UPDATES

ട്രെന്‍ഡിങ്ങ്

വൈത്തിരി ഏറ്റുമുട്ടല്‍ കൊലപാതകം: പോലീസ് ഒഴിഞ്ഞുമാറുകയാണ് ഈ 6 ചോദ്യങ്ങള്‍ക്ക്

അക്രമകാരികളായ മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പകരം കൊലപാതകം നടത്തിയത് പിന്നിലെ ലക്ഷ്യമെന്തായിരുന്നു?

ബുധനാഴ്ച രാത്രി എട്ട് മണിയോടെ വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. അമ്പതിനായിരം രൂപയും പത്ത് പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ട് റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളെത്തിയ വിവരം റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പട്രോളിങ്ങിനിറിങ്ങിയ പോലീസ് സംഘം ഉടനടി റിസോര്‍ട്ടിലെത്തി. പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. പിന്നാലെ പോലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. റിസോര്‍ട്ടിലെത്തിയ തണ്ടര്‍ ബോള്‍ട്ട് സംഘവും പോലീസിനൊപ്പം ചേര്‍ന്നു. ഏറ്റുമുട്ടലില്‍ കബനീദളം നേതാവായ സി പി ജലീല്‍ കൊല്ലപ്പെട്ടു. ജലീലിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ വനത്തിലേക്ക് രക്ഷപെട്ടു. വൈത്തിരിയില്‍ നടന്ന ഏറ്റുമുട്ടലും കൊലപാതകവും സംബന്ധിച്ച പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

എന്നാല്‍ വൈത്തരിയില്‍ നടന്നത് വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ആരോപിച്ച് കൊല്ലപ്പെട്ട സി പി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദും മറ്റ് ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്. മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. തുടര്‍ന്ന് ഏറ്റുമുട്ടലും സി പി ജലീലിന്റെ കൊലപാതകവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാല്‍ ഏറ്റുമുട്ടലും കൊലപാതകവും സംബന്ധിച്ച പോലീസ് വിശദീകരണങ്ങള്‍ ചില ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ മുന്നോട്ടുവക്കുന്നതും ഈ ചോദ്യങ്ങളാണ്.

* തോക്കുകളുമായെത്തിയ മാവോയിസ്റ്റ് സംഘമാണ് ആദ്യം പോലീസിനെ ആക്രമിച്ചതെന്നും പിന്നീട് പോലീസുമായി ഏറ്റുമുട്ടല്‍ നടത്തിയതെന്നും പോലീസ്. പിന്നീട് റിസോര്‍ട്ടിന് മുന്നില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവപ്പുണ്ടായതായും പോലീസ് പറയുന്നു. എന്നാല്‍ പോലീസുകാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമായുന്നയിച്ചപ്പോള്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ മറുപടി പറയാതെ ഒഴിഞ്ഞു.

* സുഗന്ധഗിരി ഔട്ട് പോസ്റ്റ് സ്ഥാപിച്ചതിന്റെ പ്രതികാരമായി പോലീസിനെ വെല്ലുവിളിക്കാന്‍ എട്ട് മണിയോടെ നാല് ആയുധധാരികളായ സംഘം ഉപവന്‍ റിസോര്‍ട്ടിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെട്ടെന്നും പോലീസിന് നേരെ നിറയൊഴിച്ചതിനെത്തുടര്‍ന്ന് പോലീസ് തിരികെ ഫയര്‍ ചെയ്യുകയും മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് പലായനം ചെയ്യുകയും ചെയ്തു. പോലീസ് തിരച്ചില്‍ തുടരുന്നു-ഇതാണ് രാത്രി പത്ത് മണിയോടെ പോലീസ് അയക്കുന്ന ആദ്യ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ നാല്‍വര്‍ സംഘം വനത്തിലേക്ക് കടന്നു എന്ന് പറയുന്നു. എങ്കില്‍ പുലര്‍ച്ചെ നാല് വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു എന്ന് പോലീസ് പിന്നീട് പറഞ്ഞതെന്തിന്?

* പുലരുംവരെ ഇടയ്ക്ക് വെടിശബ്ദങ്ങള്‍ കേട്ടിരുന്നു എന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി. രാത്രിയില്‍ ഏറെ വൈകിയും വെടിയുതിര്‍ത്തത് പോലീസ് അല്ലെന്നും വനത്തിലേക്ക് പാലായനം ചെയ്ത മാവോയിസ്റ്റുകളാണെന്നും സ്‌ക്വാഡിലെ പോലീസുകാരില്‍ ചിലര്‍ പറയുന്നു. അത് യാഥാര്‍ഥ്യമെങ്കില്‍ വനത്തില്‍ അത്രയുമടുത്ത് മാവോയിസ്റ്റുകള്‍ നിലയുറപ്പിച്ചിട്ടും എന്തുകൊണ്ട് പിടികൂടിയില്ല?

* രാത്രിയില്‍ വനപാത ദുര്‍ഘടമാണെന്നും സ്‌ക്വാഡ് അംഗങ്ങളുടെ സുരക്ഷയെക്കരുതി രാത്രിയിലെ പരിശോധന വേണ്ടെന്നുവച്ചതാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഏത് ദുര്‍ഘട വനത്തിലും മാവോയിസ്റ്റുകളെ തേടിയിറങ്ങാന്‍ പരിശീലനം സിദ്ധിച്ച തണ്ടര്‍ബോള്‍ട്ട് സ്‌ക്വാഡുകള്‍ക്ക് എന്തുകൊണ്ട് മാവോയിസ്റ്റുകളെ പിടികൂടാനായില്ല?

* ഏറ്റുമുട്ടലിലാണ് സി പി ജലീല്‍ കൊല്ലപ്പെട്ടതെന്ന് പോലീസ്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കുളത്തിന്റെ കല്‍ക്കെട്ടില്‍ കിടന്നിരുന്ന ജലീലിന്റെ മൃതദേഹം പോലീസ് കണ്ടത് രാവിലെ. രാത്രി മുഴുവന്‍ തിരച്ചിലും ഏറ്റുമുട്ടലും തുടര്‍ന്നിട്ടും ജലീലിന്റെ മൃതദേഹം കണ്ടെത്താനായില്ല. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍.

* വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു എന്നും വാഹനത്തിന് കേടുപാട് പറ്റിയെന്നും വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് ആക്രമണത്തിനും കൊലപാതക ശ്രമത്തിനുമുള്ള വ്യക്തമായ തെളിവുമാണെന്നാണ് പോലീസിന്റെ ഒടുവിലത്തെ വിശദീകരണം. എന്നാല്‍ അക്രമകാരികളായ മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പകരം കൊലപാതകം നടത്തിയത് പിന്നിലെ ലക്ഷ്യമെന്തായിരുന്നു? ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനെങ്കിലും പേരിന് പോലും പരിക്ക് പറ്റിയിട്ടില്ലാത്ത സാഹചര്യത്തില്‍ കൊലപാതകം നടത്തേണ്ട സാഹചര്യം എന്തായിരുന്നു?

സാമൂഹിക പ്രവര്‍ത്തകരും ജലീലിന്റെ ബന്ധുക്കളും ഈ സംശയങ്ങള്‍ ഉന്നയിക്കുന്ന ഓരോ സമയവും പോലീസ് ഒഴിഞ്ഞുമാറുകയാണെന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍