UPDATES

ഫാഷിസത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ടതില്ല; 22ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പരിപാടി

തീർച്ചയായും ആര്‍എസ്എസിന്‍റെ ലക്ഷ്യം ഫാഷിസ്റ്റ് സ്വഭാവമുള്ള ഹിന്ദു രാഷട്രമാണ്. അതിന്‍റെ നേതൃത്വത്തിലുള്ള ഈ അപായകരമായ പ്രക്രിയയെ അതിന്റെ ചലനാത്മകതയിൽ തന്നെ നാം മനസ്സിലാക്കണം. അല്ലാതെ വർത്തമാനാവസ്ഥയെ കേവലം ചലനാത്മകമല്ലാത്ത വ്യാപാരമായി വിശകലനം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ പാടില്ല.

അഞ്ച് ദിവസം നീണ്ട ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐഎമ്മിന് നല്‍കിയ കരുത്തും ആത്മവിശ്വാസവും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും വളരെ പ്രധാനമാണ്. പ്രത്യയശാസ്ത്ര-രാഷ്ട്രീയ വിഷയങ്ങളില്‍ ഇഴ കീറിയുള്ള ചര്‍ച്ചകളാണവിടെ നടന്നത്. അതൊരു കമ്യൂണിസ്റ്റ് രീതിയാണ്. ഇതര ബുര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് സിപിഐഎമ്മിനെ വ്യതിരിക്തമാക്കുന്നതും പാര്‍ട്ടിക്കകത്ത് നടക്കുന്ന ആശയപരമായ ഈ ഏറ്റുമുട്ടലാണ്. എല്ലാ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍, എന്താണ്, ഈ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും പരിപാടികളും എന്നതാണ് പ്രധാനം. 1964ല്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എനിക്കുണ്ടായ രാഷ്ട്രീയ ദാര്‍ഢ്യം സിപിഐഎമ്മിന്‍റെ ഹൈദരാബാദ് കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ നിലനിര്‍ത്താനാവുന്നു എന്ന് നിസംശയം പറയാം

സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും, ഫാഷിസ്റ്റിക് ശക്തിയായ ആർഎസ്എസ്സിന്‍റെ നേതൃത്വത്തിൽ സംഘ് പരിവാറും മോദി ഭരണവുംഅഴിച്ചുവിട്ടിരിക്കുന്ന രൂക്ഷമായ വർഗ്ഗീയ ചേരിതിരിവിനും എതിരെ തൊഴിലാളിവർഗ കർഷക സഖ്യത്തിന്റെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ ശക്തികളെ കൂട്ടിയിണക്കി, അതിനു തക്ക പാർലമെൻററി പാർലമെന്റേതര അടവുപരമായ ഐക്യ മുന്നണികൾ സൃഷ്ടിച്ചുകൊണ്ട്, രാജ്യവ്യാപകമായ സമര പ്രക്ഷോഭങ്ങളിലൂടെ മോഡി സർക്കാറിനെ നിഷ്കാസനം ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്ന്റെ അടവുപരമായ ലക്ഷ്യവും അടവുപരമായ ലൈനും. ഇതാണ് ഹൈദരാബാദിൽ വിജയകരമായി സമാപിച്ച സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളതും. കോൺഗ്രസുമായി രാഷ്ട്രീയ ഐക്യമില്ലാതെത്തന്നെ ഈ ലക്ഷ്യം നേടിയെടുക്കണം. ഈ ലക്ഷ്യം നേടാനായി പാർലമെന്റിനകത്ത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായിക്കൂടി കൂട്ടായി അംഗീകരിച്ച പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും, പാർലമെന്റിന് പുറത്ത് എല്ലാ മതേതര പാർട്ടികളുമായും ഐക്യപ്പെട്ടുകൊണ്ടുള്ള സമര പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കണമെന്നും പാർട്ടി കോൺഗ്രസ്റ്റ് തീരുമാനിച്ചു. കര്‍ക്കശമായ ചർച്ചകൾക്കൊടുവിലാണ് പാർട്ടി കോൺഗ്രസ്സ് ഈ തീരുമാനം കൈക്കൊണ്ടത്. പാർട്ടി കേന്ദ്ര കമ്മിറ്റി മുന്നോട്ടുവച്ച കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ നടന്ന ചർച്ചകളുടെ സത്ത ഉള്‍ക്കൊണ്ട്, കരട് രാഷ്ട്രീയപ്രമേയം സമ്പുഷ്ടമാക്കി ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്.

എന്നാൽ ആരോഗ്യപരമായ ലക്ഷ്യവും അതിനായുള്ള ലൈനും സ്വീകരിക്കുന്നതിന്‍റെ പേരിൽ തർക്കങ്ങൾ മൂർച്ഛിച്ചിരിക്കുകയാണെന്നും സിപിഐഎം പിളർപ്പിനെ അഭിമുഖീകരിക്കുകയാണ് എന്നും മറ്റും പലവക രാഷ്ട്രീയ വിശകലന വിശാരദന്മാരും തട്ടി വിടുകയുണ്ടായി. ഫാഷിസത്തെ സംബന്ധിച്ചും, ഇന്ത്യയിലെ ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ്ന്റെ നേതൃത്വത്തിൽ അഴിച്ചുവിടപ്പെട്ടിരിക്കുന്ന സർവ്വതോന്മുഖമായ ആക്രമണത്തെ സംബന്ധിച്ചും, ആർഎസ്എസ് നേതൃത്വം നൽകുന്ന മോഡി സർക്കാരിന്‍റെ സ്വഭാവത്തെ സംബന്ധിച്ചും കാതലായ അഭിപ്രായവ്യത്യാസങ്ങൾ ഉരുണ്ടുകൂടി കഴിഞ്ഞുവെന്ന് മേൽപ്പറഞ്ഞ വിശാരദന്മാർ ഉറപ്പിച്ചു. പക്ഷെ ഇക്കൂട്ടര്‍ ഉയർത്തിയ പുകപടലങ്ങളെല്ലാം വകഞ്ഞു മാറ്റി, ശരിയും ശാസ്ത്രീയവുമായ അടവുപരമായ സമീപനം സ്വീകരിക്കാൻ പാർട്ടി കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നു. സിപിഐഎമ്മിന്‍റെ വർഗ ശക്തിയുടെയും പ്രത്യയശാസ്ത്ര രാഷ്ട്രീയ അടിത്തറയുടേയും അതിലുറച്ചു നിന്നു കൊണ്ടുള്ള അടവുപരമായ മെയ് വഴക്കത്തിന്റേയും ത്രാണി പാര്‍ട്ടി കോണ്‍ഗ്രസ് തെളിയിച്ചു. രാജ്യം വമ്പിച്ച ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അത് ഗുരുതരമായി കണക്കിലെടുത്ത് പാർട്ടി ഇടതുപക്ഷ കേന്ദ്രീകരണത്തിനും അതിന്റെ തുടർച്ചയും വളർച്ചയുമായ മതേതര ജനാധിപത്യ ശക്തികളുമായുള്ള വർദ്ധമാനമായ സഖ്യത്തിനും മുൻകൈയെടുക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്.

ഫാഷിസത്തെ സംബന്ധിച്ചും ഫാഷിസ്റ്റ് അപായത്തെ സംബന്ധിച്ചും ലോകത്തിനു മുന്നിൽ ശരിയും ശാസ്ത്രീയവുമായ വിശകലനവും മുന്നോട്ടുവച്ചത് സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അത് നേതൃത്വം നൽകിയ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ വിജയകരമായ പരിസമാപ്തി സംഭാവന ചെയ്ത വിലപ്പെട്ട പാഠങ്ങൾ ഫാഷിസത്തെ സംബന്ധിച്ചുള്ള വിശകലനത്തിന്റെ മൂലക്കല്ലായി ഇന്നും വർത്തിക്കുന്നു. സാർവദേശീയ ഫിനാൻസ് മൂലധന പ്രതിസന്ധിയാണ് ഫാഷിസം എന്ന പ്രതിഭാസത്തിന്റെ മൂലകാരണം. ഫിനാൻസ് മൂലധന ശക്തികള്‍ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിയുടെ ഒരു പേ പിടിച്ച പ്രതികരണമാണ് ഫാസിസത്തിന് കളമൊരുക്കുന്നത്. അത് നിലവിൽ സമൂഹത്തിലുള്ള പിന്തിരിപ്പൻ ശക്തികള്‍ക്ക് ഊര്‍ജം പകരുകയും പുതിയ ഫാസിസ്റ്റ് സാമൂഹ്യ രാഷ്ട്രീയ ശക്തികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിന്റെ പ്രതിസന്ധി നിലവിലുള്ള ബൂർഷ്വാ രാഷ്ട്രീയ വ്യവസ്ഥയെ അരാജക വൽക്കരിക്കുകയും രാഷ്ട്രീയപാർട്ടികളെ പ്രതിസന്ധിയില്‍ പെടുത്തുകയും ചെയ്യുന്നു. ഈ കലക്കവെള്ളത്തിൽ ആണ് നിലവിലുള്ള രാഷ്ട്ര സാമൂഹ്യവ്യവസ്ഥയെ തകർക്കാൻ അത് അട്ടിമറി നടത്തുന്നത്.

സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ ഇന്റർനാഷണലിന്‍റെ ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് ജോർജി ദിമിത്രോവ് 1930-കളിൽ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ പാഠമായി നൽകുകയും ചെയ്തു. ഇതിൽനിന്ന് സാരം ഉൾക്കൊണ്ടുകൊണ്ടാണ് നാസി ജർമ്മനിയും ഫാഷിസ്റ്റ് ഇറ്റലിയും ഫാസിസ്റ്റ് ജപ്പാനും ചേർന്ന അച്ചുതണ്ട് ശക്തികൾക്കെതിരായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം തന്നെ ജയിക്കാനായത്. ഈ പ്രക്രിയയുടെ നടുവിലാണ് ചൈനയിലെ ജനകീയജനാധിപത്യവിപ്ലവം മുന്നേറുകയും പൂർത്തീകരിക്കപ്പെടുകയും ഉണ്ടായത്. ഈ പ്രക്രിയയുടെ ഫലമായാണ് കോളനി രാജ്യങ്ങളിലെ വിമോചന സമരങ്ങൾക്ക് ആക്കം കൂടിയത്. ഇന്ത്യാരാജ്യത്ത് തെലങ്കാനയുടെ സമര പോരാട്ടവും പുന്നപ്ര-വയലാറിന്റെ ചരിത്രവും ഈ ഈ പ്രക്രിയയുടെ പശ്ചാത്തലത്തിൽ നാം മനസ്സിലാക്കണം. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്, ഫാഷിസത്തെ സംബന്ധിച്ച് പുതിയതായി ‘ഹരിശ്രീ’ പഠിക്കേണ്ടുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാർക്കില്ല എന്നെങ്കിലും പുകമറവാദികൾ മനസ്സിലാക്കുന്നത് നല്ലതാണ് എന്നാണ്.

തീർച്ചയായും ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്രാജ്യത്വ പ്രതിസന്ധിയിൽ നിന്ന് ഈ നൂറ്റാണ്ടിലെ ഫിനാൻസ് മൂലധന പ്രതിസന്ധിയിലേക്കെത്തുമ്പോള്‍, അളവിലും ഗുരുത്വത്തിലും വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതാകട്ടെ ഈ പ്രതിസന്ധിയിൽ നിന്ന് ഉത്ഭവിക്കുന്ന വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും നീയോ ഫാസിസത്തിന്റെയും സ്വഭാവത്തെയും നിർണയിക്കുന്നുണ്ട്. ഇക്കാര്യം കരട് രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇതിന് ഒരു സവിശേഷ സ്വഭാവമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഫാസിസ്റ്റ് ശക്തികൾക്കൊപ്പം ഉദയം ചെയ്തതാണ് ആർഎസ്എസ്. അങ്ങനെ നോക്കുമ്പോൾ ആർഎസ്എസ് ഒരു നിയോ ഫാഷിസ്റ്റ് ശക്തിയല്ല. ഫാഷിസ്റ്റുകളുടെ പഴയ ജനുസ്സിൽ തന്നെ പെട്ട, തഴക്കവും പഴക്കവുമുള്ള സംഘടനയാണ്.

സാമ്രാജ്യത്വ ആഗോളവൽക്കരണം മുന്നിൽ നിന്ന് തീവ്രമായി നയിക്കുന്ന മോഡി സർക്കാരിന്‍റെ നേതൃസ്ഥാനം ആർഎസ്എസിനാണ്. അമേരിക്കൻ സാമ്രാജ്യത്വവുമായും സയണിസ്റ്റ് ഇസ്രായേലുമായും പണ്ട് മുതലേ അത് ചങ്ങാത്തത്തിലുമാണ്. ഇന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തേക്ക് പകർത്തുന്നതിൽ മേൽപ്പറഞ്ഞ ശക്തികളുടെ ചട്ടുകമായും ആർഎസ്എസ് പ്രവർത്തിക്കുന്നു. തീർച്ചയായും അതിന്‍റെ ലക്ഷ്യം ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദു രാഷട്രമാണ്. അതിന്‍റെ നേതൃത്വത്തിലുള്ള ഈ അപായകരമായ പ്രക്രിയയെ അതിന്റെ ചലനാത്മകതയിൽ തന്നെ നാം മനസ്സിലാക്കണം. അല്ലാതെ വർത്തമാനാവസ്ഥയെ കേവലം ചലനാത്മകമല്ലാത്ത വ്യാപാരമായി വിശകലനം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ പാടില്ല. ഇക്കാര്യങ്ങൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുകയും ഉൾക്കൊള്ളുകയും ഉണ്ടായി. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ തീരുമാനങ്ങൾ കൈക്കൊണ്ടത്.

കൂടാതെ, തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടേയും സഖ്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് പാർട്ടിക്ക് അതിന്റെ അടിത്തറയായ വർഗ്ഗ ശക്തി വർദ്ധിപ്പിക്കാനാവൂ. അതിന് കർഷകരെ ഐക്യപ്പെടുത്തണം. അതാ കട്ടെ, വർദ്ധിച്ചു വരുന്ന വിപണിയുടെ സാർവ്വദേശീയ വൽക്കരണത്തിനും ഫിനാൻസ് മൂലധന കുത്തകകളുടെ തുളച്ചു കയറ്റത്തിനുമെതിരെ കർഷകരെ സാമൂഹ്യ ഉത്പാദന രീതികളിലേക്ക് നയിച്ചുകൊണ്ടാവണം. ഉത്പാദക സഹകരണ സംഘങ്ങൾ, വിതരണ സഹകരണ സംഘങ്ങൾ, സേവന സഹകരണ സംഘങ്ങൾ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച്, കണ്ണി ചേര്‍ക്കണം. ഇത് തൊഴിലാളി കർഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികാസമായും കാണണം. ഇക്കാര്യം കൂടി പാർട്ടി കോൺഗ്രസ്സ് ചർച്ചയുടെ ഭാഗമായിരുന്നു.

ഇതെല്ലാമടങ്ങുന്ന ജീവത്തായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയായിരുന്നു 22-ാം പാർട്ടി കോൺഗ്രസ്. പ്രതിനിധി സഖാക്കൾക്ക് മാത്രമല്ല രാജ്യമെമ്പാടും പാർട്ടി സഖാക്കൾക്കും പാർട്ടി സുഹൃത്തുക്കൾക്കും ആവേശവും വിശ്വാസവും തെളിമയും പകർന്ന ഈ പ്രക്രിയയുടെ ഫലമായാണ് 95 അംഗ സി.സിയും ജനറൽ സെക്രട്ടറിയായി സഖാവ് സീതാറാം യെച്ചൂരിയും 17 അംഗ പിബിയും തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ തീരുമാനവും അതിനൊത്ത സംഘടനാ കേന്ദ്രീകരണവും ഒരുപടി കൂടി വികസിച്ച ഈ പ്രക്രിയ പുതിയ നേതൃത്വത്തിന് മേൽപ്പറഞ്ഞ ഗൗരവാവഹമായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരിക്കുകയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍