് സര്‍ക്കാരിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. വിഴിഞ്ഞം പോര്‍ട്ടിനുള്ള പ്രോജക്ടില്‍ ഒരു പുനരാലോചന വേണ്ടതാണ്”, എ.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ “ഒലിച്ചുപോയ പാറക്കല്ലുകള്‍ അപകടമുണ്ടാക്കാന്‍ സാധ്യതയില്ല. 24 മീറ്റര്‍ ആഴത്തിലാണ് കല്ലുകള്‍ പോയിരിക്കുന്നത്. ഈ കല്ലുകള്‍ തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ അവര്‍ ആലോചിക്കുന്നുമുണ്ട്“, എന്ന് ഏലിയാസ് ജോണ്‍ പറയുന്നു.

ഇവയ്ക്ക് പുറമെ പ്രതിഷേധസമരങ്ങളും നിര്‍മാണത്തിന് തടസമായതായി അദാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. നഷ്ടപരിഹാര പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ പേരില്‍ ഉണ്ടായ പ്രതിഷേധസമരങ്ങള്‍ നിര്‍മാണത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് വാദം.

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ തീരുമാനവും അദാനിയെ സഹായിക്കാനാണെന്ന് ആരോപണം

പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ ടണ്‍ കരിങ്കല്ല് ഒക്ടോബര്‍ മാസത്തോടെ സൈറ്റില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അദാനി ഇപ്പോള്‍ പറയുന്നത്. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ക്വാറികളാണ് കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിനാല്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതാണ്. കാരണം പ്രളയം ഒഴിഞ്ഞ സാഹചര്യത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതികളുടെയും അവയുടെ ഉപയോഗങ്ങളുടെയും അടിസ്ഥാനത്തില്‍ പഠനം നടക്കാനിരിക്കെ അദാനിക്കായി ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തുറമുഖ നിര്‍മാണത്തിന് ശേഷം തിരുവനന്തപുരത്തെ തീരങ്ങളുടെയും കടലിന്റെയും സ്വഭാവം അസ്വാഭാവികമായി മാറിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പല സാഹചര്യങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ദുരന്തങ്ങള്‍ക്ക് ശേഷവും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ അതിജീവനത്തിനുള്ള കേരളജനതയുടെ പ്രവര്‍ത്തനങ്ങളെല്ലാം വിഫലമാകുന്നതായിരിക്കും ഇത്തരത്തിലുള്ള നടപടികള്‍ എന്നതാണ് വിമര്‍ശനം.

വിഴിഞ്ഞം തുറമുഖം: പുതിയ യുദ്ധമുഖം തുറന്ന് വിഎസ്; പക്ഷേ ഒന്നും നടന്നേക്കില്ല

വിഴിഞ്ഞം കരാര്‍: കേരളത്തിന് നഷ്ടവും അദാനി ഗ്രൂപ്പിന് നേട്ടവുമെന്ന് സിഎജി റിപ്പോര്‍ട്ട്

വിഴിഞ്ഞം തുറമുഖം; ഇടതുസര്‍ക്കാര്‍ നയം യഥാര്‍ത്ഥത്തില്‍ എന്താണ്?

വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും

വിഴിഞ്ഞം; അദാനിയുടെ കൊള്ളയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പച്ചക്കൊടി

വിഴിഞ്ഞം; പരിസ്ഥിതിവാദികള്‍ക്ക് എന്തറിയാം? അവര്‍ എതിര്‍ക്കുന്നത് രാജ്യപുരോഗതിയെയാണ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍