UPDATES

വിഴിഞ്ഞം തുറമുഖം: പുതിയ യുദ്ധമുഖം തുറന്ന് വിഎസ്; പക്ഷേ ഒന്നും നടന്നേക്കില്ല

വിഴിഞ്ഞം തുറമുഖ കരാര്‍ കേരളത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നും വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട് വന്നത് 2016 ഒക്ടോബറിലാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ ദുരൂഹതയുണ്ടെന്നും കരാറില്‍ മാറ്റം വരുത്തണമെന്നും വിഎസ് അച്യുതാനന്ദന്‍ നിയമസഭയിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. കരാറില്‍ അഴിമതിയുണ്ടെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ എല്‍ഡിഎഫ് അതേപടി തുടരേണ്ട കാര്യമില്ലെന്നുമാണ് വിഎസ് പറഞ്ഞത്. കരാര്‍ ദുരൂഹത നിറഞ്ഞതും സംശയകരവുമാണ്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചിരിക്കുകയാണെന്ന വാദവും വിഎസ് ഉന്നയിക്കുകയുണ്ടായി. കരാര്‍ തന്നെ തെറ്റാണെന്ന വാദം നേരത്തെ തന്നെ വിഎസ് അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കരാര്‍ ലംഘനം എന്ന വാദം എത്രത്തോളം പ്രസക്തമാണ് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്.

കരാര്‍ ലംഘനം എന്നത് കൊണ്ട് വിഎസ് എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായില്ലെന്ന് വിഴിഞ്ഞം പദ്ധതിയെ ശക്തമായി അനുകൂലിക്കുകയും അദാനി ഗ്രൂപ്പുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ എതിര്‍പ്പുയര്‍ത്തുകയും ചെയ്തിട്ടുള്ള ഏലിയാസ് ജോണ്‍ പറയുന്നു. വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ഏലിയാസ് ജോണ്‍. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിലൂടെ വലിയ തെറ്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ഒട്ടും ഗുണകരമല്ലാത്ത കരാര്‍ കൊണ്ടുവന്നപ്പോള്‍ താനടക്കമുള്ളവര്‍ അന്നത്തെ പ്രതിപക്ഷത്തിനൊപ്പം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കരാര്‍ പുന:പരിശോധിക്കണമെന്ന് പറയുന്നതില്‍ വലിയ കാര്യമില്ലെന്നും ഏലിയാസ് ജോണ്‍ പറഞ്ഞു. ഇനി ഇത്തരത്തില്‍ സംസ്ഥാനത്തിന് ഭീമമായ നഷ്ടം വരുത്തി വയ്ക്കുന്ന കരാറുകള്‍ ഒഴിവാക്കുകയാണ് വേണ്ടത്.

വിഎസ് അടക്കമുള്ള ഇടതുപക്ഷ എംഎല്‍എമാര്‍ ശക്തമായി സമരരംഗത്ത് ഇറങ്ങുകയും ഏതെങ്കിലും ഒരു എംഎല്‍എ കരാറിനെതിരെ നിരാഹാര സത്യാഗ്രഹം പോലുള്ളവ നടത്തുകയും ചെയ്തിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കരാറില്‍ മാറ്റം വരുത്തിപ്പിക്കാമായിരുന്നു എന്ന് ഏലിയാസ് ജോണ്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കരാര്‍ റദ്ദാക്കുകയോ പുന:പരിശോധിക്കുകയോ പ്രായോഗികമല്ല. നിയമപ്രശ്‌നങ്ങള്‍ക്ക് പുറമെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ പ്രതിച്ഛായയെ ഇത് കൂടുതല്‍ മോശമാക്കും. വ്യവസായികള്‍ മുഖം തിരിക്കുമെന്നും ഏലിയാസ് ജോണ്‍ അഭിപ്രായപ്പെട്ടു. പക്ഷെ നടന്ന കൊള്ള വെളിച്ചത്ത് വരണം. കരാര്‍ എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

അദാനി ഗ്രൂപ്പുമായുള്ള കരാര്‍ സംബന്ധിച്ചുള്ള ശക്തമായ എതിര്‍പ്പ് എല്‍ഡിഎഫ് നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിയെ അനുകൂലിക്കുമ്പോള്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കാനാവില്ലെന്ന നിലപാട് തന്നെയാണ് സിപിഎമ്മിനും എല്‍ഡിഎഫിനുമുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമെല്ലാം ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടത്. 7522 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി വരെ പിണറായി അന്ന് ആരോപിച്ചു. പിന്നീട് പിണറായി നിലപാട് മാറ്റി എന്നത് വേറെ കാര്യം.

മാറ്റങ്ങളൊന്നുമില്ലാതെ യുഡിഎഫിന്റെ കരാര്‍ അതേപടി നടപ്പാക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിണറായി വിജയന്റെ മലക്കം മറിച്ചില്‍. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനോ ഇത്തരത്തിലൊരു നിലപാട് പാര്‍ട്ടിയുമായോ മുന്നണിയുമായോ ബന്ധപ്പെട്ട് എവിടെയും പറഞ്ഞിട്ടില്ല. പിണറായി മാത്രമാണ് പറഞ്ഞത്. സിപിഎമ്മിന്റേയോ എല്‍ഡിഎഫിന്റേയോ ഏതെങ്കിലും ഒരു യോഗത്തില്‍ കരാര്‍ മാറ്റങ്ങളില്ലാതെ നടപ്പാക്കും എന്ന് തീരുമാനിച്ചതായും വിവരമില്ല. മാത്രമല്ല അഴിമതിയേയും റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളേയും കുറിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

2015 ജൂണില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് ഇതാണ്: തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുള്ളത്. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2454 കോടിയും. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരം തന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്. 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ?

2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?

തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്‌സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കും വിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം? അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.

2015 ഡിസംബര്‍ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിടുന്നത്. വിഴിഞ്ഞം തുറമുഖ കരാര്‍ കേരളത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നും വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട് വന്നത് 2016 ഒക്ടോബറിലാണ്. വിഴിഞ്ഞം തുറമുഖ കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല നിലവിലെ കരാര്‍ കൊണ്ട് കേരളത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ലെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഴിഞ്ഞം പദ്ധതിയ്ക്കായി കേരളം ആകെ ചിലവിന്റെ 67 ശതമാനമാണ് മുടക്കുന്നത്. അദാനി ഗ്രൂപ്പ് മുടക്കുന്നത് 33 ശതമാനമാണ്. എന്നാല്‍ ഇത്രയും മുടക്കിയിട്ടും കേരളത്തിന്റെ ലാഭം 13,948 കോടി രൂപയാണെന്നും ചെറിയ ശതമാനം മുതല്‍ മുടക്കുന്ന അദാനി ഗ്രൂപ്പിന്റെ ലാഭം 1.5 ലക്ഷം കോടി രൂപയാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിഎജി ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുന്‍ സംസ്ഥാന സര്‍ക്കാരിനോ കമ്പനിക്കോ കഴിഞ്ഞിട്ടില്ലെന്നും പദ്ധതിയില്‍ ക്രമക്കേടുകളും പാഴ് ചിലവുകളുണ്ടായിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 40 വര്‍ഷത്തെ കരാറാണ് അദാനി ഗ്രൂപ്പുമായി സംസ്ഥാനം ഒപ്പിട്ടത്. ഭാവിയില്‍ വരുന്ന പദ്ധതികളുടെ കരാറുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിഎജി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട്ടിലെ എന്നൂര്‍ തുറമുഖ വികസന പദ്ധതിയില്‍ പുതിയ ബെര്‍ത്ത്‌ നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിക്കുകയായിരുന്നു. അദാനി ഗ്രൂപ്പ് വരുമാനത്തിന്‍റെ 15 ശതമാനം ലാഭമാണ് വാഗ്ദാനം ചെയ്തത്. ആ ബിഡ് ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല. ഇവിടെ 15 വര്‍ഷം കഴിഞ്ഞ് മാത്രം വെറും ഒരു ശതമാനം ലാഭവിഹിതം സര്‍ക്കാരിന് എന്നാണ് കരാര്‍ എന്ന കാര്യം ഓര്‍ക്കണം. ഇന്ത്യയില്‍ ഒരു തുറമുഖത്തിന് പോലും ഇത്ര കുറഞ്ഞ ലാഭവിഹിതം കൊടുക്കുന്ന പരിപാടിയില്ല. വല്ലാര്‍പ്പടത്ത് പോലും 33 ശതമാനമാണ്. തമിഴ്നാട്ടില്‍ അദാനിക്ക് നേരത്തെയും എതിര്‍പ്പ് വന്നിരുന്നു. തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് തീരദേശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി മൂന്നാം ഘട്ട വികസന പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പബ്ലിക് ഹീയറിംഗ് ഇവിടെ നടന്നു. ചെന്നൈയുടെ വടക്കുവശത്ത് വസിക്കുന്ന തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. തീരശോഷണമാണ് അവിടെയും മുഖ്യ പ്രശ്നം. അദാനിയുടെ നടത്തിപ്പിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്‍റെ കാര്യമെടുക്കാം. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് തുറമുഖ പ്രത്യേക സാമ്പത്തിക മേഖലയിലെ 12 യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ ഗുജറാത്ത് ഹൈക്കോടതി രണ്ടു വർഷം മുമ്പാണ് ഉത്തരവിട്ടത്. ഇത് തുറമുഖ നടത്തിപ്പിലെ തട്ടിപ്പ് മാത്രം. 25 ബില്ല്യണ്‍ ഡോളറിന്റെ തീരുവവെട്ടിപ്പാണ് അദാനിയ്ക്ക് മേല്‍ അന്വേഷണമായി നില്‍ക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പ് പ്രാധാന്യം നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കാണെന്ന് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ (എന്‍ജിടി) ഹര്‍ജി നല്‍കിയിട്ടുള്ള ജോസഫ്‌ വിജയന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ഉണ്ടായത്. പദ്ധതി നിര്‍ദ്ദേശത്തില്‍ ഇല്ലാതിരുന്ന കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിയും അദാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ നടപ്പായത്. ഇതാണ് പിണറായി വിജയന്‍റെ സര്‍ക്കാര്‍ മാറ്റമില്ലാതെ നടപ്പാക്കുന്നതും. 110 ഏക്കര്‍ ഭൂമിയാണ്‌ ഒരു നക്ഷത്ര ഹോട്ടല്‍, ഒരു റിസോര്‍ട്ട്, കൊമെഴ്സ്യല്‍ കോംപ്ലക്സ്, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് എന്നിവക്ക് വേണ്ടി വിട്ടുകൊടുക്കുന്നത്. പോര്‍ട്ട്‌ എസ്റ്റേറ്റ് ഡെവലപ്മെന്‍റ് എന്ന പേരില്‍ വരുന്നത് കൊണ്ട് സിആര്‍സെഡ് (തീരദേശ നിയമം) വയലേഷന്‍ വരില്ല. റിയല്‍ എസ്റ്റേറ്റ് പരിപാടി ഉറപ്പാക്കിയത് തന്നെ പദ്ധതി അദാനി തന്നെ ഏറ്റെടുക്കും എന്ന് ഉറപ്പിച്ച ശേഷമാണ്. ഉമ്മന്‍ചാണ്ടി അദാനിയുമായി കൂടിക്കാഴ്ച നടത്തുന്നത് വരെ അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലായിരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് തുറമുഖത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വലിയ ലാഭമാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലൂടെ വിഴിഞ്ഞത്ത് അദാനിക്ക് ലഭിക്കുന്നത് എന്നാണ്. പോര്‍ട്ടില്‍ നിന്ന് ഒരു ലാഭവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് നിയമലംഘനങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പലതും ഇപ്പോഴും എന്‍ജിറ്റിയുടെ പരിഗണനയിലാണ്. വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കിക്കൊണ്ടുള്ള വിധിക്ക് ശേഷം പോര്‍ട്ടിന്‍റെ നിര്‍മ്മാണം നിരീക്ഷിക്കുന്നതിനായി ഹരിത ട്രൈബ്യൂണല്‍ സ്വതന്ത്ര കമ്മിറ്റിയെ വച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് നടത്തുന്ന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഒക്ടോബറിലാണ് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ കമ്മിറ്റി കൂടിയില്ല. ആര്‍റ്റിഐ ഫയല്‍ ചെയ്തപ്പോള്‍ കമ്മിറ്റി കൂടാന്‍ തീരുമാനിച്ചു. ജനുവരിക്ക് മുന്‍പ് ഇത് യോഗം ചേരേണ്ടതായിരുന്നു. പല തവണ പരാതി കൊടുത്തിട്ടുണ്ട്. 65 ലക്ഷം ടണ്‍ ഗ്രാനൈറ്റ്സ് ഉപയോഗിക്കും എന്നാണ് പ്രോജക്ട് പ്ലാനില്‍ പറയുന്നത്. എന്നാല്‍ ഒരു കോടി ടണ്‍ ഉപയോഗിച്ചിരിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്രഡ്ജിംഗ് മെറ്റീരിയല്‍സ് കടലില്‍ തള്ളരുത് എന്നാണ് എന്‍ജിടിയുടെ വ്യക്തമായ നിര്‍ദ്ദേശം. ബര്‍ത്ത് റീക്ലമേഷന് ഇത് ഉപയോഗിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ ഉള്‍ക്കടലില്‍ കൊണ്ട് പോയി ഇത് തള്ളാനാണ് പദ്ധതിയെന്നാണ് വിവരം. ബര്‍ത്ത് നിര്‍മ്മാണത്തിനായി ലാന്‍ഡ് മെറ്റീരിയലുകള്‍ ആണ് ഉപയോഗിക്കുന്നത്.

അദാനി ഗ്രൂപ്പുമായുള്ള കരാറില്‍ നിന്ന് പിന്മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. നിയമ പ്രശ്നങ്ങള്‍ ഉയര്‍ന്ന് വന്നേക്കാം. എന്നാല്‍ കരാര്‍ ഒപ്പിട്ടതിനാല്‍ അതുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നിലപാട് കൃത്യമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചതാണോ എന്ന കാര്യം സംശയമാണെന്നും ജോസഫ്‌ വിജയന്‍ പറഞ്ഞു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കരാറുകളില്‍ നിന്ന് പിന്മാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന താല്‍പര്യത്തിന് ഗുണം ചെയ്യാത്ത ഇത്തരം പദ്ധതികള്‍ കരാറില്‍ ഒപ്പ് വച്ചു എന്ന പേരില്‍ തള്ളിക്കളയാന്‍ കഴിയില്ല എന്ന് പറയുന്നത് സംശയകരമാണ്.

നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നടന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളെ ന്യായീകരിച്ചിരുന്നു. 2016 ഓഗസ്റ്റ് രണ്ടിന് നടന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ തുറമുഖ പദ്ധതിയിലെ റിയൽ എസ്റ്റേറ്റ് ഘടകങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. റീയൽ എസ്റ്റേറ്റ് കാര്യങ്ങൾ വിശദീകരിക്കവേ, അദ്ദേഹം പറഞ്ഞത് എല്ലാ റിയൽ എസ്റ്റേറ്റ് നിർമ്മാണങ്ങളും കടൽത്തീരത്ത് നിന്നും 500 മീ അകലെ CRZ നിയമം പാലിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. ഇത് പറഞ്ഞ ശേഷം കോടതി മുറിയിൽ ഉണ്ടായിരുന്ന VISL എൻജിനീയർ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് കാതിൽ എന്തോ മന്ത്രിച്ചു. ഉടനെ അദ്ദേഹം തന്റെ പ്രസ്താവനയിൽ ഒരു തിരുത്ത് വരുത്തുന്നതായി പറഞ്ഞു. ക്രൂയിസ് (cruise) കപ്പലുകളിൽ വരുന്നവർക്കായി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ CRZ പരിധിക്കകത്തായിരിക്കും നിർമ്മിക്കുന്നത് എന്നായിരുന്നു ആ തിരുത്ത്.

ആദ്യം വളരെ നിർദ്ദോഷമെന്ന് തോന്നിയ ഇക്കാര്യത്തെ കുറിച്ച് ഒരു ചെറിയ വിശദീകരണം ട്രൈബ്യൂണലിലെ ഒരു വിദഗ്ദ്ധാംഗമായ സൻജ്വാൻ ചോദിച്ചു, “ഈ ക്രൂയിസ് സൗകര്യങ്ങൾ എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്”? അപ്പോൾ വീണ്ടും എൻജിനീയറോട് ചോദിച്ചിട്ട് അഡ്വ. കൃഷ്ണൻ വേണുഗോപാൽ പറഞ്ഞ മറുപടി “ഒരു പഞ്ചനക്ഷത്ര ഹോട്ടലും ഒരു റിസോർട്ടും” എന്നായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ കേരള സർക്കാർ വാങ്ങിക്കൊടുത്ത പരിസ്ഥിതി അനുമതി ഉപയോഗിച്ച് അദാനി ഗ്രൂപ്പ്, CRZ നിയമപ്രകാരം നിർമ്മാണം നിരോധിച്ചിരിക്കുന്ന വിഴിഞ്ഞം-മുല്ലൂർ കടൽത്തീരത്തായി രണ്ട് നക്ഷത്ര ഹോട്ടലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന്. തീരദേശ പരിപാലന നിയമം ലംഘിച്ച് കടൽത്തീരത്ത് നക്ഷത്ര ഹോട്ടലുകൾ നിർമ്മിക്കുക കൂടി അദാനിയുടെ തുറമുഖ പദ്ധതിയുടെ ഭാഗമായതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിനോ പുന:പരിശോധനയ്ക്കോ സര്‍ക്കാര്‍ തയ്യാറാകും എന്ന് തോന്നുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍