UPDATES

ട്രെന്‍ഡിങ്ങ്

വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, എറണാകുളത്ത് സെബാസ്റ്റ്യൻ പോളിന്റെ മകന്‍; എല്‍ഡിഎഫിന്റെ സാധ്യതകളില്‍ ഇവരൊക്കെ

എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡിസിസി പ്രസിഡന്റ് ഇജെ വിനോദ് കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയില്‍

കേരളത്തില്‍ ഒഴിവിലിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച നാല് മണ്ഡലങ്ങളിലും പി ബി അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കെ എം മാണി മരിച്ച ഒഴിവില്‍ തിങ്കളാഴ്ച പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറ്റ് മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനൊരുങ്ങുന്ന മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ്. ഇത് നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് നാല് മണ്ഡലങ്ങളിലും ഏതെങ്കിലുമൊന്നെങ്കിലും പിടിക്കണമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. യുഡിഎഫിനെ സംബന്ധിച്ച് നാല് സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തുകയും അരൂര്‍ പിടിച്ചെടുക്കുകയും ചെയ്താല്‍ അത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്ന് അവകാശപ്പെടാനാകും. അതേസമയം ബിജെപിയിലെ അംഗസംഖ്യ മൂന്നാക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരത്ത് വിജയമുറപ്പിച്ച് തന്നെ അവര്‍ മത്സരിക്കാനിറങ്ങുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ജയപ്രതീക്ഷകളോടെയാണ് വരുന്നത്.

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്നാണ് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കുമ്മനം ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. അതേസമയം മേയര്‍ ബ്രോയെന്ന് പേരെടുത്ത തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ല്‍ വടക്കന്‍ കേരളത്തെ തകര്‍ത്തെറിഞ്ഞ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും തിരുവനന്തപുരത്തെ യുവാക്കളെ ഒത്തുകൂട്ടി ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച് പ്രശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരത്തിന്റെ മാത്രം മേയര്‍ അല്ല, പ്രശാന്ത് കേരളത്തിന്റെ മേയറാണ് എന്ന വിധത്തിലായിരുന്നു അന്ന് പ്രശാന്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച നടന്നത്. അന്ന് തന്നെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രശാന്തിനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നാണ് പ്രശാന്ത് പ്രതികരിച്ചിരുന്നത്.

എറണാകുളം മണ്ഡലത്തിലും ഒരു പുതുമഖത്തെ എല്‍ഡിഎഫ് പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഗവണ്മെന്റ് പ്ലീഡറുമായ റോണ്‍ ബാസ്റ്റിയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറെക്കാലമായി ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ റോണിന്റെ പേരും ഉയര്‍ന്നിരുന്നു. ലാറ്റിന്‍ കത്തോലിക്ക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് റോണിന്റെ പേര് ഓരോ തവണയും ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഹൈബി ഈഡന് പകരം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്ന എറണാകുളം മണ്ഡലത്തില്‍ റോണിനെ പോലെ ഒരു യുവാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലും എല്‍ഡിഎഫിനുണ്ടാകും.

അതേസമയം എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കെ വി തോമസ് ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നപ്പോള്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പാണ് തോമസ് മാഷിന്റെ ലക്ഷ്യമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം ഡിസിസി പ്രസിഡന്റ് ഇ ജെ വിനോദ് കുമാര്‍, മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവരുടെ പേരുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടേതായി ഉയരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ മത്സരിച്ച എം അനില്‍കുമാര്‍ തന്നെ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും വാര്‍ത്തകളുണ്ട്.

also read:കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21ന്, 24ന് വോട്ടെണ്ണൽ, നാമനിർദ്ദേശ പത്രിക നാലാം തീയതി വരെ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍